നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 9 October 2015

അഹ്‌ലുബൈത്ത്‌ പ്രത്യേകതയും പരമ്പരയും

അഹ്‌ലുബൈത്ത്‌
 പ്രത്യേകതയും പരമ്പരയും


     അല്ലാഹു തആല പറഞ്ഞു: ``നബികുടുംബമേ നിങ്ങളില്‍ നിന്ന്‌ എല്ലാ മാലിന്യങ്ങളും മോശത്തരങ്ങളും നീക്കിക്കളയുവാനും, നിങ്ങളെ നല്ലവണ്ണം ശുദ്ധീകരിക്കുവാനുമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌'' (സൂറ: അല്‍ അഹ്‌സാബ്‌-33)
നബികുടുംബത്തിന്റെ മഹത്വം
     സൃഷ്‌ടികള്‍ എല്ലാവരും ഒരുപോലെയല്ല ആകൃതിയിലും പ്രകൃതിയിലും സ്ഥാനമാനങ്ങളിലുമെല്ലാം അവര്‍ക്കിടയില്‍ വ്യത്യാസങ്ങളും വൈവിധ്യങ്ങളുമുണ്ട്‌. ജീവിവര്‍ഗ്ഗത്തില്‍ ഏറ്റവും ഉല്‍ക്കൃഷ്‌ടരാണ്‌ മനുഷ്യര്‍. എന്നാല്‍ മനുഷ്യരെല്ലാം ഒരു പോലെയല്ല. വിവിധ വര്‍ഗ്ഗക്കാരും വര്‍ണ്ണക്കാരും വിവിധഭാഷക്കാരും ദേശക്കാരും ഉയരം കൂടിയവരും കുറഞ്ഞവരും സൗന്ദര്യമുള്ളവരും വിരൂപികളും   സ്ഥാനമാനങ്ങള്‍ കൂടിയവരും കുറഞ്ഞവരും തുടങ്ങി ധാരാളം വിഭിന്നതകളും വൈവിധ്യങ്ങളും അവര്‍ക്കിടയിലുണ്ട്‌. കല്ലുകള്‍, മരങ്ങള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയിലെല്ലാം ഈ വ്യത്യാസങ്ങള്‍ കാണാം. മാണിക്യക്കല്ലും, ചരല്‍ക്കല്ലും ഒരുപോലെയാണെന്നാരെങ്കിലും പറയുമോ? 
   ``
എല്ലാ മനുഷ്യരും ആദമിന്റെ(അ) മക്കളാണ്‌. ആദം(അ) മണ്ണില്‍ നിന്നുമാണ്‌. അറബിക്ക്‌ അനറബിയേക്കാള്‍ സ്ഥാനമില്ല'' എന്നിങ്ങനെ ചില ഹദീസുകളുണ്ട്‌. ഇത്തരം ഹദീസുകളുടെ തുണ്ടുകള്‍ മാത്രം വായിച്ച്‌ മനുഷ്യരെല്ലാവരും ഒരുപോലെയാണെന്ന്‌ വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഹദീസിന്റെ ആശയം മനസ്സിലാക്കാത്തവരാണ്‌. ആദംനബി(അ) മണ്ണില്‍ നിന്നാണെങ്കിലും മണ്ണുകളെല്ലാം ഒരു പോലെയാണോ? ഹറമിലെ മണ്ണും നമ്മുടെ നാട്ടിലെ മണ്ണും ഒരേ സ്ഥാനമുള്ളതാണോ? കേരളത്തിലെ മണ്ണും കശ്‌മീരിലെ മണ്ണും ഫലപുഷ്‌ടിയില്‍ തുല്യമാണോ? എല്ലാത്തരം മണ്ണുകളും ചേര്‍ത്താണ്‌ ആദം നബി(അ)യെ സൃഷ്‌ടിച്ചതെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്‌. ഹദീസുകളില്‍ അത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മണ്ണുകളിലെ ഈ വൈവിധ്യം ആദം നബിയുടെ മക്കളിലുമുണ്ട്‌. അതുപോലെ അറബിക്ക്‌ അനറബിയേക്കാള്‍ സ്ഥാനമില്ലെന്ന ഹദീസിലും `തഖ്‌വ' യുള്ളപ്പോള്‍ മഹത്വമുണ്ടെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ശിര്‍ക്കില്‍ നിന്നും കുഫ്‌റില്‍ നിന്നും മോചിതരാവുകയും തഖ്‌വ സ്വായത്തമാക്കുകയും ചെയ്‌തില്ലെങ്കില്‍ അറബിയും അനറബിയുമെല്ലാം ഒരു പോലെയാണെന്നാണ്‌ പ്രസ്‌തുത ഹദീസിലെ അദ്ധ്യാപനം. സത്യവിശ്വാസികളല്ലെങ്കില്‍ പരലോകത്ത്‌ ആര്‍ക്കും മഹത്വമില്ലെന്ന പ്രഖ്യാപനമാണ്‌ ഉദ്ദൃത ഹദീസിലെ പ്രമേയം. അല്ലാതെ അറബികളും അനറബികളുമെല്ലാം സ്വഭാവഗുണങ്ങളിലും പെരുമാറ്റങ്ങളിലും സംസ്‌കാരങ്ങളിലുമെല്ലാം ഒരുപോലെയാണെന്നല്ല. 
         ആദം നബി (അ) മുതല്‍ ഏറ്റവും മുന്തിയ തലമുറകളിലൂടെയാണ്‌ നബി(സ്വ) തങ്ങളുടെ പിതൃപരമ്പര നീങ്ങിക്കൊണ്ടിരുന്നത്‌. അബൂ ഹുറൈറ(റ)യില്‍ നിന്ന്‌ നിവേദനം: ``നബി (സ്വ) പറഞ്ഞു: ``ആദം സന്തതികളില്‍ ഓരോ തലമുറയില്‍ നിന്നും ഏറ്റവും മുന്തിയ തലമുറയേതാണോ അതിലൂടെയാണ്‌ എന്നെ നിയോഗിക്കപ്പെട്ടത്‌. ഞാന്‍ ബാഹ്യലോകത്തേക്ക്‌ വെളിപ്പെടുത്തപ്പെട്ട തലമുറ വരേയും ഇതാണവസ്ഥ''(ബുഖാരി).
     മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം : ``നബി(സ)പറഞ്ഞു: ``അല്ലാഹു ഇബ്‌റാഹീം നബി(അ)യുടെ സന്തതികളില്‍ നിന്ന്‌ ബനൂ ഇസ്‌മാഈലിനെ പ്രത്യേകം തെരെഞ്ഞെടുത്തു. ഇസ്‌മാഈലിന്റെ (അ) സന്താന പരമ്പരയില്‍ നിന്ന്‌ കിനാനത്തിന്റെ മക്കളെ പ്രത്യേകം തിരഞ്ഞെടുത്തു. കിനാനത്തിന്റെ മക്കളില്‍ നിന്ന്‌ ഖുറൈശികളെയും ഖുറൈശികളില്‍ നിന്ന്‌ ബനൂഹാശിമിനെയും അല്ലാഹു തിരഞ്ഞെടുത്തു. ബനൂ ഹാശിമില്‍ നിന്ന്‌ എന്നെ പ്രത്യേകമായും തിരഞ്ഞെടുത്തു'' (സ്വഹീഹ്‌ മുസ്‌ലിം).
     മുത്തലിബ്‌ ബ്‌നു അബീ വദാഅ(റ)യില്‍ നിന്നും നിവേദനം : അദ്ദേഹം പറഞ്ഞു: ``ജനങ്ങള്‍ നബികുടുംബത്തെ പറ്റി അനിഷ്‌ടകരമായതെന്തോ പറയുന്നത്‌ കേട്ടപ്പോള്‍ അബ്ബാസ്‌(റ) നബി(സ്വ) യോട്‌ സങ്കടം പറഞ്ഞു. അപ്പോള്‍ നബി(സ്വ) മിമ്പറില്‍ കയറി നിന്ന്‌ പ്രസംഗിച്ചു. പ്രസംഗത്തില്‍ അവിടുന്ന്‌ ചോദിച്ചു; ``ഞാനാരാണ്‌? ജനങ്ങള്‍ പറഞ്ഞു: ``അങ്ങ്‌ അല്ലാഹുവിന്റെ തിരുദൂതര്‍''. നബി(സ്വ) പറഞ്ഞു: ``ഞാന്‍ അബ്‌ദുല്‍മുത്തലിബിന്റെ പുത്രന്‍ അബ്‌ദുല്ലയുടെ പുത്രന്‍ മുഹമ്മദാണ്‌''. അല്ലാഹു സൃഷ്‌ടികളെ പടച്ചു. അവന്റെ ഏറ്റവും മുന്തിയ സൃഷ്‌ടിയില്‍ എന്നെയാക്കി. അവരെ രണ്ട്‌ വിഭാഗമാക്കിയപ്പോള്‍ അവരില്‍ മുന്തിയ വിഭാഗത്തില്‍ എന്നെയാക്കി. അല്ലാഹു ഗോത്രങ്ങളെ പടച്ചപ്പോള്‍ ഏറ്റവും മുന്തിയ ഗോത്രത്തില്‍ എന്നെയാക്കി. പിന്നീട്‌ ഗോത്രങ്ങളെ `ബൈത്താക്കിയപ്പോള്‍' (കുടുംബങ്ങള്‍) അവരില്‍ ഏറ്റവും മുന്തിയ കുടുംബത്തില്‍ എന്നെയാക്കി. നിങ്ങളില്‍ വെച്ച്‌ കുടുംബത്താല്‍ ഏറ്റവും മുന്തിയവനും ശരീരത്താല്‍ ഏറ്റവും മുന്തിയ വ്യക്തിയുമാണ്‌ ഞാന്‍'' (അഹ്‌മദ്‌).
മനുഷ്യരില്‍ നിന്നും അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്ത ഗോത്രങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നും കുടുംബത്തില്‍ നിന്നുമാണ്‌ അല്ലാഹു നബി(സ്വ)യെ തിരഞ്ഞെടുത്തതെന്നും അനേകം നൂറ്റാണ്ടുകളിലായി നിരവധി തലമുറകളിലൂടെ തികഞ്ഞ മുന്നൊരുക്കങ്ങളിലൂടെ ആസൂത്രിതമായി സംവിധാനിക്കപ്പെട്ട അല്ലാഹുവിന്റെ നടപടികളായിരുന്നു ഇതെല്ലാമെന്ന്‌ ഉദ്ദൃത ഹദീസുകളില്‍ നിന്ന്‌ വ്യക്തമായി മനസ്സിലാക്കാം. തിരുനബി(സ്വ)യുടെ പരമ്പരാഗതമായ എല്ലാ ഗുണഗണങ്ങളും ഈ വിശിഷ്‌ട പരമ്പരകളിലൂടെയാണ്‌ വന്നെത്തിയത്‌. അല്ലാഹു തിരഞ്ഞെടുത്ത അറബി വംശത്തിന്റെ പാരമ്പര്യ മഹത്വങ്ങളോടൊപ്പം അനറബികളിലെ അത്യുത്തമരായ ഇബ്‌റാഹിം നബി(അ)യുടെ പാരമ്പര്യമഹത്വവും കൂടി സമന്വയിപ്പിച്ച്‌ കൊണ്ട്‌ അറബികളുടെയും അനറബികളുടെയും നേതാവായി തിരുനബി(സ്വ) നിയോഗിക്കാനുള്ള ആസൂത്രണമായിരുന്നു ഇതെല്ലാം. 
    ``
പൊങ്ങച്ചം പറയുകയല്ല, ഞാന്‍ അറബികളുടെയും അനറബികളുടെയും നേതാവാണ്‌'' എന്ന്‌ തിരുനബി(സ്വ) തന്നെ പ്രസ്‌താവിച്ചിട്ടുണ്ടല്ലോ? നബി(സ്വ) തങ്ങളുടെ തിരുശരീരത്തിന്‌ പരമ്പരാഗതമായ ഗുണഗണങ്ങള്‍ ലഭിക്കുവാനായി അല്ലാഹു തിരഞ്ഞെടുത്ത ഗോത്രങ്ങള്‍ക്കും വംശങ്ങള്‍ക്കും മേന്മയും മഹത്വവുമുണ്ടാകുമെന്ന്‌ വ്യക്തമാണല്ലോ? അതുപോലെ നബി(സ്വ) തങ്ങളുടെ ഏറ്റവുമടുത്ത കുടുംബക്കാര്‍ക്കും ഈ മഹത്വും പാരമ്പര്യ ഗുണങ്ങളുമെല്ലാം കൂടുതലുണ്ടാകുമെന്നും മനസ്സിലാക്കാം. 
    ചുരുക്കത്തില്‍ മേല്‍പ്പറഞ്ഞ വൈശിഷ്‌ട്യങ്ങളും മഹത്വങ്ങളും അഹ്‌ലുബൈത്തിന്‌ പ്രത്യേകമായും മൊത്തമായും നബി(സ്വ)യുടെ സന്താന പരമ്പരകള്‍ക്ക്‌ പ്രത്യേകമായും ഉണ്ടായിരിക്കുമെന്നത്‌ ഒരു അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്‌. മാതാപിതാക്കളുടെ ബീജാണ്‌ഡങ്ങളില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട ക്രോമസോമുകള്‍ വഹിക്കുന്ന ജീനുകള്‍ വഴി പാരമ്പര്യഗുണങ്ങള്‍ സന്താന തലമുറകള്‍ക്ക്‌ ലഭ്യമാകുമെന്നത്‌ ജനിതക ശാസ്‌ത്രത്തിന്റെ പിന്‍ബലത്തില്‍ ഇന്ന്‌ തെളിയിക്കപ്പെട്ട വസ്‌തുതയാണ്‌. വിശുദ്ധ ഖുര്‍ആനും അത്‌ വ്യക്തമാക്കി. ``നബി കുടുംബമേ! നിങ്ങളില്‍ നിന്ന്‌ എല്ലാ മാലിന്യങ്ങളും മോശത്തരങ്ങളും നീക്കിക്കളയുവാനും നിങ്ങളെ നല്ലവണ്ണം ശുദ്ധീകരിക്കാനുമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌'' (സൂറ. അല്‍ അഹ്‌സാബ്‌ 33).
അഹ്‌ലുബൈത്തിന്റെ ഈ മഹത്വം അംഗീകരിക്കല്‍ എല്ലാ സത്യവിശ്വാസികളുടെയും ബാധ്യതയാണ്‌. അതിനെ ചോദ്യം ചെയ്യാന്‍ നാം അര്‍ഹരല്ല. ഇത്‌ പോലെ തന്നെ അഹ്‌ലുബൈത്തില്‍ ജനിക്കുകയെന്നതും ജന്മനാ ലഭിക്കുന്ന സൃഷ്‌ടിപരമായ ഒരു മഹത്വമാണ്‌. നമുക്ക്‌ നമ്മുടെ മക്കളോടും കുടുംബത്തോടും സ്‌നേഹമുള്ളത്‌ പോലെ നബി (സ്വ) തങ്ങള്‍ക്കും സ്വകുടുംബത്തോടും സന്താനങ്ങളോടും സ്‌നേഹമുണ്ടാകും. കുടുംബസ്‌നേഹവും സന്താനങ്ങളോടുള്ള വാത്സല്യവും മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായതാണ്‌. ഈ യാഥാര്‍ത്ഥ്യത്തെ നിരാകരിക്കാവതല്ല. സ്വകുടുംബത്തെ സ്‌നേഹിക്കുവാനും കുടുംബ ബന്ധം ചേര്‍ക്കുവാനും അല്ലാഹു കല്‍പിച്ചതും കുടുംബബന്ധം മുറിക്കുന്നത്‌ കടുത്ത പാപമായി അല്ലാഹുവും റസൂലും പഠിപ്പിച്ചതുമാണ്‌. ഈ നിലക്ക്‌ നബി (സ്വ)യുടെ സ്‌നേഹത്തിനും കാരുണ്യത്തിനും കൂടുതല്‍ അര്‍ഹരായ നബികുടുംബം ഇതര കുടുംബങ്ങളേക്കാള്‍ മഹത്വമുള്ളവരാണെന്നത്‌ ഒരു പരമാര്‍ത്ഥമാണ്‌. 
അഹ്‌ലുബൈത്തിന്‌ യാതൊരു പ്രത്യേകയുമില്ലെന്ന്‌ വാദിക്കുന്ന മോഡേണിസ്റ്റ്‌ പുത്തന്‍വാദികള്‍ നിസ്‌കാരത്തിലും മറ്റും നബിയുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുമ്പോള്‍ `വ അലാ ആലി മഹമ്മദിന്‍'(നബികുടുംബത്തിനും ഗുണം ചെയ്യേണമേ) എന്ന്‌ ചൊല്ലുന്നതിന്റെ പ്രസക്തിയെന്ത്‌?! ആരെയുദ്ദേശിച്ച്‌ എന്തിനാണവര്‍ അത്‌ ചൊല്ലുന്നത്‌?!
     നബി (സ്വ) യുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലാന്‍ അല്ലാഹു ഖുര്‍ആനില്‍ വ്യക്തമായി കല്‍പിച്ചതാണ്‌. എങ്ങനെയാണ്‌ ഞങ്ങള്‍ അങ്ങയുടെ മേല്‍ സ്വലാത്ത്‌ ചൊല്ലേണ്ടതെന്ന്‌ സ്വഹാബികള്‍ ചോദിച്ചപ്പോള്‍ ``അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വലാ ആലി മുഹമ്മദിന്‍'' എന്ന്‌ ചൊല്ലാനാണ്‌ നബി (സ്വ) വിശദീകരിച്ചത്‌. അല്ലാഹുവിന്റെ ഹബീബായ നബിക്ക്‌ സവിശേഷമായ റഹ്‌മത്ത്‌ ചൊരിയാനായി കോടാനുകോടി വിശ്വാസികള്‍ നിരന്തരം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചത്‌, നബി(സ്വ)ക്ക്‌ റഹ്‌മത്ത്‌ ചെയ്യാന്‍ അല്ലാഹു ഉദ്ദേശിച്ചത്‌ കൊണ്ടാണല്ലോ? അപ്പോഴെല്ലാം നബികുടുംബത്തിനും ഇതേ റഹ്‌മത്ത്‌ ചൊരിയാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന്‌ നബി(സ്വ) നിര്‍ദ്ദേശിച്ചത്‌ അവിടുത്തെ സ്വാര്‍ത്ഥ താല്‍പര്യം കൊണ്ടാണെന്ന്‌ പറയാന്‍ നവോത്ഥാന നായകരെന്ന്‌ അവകാശപ്പെടുന്ന പുത്തന്‍വാദികള്‍ക്ക്‌ ധൈര്യമുണ്ടോ? 
``
സ്വയേച്ഛ പ്രകാരം ഒന്നും സംസാരിക്കാത്ത നബി(സ്വ) അല്ലാഹുവിന്റെ ദിവ്യസന്ദേശം മുഖേനെയാണ്‌ അങ്ങനെ നിര്‍ദ്ദേശിച്ചതെന്നത്‌ വളരെ വ്യക്തമാണല്ലോ. നബികുടുംബത്തിനും തങ്ങന്മാര്‍ക്കും ജന്മസിദ്ധമായുള്ള മഹത്വത്തിന്‌ പുറമെ കോടാനുകോടി വിശ്വാസികളുടെ പ്രാര്‍ത്ഥന മൂലവും അല്ലാഹു അനുഗ്രഹങ്ങളും കാരുണ്യവും നല്‍കുമെന്ന്‌ വരുമ്പോള്‍ അഹ്‌ലുബൈത്തിന്റെ ശ്രേഷ്‌ഠതയും മഹത്വവും എത്രയോ ഉത്‌ക്കൃഷ്‌ടമാകുന്നു. ആകയാല്‍ മഹത്തുക്കളായ ഈ സാദാത്തുക്കളെ സ്‌നേഹിക്കലും ആദരിക്കലും ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാകുന്നു. ``അഹ്‌ലുബൈത്തിനെ വെറുക്കുന്നവന്‍ മുനാഫിഖാണെന്ന്‌'' ഇമാം അഹ്‌മദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഹദീസില്‍ കാണാം.
(
നബികുടുംബമേ, നിങ്ങളെ സ്‌നേഹിക്കല്‍ ഖുര്‍ആന്‍ മുഖേന അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മേല്‍ സ്വലാത്ത്‌ ചൊല്ലാതെ ഒരു നിസ്‌കാരവും ശരിയാവില്ലെന്നത്‌ തന്നെ നിങ്ങളുടെ മഹത്വത്തിന്‌ മതിയായ തെളിവാണ്‌)- എന്ന ഇമാം ശാഫിഈ (റ) യുടെ ഈരടികളില്‍ മേല്‍വസ്‌തുതയാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇമാമവര്‍കള്‍ വീണ്ടും തന്റെ കവിതകളില്‍ രേഖപ്പെടുത്തി. 
  (
നബി കുടുംബത്തോടുള്ള സ്‌നേഹം മൂലം ഒരു റാഫിളി (വിശ്വാസം പിഴച്ച ഒരു വിഭാഗം) യാകുമെന്നാണെങ്കില്‍ ഞാന്‍ ഒരു റാഫിളിയാണെന്ന്‌ മനുഷ്യ ജിന്ന്‌ വര്‍ഗ്ഗങ്ങള്‍ മുഴുവന്‍ സാക്ഷിയായിക്കൊള്ളട്ടെ).
   നബികുടുംബത്തിന്റെ മഹത്വവും അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുന്നതിന്റെ പ്രാധാന്യവും മനസ്സിലാകാന്‍ ഇമാം ശാഫിഈ(റ) യുടെ ഈ വാക്കുകള്‍ തന്നെ ധാരാളം മതിയാകും.
അഹ്‌ലുബൈത്ത്‌
     അഹ്‌ലുബൈത്തെന്നാല്‍ നബി(സ്വ)തങ്ങളുടെ കുടുംബക്കാര്‍ എന്നാണല്ലോ ഉദ്ദേശ്യം?അഹ്‌ലുബൈത്തിന്റെ പരിധിയില്‍ ആരെല്ലാമുള്‍പ്പെടുമെന്നതില്‍ പണ്‌ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. യുദ്ധത്തില്‍ ലഭിക്കുന്ന ഗനീമത്ത്‌ മുതലില്‍ നിന്നും മറ്റും നബി കുടുംബത്തിന്‌ നല്‍കണമെന്ന്‌ അല്ലാഹു നിര്‍ദ്ദേശിച്ച വിഹിതം നബി(സ്വ) നല്‍കിയതും നല്‍കാന്‍ നിശ്ചയിച്ച്‌ വെച്ചതും നബിയുടെ രണ്ടാം പിതാമഹന്‍ ഹാശിമിന്റെയും അദ്ദേഹത്തിന്റെ മാതാവും പിതാവുമൊത്ത സഹോദരന്‍ മുത്ത്വലിബിന്റെയും മക്കള്‍ക്കായിരുന്നു (ബുഖാരി).
യഥാര്‍ത്ഥത്തില്‍ നബികുടുംബം പിതാമഹന്‍ ഹാശിമിന്റെ സന്താനങ്ങള്‍ മാത്രമാണെങ്കിലും ഉദ്ദൃത ഹദീസിന്റെയും മറ്റും അടിസ്ഥാനത്തില്‍ കുടുംബക്കാര്‍ എന്നതില്‍ മുത്ത്വലിബിന്റെ മക്കളെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവര്‍ തന്നെയാണ്‌ `ആലുന്നബിയ്യ്‌' എന്നത്‌ കൊണ്ടുദ്ദേശ്യം. (തുഹ്‌ഫ 7/133).
`
സ്വദഖ, ജനങ്ങളുടെ അഴുക്കാണെന്നും അത്‌ മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും അനുവദനീയമല്ലെന്നും'' നബി(സ്വ)പറഞ്ഞു. ഇമാം മുസലിം(റ) നിവേദനം ചെയ്‌ത ഹദീസില്‍ `സകാത്ത്‌' നല്‍കല്‍ ഹറാമായവരാണ്‌. `അഹ്‌ലുബൈെത്തെന്ന്‌ - പഠിപ്പിക്കുന്നുണ്ടല്ലോ. ഇത്‌ കൊണ്ടുദ്ദേശ്യം ഹാശിമിയ്യും മുത്ത്വലിബുമാണെന്ന്‌ നമ്മുടെ മദ്‌ഹബില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌'' (തുഹ്‌ഫ 7/160).
സ്വദഖ കൊടുക്കല്‍ നിഷിദ്ധമായവര്‍ അലിയ്യി(റ)ന്റെ കുടുംബം, ജഅ്‌ഫറിന്റെ(റ) കുടുംബം, അഖീലി(റ)ന്റെ കുടുംബം, അബ്ബാസി(റ)ന്റെ കുടുംബം എന്നിങ്ങനെയാണെന്ന്‌ സ്വഹാബിയായ സൈദ്‌ബ്‌നു അര്‍ഖം(റ) വിശദീകരിച്ചിട്ടുണ്ട്‌ (സ്വഹീഹ്‌ മുസ്‌ലിം).
    ഈ വിവരണ പ്രകാരം അഹ്‌ലുബൈത്ത്‌, ബനൂഹാശിം (ഹാശിമിന്റെ പുത്രന്മാര്‍) ആണെങ്കിലും മുകളില്‍ ഉദ്ധരിച്ച ഇമാം ബുഖാരി(റ)യുടെ ഹദീസില്‍ നബി(സ്വ) തങ്ങള്‍ തന്നെ അതേ സ്ഥാനം മുത്ത്വലിബിന്റെ പുത്രന്മാര്‍ക്കുണ്ടെന്ന്‌ പറയുകയും പ്രവൃത്തി കൊണ്ട്‌ തെളിയിക്കുകയും ചെയ്‌തതിനാല്‍ `അഹ്‌ലുബൈത്ത്‌' എന്ന്‌ പ്രയോഗിക്കുമ്പോള്‍ ഹാശിമിന്റെയും മുത്തലിബിന്റെയും സന്താനങ്ങളാണുദ്ദേശ്യമെന്ന്‌ വ്യക്തമാക്കുന്നു. അവരില്‍ പെട്ട സത്യവിശ്വാസികള്‍ക്ക്‌ മാത്രമേ ഈ സ്ഥാനമുള്ളുവെന്നത്‌ അവിതര്‍ക്കിതമാണ്‌. 
ചുരുക്കത്തില്‍ അഹ്‌ലുബൈത്തെന്നാല്‍ ബനൂഹാശിം, ബനൂമുത്തലിബ്‌ ആണെന്ന്‌ മനസ്സിലാക്കാം. അപ്പോള്‍ `ആലുന്നബി' എന്നത്‌ കൊണ്ട്‌ വിവക്ഷിക്കപ്പെടുന്നവര്‍ തന്നെയാണ്‌ `അഹ്‌ലുബൈത്ത്‌'- എന്നതുകൊണ്ടും വിവക്ഷിതം. ഹദീസിന്റെ പല റിപ്പോര്‍ട്ടുകളും ചേര്‍ത്ത്‌ വായിച്ചാല്‍ ഇത്‌ ബോധ്യപ്പെടും. ഈ അഭിപ്രായത്തെയാണ്‌ ഇബ്‌നുഹജര്‍ (റ) പ്രബലമാക്കിയത്‌. (അസ്സ്വവാഇഖുല്‍ മുഹ്‌രിഖ 224).ഇമാം ബൈളാവി (റ), ഖുര്‍ത്വുബി, ഇബ്‌നുകസീര്‍ തുടങ്ങിയവര്‍ പ്രബലമാക്കിയതും ഈ വീക്ഷണം തന്നെ.
     സകാത്ത്‌ കൊടുക്കല്‍ നിഷിദ്ധമാക്കപ്പെട്ടവരാണ്‌ നബികുടുംബമെന്നത്‌ കൊണ്ടുദ്ദേശ്യമെന്ന്‌ സൈദ്‌ബ്‌നു അര്‍ഖം(റ) വ്യക്തമാക്കിയ സ്വഹീഹ്‌ മുസ്‌ലിമിന്റെ ഹദീസില്‍ അഹ്‌ലുബൈത്താണെന്ന്‌ ചോദ്യത്തിന്‌ മറുപടിയായിട്ടാണ്‌ അദ്ദേഹം പറഞ്ഞത്‌ ``അഹ്‌ലുബൈത്തെന്നാല്‍ സ്വദഖഃ ഹറാമായവരാണ്‌''. ആലുന്നബിയ്യും അഹ്‌ലുബൈത്തും ഒന്നാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. 
എന്നാല്‍ ഒരു വിഭാഗം പണ്‌ഡിതന്മാരുടെ അഭിപ്രായം : നബി(സ്വ), അലി(റ), ഫാത്വിമ ബീവി(റ) ഹസന്‍(റ), ഹുസൈന്‍(റ) എന്നീ അഞ്ച്‌ പേര്‍ക്കാണ്‌ അഹ്‌ലുബൈത്തെന്ന്‌ പറയുന്നത്‌. ഈ അഞ്ച്‌ പേര്‍ക്കാണ്‌ അഹ്‌ലുല്‍ കിസാഅ്‌ (പുതപ്പിനകത്താക്കപ്പെട്ടവര്‍), അഹ്‌ലുല്‍ അബാഅഃ (കരിമ്പടനത്തിനകത്താക്കപ്പെട്ടവര്‍) എന്ന്‌ പറയുന്നത്‌.
     ഈ അഞ്ച്‌ പേരെ ചേര്‍ത്തിയിരുത്തിക്കൊണ്ടും ഒരു പുതപ്പിനകത്തിരുത്തിക്കൊണ്ടും ``അല്ലാഹുവേ, ഇവരാണെന്റെ അഹ്‌ലുബൈത്ത്‌'' എന്ന്‌ നബി(സ്വ) പറഞ്ഞതായി ചില ഹദീസുകളുണ്ട്‌. തുര്‍മുദി(റ), ഹാകിം(റ), ബൈഹഖി(റ), അഹ്‌മദ്‌(റ) തുടങ്ങിയ പല മുഹദ്ദിസുകളും ഈ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ അഭിപ്രായത്തെ ചില പണ്‌ഡിതന്മാര്‍ പ്രബലമാക്കിയിട്ടുണ്ട്‌. 
     എന്നാല്‍ ഈ അഞ്ച്‌ പേര്‍ക്കും അവരുടെ മക്കള്‍ക്കും അഹ്‌ലുബൈത്തില്‍ പ്രത്യേക സ്ഥാനവും മഹത്വവുമുണ്ടെന്നതില്‍ പണ്‌ഡിതര്‍ക്കിടയില്‍ തര്‍ക്കമില്ല. ഇവരെ അഹ്‌ലുല്‍ കിസാഅ്‌, അഹ്‌ലുല്‍ അബാഅഃ എന്നിങ്ങനെ വിശേഷിപ്പിച്ചു കൊണ്ട്‌ പ്രത്യേകപദവി നല്‍കപ്പെടുന്നു. മാത്രമല്ല, ഫാത്വിമ(റ), അലിയ്യ്‌(റ) ദമ്പതികളില്‍ നിന്ന്‌ പിറന്ന മക്കളെല്ലാം നബി (സ്വ) യുടെ സന്താനങ്ങള്‍ എന്ന പദവിയുള്ളവരും അഹ്‌ലുബൈത്തില്‍ ഏറ്റവും സ്ഥാനമുള്ളവരുമാണ്‌. അതുപോലെ അബ്‌ദുല്‍മുത്ത്വലിബിന്റെ മക്കളും അഹലുബൈത്തില്‍ സവിശേഷപ്പെട്ടവരും ബനൂഹാശിം, ബനൂ മുത്ത്വലിബിനേക്കാള്‍ സ്ഥാനമുള്ളവരുമാണ്‌'' (തുഹ്‌ഫ 7/137).
അപ്പോള്‍ അഹ്‌ലുബൈത്തെന്നാല്‍ നബിയുടെ മുകളിലുള്ള മൂന്നാം തലമുറയില്‍ നിന്നാരംഭിക്കുന്ന വിശാലമായ കുടുംബപരമ്പരയാണ്‌. അഥവാ ബനൂ ഹാശിം, ബനൂ മുത്ത്വലിബ്‌ (ഹാശിമിന്റെയും മുത്ത്വലിബിന്റെയും കുടുംബപരമ്പരകള്‍). അവരില്‍ ബനൂഹാശിം ബനുല്‍ മുത്ത്വലിബിനേക്കാള്‍ സ്ഥാനമുള്ളവരും ബനൂ അബ്‌ദില്‍ മുത്ത്വലിബ്‌ ബനൂ ഹാശിമിനേക്കാള്‍ സ്ഥാനമുള്ളവരുമാണ്‌. എല്ലാവരേക്കാളും ഉയര്‍ന്ന സ്ഥാനമുള്ളവരാണ്‌ നബി(സ്വ) യുടെ സന്താനങ്ങള്‍. അഥവാ ഫാത്വിമ ബീവി(റ) യുടെ സന്താന പരമ്പരകള്‍. അവരില്‍ നിന്ന്‌ വിശിഷ്‌ടരാണ്‌ ഫാത്വിമ ബീവി(റ)യുടെ പുത്രന്മാരായ ഹസന്‍, ഹുസൈന്‍(റ) എന്നിവരും അവരുടെ സന്താനങ്ങളും. ഇവരാണ്‌ പില്‍ക്കാലത്ത്‌ `ശരീഫ്‌്‌ എന്ന്‌ വിളിക്കപ്പെട്ടവര്‍. മുന്‍കാലങ്ങളില്‍ അഹ്‌ലുബൈത്തില്‍ പെട്ട എല്ലാവരെയും `ശരീഫ്‌' എന്ന്‌ വിളിക്കപ്പെട്ടിരുന്നുവെങ്കിലും ഈജിപ്‌തിലെ ഫാത്വിമ ഭരണകൂടത്തിന്റെ കര്‍ശനമായ നിയന്ത്രണം മൂലം ഈ വിശേഷണം ഹസനൈനി സാദാത്തുക്കളില്‍ മാത്രം പരിമിതപ്പെട്ടു. 
     ഹസന്‍, ഹുസൈന്‍(റ) എന്നിവരും അവരുടെ മക്കളും അന്ത്യനാള്‍ വരെയുള്ള പുത്രന്മാരുടെ മക്കളുമാണ്‌ അഹ്‌ലുബൈത്തില്‍ ഏറ്റവും ശ്രേഷ്‌ഠരും നുബുവ്വത്തിന്റെ പ്രകാശം ഏറ്റവും കൂടുതല്‍ ശോഭയോടെ വഹിക്കുന്ന അതിവിശിഷ്‌ടരും. എന്നാല്‍ `ആലുന്നബി' , `അഹ്‌ലുബൈത്ത്‌' എന്നീ പദവികള്‍ ഇവരില്‍ മാത്രം പരിമിതമല്ല. അതില്‍ കൂടുതല്‍ ഗോത്രങ്ങളും വംശങ്ങളും ഉള്‍പ്പെടുന്നു. ഹാശിം, മുത്ത്വലിബ്‌ എന്നിവരുടെ സന്താനപരമ്പരയിലെ സത്യവിശ്വാസികളെ മുഴുവന്‍ ഉള്‍ക്കൊള്ളിക്കുന്ന ഒരു വ്യാപകനാമമാണ്‌ `അഹ്‌ലുബൈത്ത്‌' എന്നത്‌. സാധാരണയായി നമ്മുടെ നാടുകളില്‍ `തങ്ങന്മാര്‍' എന്ന്‌ വിളിക്കപ്പെടുന്നവര്‍ അഹ്‌ലുബൈത്തില്‍ അതിവിശിഷ്‌ടരായ ഹസനൈനി സാദാത്ത്‌ പരമ്പരയില്‍ പെട്ടവരാണ്‌. `നീ' എന്നതിന്‌ പകരം അല്‍പം മാന്യതയോടെ ഉപയോഗിക്കുന്ന `താങ്കള്‍' എന്നതിന്റെ ബഹുമാനശബ്‌ദമാണ്‌ 'തങ്ങള്‍' എന്ന പദം. മുസ്‌ലിംപണ്ഡിതരെ വിളിക്കുന്ന ഒരു നാമമാണെന്നും മലയാള ഭാഷാനിഘണ്ടുകളില്‍ കാണാം. ഇബ്‌നുഹജര്‍ തങ്ങള്‍, ഇമാം നവവി തങ്ങള്‍ എന്നിങ്ങനെ പറയാറുള്ളത്‌ പോലെ. എങ്കിലും നബി(സ്വ) തങ്ങളുടെ സന്താനപരമ്പരയില്‍ പെട്ടവരെയാണ്‌ `തങ്ങള്‍' എന്ന്‌ നിരുപാധികം വിളിക്കപ്പെടുന്നത്‌. 
       നബി (സ്വ) തങ്ങളുടെ സന്താനങ്ങളില്‍ ഫാത്വിമ ബീവി(റ) യുടെ സന്താനപരമ്പര മാത്രമാണ്‌ അവിടുത്തെ പേരക്കുട്ടികള്‍ എന്ന നിലയില്‍ ഇന്നവശേഷിക്കുന്നത്‌. കാരണം അവിടുത്തെ ഏഴ്‌ മക്കളില്‍ ഖാസിം, അബ്‌ദുല്ല, ഇബ്‌റാഹിം എന്നീ പുത്രന്മാര്‍ കുട്ടിക്കാലത്ത്‌ തന്നെ വഫാത്തായി. മൂത്തമകള്‍ സൈനബ(റ)ക്ക്‌ സന്താനങ്ങള്‍ പിറന്നിട്ടുണ്ടെങ്കിലും അവരുടെ പരമ്പര മുറിഞ്ഞ്‌ പോവുകയും ചെയ്‌തു. റുഖയ്യാ(റ), ഉമ്മുകുല്‍സും(റ) എന്നീ പുത്രിമാരെ യഥാക്രമം ഉസ്‌മാന്‌ ബ്‌നു അഫ്‌ഫാന്‍(റ) ആണ്‌ വിവാഹം ചെയ്‌തിരുന്നത്‌. അവരിരുവര്‍ക്കും മക്കളുണ്ടായിട്ടില്ല. ഫാത്വിമ ബീവി(റ)യെ അലി(റ) വിവാഹം ചെയ്‌തതില്‍ പിറന്ന മക്കളിലൂടെ മാത്രമാണ്‌ നബി(സ്വ) തങ്ങളുടെ സന്താനപരമ്പര നിലനില്‍ക്കുന്നത്‌. ഹസന്‍, ഹുസൈന്‍(റ), മുഹ്‌സിന്‍(റ)എന്നീ മൂന്നാണ്‍മക്കളും സൈനബ(റ), ഉമ്മുകുല്‍സും(റ) എന്നീ പെണ്‍മക്കളുമാണ്‌ അവര്‍. അവരില്‍ മുഹ്‌സിന്‍ എന്ന മകന്‍ ചെറുപ്പത്തില്‍ മരണപ്പെട്ടു. ഉമ്മുകുല്‍സും എന്ന പുത്രിയെ ഉമര്‍(റ) വിവാഹം ചെയ്‌തതില്‍ സൈദ്‌, റുഖയ്യ എന്നീ സന്താനങ്ങളും ഉമര്‍(റ)ന്റെ വഫാത്തിന്‌ ശേഷം അബ്‌ദുല്ലാഹി ബ്‌നു ജഅ്‌ഫര്‍(റ) വിവാഹം ചെയ്‌തതില്‍ ഔന്‌, മുഹമ്മദ്‌, അബ്‌ദുല്ല എന്നീ മൂന്ന്‌ മക്കളും പിറന്നുവെങ്കിലും അവരിലാര്‍ക്കും മക്കളുണ്ടായിട്ടില്ല. സൈനബ(റ) എന്ന മകള്‍ക്കും സന്താനസൗഭാഗ്യമുണ്ടായിട്ടില്ല. എന്നാല്‍ ഫാത്വിമ ബീവി(റ)യുടെ രണ്ട്‌ പെണ്‍മക്കളുടെ സന്താനപരമ്പര നിലനിന്നിരുന്നുവെങ്കില്‍ തന്നെ അവര്‍ നബിയിലേക്ക്‌ `നസബ' (പിതൃബന്ധം) ചേര്‍ക്കപ്പെടുമായിരുന്നില്ല. കാരണം അവരുടെ പിതാക്കള്‍ ഇവരുടെ ഭര്‍ത്താക്കന്മാരായ ഉമര്‍(റ), അബ്‌ദുല്ലാഹിബ്‌നു ജഅ്‌ഫര്‍(റ) പോലെയുള്ളവരായിരിക്കുമല്ലോ?. ഇസ്‌ലാമിക നിയമമനുസരിച്ച്‌ പിതാക്കളിലൂടെയാണ്‌ തറവാട്‌ ബന്ധം നിലനില്‍ക്കുക. ഹസന്‍, ഹുസൈന്‍(റ) എന്നിവരുടെ കുടുംബം അവരുടെ പിതാവായിരുന്ന അലി(റ) യിലേക്കാണ്‌ ചേരേണ്ടതെങ്കിലും ഇവരിരുവരും എന്റെ പുത്രന്മാരാണെന്നും ഇവരുടെ രക്ഷകര്‍ത്താവ ്‌ ഞാനാണെന്നും മറ്റും നബി(സ്വ) പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവരും ഇവരുടെ സന്താനപരമ്പരയും നബിയിലേക്ക്‌ നസബ്‌(പിതൃബന്ധം) ചേര്‍ക്കപ്പെടുന്ന പ്രത്യേകതയുള്ളവരാണ്‌ (ഫതാവല്‍ ഹദീസിയ്യ -167).
    ആകയാല്‍ ഹസന്‍, ഹുസൈന്‍(റ) എന്നിവരിലൂടെ മാത്രമാണ്‌ നബി(സ്വ)യുടെ സന്താനപരമ്പര അവശേഷിക്കുന്നത്‌. അതിനാല്‍ ഇന്ന്‌ ലോകത്തെവിടെയും നബി(സ്വ) യുടെ പേരമക്കള്‍ എന്ന നിലയില്‍ തങ്ങന്മാരെന്നോ മറ്റോ വിശേഷിപ്പിക്കപ്പെടുന്നവരെല്ലാം ഒന്നുകില്‍ ഹസനിയ്യ്‌ അല്ലെങ്കില്‍ ഹുസൈനിയ്യ്‌ എന്നീ രണ്ടാലൊരു വംശപരമ്പരയിലൂടെ നബി (സ്വ) യിലേക്ക്‌ ചേര്‍ക്കപ്പെടുന്നതാണ്‌. 
കേരളത്തിനകത്തും പുറത്തും ലക്ഷദ്വീപ്‌ തുടങ്ങിയ ദ്വീപ്‌ സമൂഹങ്ങളിലും അഹ്‌ലുബൈത്തില്‍പെട്ട ധാരാളം സാദാത്ത്‌ വംശങ്ങളും കുടുംബങ്ങളും ഇന്നും നിലനിന്ന്‌ വരുന്നു. ഈ ഉമ്മത്തിന്‌ വലിയ അനുഗ്രഹമായി, കാരുണ്യമായി വിവിധ രംഗങ്ങളില്‍ അവര്‍ ആത്മീയനേതൃത്വം വഹിക്കുന്നു. ആ മഹത്തുക്കളുടെ തണലിലായി സത്യസരണിയില്‍ അല്ലാഹു നമ്മെ ഉറപ്പിച്ചു നിര്‍ത്തുകയും അവരെ സ്‌നേഹിക്കുന്ന, ആദരിക്കുന്ന ഒരു മനസ്സ്‌ നാഥന്‍ നമുക്ക്‌ പ്രദാം ചെയ്യുകയും അത്‌കാരണമായി ഇരുവീട്ടിലും അവന്‍ നമുക്ക്‌ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യട്ടെ. ആമീന്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...