നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 14 June 2014

നോമ്പും അനുബന്ധവിഷയങ്ങളും


നോമ്പും അനുബന്ധവിഷയങ്ങളും
           
                      എണ്ണമറ്റ പ്രതിഫലങ്ങള്‍ കൈവരിക്കാന്‍ നിമിത്തമാവേണ്ട ഒരു സത്‌കര്‍മ്മമാണ്‌ വ്രതാനുഷ്‌ഠാനം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും മറ്റ്‌ ശാരീരികേച്ഛകളും വെടിഞ്ഞ്‌ നോമ്പെടുക്കുന്ന ഏതൊരു വിശ്വാസിയും തന്റെ നോമ്പ്‌ ഉടയ തമ്പുരാന്റെ തൃപ്‌തിയിലൂടെ നാളേക്കുള്ള ഒരു മുതല്‍ക്കൂട്ടാവണമെന്ന്‌ ആഗ്രഹിക്കുന്നു. അതിനാല്‍ അതിന്റെ സാധുതക്ക്‌ തകരാര്‍ വരുത്തുന്ന, അതിന്റെ പ്രതിഫലം ശൂന്യമാക്കി കളയുന്ന നിരവധി കാര്യങ്ങള്‍ നോമ്പുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. അറിവില്ലായ്‌മ കൊണ്ട്‌ അവകള്‍ നിഷ്‌ഫലമായി കൂടാ. നോമ്പ്‌ മുറിയുന്ന കാര്യങ്ങളെ കുറിച്ച്‌ ഹ്രസ്വമായി വിശദീകരിക്കുന്നു. 
                     തടിയുള്ള വല്ല വസ്‌തുവും ബോധപൂര്‍വ്വവും ഇഷ്‌ടാനുസരണവും തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക്‌ പ്രവേശിക്കുക.. ഉള്ള്‌ എന്നതിന്റെ വിവക്ഷ തലച്ചോറ്‌, കുടല്‍, വയറ്‌, മൂത്രനാളം, സ്‌തന നാളം (മുലപ്പാല്‍ പുറപ്പെടുന്ന സ്ഥലം), ചെവിയുടെ അകം തുടങ്ങിയവയാണ്‌. 
                                       കണ്ണില്‍ സുറുമ ഇടുകയോ, മരുന്ന്‌ ഇറ്റിക്കുകയോ ചെയ്‌താല്‍ അവകളുടെ രുചി തൊണ്ടയിലേക്ക്‌ എത്തിയാലും നോമ്പ്‌ മുറിയില്ല. കണ്ണില്‍ നിന്ന്‌ തൊണ്ടയിലേക്ക്‌ തുറക്കപ്പെട്ട ദ്വാരം ഇല്ലാത്തതാണ്‌ കാരണം. രോമ കൂപങ്ങളിലൂടെ എണ്ണ പോലുള്ളവ അകത്ത്‌ കടന്നാലും വിധി തഥൈവ. വാസനിച്ചാലും വസ്‌തു അകത്തേക്ക്‌ ഇറങ്ങാത്ത രീതിയില്‍ രുചിച്ചു നോക്കിയാലും നോമ്പ്‌ മുറിയില്ല. അടുക്കള പുക, പൊടിപടലങ്ങള്‍, ഈച്ച, കൊതുക്‌ പോലുള്ള സൂക്ഷിക്കാന്‍ പ്രയാസമുള്ള വസ്‌തുക്കള്‍ അകത്ത്‌ കടന്നാലും നോമ്പ്‌ മുറിയുകയില്ല. 
ഭക്ഷണാവശിഷ്‌ടങ്ങളോ മറ്റോ കലരാത്ത ശുദ്ധമായ ഉമിനീര്‍ വിഴുങ്ങിയത്‌ കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല. പക്ഷെ ഉമിനീര്‍ വായയുടെ പുറത്തേക്ക്‌ വന്ന ശേഷം വീണ്ടും വിഴുങ്ങിയാല്‍ നോമ്പ്‌ മുറിയുന്നതാണ്‌. മുറുക്കാന്റെ ചുമപ്പ്‌ പോലുള്ള ശുദ്ധവസ്‌തുക്കളോ, രക്തം പോലുള്ള നജസായവയോ കലര്‍ന്ന ഉമിനീര്‍ തുപ്പികളയുകയും വായ കഴുകി വൃത്തിയാക്കേണ്ടതുമാണ്‌. മോണ പൊട്ടി രക്തം നിരന്തരമായി വരുന്നവന്‌ എപ്പോഴും തുപ്പിക്കളയാന്‍ പ്രയാസമായതിനാല്‍ അവ വിഴുങ്ങിയാല്‍ നോമ്പ്‌ മുറിയുകയില്ല. ചുമകൊണ്ടോ മറ്റോ കഫം പുറത്തേക്ക്‌ എടുക്കാന്‍ സാധിക്കാതെ ഉള്ളിലേക്ക്‌ തന്നെ ഇറങ്ങിയതുകൊണ്ട്‌ കുഴപ്പമില്ല. പക്ഷെ പുറത്ത്‌ വന്ന കഫം തുപ്പാന്‍ സൗകര്യമായിട്ടും തുപ്പികളയാതെ അകത്തേക്ക്‌ ഇറങ്ങിയാല്‍ നോമ്പ്‌ മുറിയും. 
                             മുങ്ങികുളിച്ചതിനാലോ, വായില്‍ വെള്ളം കൊപ്ലിക്കുന്നതില്‍ അമിതംകാണിച്ചതിനാലോ, വായ മൂക്ക്‌ പോലുള്ള അവയവങ്ങളിലൂടെ വെള്ളം ഉള്ളിലേക്ക്‌ ഇറങ്ങിയാല്‍ നോമ്പ്‌ ബാത്വിലാണ്‌. വെള്ളത്തില്‍ മുങ്ങാതെ ആര്‍ത്തവ പ്രസവ രക്തങ്ങള്‍ പോലുള്ള വലിയ അശുദ്ധിയെ തൊട്ട്‌ കുളിക്കുന്ന സന്ദര്‍ഭത്തിലും നജസായ വായ കഴുകി വൃത്തിയാക്കുന്ന സമയത്തും ബോധപ്പൂര്‍വ്വമല്ലാതെ വെള്ളം ഉള്ളിലേക്ക്‌ കടന്നാല്‍ നോമ്പ്‌ മുറിയുകയില്ല. 
                         സംയോഗം കൊണ്ട്‌ നോമ്പ്‌ മുറിയുന്നതാണ്‌. ശുക്ല സ്‌ഖലനമുണ്ടായില്ലെങ്കിലും ഉറക്കത്തിലോ അവിചാരിതമായോ മറ്റോ ഇന്ദ്രിയ സ്‌ഖലനമുണ്ടായതുകൊണ്ട്‌ നോമ്പ്‌ മുറിയില്ല. മുഷ്‌ടിമൈഥുനം പോലെയുള്ളതുകൊണ്ടോ അല്ലാതെയോ സംയോഗമല്ലാത്ത രൂപത്തില്‍ ഇന്ദ്രിയം പുറപ്പെടുവിച്ചാല്‍ നോമ്പ്‌ ബാത്വിലാണ്‌. വികാരഭരിതനായി മറയോട്‌കൂടെ ഭാര്യയെ ചുംബിക്കുക, ആലിംഗനം ചെയ്യുക പോലെയുള്ള പ്രവര്‍ത്തികള്‍ കൊണ്ട്‌ ഇന്ദ്രിയസ്‌ഖലനം ഉദ്ദേശിച്ചുകൊണ്ടാണെങ്കില്‍ അവ നോമ്പ്‌ മുറിക്കുന്നതാണ്‌. ഇത്തരം ഉദ്ദേശമില്ലാതെ ഇവകള്‍ കാരണം മനിയ്യ്‌ പുറപ്പെട്ടാലും നോമ്പ്‌ മുറിയുകയില്ല. സംയോഗം കാരണം റമളാനിലെ നോമ്പ്‌ നഷ്‌ടപ്പെടുത്തിയവന്‍ നോമ്പ്‌ ഖളാവീട്ടുകയും, പ്രായശ്ചിത്തം കൊടുക്കുകയും ചെയ്യണം. ഒന്നുകില്‍ വിശ്വാസിയായ ഒരു അടിമസ്‌ത്രീയെ മോചിപ്പിക്കണം അതിന്‌ കഴിവില്ലാത്തവന്‍ രണ്ട്‌ മാസം തുടര്‍ച്ചയായി നോമ്പ്‌ നോല്‍ക്കണം അതിനും സാധിക്കാത്തപക്ഷം പാവപ്പെട്ടവരില്‍നിന്നും അറുപത്‌ ആളുകള്‍ക്ക്‌ ഒരോ മുദ്ദ്‌ വീതം അവന്റെ നാട്ടിലുള്ള നല്ല ഭക്ഷണം പ്രായശ്ചിത്തമാണെന്ന നിയ്യത്തോടെ കൊടുക്കേണ്ടതാണ്‌. 
                              സ്വഭാവിക ഛര്‍ദ്ദികൊണ്ട്‌ നോമ്പ്‌ മുറിയില്ലെങ്കിലും ഉണ്ടാക്കി ഛര്‍ദ്ദിക്കുമ്പോള്‍ നോമ്പ്‌ മുറിയുന്നതാണ്‌. ഇതുപോലുള്ള നോമ്പ്‌ മുറിക്കുന്ന കാര്യങ്ങള്‍ നോമ്പ്‌ മുറിക്കുന്നവയാണ്‌ എന്നറിവോടെ മനപ്പൂര്‍വ്വവും ബോധപ്പൂര്‍വ്വവും ആകുമ്പോഴെക്കെ നോമ്പ്‌ മുറിയുന്നതാണ്‌. അറിവില്ലായ്‌മ കൊണ്ടോ മറന്നോ നിര്‍ബന്ധിതനായോ ആണെങ്കില്‍ നോമ്പ്‌ ബാത്വിലാകുകയില്ല. അറിവില്ലായമ വിടുതിയായി ഗണിക്കപ്പെടണമെങ്കില്‍ അവന്‍ പുതുമുസ്‌ലിമോ പഠിക്കാന്‍ അവസരം ലഭിക്കാത്തവനോ ആയിരിക്കണം. ഇപ്രകാരമല്ലാത്ത വിവരക്കേടിന്‌ വിടുതി നല്‍കപ്പെടുകയില്ലന്നാണ്‌ പണ്ഡിത ഭാഷ്യം. 
ഇസ്‌ലാമില്‍ നിന്ന്‌ പുറത്ത്‌ പോകല്‍, ആര്‍ത്തവ പ്രസവ രക്തങ്ങള്‍ പുറപ്പെടല്‍, എന്നിവ റമളാന്റെ പകലില്‍ ഉണ്ടായാല്‍ നോമ്പ്‌ മുറിയുന്നതാണ്‌. മദ്യാപനം പോലെയുള്ള തന്റെ അതിക്രമം കൂടാതെയുള്ള ബോധക്ഷയം, ഭ്രാന്ത്‌ പോലുള്ളത്‌ പകലില്‍ ഉണ്ടായാല്‍ നോമ്പ്‌ മുറിയുകയില്ല. എന്നാല്‍ ഇത്‌ ഒരു സെക്കന്റ്‌ പോലും തെളിയാതെ പ്രഭാതം ഉദിച്ചത്‌ മുതല്‍ അസ്‌തമയം വരെ നീണ്ടുനിന്നാല്‍ നോമ്പ്‌ മുറിയുന്നതാണ്‌. ഒരു സെക്കന്റെങ്കിലും തെളിഞ്ഞിട്ടുണ്ടെങ്കില്‍ നോമ്പിന്‌ കുഴപ്പമില്ല. എന്നാല്‍ അതിക്രം മുഖേനെയുള്ള ബോധക്ഷയയും ഭ്രാന്തും പ്രശ്‌നമാണ്‌. ഇത്‌ ഒരു സെക്കന്റ്‌ നേരം മാത്രമാണ്‌ ഉണ്ടായതെങ്കിലും നോമ്പ്‌ മുറിയുന്നതും പിന്നീട്‌ ഖളാഅ്‌ വീട്ടല്‍ നിര്‍ബന്ധവുമാണ്‌. പകല്‍ മുഴുവന്‍ നീണ്ട്‌ നില്‍ക്കുന്ന ഉറക്ക്‌ കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല 
               നോമ്പ്‌ പരിപൂര്‍ണ്ണമാവാന്‍ നിരവധി സുന്നത്തുകളുണ്ട്‌.
സൂര്യന്‍ അസ്‌തമിച്ചു എന്നുറപ്പായ ഉടനെ നോമ്പ്‌ മുറിക്കുക.സമയമായാല്‍ വഴിയിലൂടെ നടന്നുപോകുന്നവനാണെങ്കില്‍ പോലും നോമ്പ്‌ മുറിക്കാന്‍ താമസിപ്പിക്കരുത്‌. നിസ്‌കാരത്തെക്കാള്‍ മുന്തിക്കലും സുന്നത്താണ്‌. നബി (സ) മഗ്‌രിബ്‌ നിസ്‌കരിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഈത്തപ്പഴം കൊണ്ടോ മറ്റോ നോമ്പ്‌ മുറിക്കാറുണ്ടായിരുന്നു. സമയമായി എന്നുറപ്പില്ലാതെ പരീക്ഷണം നടത്തി സമയമായി എന്ന്‌ വിചാരിച്ച്‌ ഇതില്‍ ഉളരിപ്പിക്കല്‍ കാണിക്കല്‍ സുന്നത്തില്ല. കൃത്യതയും സൂക്ഷ്‌മതയും പാലിക്കാതെ സമയമാകുന്നതിനുമുമ്പുള്ള പുത്തന്‍ പ്രസ്ഥാനക്കാരുടെ വാങ്കുവിളിയില്‍ ആരും വഞ്ചിതരാകാതെ സൂക്ഷിക്കുക. 
                   നോമ്പ്‌ മുറിക്കാന്‍ ഒരു ഈത്തപ്പഴം ഇല്ലെങ്കില്‍ കാരക്ക അതുമില്ലെങ്കില്‍ ഒരിറക്ക്‌ വെള്ളം എന്നിവ സുന്നത്താണ്‌. സുന്നത്തിന്റെ പരിപൂര്‍ണ്ണത ലഭിക്കുന്നതിനായി മൂന്ന്‌ ഈത്തപ്പഴങ്ങളോ കാരക്കകളോ മൂന്ന്‌ ഇറക്ക്‌ വെള്ളമോ കൊണ്ട്‌ നോമ്പ്‌ തുറക്കുക. സമയമാകുമ്പോള്‍ അടുത്തുള്ളത്‌ വെള്ളമാണെങ്കില്‍ ഈത്തപ്പഴമോ കാരക്കയോ പ്രതീക്ഷിച്ച്‌ നോമ്പ്‌ തുറ താമസിപ്പിക്കാന്‍ പാടില്ല. കാരണം നബി (സ) പറഞ്ഞു: എന്റെ ദാസന്മാരില്‍ എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ നോമ്പ്‌ തുറ ഉളരിപ്പിക്കുന്നവരാണ്‌.

                      നോമ്പ്‌ കാരന്റെ വായയുടെ വാസന കസ്‌തൂരിയേക്കാളും സുഗന്ധമുള്ളതാണ്‌ എന്ന തിരുവചനം മാനിച്ചുകൊണ്ട്‌ വെള്ളം കൊണ്ട്‌ നോമ്പ്‌ തുറക്കുന്നവന്‍ വായില്‍ എത്തുന്ന ആദ്യ ഇറക്ക്‌ വെള്ളം തുപ്പിക്കളയാതിരിക്കല്‍ മര്യാദയാണെന്ന്‌ പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 
അത്താഴം കഴിക്കല്‍ സുന്നത്താണ്‌. അത്താഴത്തിന്റെ പ്രത്യേകസമയം അര്‍ദ്ധരാത്രി മുതല്‍ക്കാണ്‌. അത്താഴം കഴിക്കുന്നുവെന്ന നിയ്യത്ത്‌ അനിവാര്യമാണ്‌. ``ഒരിറക്ക്‌ വെള്ളം കൊണ്ടെങ്കിലും അത്താഴം കഴിക്കൂ'' എന്ന തിരുവചനം ഇതിന്റെ പ്രാമുഖ്യം വ്യക്തമാക്കുന്നുണ്ട്‌. അത്താഴം പിന്തിക്കല്‍ സുന്നത്താണ്‌. അത്താഴം കഴിച്ച്‌ സുബ്‌ഹിയുടെ ഇടയില്‍ അമ്പത്‌ ആയത്ത്‌ ഓതാനുള്ള സയമുണ്ടായിരിക്കല്‍ സുന്നത്താണ്‌. സുബ്‌ഹിയുടെ സമയമായി എന്ന്‌ സംശയം വന്നാല്‍ അത്താഴം ഒഴിവാക്കണം. അത്താഴസമയം സുഗന്ധം പൂശല്‍ പ്രത്യേകം സുന്നത്താണ്‌ 
                     വലിയ അശുദ്ധിയോ മറ്റോ ഉള്ളവന്‌ സുബ്‌ഹിക്ക്‌ മുമ്പ്‌ കുളിക്കല്‍ സുന്നത്താണ്‌ രാത്രി കുളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വെള്ളം കടക്കാന്‍ സാധ്യതയുള്ള ചെവിപോലുള്ള അവയവങ്ങള്‍ സുബ്‌ഹിക്ക്‌ മുമ്പ്‌ കഴുകി വൃത്തിയാക്കല്‍ സുന്നത്തുണ്ട്‌.
                             നോമ്പുകാരനെ നോമ്പ്‌ തുറപ്പിക്കല്‍ സുന്നത്താണ്‌. ഒരു കഷ്‌ണം കാരക്കകൊണ്ടോ ഒരിറക്ക്‌ വെള്ളം കൊണ്ടോ ആണെങ്കിലും ഇത്‌ പുണ്യകരമാണ്‌. ഭക്ഷണം നല്‍കി സല്‍ക്കരിക്കലാണ്‌ ഏറ്റവും ഉചിതം കാരണം നബി (സ) പറഞ്ഞു: ഒരാള്‍ നോമ്പ്‌ തുറ സംഘടിപ്പിച്ചാല്‍ നോമ്പുകാരന്‌ ലഭിക്കുന്നതിന്‌ തുല്യമായത്‌ അവന്‌ ലഭിക്കുന്നതാണ്‌. നോമ്പുകാരന്റെ പ്രതിഫലത്തില്‍ നിന്ന്‌ ഒന്നും തന്നെ കുറയുകയില്ല. അവരോടൊപ്പം വീട്ടുകാരന്‍ ഇരുന്ന്‌ ഭക്ഷിക്കലും സുന്നത്താണ്‌. 
                   കളവ്‌, ഏഷണി പോലുള്ള നിഷിദ്ധകാര്യങ്ങള്‍ വരാതെ സൂക്ഷിക്കുക. ഇത്തരം അശ്ലീല വാക്കുകള്‍ കൊണ്ട്‌ നോമ്പിന്റെ പ്രതിഫലം നഷ്‌ടപ്പെട്ടുപോകുമെന്നാണ്‌ കര്‍മ്മശാസ്‌ത്ര വിദഗ്‌ധര്‍ വ്യക്തമാക്കുന്നത്‌. നബി (സ) പറഞ്ഞു: ``വല്ലവനും കള്ളവാക്കുകളും നികൃഷ്‌ട പ്രവര്‍ത്തികളും ഒഴിവാക്കിയില്ലെങ്കില്‍ അന്ന പാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന്‌ യാതൊരു ആവശ്യവുമില്ല'' (ബുഖാരി). ``ഒരു നോമ്പുകാരനെ മറ്റൊരാള്‍ ചീത്തവിളിച്ചാല്‍ ചീത്ത വിളിച്ചവനോട്‌ ഞാന്‍ നോമ്പുകാരനാണെന്ന്‌ പറയട്ടെ'' (ബുഖാരി)
                           സുഗന്ധദ്രവ്യങ്ങള്‍, ആകര്‍ഷണീയ വസ്‌തുക്കള്‍, ആനന്ദകരമായ കാഴ്‌ചകള്‍ എന്നിവയില്‍ നിന്ന്‌ അനുവദനീയ ദേഹേഛകളെ തൊട്ട്‌ സൂക്ഷിക്കല്‍ സുന്നത്താണ്‌. തലച്ചോറിലേക്ക്‌ എത്തുന്ന രൂപത്തിലുള്ള സുഗന്ധവസ്‌തു വാസനിക്കലും മേല്‍വിവരിച്ച വസ്‌ത്രങ്ങളിലേക്ക്‌ നോക്കലും സ്‌പര്‍ശിക്കലും കറാഹത്താണ്‌ (തുഹ്‌ഫ) നോമ്പുകാരന്‍ പകല്‍ സമയം സുറുമ ഇടല്‍ ഒഴിവാക്കലാണ്‌ ഉചിതം. ഇപ്രകാരം ഉച്ചയ്‌ക്ക്‌ ശേഷം അവന്‌ പല്ലുതേക്കല്‍ കറാഹത്താണ്‌. ഉറക്കം പോലുള്ളവ കൊണ്ട്‌ വായ പകര്‍ച്ചയായാല്‍ പല്ലുതേക്കാന്‍ പറ്റുമെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്‌. കൊമ്പുവെക്കല്‍, കൊത്തിവെക്കല്‍ എന്നിവ ഒഴിവാക്കല്‍ സുന്നത്താണ്‌. അനുവദനീയമായ ആഗ്രഹ അഭിലാഷങ്ങളും രാഗസംഗീത ശബ്‌ദങ്ങളും കാഴ്‌ചകളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഫര്‍ള്‌ നിസ്‌കാരം പോലും ഉപേക്ഷിച്ച്‌ ശ്രവണമധുരമുള്ള സംഗീത ആസ്വാധനത്തിലൂടെയും കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന്‌ ഇന്റര്‍നെറ്റില്‍ ചാറ്റിങ്ങിലൂടെയും വിലപ്പെട്ട അനുഗൃഹീത സമയങ്ങള്‍ വൃഥാ ചെലവഴിക്കുന്ന നമ്മുടെ മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുക.
                   ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുക. ഖുര്‍ആന്‍ പരമാവധി പാരായണം ചെയ്യുക. ഇഅ്‌തികാഫ്‌ വര്‍ദ്ധിപ്പിക്കുക. പ്രത്യേകിച്ചും റമളാനിലെ അവസാനത്തെ പത്തിനെ ഇത്തരം സുകൃതങ്ങള്‍ കൊണ്ട്‌ ധന്യമാക്കുക. നബി (സ) കൂടുതല്‍ ധര്‍മ്മം ചെയ്‌തത്‌ റമളാനിലായിരുന്നുവെന്നും വിശ്വാസിയുടെ സ്വീകാര്യമായ ഇഅ്‌തികാഫ്‌ മുന്‍കഴിഞ്ഞ സര്‍വ്വപാപങ്ങളെ പൊറുപ്പിക്കുന്നതാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്‌.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...