നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 30 November 2013

വിശാലതയുടെ വിശേഷത


വിശാലതയുടെ  വിശേഷത
                  
           വിശ്വം വിശാലമാണ്‌. വിശാലത ഇഷ്‌ടപ്പെടാത്ത ആരുമില്ല. ആയുസ്സില്‍, ജീവിതോപാധിയില്‍, ഭക്ഷണത്തില്‍, ഭവനത്തില്‍, വാഹനത്തില്‍, ഇരിപ്പിടത്തില്‍ ഇങ്ങിനെ എല്ലാറ്റിലും വിശാലമായ അവസ്ഥയാണ്‌ നാം ആഗ്രഹിക്കുന്നത്‌. ഇവയിലുള്ള ഞെരുക്കം പലരെയും മാനസിക സംഘര്‍ഷത്തിലെത്തിക്കുന്നതു കൊണ്ടാണല്ലോ അതിനറുതി വരുത്തുന്നതിന്‌ നെട്ടോട്ടമോടുന്നത്‌. സമചിത്തത കൈ വെടിയുന്ന ചിലര്‍ ആത്മാഹുതിയില്‍ അഭയം തേടുന്നു. മൗഢ്യപ്രവൃത്തി. 
                            വിശാലതയുടെ ആവശ്യവും ആഗ്രഹവും എല്ലാവര്‍ക്കുമറിയും. പക്ഷെ തന്നെ പോലെ മറ്റുള്ളവരും അതാഗ്രഹിക്കുന്നതാണെന്ന ബോധം ഇല്ലാത്തതുപോലെയാണ്‌ പലരില്‍ നിന്നും ദൃശ്യമാകുന്നത്‌. സ്വന്തം വിശാലതയിലുള്ള അതിസ്വാര്‍ത്ഥതയുടെ പെരുമാറ്റങ്ങളാണെവിടെയും. യാത്രകളിലും മറ്റും ഈ പ്രവണത ധാരാളമായി പ്രകടമാകാറുണ്ട്‌. മുന്‍ഭാഗത്ത്‌ വേണ്ടവിധം സ്ഥലം ഒഴിഞ്ഞു കിടക്കുമ്പോഴും വാതില്‍ക്കല്‍ തന്നെ നിന്നും, രണ്ട്‌ പേര്‍ക്ക്‌ സുഖമായിരിക്കാവുന്ന സീറ്റില്‍ വിസ്‌തരിച്ചിരുന്നും സഹയാത്രികര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ ഇന്നത്തെ യാത്രകളിലെ നിത്യകാഴ്‌ചകളാണ്‌.                                                           ഹൃദയവിശാലതയില്ലാത്തതിന്റെ പ്രത്യക്ഷ അടയാളം എന്നല്ലാതെ എന്തു പറയാന്‍! താനും തന്റെ കാര്യങ്ങളും എന്ന സങ്കുചിത ചിന്താഗതിയുടെ ബാഹ്യരൂപങ്ങളാണ്‌ ഇതൊക്കെ. 
മനസ്സങ്കോചം ജീവിതത്തില്‍ ഒരുപാട്‌ ക്ലേശങ്ങള്‍ വരുത്തിവെക്കുമെന്നും ഹൃദയവികാസം ജീവിതം ക്ഷേമപൂര്‍ണ്ണമാക്കുമെന്നും മനസ്സിലാക്കി പെരുമാറുകയാണ്‌ വേണ്ടത്‌. എന്തുചെയ്യാന്‍. നല്ലത്‌ ഇഷ്‌ടപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ കുറഞ്ഞുപോയി. നന്മ തിന്മയും തിന്മ നന്മയുമായി കരുതുന്നവരാണ്‌ ആധുനികരിലേറെയും. അറിവില്ലാത്തതോ എന്തോ?   സത്യവിശ്വാസികളേ, വിശാലത ചെയ്‌തു കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെടുന്നവര്‍ക്ക്‌ അത്‌ ചെയ്‌തു കൊടുക്കുക. അല്ലാഹു നിങ്ങള്‍ക്ക്‌ വിശാലത ചെയ്യും  എന്നാണ്‌ അല്ലാഹുവിന്റെ കല്‍പ്പന. നമ്മുടെ ജീവിതത്തില്‍ വിശാലത ലഭ്യമാകുന്നതിനുള്ള ഒരു കാരണം കൂടിയാണ്‌ മറ്റുള്ളവര്‍ക്ക്‌ ആവശ്യമായ കാര്യങ്ങളില്‍ സൗകര്യം ചെയ്‌തു കൊടുക്കല്‍ എന്ന്‌ ഈ വചനം വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ക്ക്‌, ഗുരുനാഥന്മാര്‍ക്ക്‌, സഹോദരന്‌, ഭാര്യാസന്താനങ്ങള്‍ക്ക്‌, സഹയാത്രികന്‌, അയല്‍വാസിക്ക്‌ തുടങ്ങി ആര്‍ക്കെങ്കിലും ഏതെങ്കിലും ഒരു കാര്യത്തില്‍ നാം വിശാലതചെയ്‌തു കൊടുത്താല്‍ അതിന്‌ പകരം അല്ലാഹു നല്‍കുന്ന വിശാലത ഏതെങ്കിലും ഒന്നില്‍ ഒതുങ്ങുകയില്ല. സ്ഥലം, ഭക്ഷണം, ഹൃദയം, ഖബര്‍, സ്വര്‍ഗ്ഗം എന്നു വേണ്ട നമുക്ക്‌ ഈ ലോകത്തും പരലോകത്തും വിശാലത ആവശ്യമുള്ള എല്ലാറ്റിലും അവന്‍ വിശാലത നല്‍കുമെന്നാണ്‌ അവന്റെ പ്രസ്‌താവന. അല്ലാഹുവിന്റെ അടിമകള്‍ക്ക്‌ നന്മയുടെയും സുഖത്തിന്റെയും കവാടങ്ങള്‍ വിശാലമാക്കുന്നവര്‍ക്ക്‌ അവന്‍ ഐഹിക പാരത്രിക നന്മകള്‍ ചൊരിയുമെന്ന്‌ സാരം. പ്രത്യേകിച്ച്‌ മുസ്‌ലിം തന്റെ സഹോദരന്‌ നന്മ ചെയ്യുമ്പോള്‍. ഒരു ദാസന്‍ തന്റെ മുസ്‌ലിമായ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു ആ ദാസനെ സഹായിച്ചുകൊണ്ടേയിരിക്കും എന്ന നബി വചനം കൂടി ഇവിടെ ചേര്‍ത്തു വായിക്കുക. കുടില ചിന്താഗതികളില്‍ നിന്നും സങ്കുചിത സമീപനങ്ങളില്‍ നിന്നും മുക്തമായി ജീവിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ഇസ്‌ലാം എത്രസുന്ദരവും വിശാലവുമാണ്‌. മഹത്തായ ഇസ്‌ലാമിക തണലില്‍ നിത്യമായി വിശ്രമിക്കാന്‍ മുന്നോട്ടു വരിക. ആധുനികതയുടെ ഞെരുക്കങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷപ്രാപിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ.

Friday 29 November 2013

ഡാര്‍വിനിസം എന്തുകൊണ്ട് എതിര്‍ക്കപെടുന്നു....?


ഡാര്‍വിനിസം
എന്തുകൊണ്ട് എതിര്‍ക്കപെടുന്നു....?


ഇന്ന്‌ കാണുന്ന രൂപത്തിലുള്ള സസ്യങ്ങളും ജന്തുക്കളും മനുഷ്യരും ഒന്നും ആദ്യകാലത്ത്‌ ഉണ്ടായിരുന്നില്ല. കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഭൂമിയിലുണ്ടായിരുന്ന വസ്‌തുക്കള്‍ക്ക്‌ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. ആ മാറ്റങ്ങളിലൂടെയാണ്‌ ഭൂമിയും ജീവജാലങ്ങളും ഇന്നത്തെ അവസ്ഥയിലെത്തിയത്‌, 600 കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സൂര്യനില്‍ നിന്ന്‌ പൊട്ടിത്തെറിച്ചതാണ്‌ ഭൂമി. കത്തികാളുന്ന ഒരു തീപ്പന്തമായിരുന്നു അന്ന്‌ ഭൂമി. ആ ചൂടില്‍ ഒരു ജീവിയും ഉണ്ടായിരുന്നില്ല. ഒരു ചെടിയും വളര്‍ന്നില്ല. ക്രമേണ ഭൂമി തണുത്തു. പലതരം രാസമാറ്റങ്ങളും ഭൂമിയിലെ പദാര്‍ത്ഥങ്ങളിലുണ്ടായി. ഇതിന്റെ ഫലമായി പ്രോട്ടീനുകള്‍ എന്ന പദാര്‍ത്ഥമുണ്ടായി. ഈ പ്രോട്ടീനുകള്‍ ചേര്‍ന്ന്‌ ജീവവസ്‌തുവുണ്ടായി. ആ ജീവ വസ്‌തുവാണ്‌ പ്രോട്ടോപ്ലാസം. തുടര്‍ന്ന്‌ നൂറുകോടിയലധികം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ മനുഷ്യന്‍ രൂപം പ്രാപിക്കുന്നത്‌. മനുഷ്യന്‌ മുമ്പ്‌ ആയിരക്കണക്കിന്‌ സസ്യലദാതികളും മരങ്ങളും വെള്ളത്തിലും കരയിലും ജീവിക്കുന്ന ജീവജാലങ്ങളും രൂപം പ്രാപിച്ചു. ജീവികളുടെ വികാസത്തില്‍ പല ഘട്ടങ്ങളുണ്ട്‌. ഓരോ ഘട്ടത്തിലും ജീവികളുടെ ശരീരഘടനയും, സ്വഭാവ വിശേഷങ്ങളും മാറുന്നു. ഇടക്കിടക്ക്‌ പുതിയ ജാതി ജീവികള്‍ തനിയെ, ഇതാണ്‌ പരിണാമം. മത്സ്യങ്ങള്‍, ഇഴജന്തുക്കള്‍, പക്ഷികള്‍, സ്ഥലജല പ്രാണികള്‍, കുരങ്ങുകള്‍, മനുഷ്യര്‍ എന്നിവയെല്ലാം ഇങ്ങനെ പരിണമിച്ച്‌ ഉണ്ടായതാണ്‌. മനുഷ്യന്‍ കുരങ്ങിന്റെ ജാതിയില്‍ നിന്നാണ്‌ ഉത്ഭവിച്ചത്‌. എന്നാല്‍ ഇത്‌ ഒറ്റ ദിവസം കൊണ്ടല്ല സംഭവിച്ചത്‌. ഒരു കുരങ്ങും മനുഷ്യനെ പ്രസവിച്ചിട്ടില്ല. കുരങ്ങില്‍ നിന്ന്‌ മനുഷ്യന്‍ പരിണമിച്ച്‌ ഉണ്ടായതാണ്‌. അതിന്‌ ദശലക്ഷ കണക്കിന്‌ വര്‍ഷങ്ങള്‍ വേണ്ടി വന്നു. (ബാലവിജ്ഞാന കോശം).
                              കുരങ്ങുകള്‍ രൂപഭേദം സംഭവിച്ച്‌ മനുഷ്യനായി എന്ന ഡാര്‍വിന്റെ വാദം സ്‌കൂളുക ള്‍ മുതല്‍ കോളേജുകളിലും വന്‍ സര്‍വ്വകലാശാലകളിലും പഠിപ്പിക്കപ്പെടുമ്പോഴും ഡാര്‍വിനിസത്തെ അപ്പാടെ വിഴുങ്ങാന്‍ ഖുര്‍ആന്‍ വിശ്വസിക്കുന്നവര്‍ക്കാകില്ല. ഖുര്‍ആന്‍ പറയുന്നു: ``മനുഷ്യരെ! ഏക ആളില്‍ നിന്ന്‌ നിങ്ങളെ സൃഷ്‌ടിക്കുകയും അതില്‍ നിന്ന്‌ അനേകം പുരുഷന്മാരെയും സ്‌ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്‌ത നിങ്ങളുടെ നാഥനെ നിങ്ങള്‍ സൂക്ഷിക്കുക'' (അന്നിസാഅ്‌). ഇതിലും വലിയ എന്ത്‌ തെളിവാണ്‌ ഡാര്‍വിനിസം എതിര്‍ക്കപ്പെടാന്‍ വിശ്വാസികള്‍ക്ക്‌ വേണ്ടത്‌. ആദ്യമായി ആദം നബി (അ) യെയാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌. പിന്നീട്‌ ഹവ്വാഅ്‌ ബീവിയെയും അവിടെ നിന്നാണ്‌ മനുഷ്യ കുലത്തിന്റെ തുടക്കം. ആദമിനെ സൃഷ്‌ടിച്ചതാകട്ടെ മണ്ണില്‍ നിന്നും. ഇങ്ങനെ ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ്‌ മനുഷ്യനെ സൃഷ്‌ടിച്ചത്‌ എന്ന്‌ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. ഈ വിശുദ്ധ ഖുര്‍ആന്റെ മുന്നില്‍ ഡാര്‍വിനിസത്തിന്റെ മുഴുവന്‍ പുച്ചും ഉടഞ്ഞ്‌ വീഴും. 
                               നിരീശ്വര- ഭൗതിക സംസ്‌കാരത്തിന്‌ ദാര്‍ശനികവും ശാസ്‌ത്രീയവുമായ പരിവേഷം നല്‍കുക എന്ന ചരിത്ര പരമായ ദൗത്യം നിറവേറ്റിയതു കൊണ്ടാണ്‌ ഡാര്‍വിനും ഡാര്‍വിന്‍ സിദ്ധാന്തവും ഇത്ര സ്വീകാര്യത നേടിയത്‌ എന്നതാണ്‌ വാസ്‌തവം. എന്നാല്‍ ഖുര്‍ആന്റെ മുന്നില്‍ മാത്രമല്ല ആധുനിക ശാസ്‌ത്രത്തിന്റെ മുന്നിലും ഈ പൊട്ട സിദ്ധാന്തത്തിന്റെ കാപട്യം വ്യക്തമായിട്ടുണ്ട്‌. 1809-ല്‍ ജനിച്ച ചാള്‍സ്‌ ഡാര്‍വിന്‍ കേംബ്രിഡ്‌ജ്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ പഠനം കഴിഞ്ഞ്‌ 1859 ല്‍ ആണ്‌ പരിണാമ സംബന്ധമായ നിരീക്ഷണങ്ങള്‍ പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്‌ (ഒര്‍ജിന്‍ ഓഫ്‌ സ്‌പീഷിസ്‌). അപ്പോള്‍ തന്നെ ക്രൈസ്‌തവസഭകള്‍ ഈ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ പുറത്ത്‌ കാട്ടി രംഗത്ത്‌ വന്നിരുന്നു. ഈ കൃതിയുടെ പ്രസിദ്ധീകരണ ശേഷം നടന്ന ചര്‍ച്ചകളിലും വിവാദങ്ങളിലും പ്രമുഖമായത്‌ 1860 ജൂണ്‍ 30 ന്‌ ബിഷപ്പ്‌ വില്‍ബര്‍ ഫോഴ്‌സും പ്രമുഖ ജീവശാസ്‌ത്രജ്ഞനായ ഹക്‌സലിയും തമ്മിലായിരുന്നു. അവിടെ തുടങ്ങിയ പരാജയം പിന്നീട്‌ ആവര്‍ത്തിക്കപ്പെടുകയായിരുന്നു. പിന്നീട്‌ അടിസ്ഥാന പരമായ തെളിവുകളോടെ നൂറുകണക്കിന്‌ ശാസ്‌ത്രജ്ഞന്മാര്‍ ഇതിനെതിരെ രംഗപ്രവേശനം ചെയ്‌തു. ഡാര്‍വിന്റെ നിരീക്ഷണ യാത്രയിലെ സഹയാത്രികനായിരുന്ന ഫ്രിറ്റ്‌സ്‌റോയ്‌ പോലും ഈ വാദത്തെ എതിര്‍ത്തിരുന്നു. ഒരു കൈയില്‍ ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ച്‌ നിങ്ങള്‍ മനുഷ്യന്‍ പറയുന്നതോ ദൈവം പറയുന്നതോ വിശ്വസിക്കുക എന്ന്‌ ചോദിച്ചത്‌ അദ്ദേഹമായിരുന്നു. ഇതേ സമയം തന്നെ ഭൗമശാസ്‌ത്ര പരമായി അന്ന്‌ പ്രചാരം നേടിയിരുന്ന പുസ്‌തകങ്ങളില്‍ ഫോസിലുകളുടെ രൂപീകരണത്തെ കുറിച്ച്‌ പറഞ്ഞിരുന്ന കാര്യങ്ങളും, ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ടിട്ടുള്ള വിശദീകരണങ്ങളും ഡാര്‍വിന്റെ ഈ സിദ്ധാന്തത്തിനെതിരെ ശബ്‌ദമുയര്‍ത്താന്‍ പ്രേരണ നല്‍കിയിരുന്നു.
1987 കാലങ്ങളില്‍ അമേരിക്കന്‍ സുപ്രീം കോടതി സ്‌കൂളുകളില്‍ ജീവപരിണാമം പഠിപ്പിക്കുന്നതിനോടൊപ്പം ജീവനും ലോകവും ദൈവം സൃഷ്‌ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ്‌ എന്ന്‌ കൂടി പഠിപ്പിക്കണം എന്ന്‌ വിധി പുറപ്പെടുവിച്ചിരുന്നു. 
മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ്‌ ബയോ സയന്‍സ്‌ സംഘടിപ്പിച്ച ചാള്‍സ്‌ ഡാര്‍വിന്‍ ജന്മശതാബ്‌ദി ആഘോഷ സെമിനാര്‍ പരമ്പരയില്‍ പങ്കെടുത്ത്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലെ സെന്റര്‍ ഫോര്‍ എക്കോളജിക്കല്‍ സയന്‍സിലെ ഫെലോയും പ്രൊഫസറുമായ ഡോ. രാഘവേന്ദ്ര ഗഡാഗ്‌ക്കര്‍ പറഞ്ഞു: ഡാര്‍വിനിയന്‍ സിദ്ധാന്ത പ്രകാരം സ്വാര്‍ത്ഥതയും മത്സര ക്ഷമതയും പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക്‌ മാത്രമേ നിലനില്‍പുള്ളൂ. ആള്‍ജിബ്ര, ജെനറ്റിക്‌സ്‌, ബയോളജി ശാസ്‌ത്ര ശാഖകളുടെ സഹായത്തോടെ അദ്ദേഹം തന്റെ സിദ്ധാന്തം അവതരിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഇവിടെ മതാവേശത്തിന്റെ വിത്തുകള്‍ പാകുന്നു എന്ന്‌ കൊട്ടിഘോഷിക്കുന്ന റഷ്യയിലും ചൈനയിലും ചത്തൊടുങ്ങിയ കമ്മ്യൂണിസത്തിന്റെ അസ്ഥിര പഞ്ചരങ്ങളായി ഇന്ത്യയില്‍ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ്‌ അനുഭാവികളാണ്‌ ഈ പരിണാമ സിദ്ധാന്താത്തത്തിന്റെ പുതിയ പ്രചാരകര്‍ എന്ന നഗ്ന സത്യം മറച്ചു വെക്കപ്പെടാവതല്ല. കാരണം ശാസ്‌ത്രം ഇത്രയധികം വികസിച്ച ഈ കാലഘട്ടത്തിലും, പരിണാമ സിദ്ധാന്തത്തിന്റെ അവ്യക്തത ശാസ്‌ത്രജ്ഞന്മാര്‍ തുറന്നു കാട്ടി കൊണ്ടിരിക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന്‌ നടിക്കുന്ന എത്രയോ ആളുകളും മാസികകളും നമുക്കിടയില്‍ തന്നെയുണ്ട്‌.

Tuesday 26 November 2013

ശൈഖുനാ അശ്ശൈഖ്‌ അസ്സയ്യിദ്‌ മുഹമ്മദ്‌ ജലാലുദ്ദീന്‍ (ഖു.സി.)

ശൈഖുനാ അശ്ശൈഖ്‌ അസ്സയ്യിദ്‌
 മുഹമ്മദ്‌ ജലാലുദ്ദീന്‍ അല്‍ ഐദ്രോസിയ്യുല്‍ ജീലിയ്യുന്നൂരിയ്യുല്‍ ഖാദിരുയ്യുസ്സൂഫിയ്യുര്‍രിഫാഇയ്യുല്‍ ചിശ്‌തിയുശ്ശാദുലിയ്യുന്നഖ്‌ശബന്ദിയ്യ്
 എ.ഐ. മുത്തുകോയ തങ്ങള്‍ (ഖു.സി.) 



                        അല്ലാഹുവിന്റെ അനേകകോടി സൃഷ്‌ടികളില്‍ ഉത്തമനാണ്‌ മനുഷ്യന്‍. സ്രഷ്‌ടാവിന്റെ ആദരവ്‌ ലഭിച്ചവനും. എന്നാല്‍ ഈ നില സംബന്ധമായി അശ്രദ്ധരും അജ്ഞരുമാണ്‌ നമ്മിലധികവും. ഉത്തമ ഗുണങ്ങളും മൃഗീയ, പൈശാചികതകളും മിശ്രിതമായതാണ്‌ മനുഷ്യമനസ്സ്‌. അധമസ്വഭാവങ്ങളെ ഉന്മൂലനം ചെയ്‌ത്‌ ഇലാഹീഗുണങ്ങളാല്‍ സമ്പന്നമായ ഹൃദയത്തിന്നുടമയാണ്‌ യഥാര്‍ത്ഥ മനുഷ്യന്‍. ഈ ഉത്തുംഗാവസ്ഥ പ്രാപിക്കല്‍ ഇതരസൃഷ്‌ടികളില്‍ നിന്ന്‌ വ്യത്യസ്‌തമായ മനുഷ്യഹൃദയത്തിന്‌ മാത്രമേ സാദ്ധ്യമാകൂ. അതായത്‌ ഹഖ്‌ഖിന്റെ മുഴുവന്‍ നാമവിശേഷണങ്ങളാല്‍ സമ്പുഷ്‌ടമാകുന്നതിനുള്ള പാകത മനുഷ്യനില്‍ മാത്രം നിക്ഷിപ്‌തമാണ്‌. അതുകൊണ്ടാണ്‌ അവന്‍ അല്ലാഹുവിന്റെ ബഹുമാനത്തിന്‌ പാത്രീഭൂതനായത്‌. 
                               ഈ ആദരവും അതിന്റെ മാനദണ്ഡവും മനസ്സിലാക്കി യഥാവിധി അല്ലാഹുവിനെ അറിഞ്ഞ്‌ യഥാര്‍ത്ഥ അടിമകളായി കഴിയുന്നവരാണ്‌ അവന്റെ ഇഷ്‌ടദാസന്‍മാരായ ഔലിയാക്കള്‍. അവനിലേക്കുള്ള യാത്രാമദ്ധ്യേ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ കരുത്തുറ്റ ഹൃദയത്തോടെ തരണം ചെയ്യുന്ന അവര്‍ ഇലാഹീ തൃപ്‌തിയില്‍ ആനന്ദം കാണുന്നു. തങ്ങളുടെ ഹൃദയത്തെ അതിന്‌ തയ്യാറാക്കുന്നതിന്‌ തികഞ്ഞ ജ്ഞാനവും സാമര്‍ത്ഥ്യവും ഉള്ള ഒരു മുര്‍ഷിദിന്റെ ആത്മീയ ശിക്ഷണത്തില്‍ അവര്‍ ഈ പ്രയാണം ആരംഭിക്കുന്നു. ഗുരുവിനോടുള്ള ആത്മാര്‍ത്ഥ സ്‌നേഹവും നിഷ്‌കളങ്ക സഹവാസവും കൈമുതലാക്കി സഞ്ചാരം എളുപ്പമാക്കുന്നു. ശൈഖിന്റെ സമയാസമയങ്ങളിലുള്ള നിര്‍ദ്ദേശങ്ങളും സൂചനകളും അനുസരിച്ചുള്ള അവരുടെ ചലന നിശ്ചലനങ്ങള്‍ ഇലാഹീ സന്നിധിയിലേക്ക്‌ അവരെ കൂടുതലായി അടുപ്പിക്കുന്നു. ഇലാഹീ ജ്ഞാനത്തിന്‌ വിഘാതമായ കറകളെ ഹൃദയത്തില്‍ നിന്ന്‌ പൂര്‍ണ്ണമായും തുടച്ചുനീക്കി ജ്ഞാനപ്രകാശ പൂരിതമായ ഹൃദയത്തോടെ സദാ അല്ലാഹുവിലായി കഴിയുന്ന ഇവര്‍ പൂര്‍ണ്ണത വരിക്കുന്നു. തദനന്തരം മറ്റുള്ളവരെ അല്ലാഹുവിലേക്ക്‌ വഴി നടത്തുന്നതിന്‌ അവന്‍ അവരെ നിശ്ചയിക്കുന്നു. അതോടെ അല്ലാഹുവല്ലാത്ത ചിന്തകളും വിചാരങ്ങളും കൊണ്ട്‌ മലിനമായ ഹൃദയങ്ങളെ ആത്മസംസ്‌ക്കരണത്തിലൂടെ അവനിലേക്കും അവന്റെ തൗഹീദിലേക്കും മാര്‍ഗ്ഗദര്‍ശനം ചെയ്യുക എന്ന ദൗത്യം അവര്‍ ഏറ്റെടുത്ത്‌ നിര്‍വ്വഹിക്കുന്നു. 
അമ്പിയാക്കളുടെ പിന്‍മുറക്കാരായി ഈ മഹത്തായ ദൗത്യം നിര്‍വ്വഹിച്ച മശാഇഖുമാര്‍ നിരവധിയാണ്‌. ഇവരുടെ പിന്‍ഗാമികളിലൂടെ അതവസാന നാള്‍ വരെ തുടരുകയും ചെയ്യുന്നു. പ്രാമാണിക ഗ്രന്ഥങ്ങള്‍ ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ വിശുദ്ധ ശൃംഖലയിലെ തിളങ്ങുന്ന കണ്ണിയാണ്‌ ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ ജനിച്ച്‌ ആലുവ കുന്നത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബഹു. ശൈഖുനാ അശ്ശൈഖ്‌ അസ്സയ്യിദ്‌ മുഹമ്മദ്‌ ജലാലുദ്ദീന്‍ അല്‍ ഐദ്രോസിയ്യുല്‍ ജീലിയ്യുന്നൂരിയ്യുല്‍ ഖാദിരുയ്യുസ്സൂഫിയ്യുര്‍രിഫാഇയ്യുല്‍ ചിശ്‌തിയുശ്ശാദുലിയ്യുന്നഖ്‌ശബന്ദിയ്യ്‌ എ.ഐ. മുത്തുകോയ തങ്ങള്‍ (ഖു.സി.) അവര്‍കള്‍. 
                            അമ്പിയാക്കളെ സ്‌മരിക്കല്‍ ആരാധനയും, സജ്ജനങ്ങളെ ഓര്‍ക്കല്‍ പാപമുക്തി നല്‍കുന്നകാര്യവുമാണ്‌� എന്ന നബി വചനവും പ്രവാചകരും അല്ലാത്തവരുമായ അനവധി മഹത്തുക്കളുടെ ചരിത്രസ്‌മരണകള്‍ സമ്മാനിക്കുന്ന അല്ലാഹുവിന്റെ വിശുദ്ധ കലാമായ ഖുര്‍ആനും സച്ചരിതരെ സ്‌മരിക്കുന്നതിനും അവരെ പ്രകീര്‍ത്തിക്കുന്നതിനും നമുക്ക്‌ അടിസ്ഥാനവും മാതൃകയുമാണല്ലോ. 
                          എ.ഐ. മുത്തുകോയ തങ്ങള്‍ എന്ന പേരില്‍ ശൈഖുനാ പ്രസിദ്ധനായി. സയ്യിദ്‌ ഐദ്രോസ്‌ വലിയുല്ലാഹി തങ്ങകോയതങ്ങള്‍ എന്ന മഹാനാണ്‌ പിതാവ്‌. `ജീലീ' ഖബീലയാണ്‌ ശൈഖുനായുടേത്‌. പിതാവിന്റെ പേരിനോട്‌ ചേര്‍ത്തി ഐദ്രോസിയ്യ്‌ എന്നും പറയപ്പെടുന്നു. മാതൃസന്നിധിയില്‍ നിന്ന്‌ പ്രാഥമിക അറിവുകള്‍ നേടി. ശേഷം ദീനീവിഷയങ്ങളിലും ആത്മീയ ജ്ഞാനങ്ങളിലും തത്‌പരരായ മഹാന്‍ ഇലാഹീ തൃപ്‌തിമാത്രം കാംക്ഷിച്ചുകൊണ്ട്‌ ജ്ഞാന സമ്പാദനത്തിനായി സ്വദേശത്ത്‌ നിന്ന്‌ യാത്രതിരിച്ചു. ആത്മീയത തളംകെട്ടി നിന്നിരുന്ന തമിഴ്‌ നാട്ടിലെ പുതക്കുടി മദ്രസ്സ അന്നൂറുല്‍ മുഹമ്മദിയ്യയില്‍ ചേര്‍ന്ന്‌ അവിടെ നിന്ന്‌ വിവിധ വിജ്ഞാന ശാഖകള്‍ സ്വായത്തമാക്കി. പ്രിന്‍സിപ്പാളായിരുന്ന ശൈഖ്‌ അബ്‌ദുല്‍ കരീം സ്വൂഫി ഹസ്രത്തിന്റെ ശിഷ്യത്വവും സഹവാസവും അവരെ ആത്മീയതയിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു.
                         പഠന ശേഷം തന്റെ ആത്മീയ നിലവാരം ഉയര്‍ത്തി ഇലാഹീ സമക്ഷത്തിലെത്തിക്കാന്‍ തരപ്പെട്ട ഗുരുവിനെ തേടിയുള്ള യാത്രയാരംഭിച്ചു. �അല്ലാഹുവിലേക്ക്‌ നിങ്ങള്‍ ഒരു മാധ്യമം (ത്വരീഖത്തിന്റെ സദ്‌ഗുരുക്കളും ഹഖീഖത്തിന്റെ ഉലമാക്കളും: റൂഹുല്‍ ബയാന്‍)തേടുക� എന്ന അല്ലാഹുവിന്റെ ആജ്ഞശിരസ്സാ വഹിക്കുകയായിരുന്നു ശൈഖുനാ. ത്യാഗഭരിതമായ ഈ അന്വേഷണ യാത്രയിലൂടെ. ആത്മാര്‍ത്ഥമായ ആഗ്രഹവും സത്യസന്ധമായ അന്വേഷണവും മഹാനവര്‍കളെ ലക്ഷ്യത്തിലെത്തിച്ചു. മഹാനവര്‍കള്‍ ഇളയുപ്പയായ ആന്ത്രോത്തിലെ പുറാടം കുഞ്ഞിക്കോയതങ്ങള്‍ എന്നറിയപ്പെടുന്ന അശ്ശൈഖ്‌ അസ്സയ്യിദ്‌ അഹ്‌മദുല്‍ ജീലി (ഖു. സി.) അവര്‍കളുടെ സവിധത്തില്‍ എത്തി. ആത്മീയ ജ്ഞാനത്തിന്റെ പ്രഭവകേന്ദ്രമായ ഗുരുവിനോടൊപ്പം കഴിഞ്ഞ്‌കൂടി. വളരെക്കാലമായി തന്നെ അലട്ടിയിരുന്ന പ്രശ്‌നം പരിഹരിച്ചതില്‍ മഹാന്‍ സന്തുഷ്‌ടനായി. തന്നെ മൊത്തമായും ആ ആത്മീയതോപ്പില്‍ സമര്‍പ്പിച്ച്‌ ഒരു പുതുജീവിതത്തിന്‌ തന്നെ തുടക്കം കുറിച്ചു. അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക്‌ കീഴ്‌പ്പെട്ട്‌ ശൈഖുനാ പുര്‍ണ്ണതയിലെത്തുന്നതിന്‌ മുമ്പ്‌ ഗുരു ജീലിതങ്ങള്‍ (ഖു:സി) ശാശ്വത ലോകം പുല്‍കി. 
                               പിന്നീട്‌ ശൈഖ്‌ ജീലിതങ്ങളുടെ നിര്‍ദ്ദേശാനുസാരം ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും ജ്ഞാനസാഗരമായ തൊടുപുഴ ശൈഖുനാ അശ്ശൈഖ്‌ മുഹമ്മദ്‌ സുഫിയ്യുല്‍ കൂത്താരി അവര്‍കളുടെ ആത്മീയ ശിക്ഷണം സ്വീകരിച്ചു. തുടര്‍ന്നങ്ങോട്ട്‌ ഉന്നതങ്ങളിലേക്ക്‌ ഒരു കുതിപ്പായിരുന്നു. അവിടുത്തെ മഹത്തായ ശിക്ഷണത്തില്‍ ദിവസങ്ങള്‍ക്കകം മഹാനവര്‍കള്‍ ലക്ഷ്യം പ്രാപിച്ചു. ഗുരുവിനോടുള്ള കറകളഞ്ഞസ്‌നേഹവും സഹവാസവും ലക്ഷ്യപ്രാപ്‌തി അനായാസമാക്കി. ആത്മീയ ഭൗതികജ്ഞാനങ്ങളുടെ സമന്വയസ്വരൂപമായി ഉന്നതി പ്രാപിച്ച മഹാനവര്‍കള്‍ക്ക്‌ കൂത്താരി ശൈഖുനാ ജീവിതകാലത്ത്‌ തന്നെ ഖിലാഫത്തും ആത്മീയ തര്‍ബിയത്തിനുള്ള അനുമതിയും നല്‌കി. അവരുടെ പ്രധാന ഖലീഫയായി നിശ്ചയിക്കപ്പെട്ട ശൈഖുനാ ആത്മസംസ്‌ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ അല്ലാഹുവിലേക്ക്‌ മാര്‍ഗ്ഗദര്‍ശനം ചെയ്‌തുകൊണ്ട്‌ അദ്ധ്യാത്മിക മേഖലയിലെ സൂര്യതേജസ്സായി നിലകൊണ്ടു. കൂത്താരി ശൈഖുനായില്‍ നിന്ന്‌ ഖാദിരി, ചിശ്‌തി, ത്വരീഖത്തുകളും മറ്റ്‌ മശാഇഖുമാരായ സയ്യിദ്‌ യൂസുഫുര്‍രിഫാഈ (ഖു.സി.) ആന്ത്രോത്ത്‌, ശൈഖ്‌ കമ്മുക്കുട്ടി മൗലാനാ കാളത്തോട്‌ (ഖു.സി.) തുടങ്ങിയവരില്‍ നിന്ന്‌ രിഫാഇയ്യ,്‌ നഖ്‌ശബന്ദിയ്യ്‌, ശാദുലീ ത്വരീഖത്തുകളും സ്വീകരിച്ചു. ആത്മജ്ഞാന പ്രഭവ കേന്ദ്രങ്ങളായ ഗുരുഹൃദയങ്ങളില്‍ നിന്ന്‌ ലഭിച്ച അവര്‍ണ്ണനീയ ജ്ഞാനഗോള രശ്‌മികളെ ആവശ്യക്കാരിലേക്ക്‌ പ്രസരിപ്പിക്കുന്നതായി ശൈഖുനായുടെ ജീവിതം. 
                               അത്യധികം സംശുദ്ധമായ നിലയില്‍ അല്ലാഹു നല്‍കിയ ഹൃദയത്തെ പിശാചിന്റെയും സ്വമനസ്സിന്റെയും ദുര്‍ബോധനങ്ങള്‍ക്ക്‌ അടിമപ്പെട്ട്‌ ദുര്‍ഗുണങ്ങളാല്‍ മലീമസമാക്കിയും സ്രഷ്‌ടാവിനെ വിസ്‌മരിച്ചും കഴിയുന്നവരെ ആത്മീയ ശുദ്ധീകരണത്തിലൂടെ അല്ലാഹുവിലെത്തിക്കുക എന്ന മഹത്തായ ദൗത്യമാണ്‌ മുഖ്യമായും മഹാന്‍ നിര്‍വ്വഹിച്ചിരുന്നത്‌. അമ്പിയാഇന്റെയും അവരുടെ പിന്‍ഗാമികളായ മശാഇഖിന്റെയും അതേദൗത്യം തന്നെ. 
ഇസ്‌ലാമിക ആദര്‍ശാനുഷ്‌ഠാന വിഷയങ്ങളും ത്വരീഖത്ത്‌, ശൈഖ്‌, ആത്മീയത, തൗഹീദ്‌ തുടങ്ങിയ ആത്മീയ ജ്ഞാനങ്ങളും, അതിന്റെ വഴികളും പ്രവാചകശൃംഖലയിലെ മഹാനായ യൂസുഫ്‌ നബി (അ), പ്രവാചക പുത്രി മഹതി ഫാത്തിമബീവി (റ), ഗൗസുല്‍ അഅ്‌ളം ശൈഖ്‌ മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി.) എന്നീ മഹത്തുക്കളുടെ ആധികാരിക ചരിത്രശകലങ്ങളും എളുപ്പത്തില്‍ പഠിക്കാവുന്ന ശൈലിയിലും അനായാസേന ഗ്രഹിക്കാവുന്ന ഘടനയിലും ശൈഖുനാ രചിച്ച അറബി മലയാള കാവ്യ സമാഹാരങ്ങള്‍ മുസ്‌ലിം ലോകത്തിന്‌ വിലമതിക്കാനാവാത്ത മുതല്‍കൂട്ടാണ്‌. ഉപരി മാപ്പിള സാഹിത്യത്തിന്റെ യശസ്സുയര്‍ത്തുന്നവ യുമാണ്‌. 


                                        ഇല്‍മുശ്ശരീഅത്തിനെയും ഹഖീഖത്തിനെയും ഒന്ന്‌ മറ്റൊന്നിന്‌ വിഘാതമാകാത്ത നിലയില്‍ സമന്വയിപ്പിച്ച്‌ ഇസ്‌തിഖാമത്തില്‍ അടിയുറച്ച ശൈഖുനാ ഇല്‍മുത്തസ്വവ്വുഫിന്‌ മുന്‍ഗണന നല്‍കി മദ്രസ്സ നൂറുല്‍ ഇര്‍ഫാന്‍ എന്ന പേരില്‍ അറബിക്കോളേജ്‌ സ്ഥാപിച്ചു. ശരീഅത്തിന്റെ അറിവുകള്‍ക്കൊപ്പം ശോഷണവും ചൂഷണവും നേരിടുന്ന ആത്മീയജ്ഞാനത്തിന്റെ ശരിയായ പഠനവും പ്രയോഗവും പ്രചരണവുമാണ്‌ മഹാനവര്‍കള്‍ ഇതിലൂടെ ലക്ഷ്യമിട്ടത്‌. ഇന്നിന്റെ ചുറ്റുപാട്‌ ഈ ലക്ഷ്യത്തിന്റെ ആവശ്യകത അറിയിക്കുന്നുമുണ്ട്‌. തന്റെ ഉള്‍ക്കാഴ്‌ചയിലൂടെ വളരെ കാലങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഈ അവസ്ഥ മനസ്സിലാക്കിയ മഹാന്‍ അത്‌ പരിഹരിക്കുകയായിരുന്നു മദ്രസ്സ നൂറുല്‍ ഇര്‍ഫാനിലൂടെ. സ്ഥാപനം അതിന്റെ ലക്ഷ്യത്തിലൂടെ മുന്നോട്ട്‌ ഗമിച്ചുകൊണ്ടിരിക്കുന്നു. അത്‌ അവരുടെ പ്രധാന കറാമത്തുകളിലൊന്നാണ്‌.
ലക്ഷദ്വീപിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ആത്മീയ പരിപോഷണത്തിനു പയുക്തമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന്‌ മഹ്‌ളറകള്‍ സ്ഥാപിച്ചു. അതിലൂടെ മഹാനവര്‍കള്‍ അവിടങ്ങളിലും മതചൈതന്യം വ്യാപിപ്പിച്ചുകൊണ്ടിരുന്നു. പ്രഗത്ഭരും പ്രശസ്‌തരുമായ പണ്ഡിതര്‍ വരെ അവിടുത്തെ ആത്മീയ തര്‍ബിയത്ത്‌ കാംക്ഷിച്ച്‌ എത്തുകയും സ്വീകരിക്കുകയും ചെയ്‌തിരുന്നുവെന്നത്‌ മഹാനരുടെ ഔന്നിത്യവും അംഗീകാരവും വ്യക്തമാക്കുന്നു. മുതലാളി, തൊഴിലാളി, കുബേര, കുചേല, പണ്‌ഡിത, പാമര ഭേദമന്യേ നിഷ്‌കളങ്ക നിയ്യത്തോടെ തന്നെ സമീപിച്ച അനവധി ആത്മീയ ദാഹികളെയാണ്‌ ആത്മസംസ്‌ക്കരണത്തിലൂടെ ശൈഖുനാ അല്ലാഹുവിലേക്ക്‌ വഴിനടത്തിയത്‌. 
                                    അദൈവിക ചിന്തകളുടെ അഴുക്കു ചാലുകളായിരുന്ന നിരവധി മനുഷ്യ ഹൃദയങ്ങളെ സംശുദ്ധമാക്കി സ്രഷ്‌ടാവിലേക്ക്‌ മാര്‍ഗ്ഗദര്‍ശനം ചെയ്‌ത ശൈഖുനാ ജ്ഞാന മണ്ഡലത്തിലെ നിത്യ ജ്യോതിസ്സാണെന്ന്‌ അവിടുത്തെ ജീവിതവും നിഷ്‌കാമ സേവനങ്ങളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. മറുലോക യാത്ര അതിന്റെ പ്രഭക്ക്‌ ഒരുവിധ മങ്ങലും ഏല്‌പിച്ചിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌. ആ നിത്യജ്യോതിസ്സില്‍ നിന്നുള്ള ജ്ഞാനകിരണങ്ങള്‍ അവിടുത്തെ പ്രതിനിധികളിലൂടെയും സ്ഥാപനങ്ങളിലൂടെയും കൃതികളിലൂടെയും ഇപ്പോള്‍ നൂറുല്‍ ഇര്‍ഫാന്‍ മാസികയിലൂടെയും ലോകത്ത്‌ പ്രസരിച്ചുകൊണ്ടിരിക്കുന്നു. പൂര്‍വ്വോപരി തിളക്കത്തോടെ. ഹിജ്‌റ 1388 സഫര്‍ മാസം 25 വെള്ളിയാഴ്‌ചയുടെ അസ്‌തമയസമയത്ത്‌ മഹാനവര്‍കള്‍ അതീന്ദ്രിയ ലോകത്തേക്ക്‌ നീങ്ങി. അവരെ അനുഗമിക്കാന്‍ നാഥന്‍ നമ്മെ തുണക്കട്ടെ.
മഹാനവര്‍കളുടെ  മഖ്ബറ 
 

ജ്ഞാനദളം 1

ജ്ഞാനദളം 1



ആദ്യമായി വാനലോകത്ത്‌ വാങ്ക്‌ കൊടുത്തതാരാണ്‌?
ഇത്‌ സംബന്ധമായി ഹാശിയത്തുല്‍ ജമലില്‍ പറയുന്നത്‌ ഇപ്രകാരമാണ്‌: വാനലോകത്ത്‌ ആദ്യം വാങ്ക്‌ കൊടുത്തത്‌ ജിബ്‌രീലും ഇസ്‌ലാമില്‍ ആദ്യമായി (ഭൂമിലോകത്ത്‌) വാങ്ക്‌ കൊടുത്തത്‌ ബിലാല്‍ (റ) വാണ്‌


പള്ളിയില്‍ തീറ്റയും കുടിയും അനുവദനീയമാണോ?
പള്ളി മലിനമാകാത്ത രൂപത്തില്‍ പള്ളിയില്‍ വെച്ച്‌ ഭക്ഷിക്കല്‍ അനുവദനീയമാണ്‌. നബി (സ്വ) യുടെ കാലഘട്ടത്തില്‍ സ്വഹാബികള്‍ പത്തിരിയും ഇറച്ചിയും പള്ളിയില്‍ വെച്ച്‌ തിന്നുമായിരുന്നുവെന്ന്‌ ഇബ്‌നുമാജ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ കാണാം. മാത്രമല്ല, ഇത്‌ അനുവദനീയമാണെന്ന്‌ ഇമാം സര്‍കശി (റ) തന്റെ `ഇഅ്‌ലാമുസ്സാജിദ്‌ ബി അഹ്‌കാമില്‍ മസാജിദ്‌' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌. 


ജ്ഞാനദളം

ജ്ഞാനദളം


അബ്‌റഹത്ത്‌ രാജാവ്‌ കഅ്‌ബ പൊളിക്കാനായി വന്നതിന്‌ കാരണം എന്താണ്‌? ഏറ്റവും മുന്നിലുണ്ടായിരുന്ന ആനയുടെ പേരെന്തായിരുന്നു?
യമനിലെ രാജാവായിരുന്ന അബ്‌റഹത്ത്‌ `സ്വന്‍ആഇ' ല്‍ അതിമനോഹരമായ ഒരു ക്രിസ്‌ത്യന്‍ പള്ളി സ്ഥാപിച്ചു. മക്കയിലെത്തുന്ന ഹാജിമാരെ അങ്ങോട്ട്‌ തിരിക്കലായിരുന്നു സ്ഥാപിത ലക്ഷ്യം. എന്നാല്‍ കിനാന ഗോത്രത്തില്‍ (ഖുറൈശി) പെട്ട ഒരു വ്യക്തി ആ പള്ളിയില്‍ ഒരു രാത്രി കാഷ്‌ടിച്ച്‌ മലീമസമാക്കി. ഇതറിഞ്ഞ അബ്‌റഹത്ത്‌ ഖുറൈശികളുടെ അഭിമാനമായിരുന്ന കഅ്‌ബാലയം പൊളിക്കുമെന്ന്‌ സത്യം ചെയ്‌തു. അങ്ങനെയാണ്‌ ആനപ്പടയുമായി കഅ്‌ബ പൊളിക്കാനായി അബ്‌റഹത്ത്‌ പുറപ്പെട്ടത്‌. ആനയുടെ നാമം മഹ്‌മൂദ്‌ എന്നായിരുന്നു. (ജലാലൈനി, ബഹ്‌റുല്‍ മദീദ്‌).


നിസ്‌കാരത്തില്‍ തിരിഞ്ഞു നോക്കുന്നതിന്റെ വിധി എന്താണ്‌?
അകാരണമായി നിസ്‌കാരത്തില്‍ തിരിഞ്ഞു നോക്കല്‍ കറാഹത്താണ്‌. കാരണത്തോട്‌ കൂടിയാണെങ്കില്‍ കറാഹത്താവുകയില്ല. ഇമാം മുതവല്ലിയുടെയും ഹലീമിയ്യ്‌ എന്നവരുടെയും അഭിപ്രായം ഹറാമാണെന്നാണ്‌. നെഞ്ച്‌ കൊണ്ട്‌ ഖിബ്‌ലയേയും വിട്ട്‌ തിരിച്ചാല്‍ നിസ്‌കാരം ബാത്വിലാകും. അതുപോലെ തമാശ രൂപത്തില്‍ മുഖം കൊണ്ട്‌ തിരിയലും നിസ്‌കാരം ബാത്വിലാക്കും. (ഫത്‌ഹുല്‍മുഈന്‍, ഇആനത്ത്‌, അസ്‌നല്‍ മത്വാലിബ്‌)


നബി (സ്വ) യുടെ പുത്രന്‍ ഇബ്‌റാഹിം (റ) വഫാത്തായപ്പോള്‍ കുളിപ്പിച്ചതും കഫന്‍ ചെയ്‌തതും ആരാണ്‌
ഉമ്മയായ മാരിയ്യത്തുല്‍ ഖിബ്‌ത്തിയ്യയാണ്‌ കുളിപ്പിച്ചതും കഫന്‍ ചെയ്‌തതും. നിസ്‌കരിക്കാതെയാണ്‌ നബി (സ്വ) മറമാടിയത്‌. (ഫതാവല്‍ ഹദീസിയ്യ)



പെണ്‍കുഞ്ഞിന്റെ ചെവിയില്‍ ജനിച്ച ഉടനെ വാങ്ക്‌ കൊടുക്കാമോ?
കുട്ടി ജനിച്ച ഉടനെ വലത്തെ ചെവിയില്‍ വാങ്കും ഇടത്തെ ചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്‌. ആണ്‍-പെണ്‍ വേര്‍തിരിവില്ല. നിസ്‌കാരങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ വാങ്ക്‌ സുന്നത്തില്ല എന്നതില്‍ നിന്നും ഉണ്ടായ ധാരണപ്പിശകാണ്‌ പെണ്‍കുഞ്ഞിന്റെ ചെവിയില്‍ വാങ്ക്‌ കൊടുക്കേണ്ടതില്ല എന്നത്‌.


Wednesday 20 November 2013

മുഹര്‍റം അല്ലാഹുവിന്റെ മാസം

മുഹര്‍റം അല്ലാഹുവിന്റെ മാസം


        ഈ കാണുന്ന പ്രവിശാല സുന്ദരമായ പ്രപഞ്ചത്തിന്റെ സ്രഷ്‌ടാവ്‌ അല്ലാഹുവാണ്‌. അതില്‍ ചേതനവും



അചേതനവുമായ മുഴുവന്‍ വസ്‌തുക്കളും മനുഷ്യര്‍ക്ക്‌ വേണ്ടി സൃഷ്‌ടിക്കപ്പെട്ടു. കാലത്തേയും സമയത്തെയും പോലും. സ്രഷ്‌ടാവിനെ സംബന്ധിച്ച്‌ സൃഷ്‌ടിത്വത്തിന്റെ പാശം ചേരുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ നിഴലിക്കുന്നില്ല. എന്നാല്‍ സൃഷ്‌ടികളോട്‌ ചേര്‍ക്കുമ്പോള്‍ ചിലതിന്‌ ചിലതിനേക്കാള്‍ സ്ഥാനവും ഗുണവും വളര്‍മ്മയും നല്‍കിയിരിക്കുന്നത്‌ കാണാം. ചില കാലങ്ങള്‍ക്ക്‌ മറ്റ്‌ ചില കാലങ്ങളേക്കാളും ചില വസ്‌തുക്കള്‍ക്ക്‌ മറ്റു ചില വസ്‌തുക്കളേക്കാളും ഉയര്‍ച്ചയും സ്ഥാനവും പ്രവാചകന്‍ (സ്വ) തന്നെ നല്‍കിയിട്ടുണ്ട്‌. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന പ്രവാചക വചസ്സില്‍ ഇപ്രകാരം കാണാം: ``ഉത്തമസമുദായം എന്റെ കാലഘട്ടക്കാരാണ്‌. പിന്നെ അവരോട്‌ ചേര്‍ന്ന്‌വരുന്നവരും പിന്നെ അവരോട്‌ ചേര്‍ന്ന്‌വരുന്നവരും''. ഇതുപോലെ തന്നെ ചില മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും പവിത്രത കല്‍പിച്ചതായി വിശുദ്ധ ഖുര്‍ആനും തിരുഹദീസും നമ്മെ പഠിപ്പിക്കുന്നുണ്ട്‌. 
                                     കാലാതിവര്‍ത്തിയായ വിശുദ്ധ ഗ്രന്ഥവും പാപമോചനത്തിന്റെ സുദിന സമാഹാരവും വിശുദ്ധ റമളാന്‌ കിരീടം ചാര്‍ത്തുമ്പോള്‍ വിശുദ്ധ റബീഉല്‍ അവ്വലിന്‌ പവിത്രത നല്‍കുന്നത്‌ ലോകാനുഗ്രഹിയുടെ പ്രവാചക തിരുജന്മമാണ്‌. അപ്രകാരം അല്ലാഹുവിന്റെ മാസം എന്നതു കൊണ്ട്‌ മുഹര്‍റവും മഹിതസ്ഥാനം അലങ്കരിക്കുന്നു. ``തീര്‍ച്ചയായും മുഹര്‍റം അല്ലാഹുവിന്റെ മാസമാകുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന്‌ മുമ്പും ശേഷവും ശാന്തിയുടെയും സമാധാനത്തിന്റെയും മാസങ്ങളായി മുഹര്‍റം, റജബ്‌, ദുല്‍ഖഅ്‌ദ, ദുല്‍ഹിജ്ജ എന്നിവ അറിയപ്പെട്ടുവരുന്നു. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ മുഹര്‍റം മാസത്തിനാണ്‌. കാരണം യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ നാലെണ്ണമുണ്ടായിട്ടും യുദ്ധം നിഷിദ്ധമായത്‌ എന്നര്‍ത്ഥം വരുന്ന അല്‍ മുഹര്‍റം എന്ന പേര്‌ ഈ മാസത്തിന്‌ നല്‍കപ്പെട്ടിട്ടുണ്ട്‌. മഹനീയമായ ദിനങ്ങളില്‍ പുണ്യകരമായ ആരാധനകളില്‍ പ്രധാനമായത്‌ വ്രതാനുഷ്‌ഠാനമാണെന്ന്‌ കാണാന്‍ കഴിയും. രണ്ട്‌ പെരുന്നാളിലും അയ്യാത്തമുത്തശ്‌രീഖിലും ഒഴികെ സമുചിത ആഘോഷ വേഷകള്‍ വ്രതാനുഷ്‌ഠാനത്തിലാണ്‌ പ്രഭാപൂരിതമാക്കിയിരിക്കുന്നത്‌. റമളാനും അറഫാദിനവും ആശുറാഉം മിഅ്‌റാജും പ്രവാചക ജന്മം കൊണ്ട്‌ പുളകം കൊണ്ട തിങ്കളാഴ്‌ചയും സുന്നത്ത്‌ നോമ്പ്‌ കൊണ്ട്‌ പുളകിതമാക്കാന്‍ പ്രവാചക നിര്‍ദ്ദേശമുണ്ടായതായി നമുക്ക്‌ കാണാം. 
                              മുഹര്‍റം മാസത്തിലും വ്രതാനുഷ്‌ഠാനം ശക്തമായ സുന്നത്താണ്‌. അലി (റ) പറയുന്നു:�``ഒരാള്‍ പ്രവാചക സമക്ഷത്തില്‍ വന്ന്‌ ചോദിച്ചു: റമളാനിന്‌ ശേഷം ഏത്‌ മാസമാണ്‌ നോമ്പെടുക്കാന്‍ എന്നോട്‌ കല്‍പിക്കുന്നത്‌? പ്രവാചകന്‍ പറഞ്ഞു: മുഹര്‍റം അതാണല്ലോ അല്ലാഹുവിന്റെ മാസം. അബൂഹുറൈറ (റ) പറയുന്നു: റമളാന്‍ കഴിഞ്ഞാല്‍ നോമ്പുകള്‍ക്ക്‌ നല്ലത്‌ അല്ലാഹുവിന്റെ മാസമായ മുഹര്‍റം ആകുന്നുവെന്ന്‌ നബി (സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. (മുസ്‌ലിം). റമളാന്‍ കഴിഞ്ഞാല്‍ നോമ്പനുഷ്‌ഠിക്കാന്‍ ഏറ്റവും ശ്രേഷ്‌ഠകരമായ മാസങ്ങള്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാല്‌ മാസങ്ങളാണ്‌. ഇവയില്‍ ഏറ്റവും ശ്രേഷ്‌ഠമായത്‌ മുഹര്‍റം മാസവും. പിന്നീട്‌ റജബ്‌, ദുല്‍ഹിജ്ജ, ദുല്‍ഖഅ്‌ദ മാസങ്ങള്‍ക്കുമാണ്‌. മുഹര്‍റം മുഴുവന്‍ നോമ്പനുഷ്‌ഠിക്കല്‍ പ്രധാന സുന്നത്താണ്‌. പവിത്രമായ മുഹര്‍റം മാസത്തിലെ ഓരോ ദിവസത്തെ വ്രതത്തിനും മുപ്പത്‌ സാധാരണ ദിവസങ്ങളിലെ നോമ്പുകളുടെ പ്രതിഫലമുണ്ട്‌''( ത്വബ്‌റാനി). മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്ത്‌ ദിനങ്ങള്‍ക്ക്‌ പ്രത്യേക പദവി കല്‍പിച്ചിട്ടുണ്ട്‌. മുഹര്‍റം മാസത്തിലെ ആദ്യപത്തുകളെ കുറിച്ചാണ്‌ സൂറത്തുല്‍ ഫജറിന്റെ ഒന്നും രണ്ടും ആയത്തുകളില്‍ പ്രതിപാദിച്ചിരിക്കുന്നത്‌ എന്ന്‌ മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുണ്ട്‌. മഹാനായ ഇബ്‌നു ഹജര്‍ (റ) പോലെയുള്ള മഹാന്മാര്‍ പറയുന്നു: ``വളരെയധികം പ്രധാന്യമുള്ളതിനെ പറ്റിയാണ്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സത്യം ചെയ്‌ത്‌ പറയാന്‍ ഉപയോഗിക്കാറുള്ളത്‌. അപ്പോള്‍ മുഹര്‍റത്തിന്റെ ആദ്യത്തെ പത്ത്‌ ദിവസത്തെ നോമ്പിനെ പറ്റി പറയേണ്ടതില്ലല്ലോ?''.
ആശുറാഉം താസുആഉം
ചരിത്ര പ്രസിദ്ധമായ അനവധി നിരവധി സംഭവ ബഹുലതകളുടെ സംഗമസുദിനമാണ്‌ മുഹര്‍റം പത്ത്‌. സുപ്രസിദ്ധമായ വെള്ളപ്പൊക്കത്തിന്‌ ശേഷം നൂഹ്‌ നബി (അ) യെ കപ്പലില്‍ നിന്ന്‌ മോചിപ്പിച്ചതും നംറൂദിന്റെ തീ കുണ്ഡാരത്തില്‍ നിന്നും ഇബ്‌റാഹീം നബി (അ) യെ മോചിപ്പിച്ചതും അസ്സീസ്‌ രാജന്റെ കാരാഗ്രഹത്തില്‍ നിന്നും യൂസുഫ്‌ നബി (അ) യെ അല്ലാഹു പുറത്ത്‌ കടത്തിയതും യൂസുഫ്‌ നബി (അ) യുടെ പിതാവായ യഅ്‌ഖൂബ്‌ നബി (അ)ക്ക്‌ കാഴ്‌ചശക്തി തിരികെ നല്‍കിയതും അയ്യൂബ്‌ നബി (അ) യെ തീരാ വേദനയുടെ കയത്തില്‍ നിന്നും കര കയറ്റിയതും മത്സ്യത്തിന്റെ വയറ്റില്‍ നിന്നും യൂനുസ്‌ നബി (അ) യെ രക്ഷിച്ചതും ഈസാനബി (അ) യെ ക്രൂശിക്കാന്‍ വന്നപ്പോള്‍ ആകാശത്തേക്ക്‌ ഉയര്‍ത്തിയതും തുടങ്ങി ധാരാളം ചരിത്ര സംഭവങ്ങള്‍ കണ്ടെത്താന്‍ കഴിയും. പിടക്കുന്ന ഹൃദയത്തോടെ വേദനയോടെ സ്രഷ്‌ടാവിന്റെ ദര്‍ബാറിലേക്ക്‌ കൈകള്‍ ഉയര്‍ത്തിയവര്‍ക്ക്‌ അര്‍ഹമായ മറുപടി മുഹര്‍റത്തില്‍ അല്ലാഹു നല്‍കി. തൗഹീദിനെതിരെ സമരമുറകള്‍ പരീക്ഷിച്ചവരെയും യുദ്ധ പ്രഖ്യാപനം നടത്തിയ ധിക്കാരി വര്‍ഗ്ഗത്തേയും നാശമുഖത്തേക്ക്‌ തൂത്തെറിഞ്ഞ്‌ ദീനുല്‍ ഇസ്‌ലാമിന്‌ സംരക്ഷണത്തിന്റെ പട്ട്‌ പുതപ്പിച്ച സുദിനം കൂടിയാണ്‌ മുഹര്‍റം പത്ത്‌. 
                            വിശ്വാസി സമൂഹത്തിന്‌ നല്‍കിയ അനുഗൃഹീത സംഗമങ്ങളെ സ്‌മരിച്ചു കൊണ്ട്‌ സ്രഷ്‌ടാവിന്‌ നന്ദി ചെയ്യാനായി പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) ക്ക്‌ മുമ്പുള്ള പ്രവാചകന്മാര്‍ ഈ ദിവസത്തിന്‌ പ്രത്യേകം പരിഗണന നല്‍കിയത്‌ ഹദീസുകളില്‍ കാണാം. മുഹര്‍റം പത്ത്‌ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) യുടെ അനുചരന്മാരുടെ മാത്രം വിശേഷ ദിവസമല്ല. പൂര്‍വ്വ പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും വിശേഷ ദിവസമായിരുന്നു. ആഇശാ ബീവി (റ) പറയുന്നു: ``ജാഹിലിയ്യാ കാലത്ത്‌ ഖുറൈശികള്‍ ആശുറാഅ്‌ സുദിനം നോമ്പനുഷ്‌ഠിച്ചിരുന്നു. നുബുവ്വത്തിന്‌ മുമ്പ്‌ പ്രവാചകനും ഈ നോമ്പ്‌ എടുത്തിരുന്നു. പ്രവാചകന്‍ (സ്വ) മദീനയിലേക്ക്‌ ഹിജ്‌റ പോയപ്പോള്‍ ആശുറാഅ്‌ നോമ്പ്‌ സ്വയം അനുഷ്‌ഠിക്കുന്നതിന്‌ പുറമെ അനുയായികളോട്‌ കല്‍പിക്കുകയും ചെയ്‌തു (ഇബ്‌നു മാജ).
                                              അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായ ഫിര്‍ഔനിന്റെ അക്രമങ്ങളില്‍ നിന്ന്‌ വിജയശ്രീലാളിതനാവാന്‍ മൂസാനബി (അ) ക്ക്‌ സാധിച്ചത്‌ മുഹര്‍റം പത്തിനായിരുന്നു. ജൂതന്മാരും ക്രിസ്‌ത്യാനികളും ഈ ഓര്‍മ്മ പുതുക്കാന്‍ ഈ ദിവസം നോമ്പനുഷ്‌ഠിച്ചിരുന്നു. ഹിജ്‌റയോടെ പ്രവാചകന്‍ (സ്വ) മദീനയിലെത്തിയപ്പോള്‍ ജൂതന്മാര്‍ ഈ നോമ്പനുഷ്‌ഠിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: മൂസാ നബി (അ) യുമായി ഏറ്റവും അടുത്തത്‌ ഞങ്ങളാണ്‌. അങ്ങനെ നബി (സ്വ) അനുചരന്മാരോടും നോമ്പനുഷ്‌ഠിക്കാന്‍ കല്‍പിച്ചു. ഇബനു അബ്ബാസ്‌ (റ) പറയുന്നു: നോമ്പ്‌ കൊണ്ടുള്ള ഈ കല്‍പന വന്നപ്പോള്‍ ജൂത-ക്രൈസ്‌തവ സുഹൃത്തുക്കള്‍ മഹത്വം നല്‍കുന്ന സുദിനമല്ലേ ഇത്‌ എന്ന്‌ ചോദിച്ചപ്പോള്‍ നബി (സ്വ) തങ്ങള്‍ പ്രതികരിച്ചു. അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഒമ്പതിനും നോമ്പനുഷ്‌ഠിക്കും. പക്ഷേ, അടുത്ത വര്‍ഷം ആ സുദിനം പുല്‍കാന്‍ പ്രവാചകന്‍ ഈ ലോകത്ത്‌ വസിച്ചിരുന്നില്ല. ഇബ്‌നു അബ്ബാസ്‌ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ്വ) ഫറയുന്നു: ഒന്‍പതിലും പത്തിലും നിങ്ങള്‍ നോനമ്പനുഷ്‌ഠിക്കുകയും ജൂതന്മാരോട്‌ എതിരാവുകയും ചെയ്യുക.
                                           ആശുറാഇനോടൊപ്പം മുഹര്‍റം പതിനൊന്നിനും നോമ്പെടുക്കല്‍ സുന്നത്താണെന്ന്‌ ഹദീസുകളില്‍ കാണാം. ഇമാം അഹ്‌മദ്‌ (റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഒമ്പതിനും പതിനൊന്നിനും എന്ന്‌ കാണാന്‍ കഴിയും. ജൂതന്മാരോടുള്ള നിസ്സഹകരണമായിട്ടാണ്‌ മുഹര്‍റം ഒമ്പതിന്‌ നോമ്പു പിടിക്കാന്‍ നബി (സ്വ) അരുള്‍ ചെയ്‌തത്‌. അതിനാല്‍ പതിനൊന്നിനും സുന്നത്താണെന്ന്‌ ശര്‍വ്വാനിയിലും കാണാം. ആശുറാഅ്‌ നോമ്പിന്‌ വിവിധ രൂപങ്ങള്‍ പണ്ഡിത കേസരികള്‍ പഠിപ്പിക്കുന്നുണ്ട്‌. ഒന്നാമതായി മുഹര്‍റം 9,10,11 തുടങ്ങിയ മൂന്ന്‌ ദിവസങ്ങളിലും രണ്ടാമതായി ഒമ്പതും പത്തും മാത്രം നോക്കല്‍ മൂന്നാമതായി പത്ത്‌ മാത്രം നോമ്പനുഷ്‌ഠിക്കലും. ഒമ്പതിന്‌ നോമ്പനുഷ്‌ഠിക്കാത്തവര്‍ക്കും അനുഷ്‌ഠിച്ചവര്‍ക്കും പത്തിനോടൊപ്പം പതിനൊന്നിന്റെ നോമ്പ്‌ അനുഷ്‌ഠിക്കല്‍ സുന്നത്താണ്‌. പത്തിനൊപ്പം ഒമ്പതോ പതിനൊന്നോ ഏതെങ്കിലും ഒന്ന്‌ നിജപ്പെടുത്തുന്നവര്‍ക്ക്‌ ഒമ്പതാണുത്തമം. കാരണം ജൂതന്മാരോട്‌ എതിരാവുക എന്നതിന്‌ പുറമെ മുഹര്‍റം മാസത്തെ ആദ്യത്തെ പത്ത്‌ ദിവസം എന്ന മഹിമയും ലഭിക്കുന്നു. പതിനൊന്നിന്‌ ഈ ശ്രേഷ്‌ഠത ലഭിക്കില്ലല്ലോ? (ശര്‍വാനി). മാസപ്പിറവി നിര്‍ണ്ണയത്തിലെ പിശകോ മറ്റു സൂക്ഷ്‌മത കുറവോ മൂലം പുണ്യം നഷ്‌ടമാകാതിരിക്കാന്‍ എട്ടിനും നോമ്പ്‌ സുന്നത്താണെന്ന്‌ പണ്ഡിതന്മാര്‍ പറഞ്ഞത്‌ കാണാം. 
ആശുറാഅ്‌ ദിവസത്തിന്റെ പ്രാധാന്യം ചൂണ്ടി കാണിക്കുന്ന ഒരു സംഭവം ഇആനത്തില്‍ കാണാം: ഒരു ദരിദ്രനായ മനുഷ്യന്‍ ആശുറാഅ്‌ ദിവസത്തില്‍ കുടുംബത്തിന്റെ ആവശ്യത്തിനായി മുസ്‌ലിമിന്റെ അടുക്കല്‍ ചെന്നു. എന്നാല്‍ ഈ ദരിദ്രന്‌ പണം നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. പിന്നീട്‌ അദ്ദേഹം പണത്തിനായി ഒരു ജൂതനെ സമീപിച്ചു. കാര്യങ്ങള്‍ ഉണര്‍ത്തി. ആശുറാഅ്‌ ദിവസത്തിന്റെ പ്രത്യേകതകള്‍ ജൂതന്‌ പറഞ്ഞു കൊടുക്കുകയും ഈ പുണ്യസുദിനത്തില്‍ അയാള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും വാഗ്‌ദാനം ചെയ്‌തു. ആശുറാഇന്റെ മഹത്വം മനസ്സിലാക്കിയ അയാള്‍ ഈ ദിവസത്തിന്റെ മഹത്വം മാനിച്ച്‌ 10 ദിര്‍ഹം നല്‍കുന്നു എന്ന്‌ പറഞ്ഞ്‌ ദരിദ്രന്‌ പണം നല്‍കി. മുസ്‌ലിമായ വ്യക്തി അന്ന്‌ രാത്രി ശക്തമായ ദാഹത്തോട്‌ കൂടി അന്ത്യനാളിനെ സ്വപ്‌നത്തില്‍ ദര്‍ശിച്ചു. അവന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ചെങ്കോട്ടയില്‍ നിന്നും ശബ്‌ദമുയര്‍ന്നു. ഇന്നലെ വരെ ഇത്‌ നിനക്കുള്ളതായിരുന്നു. എന്നാല്‍ നീ ദരിദ്രന്‌ പണം നിഷേധിച്ചതിനാല്‍ നിന്റെ പേര്‌ നീക്കി പകരം ജൂതന്റെ പേര്‌ കൊത്തിവെക്കപ്പെട്ടതാണ്‌. നിരാശ സഹിക്കവയ്യാതെ അയാള്‍ ജൂതനെ സമീപിച്ച്‌ 100 ദിര്‍ഹമിന്‌ പകരമായി ജൂതന്‌ ലഭിച്ച പദവിയും പ്രതിഫലവും യാചിക്കുകയും ചെയ്‌തു. എന്നാല്‍ ജൂതന്‍ സമ്മതം നല്‍കിയില്ലെന്ന്‌ മാത്രമല്ല പ്രവേശന അനുമതി പോലും വിലക്കി. ആശൂറാഅ്‌ ദിനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട്‌ സദുദ്യമം നടത്തിയപ്പോള്‍ അവിശ്വാസിയായ മനുഷ്യന്‌ പോലും സ്ഥാനങ്ങള്‍ കൈവരിക്കുകയും മുസ്‌ലിമാവുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ വിശ്വാസികളെ സംബന്ധിച്ച്‌ പ്രതിഫല ചാകരയാണെന്ന്‌ പറയേണ്ടതില്ലല്ലോ?
                                        പശ്ചാത്താപം സ്വീകരിക്കപ്പെടുമെന്നതാണ്‌ മുഹര്‍റം പത്തിന്റെ മറ്റൊരു സവിശേഷത. അലി (റ) പറയുന്നു: ``ഒരാള്‍ പ്രവാചക സവിധത്തില്‍ വന്ന്‌ റമളാന്‌ ശേഷം ഏത്‌ മാസമാണ്‌ സുന്നത്ത്‌ നോമ്പിന്‌ വേണ്ടി തങ്ങള്‍ എനിക്ക്‌ നിര്‍ദ്ദേശിക്കുന്നത്‌ എന്ന്‌ ചോദിച്ചപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: മുഹര്‍റം മാസം നോമ്പെടുക്കൂ. അത്‌ അല്ലാഹുവിന്റെ മാസമാണ്‌. മാത്രമല്ല, ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു കഴിഞ്ഞതും ഇനിയൊരു സമൂഹത്തിന്റേത്‌ സ്വീകരിക്കാനിരിക്കുന്നതുമായ ദിവസം ആശുറാഅ്‌ ആണ്‌. ആ ദിവസം ഉള്‍ക്കൊള്ളുന്ന മാസമായതുകൊണ്ടാണ്‌ റമളാന്‍ കഴിഞ്ഞാല്‍ നോമ്പിന്‌ വിശേഷപ്പെട്ട മാസം മുഹര്‍റമാണെന്ന്‌ നബി (സ്വ) തങ്ങള്‍ പറഞ്ഞതെന്ന്‌ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

നബി (സ്വ) യുടെ വഫാത്തിന്‌ ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക്‌ ഇറങ്ങുമോ?




നബി (സ്വ) യുടെ വഫാത്തിന്‌ ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക്‌ ഇറങ്ങുമോ?


           നബി (സ്വ) യുടെ വഫാത്തിന്‌ ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക്‌ ഇറങ്ങുകയില്ല എന്നറിയിക്കുന്ന ``ഇത്‌ ഭൂമിയിലെ അവസാനത്തെ എന്റെ കാല്‍വെപ്പാണ്‌'' എന്ന ഹദീസ്‌ വളരെ ബലഹീനമാണ്‌. ഇനി ഈ ഹദീസ്‌ സ്വഹീഹായാല്‍ തന്നെ വഹ്‌യുമായി ഇറങ്ങുകയില്ലെന്നാണ്‌ അതിനര്‍ത്ഥം. കാരണം ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ ജിബ്‌രീല്‍ (അ) ഇറങ്ങുമെന്ന്‌ സ്വഹീഹായ ഹദീസുകള്‍ അറിയിക്കുന്നുണ്ട്‌. മാത്രമല്ല, ഖിയാമം നാളില്‍ ഈസാ നബി (അ) വരുമ്പോള്‍ ഈസാനബി (അ) യുടെ അടുക്കലും ജിബ്‌രീല്‍ (അ) വരുമെന്ന്‌ മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസ്‌ തേടുന്നുണ്ട്‌. ഈ വിഷയം ഫതാവല്‍ ഹദീസിയ്യ 164 ല്‍ കാണാം.

Monday 18 November 2013

അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ മറമാടുന്നതിന്‌ മുമ്പ്‌ നിസ്‌കരിക്കാമോ?


അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ മറമാടുന്നതിന്‌ മുമ്പ്‌ നിസ്‌കരിക്കാമോ?
അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ നിസ്‌കരിക്കുന്നതിന്‌ മറമാടലല്ല പരിഗണിക്കുന്നത്‌. മറിച്ച്‌ മയ്യിത്ത്‌ കുളിപ്പിക്കലാണ്‌ പരിഗണിക്കുന്നത്‌. മയ്യിത്തിനെ കുളിപ്പിച്ചിട്ടുണ്ടെങ്കില്‍ നിസ്‌കരിക്കാവുന്നതാണ്‌. (ഫത്‌ഹുല്‍മുഈന്‍)

സ്വഫാ മര്‍വ്വ എന്നീ പര്‍വ്വതങ്ങളില്‍ ഏതാണ്‌ ഏറ്റവും ശ്രേഷ്‌ഠമായത്‌?




സ്വഫാ മര്‍വ്വ എന്നീ പര്‍വ്വതങ്ങളില്‍ ഏതാണ്‌ ഏറ്റവും ശ്രേഷ്‌ഠമായത്‌?
സ്വഫാ, മര്‍വ്വാ എന്നിവയില്‍ ഏറ്റവും ശ്രേഷ്‌ഠമായത്‌ ഏതാണെന്ന വിഷയത്തില്‍ പണ്ഡിത മഹത്തുക്കള്‍ ഏകോപിതരല്ല. ഇബ്‌നു ഹജറുല്‍ ഹൈതമി (റ) പറയുന്നത്‌ `സ്വഫ'യാണ്‌ എറ്റവും ശ്രേഷ്‌ഠമാക്കപ്പെട്ടത്‌. മുഹമ്മദ്‌ റംലി (റ) പറയുന്നത്‌ ഏറ്റവും ശ്രേഷ്‌ഠത മര്‍വ്വാക്കാണെന്നാണ്‌. (ഫത്‌ഹുല്‍ അലിയ്യ്‌ 903).
Related Posts Plugin for WordPress, Blogger...