നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 7 July 2015

അഗ്നിസുതന്‍ ഈദ്‌ഗാഹ്‌-ല്‍

അഗ്നിസുതന്‍ ഈദ്‌ഗാഹ്‌-ല്‍

            പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്‌. വാങ്ക്‌വിളി കേള്‍ക്കുവാന്‍ കഴിയുന്ന ദൂരത്താണ്‌ താമസമെങ്കില്‍ പള്ളിയില്‍ പോയേ തീരൂ. നിസ്‌കാരം പള്ളിയില്‍ ആക്കിയേ തീരൂ. ശരീരം അനുവദിക്കുന്ന കാലത്തോളം പള്ളിയില്‍ പോവുകയും ജമാഅത്തായി നിസ്‌കരിക്കുകയും വേണം. അക്കാര്യത്തില്‍ ഒഴിവുകള്‍ ഇല്ല. 
          തനിയെ നിസ്‌കരിച്ചാലും അത്‌ പള്ളിയില്‍ ആകണം; ആക്കണം. നിസ്‌കാരമാണ്‌ പള്ളിയുടെ ഏറ്റവും വലിയ അലങ്കാരം. നിസ്‌കാരപ്രായം ആയ നാള്‍ തൊട്ടേ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിത്‌.

          പക്ഷേ എല്ലാവരും പള്ളിയില്‍ പോകുന്നതും കൂടുന്നതും നിസ്‌കരിക്കുന്നതുമായ ദിവസങ്ങള്‍ എത്രയുണ്ട്‌?. എല്ലാവരും പള്ളിയില്‍ പോകുന്നുണ്ട്‌ എന്ന്‌ പറയുവാന്‍ വേണമെങ്കില്‍ രണ്ട്‌ ദിവസങ്ങള്‍ കാണും; പെരുന്നാളിന്റെ രണ്ടേ രണ്ട്‌ ദിവസങ്ങള്‍! 
ഒക്കുമ്പോള്‍ പോകുന്നവരും. ഒത്താലും പോകാത്തവരും ഒരിയ്‌ക്കലും പോകാത്തവരും പെരുന്നാളിന്‌ പള്ളിയില്‍ പോകാതിരിക്കില്ല.
റമളാന്‍ 27 ഉം, റമളാന്റെ അവസാനത്തെ വെള്ളിയാഴ്‌ചയും കഴിഞ്ഞാല്‍ പള്ളി അഭൂതപൂര്‍വ്വമായി നിറഞ്ഞ്‌ കവിയുന്നത്‌ പെരുന്നാള്‍ ദിവസങ്ങളിലാണ്‌ എന്നുള്ളത്‌ എല്ലാവര്‍ക്കും കാണാവുന്ന വസ്‌തുതയാണ്‌.
മറ്റ്‌ ജമാഅത്ത്‌ നിസ്‌കാരങ്ങളില്‍ നിന്നെല്ലാം വേറിട്ട ഒരു ജമാഅത്ത്‌ നിസ്‌കാരമാണ്‌ പെരുന്നാള്‍ നിസ്‌കാരം. പെരുന്നാള്‍ നിസ്‌കാരത്തിന്റെ സമയമൊരപൂര്‍വ്വ സമയമാണ്‌. അധികരിച്ച തക്‌ബീര്‍, നിസ്‌കാരാനന്തര ഖുതുബ, ഖുതുബയിലും തക്‌ബീര്‍; പെരുന്നാള്‍ നിസ്‌കാരം തികച്ചും വേറിട്ട ഒരു നിസ്‌കാരമാണ്‌; അപൂര്‍വ്വമാം ഒരനുഭവമാണ്‌. അത്യതിരേകമാം ഒരാഹ്ലാദമാണ്‌; ആഘോഷം ആണ്‌, ദൈവീകാഘോഷം. ആഘോഷം ആരാധനയും ആരാധന ആഘോഷവും ആക്കപ്പെട്ടതിന്റെ അനന്യചാരുതയും പെരുന്നാള്‍ നിസ്‌കാരം ഉള്‍ക്കൊള്ളുന്നു. 
             മഹത്തായ പെരുന്നാള്‍ നിസ്‌കാരത്തിന്‌ പള്ളിയില്‍ പോകാന്‍ ആരുടേയും മനം തുള്ളും. ആഴിയുടെ അങ്ങേക്കരയിലാണ്‌ വാസം, ഇങ്ങേക്കരയിലാണ്‌ പള്ളി എന്ന്‌ വന്നാലും ആളുകള്‍ പള്ളിയിലേയ്‌ക്ക്‌ അലയടിച്ചെത്തും.
വഖ്‌തിന്‌ പോകാത്തവരും, വെള്ളിയാഴ്‌ച പോകാത്തവരും പെരുന്നാളിന്‌ പള്ളിയിലേക്കൊഴുകും.
          അപ്പോളതാ വഴിവക്കില്‍ ചുവര്‍പറ്റി അഗ്നിപുത്രന്‍ (ഇബ്‌ലീസ്‌) വക മയക്കുവടി! ``ഈദ്‌ഗാഹ്‌''!!- ഈദ്‌ഗാഹിന്‌ ഒരു എഴുതാപ്പുറം ഉണ്ട്‌. അതെന്താണെന്നോ?- പളളിയില്‍ പോകണ്ട!!- പള്ളി കാലിയാക്കി മൈതാനത്തേയ്‌ക്ക്‌ വരിക!
ഈദ്‌ഗാഹ്‌ എന്ന ചുവരെഴുത്തിലൂടെയും പോസ്റ്ററിലൂടെയും മൈതാനപ്പെരുന്നാളിന്‌ ആളുകളെ വിളിയ്‌ക്കുകയാണ്‌ അഗ്നിസുതന്‍.
പള്ളി, നിസ്‌കാരക്കാരെക്കൊണ്ട്‌ ഏറ്റമേറ്റം അലംകൃതമാകുന്നത്‌ പെരുന്നാള്‍ ദിവസമാണല്ലോ. അഗ്നിസുതന്‌ ഹാലിളക്കുക തന്നെ ചെയ്യും. ഹജ്ജിന്റെ വഴിയില്‍ കുത്തിയിരുന്ന്‌ അല്ലാഹുവിന്റെ അതിഥികളെ വഴിതെറ്റിയ്‌ക്കുന്നവന്‍ പെരുന്നാളിന്റെ വഴിയില്‍ ചുവരില്‍ പറ്റിയിരുന്ന്‌ അവന്റെ അടിമകളെ പറ്റിയ്‌ക്കുന്നു. അല്ലാഹുവിന്‌ മാത്രം കാണുവാന്‍ കഴിയും വിധം പള്ളിയില്‍ പെരുന്നാള്‍ നിസ്‌കരിക്കുന്നത്‌ അഗ്നിസുതന്‌ സഹിക്കാന്‍ കഴിയുന്നില്ല. ലോകമാന്യതയ്‌ക്ക്‌ വേണ്ടി നാട്ടുകാരെ കാണിച്ച്‌ മൈതാനത്ത്‌ പെരുന്നാള്‍ നിസ്‌കരിപ്പിച്ചു ഇബാദത്ത്‌ പൊളിയുവാനുള്ള യജ്ഞത്തിലാണ്‌ ലഅ്‌നത്താക്കപ്പെട്ടവന്‍.
``
ഈദ്‌ഗാഹ്‌'' തനി പബ്ലിസിറ്റിയാണ്‌. ഇബാദത്തിനും പബ്ലിസിറ്റി!!. പബ്ലിസിറ്റി കൊടുക്കുവാന്‍ ഇഫ്‌താര്‍ പാര്‍ട്ടിയല്ലല്ലോ ഈദ്‌ നിസ്‌കാരം.
പള്ളിയെ സ്‌നേഹിക്കുന്നവരും ഇബാദത്തിന്‌ ഇഖ്‌ലാസ്‌ വേണമെന്ന്‌ ദൃഢനിശ്ചയം ചെയ്‌തവരും ഈദ്‌ നിസ്‌കാരത്തിന്‌ പള്ളിയിലേ പോവുകയുള്ളൂ. ഇഖ്‌ലാസുള്ളവര്‍ തങ്ങളുടെ ഇബാദത്തിന്‌ ചുവരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചും മറ്റും പബ്ലിസിറ്റി നല്‍കുകയില്ല. 
             പള്ളിയ്‌ക്ക്‌ ഇസ്‌ലാമിക ജീവിതത്തിലുള്ള പരമോന്നതസ്ഥാനം ഒരു വേളയിലും നഷ്‌ടമാകരുത്‌. ആ സ്ഥാനത്തിന്‌ ഒരിക്കലും ഒരു ഇളക്കം തട്ടരുത്‌. 
ഈദ്‌ഗാഹ്‌ പള്ളിയ്‌ക്ക്‌ ഇസ്‌ലാമിക ജീവിതത്തിലുള്ള അനിഷേധ്യസ്ഥാനം രണ്ട്‌ മോഹനസുന്ദര വേളകളില്‍, രണ്ട്‌ പൂപ്പുണ്യം പുളകനാളുകളില്‍ അറിഞ്ഞുകൊണ്ട്‌ നിഷേധിക്കുന്നു. പള്ളിയോട്‌ ചതുര്‍ത്ഥി തോന്നാനും മൈതാനത്തോട്‌ പഥ്യം പ്രകടിപ്പിയ്‌ക്കാനും മൈതാനം `അറഫയൊന്നുമല്ലല്ലോ.
അറഫയിലും പെരുന്നാള്‍ നിസ്‌കാരം ഇല്ല. പെരുന്നാള്‍ നിസ്‌കാരം അവിടെയും പള്ളിയിലാണ്‌. പിന്നെയാണോ ഇവിടെ ഈ ചന്തമൈതാനങ്ങളില്‍?
പള്ളിയില്‍ നിസ്‌കരിച്ചാല്‍ നിസ്‌കരിച്ച കൂലി മാത്രമല്ല, കൂടാതെയും കൂലിവാങ്ങാം. പള്ളിയിലേക്ക്‌ നടന്നാല്‍ കൂലിയുണ്ട്‌- നടപ്പ്‌കൂലി കയറിയാല്‍ കൂലിയുണ്ട്‌- കയറ്റ്‌കൂലി. ഇരുന്നാല്‍ കൂലിയുണ്ട്‌- ഇരുത്തുകൂലി.
കയറുമ്പോള്‍ ``അല്ലാഹുമ്മ ഫ്‌തഹ്‌ലീ അബുവാബറഹ്‌മത്തിക്ക'' പറയാം; കയറ്റുകൂലി കൈയ്യില്‍ വരും.
             ഇരിയ്‌ക്കുമ്പോള്‍ ഇഅ്‌തിക്കാഫിന്റെ നിയ്യത്ത്‌ വയ്‌ക്കാം- ``നവൈത്തു സുന്നത്തല്‍ ഇഅ്‌തികാഫി ഫീ ഹാദല്‍ മസ്‌ജിദി ലില്ലാഹി തആല'' ഇരുത്തുകൂലി കൈവരും ഇറങ്ങുമ്പോള്‍ ``അല്ലാഹുമ്മ ഇന്നീ അസ്‌അലുക്ക മിന്‍ ഫള്‌ലിക്ക'' പറയാം ഇറക്ക്‌കൂലി കൈപ്പറ്റാം. ഇറങ്ങും മുമ്പ്‌ യാദൃശ്ചയാ ഒന്നുറങ്ങിപ്പോയോ? ഉറപ്പിക്കാം ഉറക്ക്‌കൂലി പോലും.
പള്ളിയില്‍ കൂലികളിങ്ങനെ പലതാ. ഈദ്‌ഗാഹില്‍ കിട്ടകില്ലിത്രയും കൂലികള്‍. അതുകൊണ്ട്‌ ``നിറയ്‌ക്കണം നാം പള്ളികള്‍ ഈദിന്റെ നാള്‌ രണ്ടിലെങ്കിലും; വിട്ടൊഴിയണം ചന്തമൈതാനങ്ങള്‍ അന്ന്‌ കഴിവതും''. 
              പള്ളികള്‍ നാം അങ്ങേയറ്റം അലങ്കരിയ്‌ക്കണം. എന്നാളും എന്ന്‌ വച്ചാല്‍ ചെറുനാളിലും പെരുന്നാളിലും ഒരു പോലെ.
അന്ന്‌ ആദം നബി (അ) യെ ഒരു പഴം കാട്ടി പ്രലോഭിപ്പിച്ച്‌ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ പുറത്ത്‌ ചാടിച്ച ഇബ്‌ലീസ്‌ (ല.അ) ഇന്ന്‌ ഈദ്‌ഗാഹ്‌ എന്ന്‌ പേര്‌ പതിച്ച മൈതാനം കാട്ടി അല്ലാഹുവിന്റെ ഭവനങ്ങളില്‍ നിന്ന്‌ അവിടത്തെ മക്കള്‍ പരമ്പരയെ പുറത്ത്‌ ചാടിയ്‌ക്കുന്നു. 
   ബിവേര്‍ ഓഫ്‌ ദിസ്‌ ഈ വിള്‍ ഫയര്‍മാന്‍
സൂക്ഷിക്കുക അഗ്നിജാതനിവനെ; ദുഷ്‌ടനെ!!! 

                                                                                                                                  പി. മുഹമ്മദ്‌ ബഷീര്‍, വണ്ണപ്പുറം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...