നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday 30 November 2015

മുത്തുനബിയുടെ വഫാത്ത്‌

മുത്തുനബിയുടെ വഫാത്ത്‌



    ``അല്ലാഹുവിന്റെ സഹായം വന്നെത്തുകയും വിജയം ലഭിക്കുകയും ജനങ്ങള്‍ കൂട്ടം കൂട്ടമായി അല്ലാഹുവിന്റെ മതത്തില്‍ പ്രവേശിക്കുന്നതായി താങ്കള്‍ കാണുകയും ചെയ്‌താല്‍ താങ്കളുടെ രക്ഷിതാവിനെ സ്‌തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും അവനോട്‌ പാപമോചനം തേടുകയും ചെയ്യുക.നിശ്ചയം ഏറ്റവും നല്ല രീതിയില്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണവന്‍'' (അന്നസ്വ്‌ര്‍)
           ലോകകാരുണ്യമായി അവതരിപ്പിക്കപ്പെട്ട തിരുനബി (സ്വ) യുടെ വിയോഗത്തിലേക്ക്‌ ജഗന്നിയന്താവ്‌ നല്‍കിയ ആദ്യസൂചനയാണിത്‌. 23 വര്‍ഷം നീണ്ട സത്യമത പ്രബോധനത്തിന്റെ നാള്‍വഴികള്‍ ദുര്‍ഘടമായിരുന്നെങ്കിലും വാഗ്‌ദാനം ചെയ്യപ്പെട്ട വിജയം യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്ന്‌ ഈ വാക്കുകള്‍ ഉണര്‍ത്തുന്നു. 
              ഹിജ്‌റ ഒമ്പതാം വര്‍ഷം യുദ്ധമോ സംഘട്ടനമോ കൂടാതെ പല ഗോത്രങ്ങളൊന്നടങ്കവും വലിയ വലിയ പ്രദേശങ്ങളിലെ നിവാസികളും സ്വമേധയാ ഇസ്‌ലാം പുല്‍കുന്നു. ഒന്നും രണ്ടും വ്യക്തികള്‍ ഇസ്‌ലാമിലേക്ക്‌ കടന്നുവന്ന കാലം പഴങ്കഥയായി മാറി. അറേബ്യയുടെ നാനാഭാഗങ്ങളില്‍ നിന്നായി പല പ്രതിനിധി സംഘങ്ങള്‍ ഒന്നിന്‌ പിറകെ ഒന്നായി നബി (സ്വ) യെ സന്ദര്‍ശിക്കുന്നു. ഇസ്‌ലാം മത പ്രവേശനം പ്രഖ്യാപിച്ച്‌ നബി (സ്വ) യെ ബൈഅത്ത്‌ ചെയ്യുന്നു. 
ആഇശ (റ) ഉദ്ധരിക്കുന്നു: 
��dG ��JGh ¸dG �����SG ~��Hh ¸dG �����S
എന്ന വാക്ക്‌ പതിവില്‍ കൂടുതലായി നബി (സ്വ) വര്‍ദ്ധിപ്പിക്കുന്നതിനെ പറ്റി ഞാന്‍ ചോദിച്ചു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ``എന്റെ സമുദായത്തില്‍ നിന്നും ഒരു അടയാളത്തെ ഞാന്‍ കാണുമെന്ന്‌ എന്റെ രക്ഷിതാവ്‌ എന്നെ അറിയിച്ചു. ആ അടയാളം ഞാന്‍ കണ്ടപ്പോള്‍ ആ വാക്കിനെ ഞാന്‍ വര്‍ദ്ധിപ്പിക്കുന്നു'' ആ അടയാളം `സൂറത്തുന്നസ്വ്‌ര്‍' എന്ന അദ്ധ്യായമാണ്‌. 
        ഇബ്‌നു അബ്ബാസ്‌ (റ) പറയുന്നു: `സൂറത്തുന്നസ്വ്‌ര്‍' അവതരിപ്പിച്ചപ്പോള്‍ നബി (സ്വ) ഫാത്വിമ (റ) യെ അടുത്ത്‌ വിളിച്ച്‌ പറഞ്ഞു: ``നിശ്ചയം എന്നിലേക്ക്‌ മരണവാര്‍ത്ത അറിയിക്കപ്പെട്ടു''. ഫാത്വിമ (റ) കരഞ്ഞു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ``നീ കരയരുത്‌, കാരണം എന്റെ കുടുംബത്തില്‍ നിന്നും ആദ്യമായി എന്നിലേക്ക്‌ ചേരുന്നത്‌ നീയാണ്‌''. ഇതുകേട്ട ഫാത്വിമ (റ) ചിരിച്ചു. 
അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്‌ (റ), ഉമര്‍ ബ്‌നുല്‍ ഖത്ത്വാബ്‌ (റ) തുടങ്ങിയ ചിലരൊഴിച്ച്‌ സ്വഹാബികളില്‍ പലരും ഈ അടയാളം മനസ്സിലാക്കാതെ അശ്രദ്ധയിലായിരുന്നു.
മറ്റൊരു സൂചന
            അവതരിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓരോ വര്‍ഷത്തിലും അതാത്‌ റമളാനില്‍ മുഴുവനായി ഓതിക്കൊടുക്കുന്ന പതിവ്‌ ജിബ്‌രീല്‍(അ)ന്‌ ഉണ്ടായിരുന്നു. നബി(സ്വ) വഫാത്താകുന്ന വര്‍ഷത്തിലെ റമളാനില്‍ വിയോഗം അടുത്തു എന്നതിനെ അറിയിക്കുന്നതായി രണ്ട്‌ പ്രാവശ്യം ഓതിക്കൊടുത്തു. ഇത്‌ തിരുനബി(സ്വ)യുടെ വഫാതിന്റെ സൂചനയായിരുന്നു. ഈ വിവരം തിരുനബി(സ്വ) തന്റെ ഓമനമകള്‍ ഫാത്വിമ ബീവി(റ)യോട്‌ പറഞ്ഞതായി ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഹദീസിലുണ്ട്‌.
ഹജ്ജത്തുല്‍ വദാഅ്‌
       നീണ്ട ഒന്‍പത്‌ വര്‍ഷക്കാലം മദീനയില്‍ താമസിച്ചിട്ടും അനുയായി വൃന്ദങ്ങള്‍ സര്‍വ്വ സജ്ജരായി പിന്നിലണിനിരന്നിട്ടും ദീനീ പ്രബോധനത്തില്‍ വ്യാപൃതനായതല്ലാതെ സ്വദേശമായ മക്കയില്‍ ഹജ്ജ്‌ കര്‍മ്മത്തിന്‌ പോകാന്‍ നബി (സ്വ) തയ്യാറെടുത്തിരുന്നില്ല. ജാബിര്‍ (റ) പറയുന്നു: ഹിജ്‌റ പത്താം വര്‍ഷം ഹജ്ജ്‌ ചെയ്യാനൊരുങ്ങുന്നതിനെ കുറിച്ച്‌ നബി (സ്വ) ജനങ്ങളില്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ മദീന ജനനിബിഡമായി. അങ്ങനെ നബി (സ്വ) യുടെ ഒട്ടകം ദുല്‍ഹുലൈഫയിലെ സമതല പ്രദേശത്തെത്തിയപ്പോള്‍ എന്റെ കണ്ണെത്തുന്ന ദൂരമത്രയും നബി (സ്വ) യുടെ മുന്നിലും പിന്നിലും ഇരുവശങ്ങളിലുമായി നടന്നും വാഹനത്തിലും അവിടുത്തെ അനുഗമിക്കുന്ന അനുചര സംഘങ്ങളെ ഞാന്‍ കണ്ടു. പൂര്‍ണ്ണചന്ദ്രന്റെ പൂര്‍ണ്ണതയ്‌ക്ക്‌ ശേഷം കുറവാണല്ലോ സംഭവിക്കുന്നത്‌. അത്‌ പോലെ ഇസ്‌ലാം കാര്യത്തിന്റെ അഞ്ചാമത്തെ കാര്യമായ ഹജ്ജ്‌ കര്‍മ്മം നബി(സ്വ) നിര്‍വ്വഹിച്ചതും അവിടെ വച്ചുള്ള പ്രസംഗവും മറ്റും നബി(സ്വ)യുടെ വഫാതിലേക്കുള്ള സൂചനയല്ലാതെ മറ്റൊന്നല്ലായിരുന്നു.
     ആ യാത്രയില്‍ സൂര്യാസ്‌തമയ ശേഷം നബി (സ്വ) ഒരു പ്രഭാഷണം നടത്തി. മുഅ്‌മിനിങ്ങള്‍ക്കിടയിലെ സാഹോദര്യത്തെയും പരസ്‌പര ബന്ധങ്ങളെയും ആദരവിനെയും ഊന്നിപ്പറഞ്ഞ തിരുനബി (സ്വ) പലിശ വര്‍ജ്ജിക്കുന്നതിനെയും സ്‌ത്രീ സംരക്ഷണത്തെയും പ്രത്യേകം പ്രതിപാദിച്ചു. ഒടുവില്‍ അവിടുന്ന്‌ ചോദിച്ചു: ``നിങ്ങളോട്‌ എന്നെക്കുറിച്ച്‌ ചോദിക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ എന്ത്‌ പറയും?''.
സ്വഹാബത്ത്‌ പറഞ്ഞു: നബിയേ! അവിടുന്ന്‌ സത്യപ്രബോധനം ഞങ്ങള്‍ക്ക്‌ എത്തിച്ച്‌ തരികയും ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയും സദുപദേശം നല്‍കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ ഞങ്ങള്‍ സാക്ഷി നില്‍ക്കും''. നബി (സ്വ) പറഞ്ഞു: അല്ലാഹുവേ, നീ സാക്ഷിയാവുക (മുസ്‌ലിം). 
     ബലിപെരുന്നാള്‍ ദിവസം നബി (സ്വ) ഒട്ടകപ്പുറത്തിരുന്ന്‌ ഒരു പ്രഭാഷണം നടത്തി. പ്രഭാഷണവേളയില്‍ നബി(സ്വ) ഇങ്ങനെ പറയുകയുണ്ടായി: ``നിങ്ങളില്‍ ഹാജറുള്ളവര്‍ ഇല്ലാത്തവരിലേക്ക്‌ എത്തിച്ചു കൊടുക്കട്ടെ'' ഇബ്‌നുഅബ്ബാസ്‌ (റ) പറയുന്നു: ``എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെ സത്യം ഹാജറുള്ളവന്‍ ഇല്ലാത്തവര്‍ക്ക്എത്തിച്ചു കൊടുക്കട്ടെ എന്നത്‌ ഈ സമുദായത്തോടുള്ള നബി (സ്വ) തങ്ങളുടെ വസ്വിയ്യത്താണ്‌'' (ബുഖാരി). മിനായില്‍ വെച്ച്‌ നബി (സ്വ) തന്റെ വയസ്സിന്റെ എണ്ണമനുസരിച്ച്‌ 63 മൃഗങ്ങളെ ബലി നല്‍കുകയും ചെയ്‌തു (അല്‍ ബിദായത്തു വന്നിഹായ).
     ഹജ്ജത്തുല്‍ വദാഇല്‍ നബി (സ്വ) മൂന്ന്‌ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഒന്ന്‌ അറഫാ ദിനം. രണ്ട്‌ പെരുന്നാള്‍ ദിനം മിനായില്‍. മൂന്ന്‌ ദുല്‍ഹിജ്ജ പന്ത്രണ്ടിന്‌ മിനായില്‍ എന്നിങ്ങനെ. അവയിലെ പരാമര്‍ശങ്ങള്‍ കേട്ട സ്വഹാബത്ത്‌ പറയുകയുണ്ടായി:`` ഇത്‌ വിടവാങ്ങല്‍ ഹജ്ജാണ്‌''.
ഹജ്ജ്‌ നിര്‍വ്വഹണ ശേഷം മദീനയിലേക്ക്‌ മടങ്ങിയ നബി(സ്വ) വഴിയില്‍ `ഖുമാ' എന്നു വിളിക്കപ്പെടുന്ന വെള്ളത്തിനടുത്ത്‌ ജനങ്ങളെ ഒരുമിച്ചു കൂട്ടി അഭിസംബോധന ചെയ്‌തു: ``ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ ഒരു മനുഷ്യനാണ്‌. എന്റെ രക്ഷിതാവിന്റെ ദൂതന്‍ എന്റെയടുക്കല്‍ വരുവാനും അദ്ദേഹത്തിന്‌ ഞാന്‍ ഉത്തരം നല്‍കുവാനും സമയമടുത്തിട്ടുണ്ട്‌'' (മുസ്‌ലിം). 
വിട ചോദിക്കുന്നു
     ഉഖ്‌ബ (റ) പറയുന്നു: ``ഉഹ്‌ദ്‌ യുദ്ധത്തില്‍ വധിക്കപ്പെട്ട സ്വഹാബത്തിന്റെ ഖബറിന്റെടുക്കല്‍ വെച്ച്‌ അവരുടെ മേല്‍ നിസ്‌കരിച്ച നബി(സ്വ)ജീവിച്ചിരിക്കുന്നവരോടും മരണപ്പെട്ടവരോടും വിട ചോദിക്കുമ്പോലെ ഇങ്ങനെ പറഞ്ഞു: ``ഞാന്‍ നിങ്ങള്‍ക്ക്‌ മുന്‍വിരുന്നാണ്‌. സാക്ഷിയുമാണ്‌. ഹൗളിന്റെയടുക്കല്‍ നിങ്ങള്‍ക്ക്‌ വാഗ്‌ദാനം ചെയ്യപ്പെട്ടതുമാണ്‌. എന്റെ ഈ സ്ഥാനത്ത്‌ വെച്ച്‌ തന്നെ സത്യമായും എന്റെ ഹൗളിലേക്ക്‌ ഞാന്‍ നോക്കിക്കൊണ്ടിരിക്കുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോലുകള്‍ എനിക്ക്‌ നല്‍കപ്പെട്ടു. എനിക്ക്‌ ശേഷം നിങ്ങള്‍ ബഹുദൈവാരാധകര്‍ ആകുന്നതിനെ നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ദുന്‍യാവില്‍ നിങ്ങള്‍ അതിയായി ആഗ്രഹിക്കുന്നതിനെയും അതിനായി പോരാടുന്നതിനെയും ഞാന്‍ ഭയപ്പെടുന്നു. അങ്ങനെയായാല്‍ മുന്‍ഗാമികള്‍ നശിച്ചതുപോലെ നിങ്ങള്‍ നശിക്കും''. ഉഖ്‌ബ (റ) പറയുന്നു: ``നബി(സ്വ) യെ അവസാനമായി മിമ്പറില്‍ ഞാന്‍ കണ്ടത്‌ അന്നാണ്‌'' (ബുഖാരി, മുസ്‌ലിം).
അവസാനമായി മദീനയിലെ മിമ്പറില്‍ കയറിയ ദിവസം നബി (സ്വ) പറഞ്ഞു: ``ഞാന്‍ ആരുടെയെങ്കിലും മുതുകില്‍ അടിച്ചിട്ടുണ്ടെങ്കില്‍ ഇതാ എന്റെ മുതുക്‌. അവന്‍ പ്രതികാരം ചെയ്‌തുകൊള്ളട്ടെ. ഞാന്‍ ആരെയെങ്കിലും ചീത്ത പറഞ്ഞ്‌ അഭിമാനക്ഷതം വരുത്തിയിട്ടുണ്ടെങ്കില്‍ ഇതാ എന്റെ അഭിമാനം. അവന്‍ പ്രതിക്രിയ ചെയ്‌തുകൊള്ളട്ടെ''. നബി (സ്വ)്‌ മൂന്ന്‌ ദിര്‍ഹം നല്‍കാനുണ്ടെന്ന്‌ പറഞ്ഞ ആള്‍ക്ക്‌ അത്‌ കൊടുക്കാന്‍ ഫള്‌ല്‍ (റ)നെ ചുമതലപ്പെടുത്തി. തുടര്‍ന്ന്‌ മദീനയില്‍ നബി (സ്വ) യെയും സ്വഹാബത്തിനെയും ഇസ്‌ലാമിനെയും സ്വീകരിച്ച്‌ സഹായിച്ച്‌ സംരക്ഷിച്ച അന്‍സ്വാറുകളോട്‌ നന്മയില്‍ വര്‍ത്തിക്കാന്‍ ഉപദേശിച്ചു. ഇത്‌ വഫാത്തിന്‌ അഞ്ച്‌ ദിവസം മുമ്പായിരുന്നു. 
         അവസാന ദിനങ്ങളില്‍ ജന്നത്തുല്‍ ബഖീഇല്‍ പോയി സിയാറത്ത്‌ ചെയ്യലും അവരോട്‌ വിട ചോദിക്കുന്നവരെ പോലെ അവര്‍ക്ക്‌ വേണ്ടി ദുആ ചെയ്യലും നബി(സ്വ)യുടെ ചര്യയായിരുന്നു. 
       അബൂസഈദില്‍ ഖുദ്‌രി (റ) ഉദ്ധരിക്കുന്നു: ``ഒരിക്കല്‍ നബി (സ്വ) പറഞ്ഞു: ``അല്ലാഹു ഒരു അടിമയ്‌ക്ക്‌ ഭൗതികാഡംബരങ്ങളെയോ അല്ലാഹുവിന്റെ അടുക്കലുള്ളതിനെയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി. ആ അടിമ അല്ലാഹുവിന്റെ പക്കലുള്ളതിനെ തിരഞ്ഞെടുത്തു''. ഇതു കേട്ട അബൂബക്കര്‍ (റ) കരഞ്ഞു കൊണ്ട്‌ പറഞ്ഞു. ``ഞങ്ങളുടെ മാതാപിതാക്കളെ അങ്ങേക്ക്‌ ഞങ്ങള്‍ ദണ്‌ഡമാക്കുന്നു നബിയേ...!. ഞങ്ങള്‍ അത്ഭുതപ്പെട്ടു. ജനങ്ങള്‍ ചോദിച്ചു: ``ഒരു അടിമ അല്ലാഹുവിന്റെ പക്കലുള്ളതിനെ തെരെഞ്ഞെടുത്ത കാര്യമല്ലേ നബി (സ്വ) പറഞ്ഞത്‌. എന്നിട്ടും...! നബി (സ്വ) യാണ്‌ ആ അടിമയെന്ന്‌ അബൂബക്കര്‍ (റ) ആണ്‌ ഞങ്ങളെ പഠിപ്പിച്ചത്‌.
രോഗാരംഭം
     ഹജ്ജത്തുല്‍ വദാഇല്‍ നിന്നും മടങ്ങി മദീനയിലെത്തിയ നബി(സ്വ) ദുല്‍ഹിജ്ജയിലെ ശേഷിച്ച ദിവസങ്ങളും മുഹര്‍റം, സ്വഫര്‍ മാസങ്ങളും മദീനയില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടെ കള്ളപ്രവാചകനായ മുസൈലിമയെ നേരിടാന്‍ പതിനേഴ്‌ വയസ്സ്‌ മാത്രം പ്രായമുള്ള ഉസാമത്ത്‌ ബ്‌നു സൈദ്‌ (റ) ന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ നബി (സ്വ) തയ്യാറാക്കി. ഹിജ്‌റ പതിനൊന്നാം വര്‍ഷം സ്വഫര്‍ മാസത്തിന്റെ അവസാന ദിനങ്ങളില്‍ തയ്യാറാക്കപ്പെട്ട ഈ സൈന്യത്തില്‍ അബൂബക്കര്‍ (റ), ഉമര്‍ (റ) തുടങ്ങിയ പ്രമുഖരായ മുഹാജിറുകളും അന്‍സ്വാറുകളും അംഗങ്ങളായിരുന്നു. എന്നാല്‍ ആ സൈന്യം മദീന വിട്ടുപോകുന്നതിന്‌ മുമ്പ്‌ തന്നെ നബി (സ്വ) രോഗബാധിതനായതറിഞ്ഞ്‌ മദീനയില്‍ നിന്നും മൂന്ന്‌ മൈല്‍ അകലെ ജുറുഫ്‌ എന്ന പ്രദേശത്ത്‌ അവര്‍ തമ്പടിച്ചു. 
     സ്വഫര്‍ മാസം അവസാനത്തെ ബുധനാഴ്‌ചയാണ്‌ നബി (സ്വ) യ്‌ക്ക്‌ വഫാത്തിന്‌ കാരണമായ രോഗം ആരംഭിച്ചതെന്ന്‌ പണ്‌ഡിതന്മാര്‍ പറയുന്നു. .
നബി (സ്വ) ക്ക്‌ ആദ്യമായി അനുഭവപ്പെട്ടു തുടങ്ങിയത്‌ തലവേദനയായിരുന്നു.ഒരു ദിവസം ജന്നത്തുല്‍ ബഖീഇല്‍ നിന്നും മടങ്ങി വന്ന നബി(സ്വ) യോട്‌ ആയിശ(റ) തലവേദനയെ കുറിച്ച്‌ ആവലാതിപ്പെട്ടു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ``എന്നാല്‍ സത്യമായും ഞാനും തലവേദന അനുഭവിക്കുന്നു'' തലയില്‍ തുണി കെട്ടിവെച്ചു കൊണ്ട്‌ അവിടുന്ന്‌ ജനങ്ങളെ അഭിസംബോധന പോലും ചെയ്‌തിട്ടുണ്ട്‌. രോഗബാധിതനായിരുന്നിട്ടും ഊഴത്തിനനുസരിച്ച്‌ ഭാര്യമാരുടെ വീട്ടില്‍ മാറി മാറി താമസിച്ചു. മൈമൂന(റ) യുടെ വീട്ടില്‍ വെച്ച്‌ രോഗം അസഹനീയമായപ്പോള്‍ ഭാര്യമാരെ വിളിച്ച്‌ ആഇശ(റ)യുടെ വീട്ടില്‍ കഴിയുവാന്‍ അനുവാദം തേടി. അവര്‍ അനുവദിച്ചു. ഫള്‌ല്‍ ബ്‌നു അബ്ബാസ്‌(റ) ന്റെയും അലിയ്യ്‌ ബ്‌നു അബീ ത്വാലിബി(റ) ന്റെയും തോളില്‍ പിടിച്ച്‌ നടന്നാണ്‌ നബി(സ്വ) പോയത്‌. 
     തുടര്‍ന്ന്‌ വേദന വര്‍ദ്ധിക്കുകയും പനി ബാധിക്കുകയും ചെയ്‌തു. നബി(സ്വ) പറഞ്ഞു: ``നിങ്ങളില്‍ പെട്ട രണ്ടു പേര്‍ക്ക്‌ ബാധിക്കുന്നതു പോലുള്ള പനി എന്നെ ബാധിച്ചിട്ടുണ്ട്‌''. അഥവാ രോഗം കഠിനമാണെന്ന്‌ സാരം.
അബൂ സഈദ്‌(റ) പറയുന്നു: ``ശക്തമായ പനി ബാധിച്ച നബി(സ്വ) യെ ഞാന്‍ സന്ദര്‍ശിച്ചു. എന്റെ കൈ അവിടുത്തെ ദേഹത്ത്‌ വെച്ചപ്പോള്‍ പുതപ്പിന്‌ മുകളില്‍ ശക്തമായ ചൂട്‌ ഞാനനുഭവിച്ചു. ഞാന്‍ ചോദിച്ചു: ``ചൂട്‌ എത്ര കഠിനമാണ്‌ നബിയേ!''. നബി(സ്വ) പറഞ്ഞു: ``ഞങ്ങള്‍ അങ്ങനെ തന്നെയാണ്‌. ഞങ്ങള്‍ക്ക്‌ പരീക്ഷണവും പ്രതിഫലവും ഇരട്ടിയാക്കപ്പെടും''.
     ശക്തമായ പനി കാരണത്താല്‍ ഏഴ്‌ ഉറവിടങ്ങളില്‍ നിന്ന്‌ ഏഴ്‌ പാത്രങ്ങള്‍ കൊണ്ട്‌ വെള്ളം ചൊരിഞ്ഞ്‌ ശരീരത്തെ തണുപ്പിച്ചിരുന്നു. വേദനയുടെ കാഠിന്യത്താല്‍ ഒന്നിലധികം പ്രാവശ്യം നബി (സ്വ) തങ്ങള്‍ക്ക്‌ ബോധക്ഷയം സംഭവിച്ചിട്ടുണ്ട്‌.
        ഖൈബര്‍ യുദ്ധ വിജയാനന്തരം യഹൂദികള്‍ ആട്ടിന്‍ മാംസത്തിലായി നബി (സ്വ) ക്ക്‌ നല്‍കിയ വിഷത്തിന്റെ ഫലമായാണ്‌ രോഗം ഇത്രയേറെ ഉപദ്രവകരമായതെന്ന്‌ രേഖപ്പെടുത്തുന്നു. ആഇശ (റ) പറയുന്നു: ``വേര്‍പാടിന്‌ മുന്നോടിയായ രോഗസമയത്ത്‌ നബി (സ്വ) പറഞ്ഞിരുന്നു. ഖൈബറില്‍ വെച്ച്‌ ഞാന്‍ ഭക്ഷിച്ച ഭക്ഷണത്തിന്റെ വേദന എനിക്കനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ആ വിഷം കാരണത്താല്‍ എന്റെ ഹൃദയത്തിലെ രക്തധമനി മുറിയുന്ന സമയമാണ്‌'' (ബുഖാരി). 
       രോഗശയ്യയിലായ നബി(സ്വ) നാല്‍പത്‌ അടിമകളെ മോചിപ്പിച്ചു. തന്റെ പക്കലുള്ള ശേഷിച്ച ആറോ ഏഴോ ദീനാറുകള്‍ കൈയില്‍ പിടിച്ച്‌ ഇങ്ങനെ പറഞ്ഞു: ``ഇത്‌ മുഹമ്മദിന്റെ കൈവശമുള്ളതോടൊപ്പം രക്ഷിതാവിനെ കണ്ടുമുട്ടുന്നുവെങ്കില്‍ മുഹമ്മദിന്‌ റബ്ബിനെ കുറിച്ചുള്ള ഭാവനയെന്താണ്‌''. ആഇശ (റ) യെ വിളിച്ച്‌ അത്‌ സ്വദഖ നല്‍കാന്‍ കല്‍പിച്ചു. (സീറത്തുല്‍ ഹലബിയ്യ).
അബൂബക്കര്‍ (റ) ന്റെ ഇമാമത്ത്‌
രോഗാവസ്ഥയിലും തിരുനബി എല്ലാ നിസ്‌കാരങ്ങളും ജനങ്ങളോടൊപ്പം ജമാഅത്തായി തന്നെ നിര്‍വ്വഹിച്ചു. അന്നേ ദിവസം മഗ്‌രിബ്‌ നബി (സ്വ) ഇമാമായി നിസ്‌കരിച്ചു. ആ നിസ്‌കാരത്തില്‍ `അല്‍ മുര്‍സലാത്ത്‌' സൂറത്താണ്‌ ഓതിയത്‌. 
     ഇശാഅ്‌ ആയപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചു. പള്ളിയിലേക്ക്‌ പോകാന്‍ കഴിയാതെയായി. തിരുനബി(സ്വ) ചോദിച്ചു: ``ജനങ്ങള്‍ നിസ്‌കരിച്ചുവോ?''.സ്വഹാബത്ത്‌ പറഞ്ഞു: ഇല്ല, തിരുദൂതരേ!. അവര്‍ അങ്ങയെ പ്രതീക്ഷിച്ചിരിക്കുകയാണ്‌. അന്ന്‌ വേദനയുടെ കടുപ്പത്താല്‍ പലതവണ ബോധക്ഷയമുണ്ടായി. അവസാനം ``ജനങ്ങള്‍ക്ക്‌ ഇമാമായി നിസ്‌കരിക്കാന്‍ അബൂബക്കറിനോട്‌ നിര്‍ദ്ദേശിക്കുക'' എന്ന്‌ പറഞ്ഞു. 
ലോലഹൃദയനായ അബൂബക്കര്‍(റ)ന്‌ ഖുര്‍ആന്‍ ഓതിയാല്‍ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഉമര്‍(റ)നോട്‌ ഇമാമായി നിസ്‌കരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചെങ്കിലും കൂട്ടാക്കിയില്ല. അങ്ങനെ അബൂബക്കര്‍(റ) ഇമാമായി നിസ്‌കരിച്ചു (മുസ്‌ലിം).
     അതിനിടെ ആശ്വാസം തോന്നുന്ന സമയങ്ങളില്‍ നബി(സ്വ) പള്ളിയില്‍ വന്നു കൊണ്ടിരുന്നു. രണ്ട്‌ പേരുടെ തോളില്‍ പിടിച്ചു വരികയും ഇരുന്ന്‌ നിസ്‌കരിക്കുകയും ചെയ്‌തു. സിദ്ദീഖ്‌(റ) ന്റെ ഇടതു ഭാഗത്ത്‌ ഇരുന്ന നബി(സ്വ) യെ അനുകരിച്ച്‌ അദ്ദേഹം നിസ്‌കരിച്ചു. ജനങ്ങള്‍ക്ക്‌ ഇമാമിന്റെ അനക്കങ്ങള്‍ അറിയിച്ചു കൊടുക്കുന്ന ``മുബല്ലിഗി' ന്റെ കര്‍ത്തവ്യം അദ്ദേഹം നിര്‍വ്വഹിച്ചു. ആകെ പതിനേഴ്‌ നിസ്‌കാരങ്ങള്‍ ഈ കാലയളവില്‍ അബൂബക്കര്‍ (റ) ഇമാമായി നിസ്‌കരിച്ചു. 
        വഫാത്തിന്റെ തലേദിവസം ഞായറാഴ്‌ച. തന്റെ എല്ലാ അടിമകളെയും മോചിപ്പിച്ചു. ഒരു ദിര്‍ഹമോ ദീനാറോ കൈയില്‍ ശേഷിച്ചില്ല. പടയങ്കി മുപ്പത്‌ സ്വാഅ്‌ ബാര്‍ലിക്ക്‌ പകരം ഒരു യഹൂദിയുടെ കൈയില്‍ പണയത്തിലായിരുന്നു. ആ രാത്രി വിളക്ക്‌ കത്തിക്കുന്നതിനുള്ള എണ്ണ ആഇശ (റ) അയല്‍വാസിയില്‍ നിന്നും വായ്‌പ വാങ്ങുകയായിരുന്നു. 
അവസാന ദിവസം
     ഹിജ്‌റ പതിനൊന്നാമാണ്ട്‌ റബീഉല്‍ അവ്വല്‍ മാസം 12 തിങ്കളാഴ്‌ച സുബ്‌ഹി നിസ്‌കാരത്തിനായി ജനങ്ങള്‍ മസ്‌ജിദുന്നബവിയിലെത്തി. നബി (സ്വ) തങ്ങള്‍ ഹാജരായിട്ടില്ല. സിദ്ദീഖ്‌ (റ) ന്റെ നേതൃത്വത്തില്‍ നിസ്‌കാരം ആരംഭിച്ചു. പെട്ടെന്ന്‌ നബി (സ്വ) ആഇശ (റ) യുടെ മുറിയുടെ വിരി നീക്കി പ്രത്യക്ഷപ്പെട്ടു. എല്ലാവരും നിസ്‌കരിക്കുന്നത്‌ കണ്ട്‌ മന്ദസ്‌മിതം തൂകി. ജനങ്ങള്‍ ആകാംക്ഷയിലായി. തിരുനബി (സ്വ) യെ കണ്ട സിദ്ദീഖ്‌ (റ) നബി (സ്വ) നിസ്‌കരിക്കാന്‍ വരുന്നുണ്ടെന്ന്‌ കരുതി പിന്നോട്ട്‌ നീങ്ങാന്‍ ഭാവിച്ചു. പക്ഷെ, നിസ്‌കാരം പൂര്‍ത്തിയാക്കാന്‍ അവരോട്‌ കൈ കൊണ്ട്‌ ആംഗ്യം കാണിച്ച തിരുനബി (സ്വ) മുറിയിലേക്ക്‌ തന്നെ മടങ്ങി വിരി താഴ്‌ത്തി (ബുഖാരി).
        പിന്നീട്‌ ഫാത്വിമ (റ) യെ വിളിച്ച്‌ എന്തോ സ്വകാര്യമായി പറഞ്ഞു. അപ്പോള്‍ അവര്‍ കരഞ്ഞു. പിന്നെയും സ്വകാര്യം പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിച്ചു. ആഇശ (റ) പറയുന്നു; പിന്നീടൊരിക്കല്‍ ഞാന്‍ അതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഫാത്വിമ(റ) പറഞ്ഞു: ``എന്റെ പിതാവ്‌ ആ രോഗത്തില്‍ മരണപ്പെടുമെന്നാണ്‌ ആദ്യമായി എന്നോട്‌ പറഞ്ഞത്‌. അപ്പോള്‍ ഞാന്‍ കരഞ്ഞു. തങ്ങളുടെ കുടുംബത്തില്‍ നിന്നും ആദ്യമായി തങ്ങളോട്‌ ചേരുന്നത്‌ ഞാനാണെന്ന്‌ പിന്നീടെന്നോട്‌ പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു''.
അന്ത്യനിമിഷം
      രോഗം ബാധിക്കുമ്പോള്‍ നബി (സ്വ) മന്ത്രം കൊണ്ട്‌ ചികിത്സിക്കാറുണ്ടായിരുന്നു. പിന്നീട്‌ അതിനും കഴിവാകാതെയായി. ആഇശ (റ) പറയുന്നു: ``രോഗം ബാധിച്ചാല്‍ `മുഅവ്വിദാത്ത്‌' ഓതി ശരീരത്തിലൂതുകയും കൈ കൊണ്ട്‌ തടവുകയും ചെയ്യുന്ന പതിവ്‌ നബി (സ്വ) ക്ക്‌ ഉണ്ടായിരുന്നു. വഫാത്തിന്റെ രോഗം ബാധിച്ചപ്പോള്‍ നബി (സ്വ) തങ്ങള്‍ ഓതിയിരുന്ന `മുഅവ്വിദാത്ത്‌' ഞാന്‍ ഓതി നബി (സ്വ) തങ്ങളുടെ തന്നെ കൈയില്‍ ഊതി. ആ കൈ കൊണ്ട്‌ തിരുശരീരം തടവുകയും ചെയ്‌തു. എന്റെ കൈയിനേക്കാള്‍ ബറക്കത്തുള്ള നബി (സ്വ) തങ്ങളുടെ കൈയിന്റെ ബറക്കത്ത്‌ ലഭിക്കാനാഗ്രഹിച്ചാണ്‌ ഞാനത്‌ ചെയ്‌തത്‌'' (ബുഖാരി).
      ആഇശ(റ) പറയുന്നു: ``നബി(സ്വ) യുടെ അന്ത്യകാലത്ത്‌ എന്റെ സഹോദരന്‍ അബ്‌ദുര്‍റ്‌ഹമാന്‍ ബ്‌നു അബീബക്കര്‍ കടന്നുവന്നു. അപ്പോള്‍ നബി(സ്വ) എന്റെ മാറിടത്തിലേക്ക്‌ ചാഞ്ഞിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പല്ലു തേക്കാനുള്ള മിസ്‌വാക്കിലേക്ക്‌ നബി (സ്വ) നോക്കുന്നത്‌ ഞാന്‍ കണ്ടു. തിരുനബി(സ്വ) അത്‌ ആഗ്രഹിക്കുന്നുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കി. ഞാന്‍ ചോദിച്ചു: ``അങ്ങേക്കായി ഞാന്‍ അത്‌ വാങ്ങട്ടെ?. അതെ എന്ന്‌ മുത്ത്‌ നബി തല കൊണ്ട്‌ ആംഗ്യം കാണിച്ചു. ഞാനത്‌ വാങ്ങി. എന്റെ തുപ്പുനീര്‌ കൊണ്ട്‌ മയപ്പെടുത്തി മിസ്‌വാക്ക്‌ ചെയ്‌ത്‌ കൊടുത്തു. നബി(സ്വ) യ്‌ക്ക്‌ മുന്നില്‍ വെള്ളം കുടിക്കാനുപയോഗിക്കുന്ന ഒരു ചെറിയ തോല്‍പാത്രത്തില്‍ വെള്ളം ഉണ്ടായിരുന്നു. അതില്‍ കൈയിട്ട്‌ വെള്ളമെടുത്ത്‌ മുഖം തടവുകയും `ലാ ഇലാഹ ഇല്ലല്ലാഹ്‌' നിശ്ചയം മരണത്തിന്‌ കഠിനമായ വേദനയുണ്ട്‌'' എന്ന്‌ പറയുകയും ചെയ്‌തു'' (ബുഖാരി).
      പിന്നീട്‌ തിരുനബി(സ്വ)കൈയും കണ്ണും ഉയര്‍ത്തുകയും ``അര്‍റഫീഖുല്‍ അഅ്‌ല' എന്ന്‌ പറയുകയും അതോടെ ഇഹലോകവാസം വെടിയുകയും ചെയ്‌തു. ഇത്‌ ഹിജ്‌റ പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ട്‌ തിങ്കളാഴ്‌ച ദിവസമായിരുന്നു. (ക്രിസ്‌തുവര്‍ഷം 632 ജൂണ്‍ മാസം 8) ചന്ദ്രിക വര്‍ഷമനുസരിച്ച്‌ 63 വര്‍ഷവും സൂര്യവര്‍ഷമനുസരിച്ച്‌ 61 വര്‍ഷവും 84 ദിവസവുമായിരുന്നു തിരുനബി(സ്വ) യുടെ പ്രായം. 
സ്വഹാബത്തിന്റെ പരിഭ്രമം
ലോകമുസ്‌ലിംകള്‍ക്ക്‌ ഏറ്റവും വലിയ ആപത്ത്‌ നേരിട്ട ദിവസമായിരുന്നു അത്‌. അനസ്‌ (റ) പറയുന്നു; നബി(സ്വ) മദീനയിലേക്ക്‌ പ്രവേശിച്ച ദിവസത്തില്‍ എല്ലാ വസ്‌തുക്കളും പ്രകാശിച്ചു. മുത്ത്‌ നബി വഫാത്തായ ദിനത്തില്‍ എല്ലാ വസ്‌തുക്കളും ഇരുള്‍മുറ്റിയതായി. (തുര്‍മുദി).
       മുത്ത്‌ നബി(സ്വ)യുടെ വഫാത്ത്‌ വാര്‍ത്ത സ്വഹാബത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ പരിഭ്രമിച്ചു. ചിലര്‍ ആ വാര്‍ത്ത നിഷേധിച്ചു. ചിലര്‍ ചിന്ത മുറിഞ്ഞവരായി. മറ്റു ചിലര്‍ക്ക്‌ ബുദ്ധിഭ്രമം സംഭവിച്ചു. ഒന്നും ഉരിയാടാന്‍ കഴിയാതെ ചിലര്‍ വിഷമിച്ചു. ഇതികര്‍ത്തവ്യതാമൂഢരായി തറയില്‍ ഇരുന്നുപോയവരും രോഗം ബാധിച്ച്‌ മരണപ്പെട്ടവരും ഉണ്ടായിരുന്നു. 
     ഉസ്‌മാന്‍(റ)ന്‌ ഒന്നും ശബ്‌ദിക്കാന്‍ കഴിയാത്ത അവസ്ഥ.... അലി(റ) തറയിലിരുന്ന്‌ പോയി. ..അബ്‌ദുല്ലാഹി ബ്‌നു ഉനൈസ്‌(റ) ദുഃഖഭാരത്താല്‍ രോഗം ബാധിച്ച്‌ കിടപ്പിലായി.... പിന്നീട്‌ മരണത്തിന്‌ കീഴടങ്ങി. 
``എന്റെ പിതാവ്‌ തന്റെ നാഥന്റെ ക്ഷണം സ്വീകരിച്ചു. ഫിര്‍ദൗസിലാണ്‌ അദ്ദേഹത്തിന്റെ വിശ്രമം'' - ഫാത്വിമ(റ)യുടെ വിലാപം...
അചഞ്ചല വിശ്വാസിയും അഗാധജ്ഞാനിയുമായിരുന്ന ഉമര്‍(റ), തിരുനബി(സ്വ)യുടെ വഫാത്ത്‌ വാര്‍ത്ത്‌ വിശ്വസിക്കാനാവാതെ പതറി.
അപ്പോള്‍ സിദ്ദീഖ്‌(റ) മസ്‌ജിദുന്നബവിയില്‍ നിന്നും ഒരു മൈല്‍ അകലെ `സുന്‍ഹ്‌' എന്ന സ്ഥലത്തായിരുന്നു. വിവരമറിഞ്ഞ്‌ അദ്ദേഹം തന്റെ കുതിരപ്പുറത്ത്‌ നിറകണ്ണുകളോടെ, പിടക്കുന്ന ഹൃദയത്തോടെ, തിരുനബി(സ്വ)യുടെ ചാരത്ത്‌ വന്ന്‌ മുഖത്ത്‌നിന്ന്‌ വസ്‌ത്രം നീക്കി കരഞ്ഞുകൊണ്ട്‌ ആ തിരുമുഖത്ത്‌ തടവുകയും നെറ്റിത്തടത്തില്‍ ചുംബിക്കുകയും ചെയ്‌തു.
തുടര്‍ന്ന്‌ സ്വഹാബികള്‍ക്ക്‌ മുന്നില്‍ ഒരുഗ്രന്‍ പ്രഭാഷണം നടത്തി. അതുമുഖേനെ ഉമര്‍(റ) അടക്കമുള്ള സ്വഹാബികളെല്ലാവരും ശാന്തരാവുകയും നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്‌തു. ഉടനെ നബി(സ്വ) തങ്ങള്‍ക്ക്‌ ശേഷമുള്ള ഖലീഫയെ തിരഞ്ഞെടുക്കുന്നതുമായി അവര്‍ വ്യാപൃതരായി. 
അബൂബക്കര്‍(റ)ന്റെ ഖിലാഫത്ത്‌
നബി(സ്വ)യുടെ വഫാത്ത്‌ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അന്‍സ്വാറുകളായ നേതാക്കള്‍ ബനൂ സാഇദ ഗോത്രക്കാരുടെ പന്തലില്‍ യോഗം ചേര്‍ന്ന്‌ സഅ്‌ദ്‌ ബ്‌നു ഉബാദ എന്ന ഖസ്‌റജ്‌ ഗോത്രത്തലവനെ ബൈഅത്ത്‌ ചെയ്യുന്നതിനെ കുറിച്ച്‌ അഭിപ്രായപ്പെട്ടു. ഇങ്ങനെ ഖിലാഫത്ത്‌ സംബന്ധമായി അഭിപ്രായ ഭിന്നതകള്‍ ഉയര്‍ന്നുവന്നെങ്കിലും അവസാനം സ്വഹാബികളില്‍ ഭൂരിഭാഗവും പറഞ്ഞു: മുഹാജിറുകളില്‍ ഏറ്റവും ശ്രേഷ്‌ഠര്‍ താങ്കളാണ്‌. നബി (സ്വ) യോടൊപ്പം സൗര്‍ ഗുഹയില്‍ രണ്ടാമനും താങ്കള്‍ തന്നെ. കൂടാതെ നിസ്‌കാരത്തിലെ ഇമാമത്തിന്റെ വിഷയത്തില്‍ നബി(സ്വ)യുടെ പ്രതിനിധിയും താങ്കളാണ്‌. അതിനാല്‍ താങ്കളുടെ കൈ നീട്ടിത്തിരിക. ഞങ്ങള്‍ ബൈഅത്ത്‌ ചെയ്യാം''. അങ്ങിനെ ഖലീഫയായി അബൂബക്‌ര്‍(റ)വിനെ തിരഞ്ഞെടുത്തു. പിന്നീട്‌, ശേഷക്രിയകളിലേക്ക്‌ അവര്‍ തിരിഞ്ഞു.
കുളിപ്പിക്കല്‍
         നബി (സ്വ) യെ കുളിപ്പിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. മരണപ്പെട്ട മറ്റുള്ളവരെ കുളിപ്പിക്കുന്നത്‌ പോലെ വസ്‌ത്രം അഴിച്ചു മാറ്റി കുളിപ്പിക്കണോ അതോ വസ്‌ത്രത്തില്‍ വെച്ച്‌ തന്നെ കുളിപ്പിക്കണോ? അഭിപ്രായ ഭിന്നതക്കിടയില്‍ അവര്‍ക്ക്‌ ഉറക്കം ബാധിച്ചു. അപ്പോള്‍ വീടിന്റെ ഒരു ഭാഗത്ത്‌ നിന്ന്‌ ഇങ്ങനെ കേട്ടു: ``നബി (സ്വ) യെ വസ്‌ത്രത്തിലായി തന്നെ കുളിപ്പിക്കുക'' ജനങ്ങള്‍ പെട്ടെന്നെഴുന്നേറ്റ്‌ വസ്‌ത്രത്തില്‍ വച്ച്‌തന്നെ കുളിപ്പിച്ചു. (ഇബ്‌നുഹിശാം) 
          അലി(റ)യാണ്‌ കുളിപ്പിക്കുന്നതിനുള്ള നേതൃത്വം ഏറ്റെടുത്തു. അബ്ബാസ്‌(റ), ഫള്‌ല്‍(റ),, ഖുസം(റ), ഉസാമ(റ), ശഖ്‌റാന്‍ (റ),എന്നിവരും അലി(റ)യെ സഹായിച്ചു. അലി(റ) പറഞ്ഞു: ``നബി(സ്വ)യെ ഞാനൊഴികെ ആരും കുളിപ്പിക്കരുതെന്ന്‌ നബി(സ്വ) വസ്വിയ്യത്ത്‌ ചെയ്‌തിരുന്നു(ഇബ്‌നുഹിശാം). നബി(സ്വ)പറഞ്ഞു: ``എന്റെ നഗ്നത ആര്‌ കണ്ടാലും അവന്റെ കണ്ണ്‌ നഷ്‌ടപ്പെടും'' (ബൈഹഖി).
കഫന്‍ ചെയ്യല്‍
    ആഇശ(റ) പറയുന്നു


: ``ഖമീസും തലപ്പാവും ഇല്ലാതെ മൂന്ന്‌ വെള്ളത്തുണികളിലാണ്‌ നബി(സ്വ)യെ കഫന്‍ ചെയ്യപ്പെട്ടത്‌.(ബുഖാരി). 
നിസ്‌കാരവും മറമാടലും
          കുളിപ്പിച്ച്‌ കഫന്‍ ചെയ്‌ത ശേഷം നബി(സ്വ)യെ ഒരു കട്ടിലില്‍ കിടത്തി. എവിടെ ഖബറടക്കപ്പെടണം എന്ന വിഷയത്തില്‍ ജനങ്ങള്‍ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ചിലര്‍ മസ്‌ജിദുന്നബവി അഭിപ്രായപ്പെട്ടപ്പോള്‍, മറ്റു ചിലര്‍ ജന്നത്തുല്‍ ബഖീഅ്‌ അഭിപ്രായപ്പെട്ടു. അപ്പോള്‍ സിദ്ദീഖ്‌(റ) പറഞ്ഞു: ``ഏതൊരു നബിയും അവര്‍ വഫാത്തായ സ്ഥലത്ത്‌ മാത്രമേ ഖബറടക്കപ്പെട്ടിട്ടുള്ളൂ'' എന്ന്‌ നബി(സ്വ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അപ്പോള്‍ നബി (സ്വ) വഫാത്തായ സ്ഥലത്ത്‌ തന്നെ ഖബര്‍ കുഴിക്കുകയും ചെയ്‌തു. ജനങ്ങള്‍ ഓരോരുത്തരായി നബി(സ്വ)യുടെ മേല്‍ നിസ്‌കരിച്ചു കൊണ്ടിരുന്നു. ആദ്യം പുരുഷന്മാര്‍, പിന്നീട്‌ സ്‌ത്രീകള്‍ ശേഷം കുട്ടികള്‍ എന്നിങ്ങനെ നിസ്‌കരിച്ചു. ആരും ആര്‍ക്കും ഇമാമായി നിസ്‌കരിച്ചില്ല (സീറത്തുന്നബവിയ്യ).
ഖബറടക്കല്‍
        നബി(സ്വ)യുടെ ഖബ്‌റുശ്ശരീഫ്‌ കുഴിച്ചത്‌ അബൂത്വല്‍ഹ(റ) ആയിരുന്നു. അബ്ബാസ്‌(റ)പറയുന്നു: ``നബി(സ്വ)യെ ഖബറടക്കുമ്പോള്‍ അബ്ബാസ്‌(റ), അലി(റ), ഫള്‌ല്‍(റ) എന്നിവര്‍ ഖബ്‌റില്‍ ഇറങ്ങി. അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ ഖബ്‌ര്‍ ചൊവ്വാക്കി. ബദ്‌ര്‍ യുദ്ധത്തില്‍ ശുഹദാക്കളുടെ ഖബ്‌ര്‍ ശരിയാക്കിയത്‌ അദ്ദേഹമായിരുന്നു. (ഇബ്‌നു ഹിബ്ബാന്‍, ത്വഹാവീ).ഹിജ്‌റ പതിനൊന്നാമാണ്ട്‌ റബീഉല്‍ അവ്വല്‍ പതിനാല്‌ ബുധനാഴ്‌ച രാവിലാണ്‌ നബി (സ്വ)യെ ഖബറടക്കപ്പെട്ടത്‌. തിരുനബി(സ്വ)യുടെ റൗളാശരീഫില്‍ ചെന്നണയാന്‍ നമുക്കേവര്‍ക്കും അല്ലാഹു ഭാഗ്യം നല്‍കട്ടെ....

തിരുനബി(സ്വ) യുവത്വത്തിലേക്ക്‌

തിരുനബി(സ്വ) യുവത്വത്തിലേക്ക്‌
          വിശുദ്ധവും പ്രബുദ്ധവുമായ ഒരു ജീവിതവ്യവസ്ഥിതി മര്‍ത്യകുലത്തിന്‌ തുറന്ന്‌ കാട്ടുന്നതിനായി ത്രികാലജ്ഞനായ അല്ലാഹു നിയോഗിച്ച സൃഷ്‌ടികളില്‍ അത്യുത്തമരാണ്‌ തിരുനബി(സ്വ). അവിടുത്തെ ജീവിതം പരിപൂര്‍ണ്ണ പരിശുദ്ധത പ്രതിഫലിക്കുന്നതായിരുന്നു. സമ്പൂര്‍ണ്ണ പാപസുരക്ഷിതത്വം ആ മഹത്‌ജീവിതത്തില്‍ അല്ലാഹു കനിഞ്ഞേകിയ അമൂല്യസമ്പത്തായിരുന്നു. യുവത്വത്തിന്റെ ചുറുചുറുക്കിലാണ്‌ പാപങ്ങള്‍ അധികവും ചെയ്യാറുള്ളത്‌. എന്നാല്‍ തിരുനബി(സ്വ)യുടെ യുവത്വത്തിന്റെ ചരിത്രത്താളുകളിലേക്കിറങ്ങുമ്പോള്‍ ഒരിക്കല്‍ പോലും യാതൊരു വിധ പാപവും വന്നു പോയതായി ചരിത്രത്തിലെവിടെയും രേഖപ്പെട്ടു കാണുന്നില്ല. പാപസുരക്ഷിതത്വം ലഭിച്ചതിനുള്ള നിരവധി തെളിവുകള്‍ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌.
          ബഹുദൈവ വിശ്വാസവും വിഗ്രഹാരാധനയും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരുന്ന മക്കാസമൂഹത്തില്‍ ഒരിക്കല്‍ പോലും വിഗ്രഹവണക്കം പ്രകടിപ്പിക്കാതെയാണ്‌ നബി(സ്വ) യുവത്വം പ്രാപിച്ചത്‌. വിഗ്രഹാരാധന നടത്തുന്നിടത്ത്‌ കടന്ന്‌ ചെല്ലുകയോ അവയുടെ പേരില്‍ അറുക്കപ്പെട്ട ജീവികളുടെ മാംസം ഭക്ഷിക്കുകയോ ചെയ്‌തിട്ടില്ല.
        മദ്യപാനവും കൊലയും മോഷണവും ചൂതാട്ടവും പരസ്‌ത്രീബന്ധവും മറ്റ്‌ സാമൂഹ്യ തിന്മകളും സ്വഭാവമായിരുന്ന ജാഹിലിയ്യാ കാലഘട്ടത്തിലും അവിടുത്തെ പരിശുദ്ധിക്ക്‌ കോട്ടം തട്ടുന്ന ഇത്തരം ദുഷ്‌കര്‍മ്മങ്ങള്‍ അബ്‌ദുല്‍മുത്ത്വലിബിന്റെ പൗത്രനില്‍ ലവലേശവും ആരോപിക്കാന്‍ നാട്ടുകാര്‍ക്കോ വിമര്‍ശകര്‍ക്കോ കഴിഞ്ഞിട്ടില്ല.
       അബൂത്വാലിബിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാല്യ-യൗവ്വന കാലങ്ങളിലുണ്ടായ അസാധാരണ സംഭവങ്ങള്‍ ഇതിലേക്കാണ്‌ സൂചിപ്പിക്കുന്നത്‌. ഖുറൈശികള്‍ കഅ്‌ബ പുതുക്കി പണിയുമ്പോള്‍ കല്ല്‌ ചുമക്കുന്നവരുടെ കൂട്ടത്തില്‍ തിരുനബി(സ്വ)യും ഉണ്ടായിരുന്നു. ഉടുമുണ്ട്‌ അഴിച്ച്‌ ചുമലില്‍ വച്ച്‌ കല്ല്‌ ചുമക്കല്‍ പതിവാക്കിയ അവര്‍ക്കിടയില്‍ തിരുനബി(സ്വ) ധരിക്കലായിരുന്നു പതിവ്‌. ഒരിക്കല്‍ തന്റെ ഉടുമുണ്ട്‌ മാറിയ ഉടനെ, ബോധരഹിതനായി വീഴുകയായിരുന്നു. ഇതിനെ കുറിച്ച്‌ തിരുനബി(സ്വ)യോട്‌ ചോദിക്കപ്പെട്ടപ്പോള്‍ , നഗ്നനായി ഞാന്‍ നടക്കപ്പെടുന്നത്‌ തടയപ്പെട്ടിരിക്കുന്നു എന്നായിരുന്നു പ്രതിവചിച്ചത്‌.
       തിരുനബി(സ്വ)യുടെ ശൈശവവും ബാല്യവും യൗവ്വനവുമെല്ലാം പിന്നിട്ടത്‌ സത്യസന്ധതയുടെയും വിശ്വസ്‌തതയുടെയും ഉത്തുംഗസോപാനത്തിലായിരുന്നു. തികഞ്ഞ വിശ്വസ്‌തന്‍ എന്നര്‍ത്ഥം കുറിക്കുന്ന അല്‍-അമീന്‍ എന്നാണ്‌ നാട്ടുകാര്‍ സര്‍വ്വരും തിരുനബി(സ്വ)യെ വിളിച്ചിരുന്നത്‌. നബി(സ്വ)യുടെ ചരിത്രമെഴുതിയ സര്‍വ്വ ഗ്രന്ഥകാരന്മാരും ഈ വസ്‌തുത അംഗീകരിച്ചിട്ടുണ്ട്‌.
ഹര്‍ബുല്‍ ഫിജാര്‍
     മക്കയിലും പരിസരങ്ങളിലും നീണ്ടു നിന്ന വംശീയകലാപമാണ്‌ ഹര്‍ബുല്‍ഫിജാര്‍. തിരുനബി(സ്വ) ക്ക്‌ 14-15 വയസ്സ്‌ പ്രായമുള്ളപ്പോഴായിരുന്നു ഇത്‌. യുദ്ധം നിഷിദ്ധമെന്ന്‌ അവര്‍ കരുതിയ റജബ്‌ മാസത്തിലായിരുന്നു ഇത്‌ അരങ്ങേറിയത്‌. 
     ഉക്കാള്‌ വ്യാപാരകേന്ദ്രത്തില്‍ വ്യത്യസ്‌ത ഗോത്രക്കാരായ ഉര്‍വയും ബര്‍റാളും തമ്മിലുണ്ടായ വാക്കുതര്‍ക്കം ഉര്‍വയുടെ കൊലക്ക്‌ കാരണമായി. തുടര്‍ന്ന്‌ വര്‍ഷങ്ങളോളം കക്ഷി ചേര്‍ന്ന്‌ അവര്‍ യുദ്ധം ചെയ്യുകയായിരുന്നു. ഈ യുദ്ധത്തില്‍ നബി(സ്വ) തന്റെ പിതൃസഹോദരങ്ങളെ സഹായിക്കാനായി ഭാഗികമായി പങ്കുകൊണ്ടു എന്നും അസ്‌ത്രങ്ങള്‍ പ്രയോഗിച്ചിരുന്നു എന്നും ചില ഹദീസുകളില്‍ കാണാം. നബി(സ്വ)യുടെ പതിനഞ്ചാം വയസ്സില്‍ പൊട്ടിപ്പുറപ്പെട്ട ഫിജാര്‍ യുദ്ധം ഒടുവില്‍ നബി(സ്വ)യുടെ ഇരുപതാം വയസ്സിലാണ്‌ പൂര്‍ണ്ണമായി കെട്ടടങ്ങിയത്‌.
ഹില്‍ഫുല്‍ ഫുള്വൂല്‍
      നബി(സ്വ)യുടെ യൗവ്വനത്തില്‍ മക്കയിലെ ഒരു പറ്റം ഗോത്രക്കാര്‍ സംഘടിച്ചുണ്ടാക്കിയ സമാധാനക്കരാര്‍ ആണ്‌ ഹില്‍ഫുല്‍ഫുള്വൂല്‍. മക്കാ ദേശത്താകമാനം ശാന്തിയും സമാധാനവും കളിയാടാന്‍ ഇത്‌ കാരണമായി. നബി(സ്വ)ക്ക്‌ ഇരുപത്‌ വയസ്സുള്ളപ്പോഴാണ്‌ പ്രസ്‌തുത കരാര്‍ രൂപീകരിക്കപ്പെട്ടത്‌. അതായത്‌, ഫിജാര്‍ യുദ്ധം കെട്ടടങ്ങി മാസങ്ങള്‍ക്കുള്ളിലായിരുന്നു. ഇതിന്റെ മുന്‍പന്തിയില്‍ നബി(സ്വ)യുടെ പിതൃവ്യനും സമുന്നതനുമായ സുബൈര്‍ബ്‌ന്‍ അബ്‌ദുല്‍മുത്ത്വലിബായിരുന്നു.
       സുബൈദ്‌ ഗോത്രത്തില്‍ പെട്ട ഒരാള്‍ ചില കച്ചവടച്ചരക്കുമായി മക്കയില്‍ വന്നു.മക്കയിലെ ഉന്നതന്‍ ആസ്വ്‌ബ്‌ന്‍ വാഇല്‍ വില നിശ്ചയിച്ച്‌ വാങ്ങിയെങ്കിലും തന്റെ പ്രതാപം കാണിച്ച്‌ പണം കൊടുക്കാതെ നാളുകള്‍ തള്ളി നീക്കി. കഷ്‌ടത്തിലായ സുബൈദീ കച്ചവടക്കാരന്‍ തന്റെ വിഷമസന്ധി പല ഗോത്രങ്ങളോടും ആവലാതിപ്പെട്ട്‌ കെഞ്ചിനോക്കിയെങ്കിലും പണം കിട്ടിയില്ല. നിസ്സഹായനായ വ്യാപാരി ഒരിക്കല്‍ കഅ്‌ബയുടെ പരിസരത്ത്‌ ഖുറൈശി നേതാക്കളും മറ്റ്‌ പ്രമുഖരും കേള്‍ക്കുന്ന രീതിയില്‍ തന്റെ നിസ്സഹായത കവിതയിലൂടെ ഉച്ചത്തില്‍ വ്യക്തമാക്കി. മനമുരുകുന്ന കവിത കേട്ട്‌ മക്കാതലവന്മാരുടെ മനമിളകി. ഉടനെ സുബൈര്‍ബ്‌ന്‍ അബ്‌ദുല്‍മുത്വലിബ്‌ ചാടിയെഴുന്നേറ്റു ആക്രോശിച്ചു. അയാളെ ഇനി വെറുതെ വിട്ട്‌ കൂടാ. പ്രമുഖ ഗോത്രങ്ങളെയെല്ലാം സംഘടിപ്പിച്ച്‌ പറഞ്ഞു: മര്‍ദ്ദിതര്‍ ആരായിരുന്നാലും അവര്‍ക്ക്‌ നീതി ലഭിക്കാന്‍ നാം ഒറ്റക്കെട്ടായി പ്രവൃത്തിക്കണം. തുടര്‍ന്ന്‌ കരാര്‍ ഒപ്പ്‌ വച്ച്‌ ആസ്വ്‌ ഇബ്‌ന്‌ വാഇലിന്റെ വസതിയില്‍ ചെന്നു. വ്യാപാരിയുടെ മുഴുവന്‍ ചരക്കുകളും തിരിച്ച്‌ വാങ്ങിക്കൊടുത്തു. അന്ന്‌ മുതല്‍ ഹില്‍ഫുല്‍ഫുളൂല്‍ നടപ്പിലായി.
നബി(സ്വ)പറഞ്ഞു: അബ്‌ദുല്ലാഹിബ്‌നു ജദ്‌ആനിന്റെ വസതിയില്‍ ഞാനൊരു സമാധാന കരാറില്‍ സാക്ഷിയായി. അതിന്‌ പകരം ചുവന്ന ഒട്ടകങ്ങള്‍ ലഭച്ചാലും എനിക്ക്‌ തൃപ്‌തിയാവില്ല. അത്തരമൊരു കരാറിലേക്ക്‌, ഇസ്‌ലാമില്‍ ക്ഷണിക്കപ്പെട്ടാലും ഞാന്‍ സ്വീകരിക്കുക തന്നെ ചെയ്യും.(സീറതുന്നബവിയ്യ്‌-ഇബ്‌നുഹിശാം)
        ഈ കരാറിന്റെ ഫലം വ്യക്തമാക്കുന്ന മറ്റ്‌ സംഭവങ്ങളും കാണാം. ഒരിക്കല്‍ മക്കയില്‍ തീര്‍ത്ഥാടനത്തിനെത്തിയ ഒരു സുന്ദരിയെ തട്ടിക്കൊണ്ട്‌ പോയ വിവരം ഹില്‍ഫുല്‍ഫുളൂലില്‍ പരാതി ലഭിച്ച ഉടനെ, അവര്‍ വാളുകളുമായി അയാളുടെ വീട്ടില്‍ കയറിച്ചെന്ന്‌ ഭീഷണപ്പെടുത്തി ആ സുന്ദരിയെ മോചിപ്പിച്ച്‌ അവളുടെ കുടുംബക്കാര്‍ക്ക്‌ ഏല്‍പ്പിച്ച്‌ കൊടുത്തു.
നബി(സ്വ)യുടെ ഇരുപതാം വയസ്സില്‍ നബി(സ്വ)യും കൂടിച്ചേര്‍ന്നെടുത്ത ഈ തീരുമാനം, അറേബ്യയുടെ സാംസ്‌കാരിക സാമൂഹിക നിലവാരത്തെ വ്യക്തമാക്കുന്ന ഒരു മഹത്തായ കരാറായിരുന്നു. സമൂഹത്തില്‍ വ്യാപകജീര്‍ണ്ണതകള്‍ നടമാടിയിരുന്നുവെങ്കിലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധാവഹമാണ്‌. 
        നബി(സ്വ)ക്ക്‌ ഇരുപത്തിഅഞ്ച്‌ വയസ്സ്‌ പ്രായമായപ്പോള്‍ സാമ്പത്തികഞെരുക്കം കൊണ്ട്‌ വീര്‍പ്പ്‌ മുട്ടുന്ന അബൂത്വാലിബിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ നബി(സ്വ) മക്കയിലെ പ്രധാന വ്യാപാരിയായ ഖുവൈലിദിന്റെ മകള്‍ ഖദീജ(റ)യുടെ കച്ചവടസംഘത്തിന്റെ നേതൃത്വമേറ്റെടുത്തു. ഖദീജ ബീവിക്ക്‌ ഏറെ സന്തോഷമായിരുന്നു. തികഞ്ഞ വിശ്വസ്‌തന്‍, ഉന്നത കുലത്തിലെ അംഗം, ബുദ്ധിസാമര്‍ത്ഥ്യം. മറ്റുള്ളവര്‍ക്ക്‌ നല്‍കുന്നതില്‍ ഇരട്ടി പ്രതിഫലം നല്‍കാമെന്ന്‌ ബീവി ഏറ്റു. ഖുറൈശികളുടെ കച്ചവടസംഘത്തിനൊപ്പം ബീവിയുടെ കച്ചവടച്ചരക്കുമായി നബി(സ്വ) പുറപ്പെട്ടു. ബീവിയുടെ ഭൃത്യന്‍ മൈസിറ കൂടെയുണ്ട്‌. ഇരുപത്തിഅഞ്ചാം വയസ്സിലുണ്ടായ ഈ വ്യാപാരയാത്രയില്‍ നടന്ന പല അദ്‌ഭുതങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.
     മൈസിറ പറയുന്നു: യാത്രയില്‍ കാര്‍മേഘങ്ങള്‍ നബി(സ്വ)ക്ക്‌ തണലിടുന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ശാമിലെ ബുസ്വ്‌റാ പട്ടണത്തില്‍ കച്ചവടസംഘം ഒരു ആശ്രമത്തിനടുത്ത്‌ വിശ്രമിക്കാനിറങ്ങി. നബി(സ്വ) ഇറങ്ങി ഒരു മരച്ചുവട്ടിലിരുന്നു. ആശ്രമത്തിലുണ്ടായിരുന്ന നസ്‌തൂറ എന്ന പുരോഹിതന്‍ മൈസിറയെ വിളിച്ച്‌ ചോദിച്ചു: വൃക്ഷത്തണലില്‍ വിശ്രമിക്കുന്ന വ്യക്തി ആരാണ്‌? മൈസിറ: ഖുറൈശികളില്‍ പെട്ട ഒരാള്‍. നസ്‌തൂറ: ഇപ്രകാരം ഇവിടെ ഇരിക്കുന്ന ആള്‍ അന്ത്യപ്രവാചകനാണെന്നാണ്‌ പൗരാണികര്‍ പറഞ്ഞത്‌. അദ്ദേഹത്തെ കുറിച്ച്‌ എനിക്കറിയാം. അദ്ദേഹത്തിന്റെ കണ്ണില്‍ ചുവപ്പുണ്ടോ..? മൈസിറ: അതേ. നസ്‌തൂറ: അത്‌ വിട്ടുമാറില്ല അല്ലേ..? മൈസിറ: മാറിക്കണ്ടിട്ടില്ല. ലക്ഷണങ്ങള്‍ പലതും ചോദിച്ചറിഞ്ഞ ശേഷം, പുരോഹിതന്‍ പറഞ്ഞു: ഇദ്ദേഹം അന്ത്യപ്രവാചകന്‍ തന്നെയാകുന്നു. അങ്ങനെ, മറ്റെല്ലാവരേക്കാള്‍ വമ്പിച്ച ലാഭവുമായി തിരിച്ച്‌ നാട്ടിലെത്തിയപ്പോള്‍ ഖദീജ ബീവി ഇരട്ടി പ്രതിഫലം നല്‍കുകയും ചെയ്‌തു.
നബി(സ്വ) ഖദീജ ബീവിയുമായി വിവാഹിതനാകുന്നതിന്‌ മുമ്പ്‌ വേറെയും ചില കച്ചവടയാത്രകള്‍ ചെയ്‌തതായി ചരിത്രഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. നബി(സ്വ)പറയുന്നു: ഖദീജ ബീവിക്ക്‌ വേണ്ടി, രണ്ട്‌ ഒട്ടകങ്ങള്‍ പ്രതിഫലത്തിന്‌ രണ്ട്‌ തവണ ഞാന്‍ കച്ചവടം നടത്തിയിട്ടുണ്ട്‌. അല്‍ഇംതാഅ്‌ എന്ന ഗ്രന്ഥത്തിലും ഇത്‌ വ്യക്തമാണ്‌. 
      തനിക്ക്‌ ബോധ്യപ്പെട്ട പല സത്യങ്ങളുടെയും വെളിച്ചത്തില്‍ തന്റെ ഭര്‍ത്താവായി നബി(സ്വ)യെ ലഭിക്കണമെന്ന ആഗ്രഹം ഖദീജ ബീവി മുന്നോട്ട്‌ വക്കുകയും തന്റെ അഭിലാഷപൂര്‍ത്തീകരണത്തിന്‌ ദൂതന്മാരെ അയച്ച്‌ നബികുടുംബത്തോട്‌ സഹായം തേടുകയാണുണ്ടായത്‌. ചരിത്രപ്രമാണങ്ങളെല്ലാം ഏകകണ്‌ഠമായി പ്രസ്‌താവിച്ച വസ്‌തുതയാണിത്‌. ഖദീജയുടെ പണം മോഹിച്ചാണ്‌ ഈ വിവാഹമെന്ന്‌ ആരോപിക്കുന്ന അല്‍പജ്ഞാനികള്‍ ചരിത്രം വസ്‌തുനിഷ്‌ഠമായി പഠിച്ചിരുന്നുവെങ്കില്‍ അബദ്ധം വരാതെ സൂക്ഷിക്കാമായിരുന്നു. 
         വിവാഹ നിശ്ചയം കഴിഞ്ഞു. എല്ലാ നീക്കങ്ങള്‍ക്കും മുന്‍കയ്യെടുത്ത്‌ പ്രവര്‍ത്തിച്ചത്‌ ഖദീജ തന്നെയാണ്‌. നബി(സ്വ)ക്ക്‌ ആവശ്യമായതെല്ലാം സ്‌നേഹനിധിയായ പിതൃവ്യന്‍ തന്നെ നിര്‍വ്വഹിച്ചു. മഹത്തായ വിവാഹ ഉടമ്പടി പൂര്‍ത്തിയായി. ഖദീജ ബീവി വളരെ സന്തോഷവതിയായിരുന്നു. അശ്‌റഫുല്‍ ഖല്‍ഖിന്റെ പത്‌നീപദമലങ്കരിക്കാന്‍ ഭാഗ്യം ലഭിച്ച മഹദ്‌വനിത. തിരുനബി(സ്വ)യുടെ വിവാഹം ഇത്ര അന്തസ്സായും മംഗളമായും കഴിഞ്ഞുകിട്ടിയതില്‍ ഏറ്റവും സന്തോഷിച്ചത്‌ സംരക്ഷകനായ പിതൃവ്യന്‍ അബൂത്വാലിബ്‌ തന്നെയായിരുന്നു. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇലാഹിനെ സ്‌തുതിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: സര്‍വ്വസ്‌തുതിയും അല്ലാഹുവിനത്രെ... നമുക്ക്‌ വിഷമങ്ങളെ അവന്‍ ഇല്ലാതാക്കി. നമ്മുടെ മനഃപ്രയാസങ്ങളെ അവന്‍ അകറ്റിത്തന്നു.(സീറതുല്‍ ഹലബിയ്യ)
      ഖദീജ ബീവിയുടെ സാമ്പത്തികാവസ്ഥയും ഉന്നത പദവിയും കണക്കിലെടുത്തായിരുന്നു വിവാഹമൂല്യം. പിതൃവ്യന്‍ അബൂത്വാലിബ്‌ ഒന്നിനും ഒരു കുറവും വരുത്തിയില്ല. 
       നബി(സ്വ)യുമായുള്ള വൈവാഹികജീവിതത്തില്‍ നബി(സ്വ)ക്ക്‌ പരിപൂര്‍ണ്ണ അത്താണിയായി വര്‍ത്തിക്കാന്‍ സ്‌നേഹനിധിയായ ബീവിക്ക്‌ സാധിച്ചു. വിവാഹം കഴിഞ്ഞ്‌ പതിനഞ്ച്‌ വര്‍ഷം കൂടി പിന്നിട്ട ശേഷമാണ്‌ തിരുനബി(സ്വ)ക്ക്‌ പ്രവാചകത്വം ലഭിച്ചത്‌. പ്രസ്‌തുത കാലയളവില്‍ തിരുനബി(സ്വ) തന്നാല്‍ കഴിയുന്ന നേതൃത്വം നല്‍കി വ്യാപാരമേഖലകളില്‍ ഖദീജബീവിയെ സഹായിച്ചിരുന്നു. താമസിയാതെ മാതൃകാ ദമ്പതികള്‍ക്ക്‌ ലഭിച്ച കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ വിയോഗമടഞ്ഞത്‌ തീര്‍ത്തും ദുഃഖകരമായിരുന്നു. ഫാത്വിമ എന്ന ഏക മകളിലൂടെയാണ്‌ തിരുനബി(സ്വ)യുടെ താവഴി നില നിന്നു പോരുന്നത്‌.

തിരുപ്രകാശം

തിരുപ്രകാശം

ഉമ്മുല്‍ മുഅ്‌മിനീന്‍ ആഇശ(റ)യില്‍ നിന്ന്‌ : ``മലക്കുകളെ സൃഷ്‌ടിക്കപ്പെട്ടത്‌ പ്രകാശത്തിനാലാണ്‌'' (അഹ്‌മദ്‌, മുസ്‌ലിം). അവരെ പ്രകാശ രൂപത്തില്‍ ദര്‍ശിക്കാന്‍ സാധാരണ മനുഷ്യനാല്‍ സാധ്യമല്ല. ഓരോ മനുഷ്യന്റെയും വാക്കുകളും പ്രവര്‍ത്തികളും രേഖപ്പെടുത്തി വെക്കുന്ന മലക്കുകള്‍ അവരോടൊപ്പമുണ്ട്‌. അല്ലാഹു പറയുന്നു : ``തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌. അതെ, രേഖപ്പെടുത്തി വെക്കുന്ന മാന്യന്മാരായ മലക്കുകളുണ്ട്‌'' (ഇന്‍ഫിത്വാര്‍ 10,11). വിജ്ഞാനസദസ്സുകളിലും മലക്കുകളുടെ സാന്നിദ്ധ്യമുണ്ട്‌. എന്നാല്‍ അവരെയൊന്നും നാം കാണുന്നില്ല. പ്രകാശമാകുന്ന മലക്കുകള്‍ നായ, പന്നി ഒഴികെയുള്ള ഏതു രൂപത്തിലും രൂപാന്തരപ്പെടാം. പുണ്യറസൂലിന്‌ നേരെ തിരിഞ്ഞ അബൂജഹല്‍, ജിബ്‌രീലിനെ കണ്ടത്‌ കടിച്ചു കീറാന്‍ വരുന്ന തേറ്റകളുള്ള ഒട്ടകത്തിന്റെ രൂപത്തിലായിരുന്നു. ആ രൂപത്തെ കുറിച്ച്‌ നബി (സ) തങ്ങള്‍ പറഞ്ഞത്‌ അത്‌ ജിബ്‌രീലാണ ്‌എന്നാണ്‌. അബൂജഹല്‍ എന്നിലേക്ക്‌ ഒന്നു കൂടി അടുത്തിരുന്നെങ്കില്‍ ജിബ്‌രീല്‍ അവനെ കടിച്ചു കീറുമായിരുന്നു. (ഇബ്‌നു ഇസ്‌ഹാഖ്‌, ബൈഹഖി, അബൂ നുഐം).
          ``
പുണ്യറസൂലും സ്വഹാബതും ബനൂ ഖുറൈളയിലേക്കുള്ള യാത്രാമധ്യേ പുണ്യറസൂല്‍ ചോദിച്ചു: നിങ്ങള്‍ക്കരികിലൂടെ ആരെങ്കിലും കടന്ന്‌ പോയോ..? സ്വഹാബത്ത്‌ പറഞ്ഞു: വെളുത്ത കോവര്‍കഴുതയുടെ പുറത്ത്‌ ദിഹ്‌യത്ത്‌ ബ്‌നു ഖലീഫ എന്ന സ്വഹാബി വരുന്നതായി കണ്ടു. അവിടുന്ന്‌ അവരോട്‌ പറഞ്ഞു: അത്‌ ജിബ്‌രീലാണ്‌'' (ഇബ്‌നുഹിശാം). പുണ്യറസൂലും സ്വഹാബത്തും ഇരിക്കുന്ന സദസ്സിലേക്ക്‌ കടന്നുവന്ന്‌ ഈമാന്‍ ഇസ്‌ലാം ഇഹ്‌സാന്‍ തുടങ്ങിയവയെ കുറിച്ച്‌ ചോദിച്ച ഗ്രാമീണനെ കുറിച്ച്‌ പുണ്യറസൂല്‍ പറഞ്ഞത്‌ അത്‌ ജിബ്‌രീലാണ്‌ (ബുഖാരി) എന്നാണ്‌. ഇബ്‌നു ഉമര്‍ (റ) ല്‍ നിന്ന്‌ : ``ജിബ്‌രീല്‍ പുണ്യറസൂലിന്റെ അരികില്‍ ദിഹ്‌യത്തുല്‍ കല്‍ബി എന്ന സ്വഹാബിയുടെ രൂപത്തില്‍ വരാറുണ്ടായിരുന്നു'' (നസാഈ). ഇതേ വിഷയം ത്വബ്‌റാനി അനസ്‌ (റ) നിന്നും ഉദ്ധരിച്ചിരിക്കുന്നു. 
             ജിബ്‌രീല്‍ (അ) പൂര്‍ണ്ണ മനുഷ്യരൂപത്തില്‍ അവതരിച്ചതിനെ കുറിച്ച്‌ അല്ലാഹു പറയുന്നു: ``നാം മര്‍യമിന്റെ അരികിലേക്ക്‌ ജിബ്‌രീലിനെ നിയോഗിച്ചു, അങ്ങനെ അദ്ദേഹം ആ മഹതിയുടെ അരികില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു''. (മര്‍യം 17). ഇബ്‌റാഹിം നബി (അ)യുടെ അരികില്‍ മനുഷ്യരൂപത്തില്‍ മലക്കുകള്‍ വന്നിരുന്നതായി സൂറത്ത്‌ ഹൂദില്‍ കാണാം. ഹാറൂത്ത്‌, മാറൂത്ത്‌ എന്ന പേരുള്ള രണ്ട്‌ മലക്കുകള്‍ ബാബിലോണില്‍ മനുഷ്യ രൂപത്തില്‍ അവതരിച്ചതായി അല്‍ ബഖറ 102 ല്‍ കാണാം. ചുരുക്കത്തില്‍ പ്രകാശമാകുന്ന മലക്കുകള്‍ മനുഷ്യ രൂപത്തില്‍ അവതരിച്ചതിന്‌ നിരവധി പ്രമാണങ്ങള്‍ ഉണ്ട്‌. അബ്‌ദുര്‍റസാഖ്‌(റ) ജാബിര്‍ (റ)ല്‍ നിന്നും നിവേദനം: പുണ്യറസൂല്‍ (സ) പറഞ്ഞു: ``ഓ ജാബിര്‍, നിശ്ചയം സകല വസ്‌തുക്കളുടെയും മുമ്പ്‌ അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്നും നിന്റെ പ്രവാചകന്റെ പ്രകാശത്തെ അല്ലാഹു സൃഷ്‌ടിച്ചു. പിന്നീട്‌ മറ്റു സൃഷ്‌ടികളെ സൃഷ്‌ടിക്കാനുദ്ദേശിച്ചപ്പോള്‍ പ്രവാചകന്റെ പ്രകാശത്തെ നാലായി അംശയിച്ചു. അതിലെ ആദ്യഅംശത്തില്‍ നിന്നും ഖലമിനെയും രണ്ടാമത്തേതില്‍ നിന്നും ലൗഹുല്‍ മഹ്‌ഫൂളിനെയും മൂന്നാമത്തേതില്‍ നിന്ന്‌ അര്‍ശിനെയും സൃഷ്‌ടിച്ചു. പിന്നീട്‌ നാലാമത്തെ അംശത്തെ നാലായി വിഭജിച്ചു. അതിലെ ആദ്യത്തേതില്‍ നിന്നും അര്‍ശിന്റെ വാഹകരായ മലക്കുകളെയും രണ്ടാമത്തേതില്‍ നിന്നും കുര്‍സിയ്യിന്റെ വാഹകരായ മലക്കുകളെയും മൂന്നാമത്തേതില്‍ നിന്നും മറ്റു മലക്കുകളെയും സൃഷ്‌ടിച്ചു (മുസ്വന്നഫ്‌).അല്ലാമാ ഫാസി ഇമാം അബുല്‍ ഹസനുല്‍ അശ്‌അരി (റ) യില്‍ നിന്നും ഉദ്ധരിക്കുന്നു: ``അല്ലാഹു ഒരു പ്രകാശത്തിനോടും തുല്യതയില്ലാത്ത പ്രകാശമാണ്‌. പുണ്യറസൂലിന്റെ പരിശുദ്ധമായ റൂഹ്‌ അല്ലാഹുവിന്റെ പ്രകാശത്തിന്റെ ഒളിവാണ്‌. മലക്കുകള്‍ പുണ്യറസൂലിന്റെ പ്രകാശത്തിന്റെ കിരണങ്ങള്‍ മാത്രമാണ്‌. നബി (സ) തങ്ങള്‍ പറഞ്ഞു; ``ആദ്യമായി പടച്ചത്‌ എന്റെ പ്രകാശമാണ്‌. എന്റെ പ്രകാശത്തില്‍ നിന്നാണ്‌ സകലതും പടച്ചത്‌'' (മത്വാലിഉല്‍ മസര്‍റാത്ത്‌). പുണ്യറസൂലിന്റെ പ്രകാശ കിരണങ്ങളില്‍ നിന്നും പടക്കപ്പെട്ട മലക്കുകള്‍ പൂര്‍ണ്ണ മനുഷ്യരൂപത്തില്‍ അവതരിച്ചപ്പോള്‍ ബാഹ്യമായി മനുഷ്യ രൂപത്തിലാണെങ്കിലും ആന്തരികമായി പ്രകാശം തന്നെയായിരുന്നു. തീര്‍ത്തും മനുഷ്യരൂപമെടുത്ത പ്രകാശം. ഇതുപോലെ പുണ്യറസൂലാകുന്ന പ്രകാശം മനുഷ്യ രൂപമെടുത്ത പ്രകാശം തന്നെയാണ്‌. പ്രത്യക്ഷത്തില്‍ മനുഷ്യരൂപമായതിനാലാണ്‌ നിങ്ങളെ പോലെ മനുഷ്യനാണ്‌ ഞാനെന്ന്‌ പുണ്യറസൂല്‍(സ) പറഞ്ഞത്‌. എന്നാല്‍ പുണ്യറസൂലിന്റെ ആന്തരിക അവസ്ഥ വിശദീകരിച്ചു കൊണ്ട്‌ അവിടുന്ന്‌ പറഞ്ഞു: ``ഞാന്‍ നിങ്ങളില്‍ നിന്ന്‌ ഒരാളെ പോലെയും അല്ല'' (ബുഖാരി). മറ്റൊരിക്കല്‍ നബി(സ) തങ്ങള്‍ പറഞ്ഞു; ``എനിക്ക്‌ ഒരു സമയമുണ്ട്‌. ആ സമയം പരിശുദ്ധനായ എന്റെ രക്ഷിതാവല്ലാതെ എനിക്ക്‌ വിശാലമല്ല''(കശ്‌ഫുല്‍ഖഫാ). ബാഹ്യമായി മനുഷ്യരൂപത്തിലാണെങ്കിലും ആന്തരികമായി തീര്‍ത്തും പ്രഥമ സൃഷ്‌ടിയാകുന്ന പ്രവാചകന്‍ പ്രകാശം തന്നെയാണ്‌. മലക്കുകള്‍ പോലും അതിന്റെ കിരണങ്ങള്‍ മാത്രമാണ്‌ . അവിടുന്നിന്റെ യഥാര്‍ത്ഥ രൂപത്തില്‍ അവതരിച്ചിരുന്നെങ്കില്‍ ഒരാള്‍ക്കും താങ്ങാന്‍ സാധിക്കുമായിരുന്നില്ല. ശൈഖ്‌ അബ്‌ദുല്‍അസീസ്‌ ദുബ്ബാഗ്‌(റ) പറയുന്നു: പുണ്യറസൂലിന്റെ പുര്‍ണ പ്രകാശത്തെ അര്‍ശിന്‌ മേല്‍ വച്ചാല്‍ അത്‌ ഉരുകിപ്പോകുമായിരുന്നു. അര്‍ശിന്‌ മുകളിലുള്ള പ്രകാശങ്ങളുടെ ഏഴുപത്‌ മറകളുടെ മേല്‍ വെച്ചാല്‍ മറകള്‍ ദ്രവിച്ച്‌ വിഭ്രമിച്ചു പോകും. മുഴുവന്‍ സൃഷ്‌ടികളെയും ഒരുമിച്ചു കൂട്ടി അവകളുടെ മുകളില്‍ ആ പ്രകാശം വെച്ചാല്‍ അവകള്‍ മുഴുവനും പരിഭ്രമിച്ചു വീണുപോകും. (ഇബ്‌രീസ്‌). 
           ഇമാം നബ്‌ഹാനി (റ) എഴുതുന്നു; ``നമുക്ക്‌ അവിടുന്നിന്റെ പൂര്‍ണ്ണമായ ഭംഗി വ്യക്തമാക്കിയിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവിടുന്നിനെ കാണാന്‍ നമ്മുടെ കണ്ണുകള്‍ അപര്യാപ്‌തമാകുമായിരുന്നു'' (അന്‍വാറുല്‍ മുഹമ്മദിയ്യ). ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും രാത്രിയില്‍ പുണ്യറസൂലുമായി സിദ്‌റത്തുല്‍ മുന്‍തഹാ വരെയെത്തിയ ജിബ്‌രീല്‍(അ) പ്രകാശത്തിന്റെ മറകള്‍ കടന്നു പോവാന്‍ പുണ്യറസൂലി(സ) നോട്‌ ആവശ്യപ്പെട്ടു. നബി(സ) തങ്ങള്‍ ജിബ്‌രീലിനോട്‌ തന്റെ കൂടെ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജിബ്‌രീല്‍(അ) പറഞ്ഞത്‌ എനിക്ക്‌ അതിന്‌ സാധിക്കില്ല. ഇനി ഒരു അടി മുന്നോട്ട്‌ വെച്ചാല്‍ ഞാന്‍ കത്തിച്ചാമ്പലായി പോവുന്നതാണ്‌.(യവാഖീത്‌). പ്രകാശത്താല്‍ സൃഷ്‌ടിക്കപ്പെട്ട ജിബ്‌രീലിന്‌ പോലും കടന്നുചെല്ലാന്‍ പറ്റാത്തിടത്തേക്ക്‌ പ്രകാശങ്ങളുടെ പ്രഭവകേന്ദ്രമാകുന്ന പ്രവാചകന്‍ കടന്നു ചെല്ലുന്നു. കാരണം പ്രകാശത്തിന്റെ ആ എഴുപത്‌ മറകള്‍ പോലും സൃഷ്‌ടിച്ചത്‌ പുണ്യറസൂലിന്റെ പ്രകാശത്തില്‍ നിന്നാണ്‌. ഇമാം സുയൂഥി(റ) ഇമാം ഇബ്‌നു സബഇല്‍ നിന്നും ഉദ്ധരിക്കുന്നു: ``നബി(സ) തങ്ങളുടെ പ്രത്യേകതയില്‍ പെട്ടതാണ്‌ അവിടുന്നിന്‌ നിഴലില്ലായിരുന്നു എന്നത്‌. കാരണം അവിടുന്ന്‌ പ്രകാശമാണ്‌''. (ഖസാഇസുല്‍ കുബ്‌റ). ശക്തമായ പ്രകാശത്തിലേക്ക്‌ മറ്റൊരു പ്രകാശം അടിച്ചാല്‍ നിഴലുണ്ടാവില്ല എന്നത്‌ വ്യക്തം. പുണ്യറസൂലാകുന്ന പ്രകാശത്തിന്റെ കിരണം ചിലര്‍ക്ക്‌ ചിലപ്പോള്‍ കാണുന്ന രൂപത്തില്‍ പ്രകടമായിരുന്നു. ഉമ്മുല്‍ മുഅ്‌മിനീന്‍ ആഇശ(റ)യില്‍ നിന്ന്‌: ഞാന്‍ രാത്രിയില്‍ വസ്‌ത്രം തുന്നുമ്പോള്‍ എന്റെ കൈയില്‍ നിന്നും സൂചി താഴെ വീഴുകയും വിളക്ക്‌ അണയുകയും ചെയ്‌തു. ആ സമയം കടന്നുവന്ന മുത്ത്‌ നബി(സ)യുടെ വദനത്തിന്റെ പ്രഭയാല്‍ നിലത്തുവീണ സൂചി എനിക്ക്‌ എടുക്കാന്‍ സാധിച്ചു. (ജവാഹിറുല്‍ ബിഹാര്‍). ഇസ്‌റാഉം മിഅ്‌റാജും കഴിഞ്ഞ്‌ മക്കയിലെത്തിയ നബി(സ) തങ്ങള്‍ തന്റെ ആകാശാരോഹണത്തെ കുറിച്ച്‌ അബൂത്വാലിബിന്റെ മകളായ ഉമ്മുഹാനിഇനോട്‌ വിശദീകരിച്ചു കൊടുക്കുകയും ഈ വിഷയം താന്‍ തന്റെ ജനതയോട്‌ പറയാന്‍ പോകുകയാണെന്നും അറിയിച്ചു. അത്‌ കേട്ട മഹതി അവിടുന്നിന്റെ മേല്‍വസ്‌ത്രത്തിന്റെ അറ്റം പിടിച്ചു കൊണ്ട്‌ പറഞ്ഞു: ഈ വിഷയം അവിടുന്ന്‌ അവരോട്‌ പറഞ്ഞാല്‍ : അവിടുന്നിനെ അംഗീകരിച്ചവര്‍ പോലും അവിടുന്നിനെ തള്ളിപ്പറയും. പുണ്യറസൂല്‍(സ) തന്റെ വസ്‌ത്രാഗ്രം മഹതിയില്‍ നിന്ന്‌ ഊരിയെടുത്തു. മഹതി പറയുന്നു: പുണ്യറസൂലി(സ)ന്റെ അധരങ്ങളില്‍ നിന്നും കണ്ണിനെ ത്രസിപ്പിക്കുന്ന ഒരു പ്രകാശം പരക്കുന്നതായി കണ്ട ഞാന്‍ സുജൂദില്‍ വീണു. തല ഉയര്‍ത്തിയപ്പോല്‍ പുണ്യറസൂല്‍ പോയിരുന്നു '' (സൈനീ ദഹ്‌ലാന്‍ - സീറത്തുന്നബവിയ്യ). 
ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു: ``പുണ്യറസൂലിന്റെ മാതാവ്‌ ആമിന ബീവി(റ) അവിടുന്നിനെ പ്രസവിച്ച സമയം ശാമിലെ മാളികകള്‍ തെളിയുന്ന രൂപത്തില്‍ പ്രകാശം പരക്കുന്നതായി കണ്ടു. (ദലാഇലുന്നുബുവ്വ). ആഇശ(റ) യില്‍ നിന്ന്‌ നിവേദനം; നബി(സ) തങ്ങള്‍ പകല്‍ കാണുന്നത്‌ പോലെ രാത്രിയും കാണുമായിരുന്നു. (ഇബ്‌നു അസാകിര്‍). താന്‍ പ്രകാശമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ പുണ്യറസൂല്‍(സ) പലതവണ സൂചിപ്പിക്കുമായിരുന്നു. അബൂഹുറൈറ(റ) യില്‍ നിന്ന്‌ : ``അല്ലാഹുവാണേ സത്യം! നിങ്ങളുടെ റുകൂഉം ഭക്തിയും ഞാന്‍ അറിയും. എന്റെ പിറകിലൂടെയും ഞാന്‍ നിങ്ങളെ കാണും'' (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ``മുന്നിലൂടെ ഞാന്‍ കാണുന്നത്‌ പോലെ പിറകിലൂടെയും കാണും'' (ഹാകിം). പിറകില്‍ നില്‍ക്കുന്ന സ്വഹാബത്തിന്റെ ബാഹ്യപ്രവര്‍ത്തനമാകുന്ന റുകൂഉം മനസ്സിന്റെയുള്ളിലുള്ള ഭക്തിയും പുണ്യറസൂല്‍ (സ) കാണുമായിരുന്നു. പിറകിലേക്ക്‌ കാണാന്‍ അവിടുന്നിന്‌ ഒട്ടും പ്രയാസമില്ലായിരുന്നു. കാരണം അവിടുന്ന്‌ പ്രകാശമാണ്‌. ആധുനിക യുഗത്തില്‍ മനുഷ്യന്റെ ഉള്ളിലുള്ള കൊച്ചു കൊച്ചു രോഗങ്ങള്‍ വരെ കണ്ടുപിടിക്കാന്‍ ലേസര്‍(പ്രകാശ രശ്‌മികള്‍) ആണ്‌ ഉപയോഗിക്കുന്നത്‌. പുണ്യറസൂലാകുന്ന പ്രകാശത്തിന്റെ പ്രഭവകേന്ദ്രത്തിന്‌ കാണാന്‍ ഒന്നും തടസ്സമായിരുന്നില്ല. പുണ്യറസൂല്‍(സ) ഒരിക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആരാലും ശ്രദ്ധിക്കപ്പെടാതിരുന്നവരുമായ ഉവൈസുല്‍ഖറനിയെ കുറിച്ച്‌ അവിടുന്ന്‌ സ്വഹാബതിന്‌ വിശദീകരിച്ച്‌ കൊടുത്തു. നബിതങ്ങള്‍ പറഞ്ഞു: നിങ്ങള്‍ ഉവൈസിനെ കണ്ടാല്‍ അദ്ദേഹത്തോട്‌ നിങ്ങള്‍ക്ക്‌ വേണ്ടി പാപമോചനത്തിനര്‍ത്ഥിക്കാന്‍ പറയുക. കാരണം, അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്ക്‌ ഉത്തരം ലഭിക്കപ്പെടും (മുസ്‌ലിം) അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്ന വെള്ളപ്പാണ്ടും അത്‌ മാറി ഇപ്പോള്‍ ഒരു നാണയത്തിന്റെ വലിപ്പത്തില്‍ മാത്രം ബാക്കിയുള്ളതും എല്ലാം നബി(സ്വ) തങ്ങള്‍ വിശദീകരിച്ചു. അകലങ്ങളോ കാലങ്ങളോ അവിടുന്നിന്റെ പ്രകാശദര്‍ശനത്തിന്‌ മുന്നില്‍ തടസ്സങ്ങളായിരുന്നില്ല. അന്ത്യനാളില്‍ സംഭവിക്കാനിരിക്കുന്ന എത്രയെത്ര വിഷയങ്ങളാണ്‌ അവിടുന്നിന്റെ പ്രകാശദര്‍ശനത്തിന്‌ മുന്നില്‍ തിരശ്ശീല നീക്കി പുറത്ത്‌ വന്നത്‌. അബൂഹുറൈറയില്‍ നിന്ന്‌ : പുണ്യ റസൂല്‍ ജിബ്‌രീലിനോട്‌ ചോദിച്ചു: താങ്കളുടെ പ്രായം എത്രയാണ്‌.? ജീബ്‌രീല്‍ എനിക്കറിയില്ല. എങ്കിലും എഴുപതിനായിരം വര്‍ഷത്തിലൊരിക്കല്‍ ഒരു നക്ഷത്രം ഉദിക്കാറുണ്ട്‌. ആ നക്ഷത്രത്തെ എഴുപത്തിരണ്ട്‌ തവണ ഞാന്‍ കണ്ടിരിക്കുന്നു. പുണ്യറസൂല്‍ പറഞ്ഞു: ഓ, ജിബ്‌രീല്‍ എന്റ രക്ഷിതാവിന്റെ യോഗ്യതയെ തന്നെയാണ്‌ സത്യം. ആ നക്ഷത്രം ഞാനായിരുന്നു.(സീറത്തുല്‍ഹലബിയ്യ) ഉമര്‍(റ)ല്‍ നിന്ന്‌: നബി(സ്വ) ചോദിച്ചു: ഓ ഉമര്‍, ഞാന്‍ ആരാണെന്ന്‌ അറിയുമോ..? പിന്നീട്‌ നബി(സ്വ) തന്നെ വിശദീകരിച്ചു. അല്ലാഹു എല്ലാത്തിനും മുമ്പ്‌ എന്റെ പ്രകാശത്തെ സൃഷ്‌ടിച്ചു. ആ പ്രകാശം എഴുന്നൂറ്‌ വര്‍ഷം അല്ലാഹുവിന്‌ സുജൂദിലായി കിടന്നു. എല്ലാത്തിനും മുമ്പ്‌ അല്ലാഹുവിന്‌ സുജൂദ്‌ ചെയ്‌തത്‌ എന്റെ പ്രകാശമായിരുന്നു.(ജവാഹിറുല്‍ ബിഹാര്‍) ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ) പറയുന്നു: മലക്കുകളോട്‌ ആദമിന്‌ സുജൂദ്‌ ചെയ്യാന്‍ കല്‍പിക്കപ്പെട്ടത്‌ തന്നെ പുണ്യറസൂലിന്റെ പ്രകാശം ആദമിലുള്ളത്‌ കൊണ്ടാണ്‌ (തഫ്‌സീറുല്‍ കബീര്‍). താബിഉകളില്‍ പ്രമുഖനായ ഇമാം അബൂഹനീഫ(റ) പറയുന്നു: ``പുണ്യറസൂലേ! അവിടുന്നിന്റെ പ്രകാശത്തില്‍ നിന്നാണ്‌ പൗര്‍ണ്ണമിക്ക്‌ പ്രകാശം ലഭിച്ചത്‌. സൂര്യന്‍ ജ്വലിക്കുന്നതും അവിടുന്നിന്റെ പ്രകാശത്തില്‍ നിന്ന്‌ തന്നെ'' (ഖസീദുത്തുന്നുഅ്‌മാന്‍). പുണ്യറസൂല്‍ നിങ്ങള്‍ക്ക്‌ വന്നിരിക്കുന്നു എന്നതിന്‌ പകരം അല്ലാഹു പറയുന്നത്‌, നിങ്ങള്‍ക്ക്‌ പ്രകാശം വന്നിരിക്കുന്നു എന്നാണ്‌. ``നിശ്ചയമായും അല്ലാഹുവില്‍ നിന്ന്‌ പ്രകാശവും വ്യക്തമായ കിതാബും വന്നിരിക്കുന്നു.''(മാഇദ-15) ഇമാം സുയൂത്വി(റ) ഇവിടെ പ്രകാശം എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ പ്രവാചകനെയാണെന്ന്‌ വിശദീകരിക്കുന്നു. ഇബ്‌നുഅബ്ബാസ്‌ (റ) പറയുന്നു: പുണ്യറസൂല്‍ സംസാരിച്ചാല്‍ അവിടുന്നിന്റെ വായില്‍ നിന്നും പ്രകാശം പരക്കുന്നത്‌ കാണാമായിരുന്നു.(സുര്‍ഖാനി) 
             അല്ലാഹു തന്നെ മറ്റൊരിടത്ത്‌ പുണ്യറസൂലിനെ പരിചയപ്പെടുത്തുന്നത്‌ ജ്വലിക്കുന്ന വിളക്ക്‌ എന്നാണ്‌. നിശ്ചയം താങ്കളെ നാം നിയോഗിച്ചത്‌, സാക്ഷിയും സുവിശേഷകനും താക്കീതുകാരനും അല്ലാഹുവിന്റെ അനുമതിയോടെ അവനിലേക്ക്‌ ക്ഷണിക്കുന്നവനും ജ്വലിക്കുന്ന വിളക്കുമായിട്ടാണ്‌.(അഹ്‌സാബ്‌ 46) ഏതെങ്കിലും ഒരു കാലത്ത്‌ മാത്രം നാഥനിലേക്ക്‌ ക്ഷണിക്കുന്നവരെന്നോ സ്വഹാബത്തിന്റെ കാലത്ത്‌ അവര്‍ക്ക്‌ മാത്രം ജ്വലിക്കുന്ന വിളക്കെന്നോ അല്ല ഇതിനര്‍ത്ഥം. മറിച്ച്‌, എക്കാലത്തും ജ്വലിക്കുന്ന, പ്രഭ പരത്തുന്ന വിളക്കെന്നാണ്‌. തന്നിലേക്ക്‌ അടുക്കുന്നവര്‍ക്ക്‌ വിശ്വാസത്തിന്റെയും ആത്മജ്ഞാനത്തിന്റെയും പ്രകാശം അവിടുന്ന്‌ ചൊരിഞ്ഞ്‌ കൊണ്ടേയിരിക്കുന്നു. 
          അവിടുന്നിലേക്ക്‌ അടുക്കാത്തവര്‍ക്ക്‌ ഭൗതികജീവിതകാലത്തും പുണ്യറസൂലില്‍ നിന്ന്‌ പ്രവഹിക്കുന്ന പ്രകാശകിരണങ്ങള്‍ പ്രാപിക്കാന്‍ പ്രയാസമായിരുന്നു. അബൂജഹ്‌ല്‍, ഉത്‌ബത്‌ അടക്കമുള്ളസത്യനിഷേധികള്‍ അവിടുന്നുമായി ഇടപഴകിയിരുന്നു. അവര്‍ക്കൊന്നും അവിടുന്നിന്റെ പ്രകാശം ദര്‍ശിക്കുവാനോ അനുഭവിക്കുവാനോ സാധിച്ചിരുന്നില്ല. പുണ്യറസൂലിന്റെ വിയോഗത്തോടെ പുണ്യറസൂലാകുന്ന വിളക്കിന്റെ പ്രകാശം മങ്ങിയെന്ന്‌ വിശ്വസിക്കുന്നത്‌ ഭീമാബദ്ധമാണ്‌. സകല സൃഷ്‌ടികളിലേക്കും നിയോഗിക്കപ്പെട്ട അല്ലാഹുവിന്റെ റസൂലാകുന്ന പ്രകാശം മനുഷ്യരൂപത്തിലുള്ള അല്ലാഹുവിന്റെ ഒളിവ്‌ തന്നെയാണ്‌. ലോകജനതയുടെ നന്മക്ക്‌ വേണ്ടി അവതരിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ കലാമാകുന്ന വിശുദ്ധഖുര്‍ആന്‍ അക്ഷരരൂപത്തില്‍ നിലനില്‍ക്കുന്നത്‌ പോലെ പുണ്യറസൂലാകുന്ന അല്ലാഹുവിന്റെ പ്രഭ മനുഷ്യരൂപത്തില്‍ എന്നെന്നും നിലനില്‍ക്കുന്നതാണ്‌. ഭൗതികലോകത്തെ ജീവിതകാലത്ത്‌ ആ പുണ്യറസൂലാകുന്ന പ്രകാശത്തില്‍ നിന്ന്‌ വന്ന പ്രകാശകിരണങ്ങളാകുന്ന ഹദീസുകള്‍ക്ക്‌ ഇന്നും പ്രകാശമുണ്ട്‌. ആ കിരണങ്ങള്‍ നോക്കിയിട്ടാണ്‌ ആത്മജ്ഞാനികള്‍ തങ്ങള്‍ക്ക്‌ മുന്നില്‍ വരുന്ന വാക്കുകള്‍ പ്രവാചകന്‍ പറഞ്ഞത്‌ തന്നെയാണോ അല്ലയോ എന്ന്‌ തീരുമാനിക്കുന്നത്‌. പ്രവാചകന്‍ പറഞ്ഞു എന്ന്‌ പറയുന്ന ഒരു വചനത്തിന്‌ പ്രകാശമില്ലെങ്കില്‍ അവര്‍ ഉറപ്പിച്ച്‌ പറയും, അത്‌ പ്രവാചകവചനമല്ല. പ്രത്യക്ഷത്തില്‍ ഒരു അദ്ധ്യാപകനില്‍ നിന്നോ പുസ്‌തകത്തില്‍ നിന്നോ അറിവ്‌ പഠിക്കാത്ത അബ്‌ദുല്‍ അസീസുല്‍ ദബ്ബാഗ്‌(റ)വിനോട്‌ തന്റെ ശിഷ്യന്‍ ചോദിച്ച ചില ഹദീസുകളെ കുറിച്ച്‌ മഹാന്‍ വ്യക്തമായും അത്‌ ഹദീസ്‌ അല്ല എന്ന്‌ പറഞ്ഞു. ശിഷ്യന്‍ ചോദിച്ചു: അവിടുന്നിന്‌ എങ്ങനെയാണ്‌ അത്‌ അറിയാന്‍ സാധിക്കുന്നത്‌. മഹാന്റെ മറുപടി: പുണ്യറസൂലില്‍ നിന്ന്‌ വന്ന വാക്കുകള്‍ക്ക്‌ പ്രകാശമുണ്ടാകും. ഈ വാക്കുകള്‍ക്ക്‌ ആ പ്രകാശം ഞാന്‍ കാണുന്നില്ല. ഈമാനും ഇഹ്‌സാനും നിറകവിഞ്ഞൊഴുകുന്ന പുണ്യറസൂലാകുന്ന പ്രകാശത്തിന്റെ പ്രഭവകേന്ദ്രത്തിലേക്ക്‌ അടുക്കാനും അതില്‍ നിന്നും സ്വീകരിക്കാനും ഭാഗ്യം സിദ്ധിച്ചവര്‍ എത്ര ഉന്നതര്‍... ആ കേന്ദ്രത്തിന്‌ ചുറ്റുമുണ്ടായിരുന്നവരെ കുറിച്ച്‌ പുണ്യറസൂല്‍(സ്വ) പറഞ്ഞു: എന്റെ സ്വഹാബത്‌ നക്ഷത്ര തുല്യരാണ്‌. അവരില്‍നിന്നാരിലേക്കടുത്താലും നിങ്ങളും പ്രകാശിതരാകും. അവിടുന്നിലേക്ക്‌ അടുക്കാത്തവര്‍ക്ക്‌ ഭൗതികജീവിതകാലത്തും പുണ്യറസൂലില്‍ നിന്ന്‌ പ്രവഹിക്കുന്ന പ്രകാശകിരണങ്ങള്‍ പ്രാപിക്കാന്‍ പ്രയാസമായിരുന്നു. അബൂജഹ്‌ല്‍, ഉത്‌ബത്‌ അടക്കമുള്ളസത്യനിഷേധികള്‍ അവിടുന്നുമായി ഇടപഴകിയിരുന്നു. അവര്‍ക്കൊന്നും അവിടുന്നിന്റെ പ്രകാശം ദര്‍ശിക്കുവാനോ അനുഭവിക്കുവാനോ സാധിച്ചിരുന്നില്ല. പുണ്യറസൂലിന്റെ വിയോഗത്തോടെ പുണ്യറസൂലാകുന്ന വിളക്കിന്റെ പ്രകാശം മങ്ങിയെന്ന്‌ വിശ്വസിക്കുന്നത്‌ ഭീമാബദ്ധമാണ്‌. സകല സൃഷ്‌ടികളിലേക്കും നിയോഗിക്കപ്പെട്ട അല്ലാഹുവിന്റെ റസൂലാകുന്ന പ്രകാശം മനുഷ്യരൂപത്തിലുള്ള അല്ലാഹുവിന്റെ ഒളിവ്‌ തന്നെയാണ്‌. ലോകജനതയുടെ നന്മക്ക്‌ വേണ്ടി അവതരിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ കലാമാകുന്ന വിശുദ്ധഖുര്‍ആന്‍ അക്ഷരരൂപത്തില്‍ നിലനില്‍ക്കുന്നത്‌ പോലെ പുണ്യറസൂലാകുന്ന അല്ലാഹുവിന്റെ പ്രഭ മനുഷ്യരൂപത്തില്‍ എന്നെന്നും നിലനില്‍ക്കുന്നതാണ്‌. ഭൗതികലോകത്തെ ജീവിതകാലത്ത്‌ ആ പുണ്യറസൂലാകുന്ന പ്രകാശത്തില്‍ നിന്ന്‌ വന്ന പ്രകാശകിരണങ്ങളാകുന്ന ഹദീസുകള്‍ക്ക്‌ ഇന്നും പ്രകാശമുണ്ട്‌. ആ കിരണങ്ങള്‍ നോക്കിയിട്ടാണ്‌ ആത്മജ്ഞാനികള്‍ തങ്ങള്‍ക്ക്‌ മുന്നില്‍ വരുന്ന വാക്കുകള്‍ പ്രവാചകന്‍ പറഞ്ഞത്‌ തന്നെയാണോ അല്ലയോ എന്ന്‌ തീരുമാനിക്കുന്നത്‌. പ്രവാചകന്‍ പറഞ്ഞു എന്ന്‌ പറയുന്ന ഒരു വചനത്തിന്‌ പ്രകാശമില്ലെങ്കില്‍ അവര്‍ ഉറപ്പിച്ച്‌ പറയും, അത്‌ പ്രവാചകവചനമല്ല. പ്രത്യക്ഷത്തില്‍ ഒരു അദ്ധ്യാപകനില്‍ നിന്നോ പുസ്‌തകത്തില്‍ നിന്നോ അറിവ്‌ പഠിക്കാത്ത അബ്‌ദുല്‍ അസീസുല്‍ ദബ്ബാഗ്‌(റ)വിനോട്‌ തന്റെ ശിഷ്യന്‍ ചോദിച്ച ചില ഹദീസുകളെ കുറിച്ച്‌ മഹാന്‍ വ്യക്തമായും അത്‌ ഹദീസ്‌ അല്ല എന്ന്‌ പറഞ്ഞു. ശിഷ്യന്‍ ചോദിച്ചു: അവിടുന്നിന്‌ എങ്ങനെയാണ്‌ അത്‌ അറിയാന്‍ സാധിക്കുന്നത്‌. മഹാന്റെ മറുപടി: പുണ്യറസൂലില്‍ നിന്ന്‌ വന്ന വാക്കുകള്‍ക്ക്‌ പ്രകാശമുണ്ടാകും. ഈ വാക്കുകള്‍ക്ക്‌ ആ പ്രകാശം ഞാന്‍ കാണുന്നില്ല. ഈമാനും ഇഹ്‌സാനും നിറകവിഞ്ഞൊഴുകുന്ന പുണ്യറസൂലാകുന്ന പ്രകാശത്തിന്റെ പ്രഭവകേന്ദ്രത്തിലേക്ക്‌ അടുക്കാനും അതില്‍ നിന്നും സ്വീകരിക്കാനും ഭാഗ്യം സിദ്ധിച്ചവര്‍ എത്ര ഉന്നതര്‍... ആ കേന്ദ്രത്തിന്‌ ചുറ്റുമുണ്ടായിരുന്നവരെ കുറിച്ച്‌ പുണ്യറസൂല്‍(സ്വ) പറഞ്ഞു: എന്റെ സ്വഹാബത്‌ നക്ഷത്ര തുല്യരാണ്‌. അവരില്‍നിന്നാരിലേക്കടുത്താലും നിങ്ങളും പ്രകാശിതരാകും.
Related Posts Plugin for WordPress, Blogger...