നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 24 November 2015

നബിദിനാഘോഷം: പ്രമാണവും പ്രചോദനവും

നബിദിനാഘോഷം: പ്രമാണവും പ്രചോദനവും

     നമ്മുടെ നേതാവ്‌ മുഹമ്മദ്‌ മുസ്ഥഫാ (സ്വ) തങ്ങള്‍ ഇരുലോകത്തിന്റെയും നേതാവും സര്‍വ്വ ലോക ത്തേക്കും അനുഗ്രഹമായി അയക്കപ്പെട്ട പ്രവാചക നുമാണ്‌. ആ പ്രവാചകനെ കൊണ്ടുള്ള സന്തോഷം പ്രകടിപ്പിക്കലും അവിടുത്തെ സ്‌മരിക്കലും ഓരോ വിശ്വാസികളുടെ യും ബാധ്യതയും കടപ്പാടുമാണ്‌. നബി (സ്വ) തങ്ങളോടുള്ള അതിരറ്റ സ്‌നേഹം അക താരിലുള്ള സത്യവിശ്വസിക്ക്‌ ശ്രേഷ്‌ഠ നേതാവിനെ പുകഴ്‌ത്താതെയും സ്‌മരിക്കാതെയുമിരിക്കാന്‍ കഴിയുമോ? അവിടുത്തോട്‌ ബന്ധപ്പെടുന്ന സര്‍വ്വ കാര്യങ്ങളിലും വിശ്വാസിയുടെ മനസ്സില്‍ തിരുമേനി കടന്നുവരും. സ്വലാത്ത്‌ സലാമുകള്‍ ചൊല്ലി സന്തോഷം പ്രകടിപ്പിക്കും. ഇസ്‌റാഅ്‌-മിഅ്‌റാ ജിന്റെ രാത്രിയില്‍ അല്ലാഹുവുമായി നടത്തിയ മുനാജാത്തിന്റെ (അഭിമുഖ സംഭാഷണം)സ്‌മരണ പുതുക്കുന്ന ഓരോ നിസ്‌കാരത്തിലും ഓരോ വിശ്വാസിയും പറയുന്നു ; ``അസ്സലാമുഅലൈക്ക അയ്യുഹന്നബിയ്യു'' ഓ നബിയായിട്ടുള്ളവരെ! അങ്ങേക്ക്‌ അല്ലാഹുവിന്റെ രക്ഷ ഉണ്ടായിരിക്കട്ടെ.
ഇന്ന്‌ ലോകമുസ്‌ലിംകള്‍ ആചരിച്ചു വരുന്ന `നബിദിനാഘോഷം' ഈ സന്തോഷപ്രകടന ത്തിന്റെയും ഓര്‍മ്മപുതുക്കലിന്റെയും ഭാഗമാണ്‌. ഇത്‌ മഹത്തായ സത്‌കര്‍മ്മവും പ്രമാണ ബന്ധി തവുമാണ്‌. തിരുനബി (സ്വ) തങ്ങളോടുള്ള അതിരറ്റ ആദരവും സ്‌നേഹവും പ്രകടിപ്പിക്കുന്ന ഈ ആഘോഷത്തെ പുച്ഛിച്ചു തള്ളാനും നികൃഷ്‌ടമായ പ്രവര്‍ത്തനമായി ചിത്രീകരിക്കാനും കപടവിശ്വാ സികള്‍ക്കല്ലാതെ സാധിക്കുകയില്ല. മൗലിദാഘോഷം എതിര്‍ക്കപ്പെടേണ്ടതും കുറ്റകരവുമായ ആഘോഷ മാണെന്ന്‌ അംഗീകൃത പണ്‌ഡിതരാരും പറഞ്ഞിട്ടില്ല. 
         നബി (സ്വ) തങ്ങളുടെ ജന്മദിനാഘോഷം പ്രതി ഫലം ലഭിക്കുന്ന പുണ്യകര്‍മ്മമാണെന്നാണ്‌ ഇബ്‌നു തൈമിയ്യ അടക്കമുള്ള പണ്‌ഡിതര്‍ പറഞ്ഞിട്ടുള്ളത്‌. കാരണം മൗലിദ്‌ സദസ്സുകള്‍ ദിക്‌റ്‌ സ്വലാത്തുക ളുടെയും മറ്റ്‌ പുണ്യകര്‍മ്മങ്ങളുടെയും സംഗമവേ ദിയാണ്‌. അവയില്‍ എതിര്‍ക്കപ്പെടേണ്ടതായി ഒന്നു മില്ല. വിശുദ്ധ ഖുര്‍ആന്‍ പാരായണം, ഗദ്യ പദ്യ രൂപത്തിലുള്ള നബി കീര്‍ത്തനങ്ങള്‍, നബി (സ്വ) യുടെ പേരിലുള്ള സ്വലാത്തുകള്‍, പ്രാര്‍ത്ഥനകള്‍, അന്നദാ നം തുടങ്ങിയവയാണ്‌ മൗലിദ്‌ സദസ്സുകള്‍ ഉള്‍ക്കൊള്ളുന്നത്‌. ഇവ പുണ്യകര്‍മ്മങ്ങളാണെന്നതില്‍ ഈ ഉമ്മത്തിലെ ര ണ്ടാളുകള്‍ക്കിടയില്‍ തര്‍ക്കമില്ല. വിശുദ്ധ ഖുര്‍ആ നിലുടനീളം അമ്പിയാക്കളുടെയും മറ്റ്‌ മഹാന്മാ ക്കളുടെയും സ്‌തുതി കീര്‍ത്തനങ്ങള്‍ പറയുക മാ ത്രമല്ല, അവരെ പുകഴ്‌ത്താനും പ്രകീര്‍ത്തിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്‌. അല്ലാഹു പറയുന്നു: ``വിശുദ്ധ ഖുര്‍ആനില്‍ മര്‍യമിന്റെ ചരിത്രം തങ്ങള്‍ വിവരിച്ചു കൊടുക്കുക''. ``ഇസ്‌മാഈലിന്റെ ചരിത്രം താങ്കള്‍ വിവരിച്ചു കൊടുക്കുക'' ``ഇബ്രാഹിം നബിയുടെ ചരിത്രം താങ്കള്‍ വിവരിച്ചു കൊടുക്കുക'' ഇങ്ങനെ ധാരാളം ആയത്തുകളിലുടെ മഹാന്മാരെ സ്‌മരിക്കാനും അവരുടെ ഗുണങ്ങള്‍ പറയാനും അല്ലാഹു നിര്‍ദ്ദേശിക്കുന്നു. എന്നിട്ടും നബി (സ്വ) തങ്ങളുടെ മൗലിദ്‌ ഓതാന്‍ പാടില്ലെന്ന്‌ പറയുന്നവരുടെ ധിക്കാരം നാം മനസ്സിലാക്കേണ്ട താണ്‌. 
      ഖൈസ്‌ ബ്‌നു സഅ്‌ദ്‌(റ) നെ തൊട്ട്‌ നിവേദനം: ``ഇബ്‌നു അബ്ബാസ്‌(റ) വന്ന്‌ ഉബൈദ്‌ ബ്‌നു ഉമൈര്‍ (റ) ന്റെ അരികില്‍ ഇരുന്നു. അദ്ദേഹം ചരിത്രം പറഞ്ഞു കൊണ്ടിരിക്കുകയാണ്‌. വിശുദ്ധ ഖുര്‍ ആനിലൂടെ ഇബ്‌റാഹീം നബി(അ)യെ നിങ്ങള്‍ പ്രകീര്‍ത്തിക്കുന്നു..... അങ്ങനെ പറഞ്ഞ്‌ പറഞ്ഞ്‌ അവര്‍ അല്ലാഹു അനുഗ്രഹം ചെയ്‌ത പ്രവാചക ശ്രേഷ്‌ഠരാണ്‌ എന്ന്‌ അര്‍ത്ഥം വരുന്ന ആയത്ത്‌ എത്തിയപ്പോള്‍ ഇബ്‌നു അബ്ബാസ്‌(റ) പറഞ്ഞു: അല്ലാഹുവിന്റെ ദിവസങ്ങളെ കൊണ്ട്‌ താങ്കള്‍ അവര്‍ക്ക്‌ വിവരിച്ചു കൊടുക്കുക. അല്ലാഹു പുകഴ്‌ത്തിയവരെ താങ്കള്‍ സ്‌തുതി കീര്‍ത്തനങ്ങള്‍ പറയുകയും ചെയ്യുക. (അദ്ദുര്‍റുല്‍ മന്‍സൂര്‍-മര്‍യം).
         അപ്പോള്‍ മൗലിദ്‌ പാരായണം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അംഗീകരിച്ചതും പ്രോ ത്സാഹിപ്പിച്ചതും സ്വഹാബികളും മറ്റ്‌ മുന്‍ഗാമി കളും ചെയ്‌തുവന്നതുമായ സുന്നത്തായ സദാചാര മാണെന്ന്‌ ഇത്തരം ആയത്തുകളും ഹദീസുകളും ഉദ്ധരിച്ച്‌ പണ്‌ഡിതന്മാര്‍ സ്ഥിരപ്പെടുത്തിയിട്ടുണ്ട്‌. ഹസ്സാനുബ്‌നു സാബിത്ത്‌(റ), കഅ്‌ബ്‌ ബ്‌നു മാലിക്‌(റ), അബ്‌ദുല്ലാഹി ബ്‌നു റവാഹ(റ) തുടങ്ങിയ സ്വഹാബികള്‍ നബി(സ്വ)യെ പ്രകീര്‍ ത്തിച്ചു പാടിയതും ആ സദസ്സുകളില്‍ നബി(സ്വ) പങ്കെടുത്ത്‌ അവരെ ആശിര്‍വദിച്ചതും അനിഷേധ്യ മായി സ്ഥിരപ്പെട്ട കാര്യങ്ങളാണ്‌. ഇനിയും ഈ മൗ ലിദ്‌ വിരോധികള്‍ എന്തിന്‌ മാറി നില്‍ക്കണം? 
       മരണപ്പെട്ടു പോയവരുടെ ഗുണങ്ങള്‍ പറയണമെ ന്നതിനും അത്‌ ബിദ്‌അത്തല്ല സുന്നത്താണെന്നതിനും ഇനിയും വ്യക്തമായ തെളിവുകളുണ്ട്‌. ഇബ്‌നു ഉമര്‍(റ)വില്‍ നിന്നും നിവേദനം: നബി (സ്വ) തങ്ങള്‍ പറഞ്ഞു; ``നിങ്ങളില്‍ മരണപ്പെട്ടവരുടെ ഗുണങ്ങള്‍ നിങ്ങള്‍ പറയുക''. ബൈഹഖി, തുര്‍മുദി, അബൂദാ വൂദ്‌ തുടങ്ങി ധാരാളം ഹദീസ്‌ പണ്‌ഡിതന്മാര്‍ ഈ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. സ്വഹാബികളുടെ ജീവിതം പരിശോധിക്കൂ. അവ്വാമ്‌ ബ്‌നു ഹൗശബ്‌ (റ) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഈ സമുദായത്തിലെ ഉത്തമ വിഭാഗവുമായി (സ്വഹാ ബത്ത്‌) ഞാന്‍ ഇടപഴകയിട്ടുണ്ട്‌. അവര്‍ പരസ്‌പരം പറയാറുണ്ടായിരുന്നു. നബി(സ്വ) യുടെ അസ്‌ഹാ ബുകളുടെ ഗുണഗണങ്ങള്‍ നിങ്ങള്‍ പറഞ്ഞ്‌ പ്രകീര്‍ ത്തിക്കുവീന്‍. നിങ്ങളുടെ ഹൃദയം ഇണങ്ങിച്ചേരാന്‍ വേണ്ടി. (അല്‍ ജാമിഉ ലി അഖ്‌ലാഖി റാവീ 1/77). ഇബ്‌നു ഉമര്‍ (റ) ല്‍ നിന്നും നിവേദനം; നബി (സ്വ) തങ്ങള്‍ പറഞ്ഞു : ``എന്റെ അനുചരന്മാരുടെ ഗുണങ്ങള്‍ നിങ്ങള്‍ പറയുക. നിങ്ങളുടെ ഹൃദയ ങ്ങള്‍ അവരോട്‌ ഇണങ്ങുന്നതിന്‌ വേണ്ടി. അവരുടെ പോരായ്‌മകള്‍ നിങ്ങള്‍ പറയരുത്‌. കാരണം അവ രുടെ പേരില്‍ നിങ്ങളുടെ ഹൃദയങ്ങള്‍ ഛിന്നഭിന്ന മായേക്കും''. അനസ്‌ ബനു മാലിക്‌ (റ) നിവേദനം ചെയ്യുന്നു; ``അലി (റ) യുടെ മാതാവ്‌ ഫാത്വിമ ബിന്‍ത്‌ അസദ്‌ (റ) വഫാത്തായപ്പോള്‍ റസൂലു ല്ലാഹി (സ്വ) മഹതിയുടെ അരികിലേക്ക്‌ ചെന്ന്‌ തലയുടെ ചാരത്ത്‌ ഇരുന്നു. എന്നിട്ട്‌ അവിടുന്ന്‌ പറഞ്ഞു. ``എന്റെ ഉമ്മാ, അങ്ങേക്ക്‌ അല്ലാഹു കരുണ ചെയ്യട്ടെ! അവിടുന്ന്‌ എന്റെ ഉമ്മക്ക്‌ ശേഷമുള്ള ഉമ്മയായിരുന്നു. നിങ്ങള്‍ വിശന്ന്‌ വലയുമ്പോഴും എന്റെ വയറ്‌ നിറച്ചു. നിങ്ങള്‍ ഉടയാടയില്ലാഞ്ഞിട്ടും എനിക്ക്‌ വസ്‌ത്രം നല്‍കി. മുന്തിയ തരം ഭക്ഷണം സ്വയം വെടിഞ്ഞ്‌ എനിക്ക്‌ നല്‍കി. അവ കൊണ്ട്‌ അല്ലാഹുവിന്റെ പ്രതിഫല വും പാരത്രിക മോക്ഷവും മാത്രമാണ്‌ അവിടുന്ന്‌ പ്രതീക്ഷിച്ചത്‌''. എന്നിങ്ങനെ പ്രകീര്‍ത്തിച്ചതിന്‌ ശേഷം മുമ്മൂന്ന്‌ പ്രാവശ്യമായി കുളിപ്പിക്കാന്‍ ആജ്ഞാപിച്ചു. കര്‍പ്പൂരമിട്ട വെള്ളം എത്തിയപ്പോള്‍ തിരുനബി (സ്വ) തങ്ങളുടെ പരിശുദ്ധ കരങ്ങള്‍ അതില്‍ മുക്കി. പിന്നെ അവിടുന്ന്‌ ധരിച്ച ഖമീസ്‌ അഴിച്ച്‌ മഹതിയെ ധരിപ്പിച്ചു. അതിന്‌ മേലെ കഫന്‍ പുടവ ധരിപ്പിച്ചു. പിന്നെ ഉസാമത്ത്‌ ബ്‌നു സൈദ്‌ (റ) അബൂ അയ്യൂബില്‍ അന്‍സ്വാരി (റ), ഉമര്‍ ബ്‌നു ഖത്താബ്‌ (റ), ഒരു കറുത്ത അടിമ എന്നിവരെ വിളിച്ചു. ഖബ്‌ര്‍ കുഴിക്കാന്‍ ആവശ്യപ്പെട്ടു. ലഹ്‌ദി (അടിഖബ്‌റി)നോട്‌ അടുത്തപ്പോള്‍ നബി (സ്വ) തങ്ങള്‍ നേരിട്ട്‌ കുഴിക്കുകയും അവിടുത്തെ തിരുകരങ്ങള്‍ കൊണ്ട്‌ തന്നെ മണ്ണ്‌ നീക്കുകയും ചെയ്‌തു. വിരമി ച്ചപ്പോള്‍ ആ ഖബറില്‍ നബി (സ്വ) കിടന്നു കൊണ്ട്‌ ദുആ ചെയ്‌തു. ``ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന, മരണമില്ലാതെ എന്നെന്നും ജീവിച്ചിരി ക്കുന്ന അല്ലാഹുവേ! നിന്റെ നബിയുടെയും എനിക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയ മുഴുവന്‍ അമ്പിയാക്കളു ടെയും ഹഖ്‌ കൊണ്ട്‌ എന്റെ ഉമ്മ ഫാത്വിമ ബിന്‍ത്‌ അസദിന്‌ നീ പൊറുത്തു കൊടുക്കണേ! അവര്‍ക്ക്‌ പ്രത്യുത്തരം നീ ചൊല്ലിക്കൊടുക്കേണമേ! മഹതി കടന്നുവന്നിരിക്കുന്നയിടം നീ വിശാലമാക്കി കൊടു ക്കണമേ! നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും കരു ണ ചൊരിയുന്നവനാണല്ലോ?'' പിന്നെ നാല്‌ തക്‌ബീ റുകള്‍ ചൊല്ലി (നിസ്‌കരിച്ചു). നബി(സ്വ) തങ്ങളും അബ്ബാസ്‌ (റ), സിദ്ദീഖ്‌ (റ) എന്നിവര്‍ ചേര്‍ന്ന്‌ മഹതി യെ ഖബറില്‍ വെച്ചു.(ത്വബ്‌റാനി, അബൂനുഐം).
         നബി(സ്വ) തങ്ങള്‍ അവിടുത്തെ പോറ്റുമ്മയുടെ മൗലിദ്‌ പാരായണം ചെയ്‌തു എന്ന്‌ മാത്രമല്ല, സ്വന്തത്തെയും മറ്റ്‌ അമ്പിയാക്കളെയും തവസ്സുലാ ക്കി ദുആ ചെയ്യുകയും ചെയ്‌തു. നബി (സ്വ) മൗലിദ്‌ ഓതിയിട്ടുണ്ടോ? സ്വഹാബത്ത്‌ മൗലിദ്‌ ഓതിയിട്ടു ണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണി ത്‌. അപ്പോള്‍ മൗലിദ്‌ പാരായണം സുന്നത്തും നബി തിരു മേനിയും ഉത്തമനൂറ്റാണ്ടുകാരും ചെയ്‌ത പു ണ്യകര്‍മ്മവൂമാണെന്ന്‌ വളരെ സ്‌പഷ്‌ടമായി. 
      എന്നാല്‍ മറ്റെല്ലാ ദിവസത്തിനും മാസത്തിനുമുപ രി നബി(സ്വ) തങ്ങളുടെ ജന്മമാസവും ദിവസവും മൗലിദ്‌ പാരായണത്തിനും മറ്റു പുണ്യകര്‍മ്മങ്ങള്‍ ക്കും വേണ്ടി പ്രത്യേകം തിരഞ്ഞടുക്കുന്നതിനും അന്നേ ദിവസം ആഘോഷിക്കുന്നതിനും അന്ന്‌ പ്രത്യേകം സന്തോഷം പ്രകടിപ്പിക്കുന്നതിനുമെന്താണ്‌ തെളിവ്‌?
     മഹത്തുക്കളുടെ ജനനം, മറ്റ്‌ പ്രധാന സംഭവങ്ങള്‍, അവ നടന്ന സ്ഥലങ്ങള്‍ അതില്‍ പുണ്യം കാണുന്നതും ആ സ്ഥലകാലങ്ങളെ കൊണ്ട്‌ ബറക്കത്ത്‌ എടുക്കുന്ന തും അത്‌ ആഘോഷിക്കുന്നതും പുത്തനാശയമല്ല. ഖുര്‍ആനും നബി(സ്വ) തങ്ങളും കല്‍പിച്ചതും പ്രേരിപ്പിച്ചതുമായ സുന്നത്ത്‌ കര്‍മ്മം തന്നെയാണ്‌ അതും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു; ``അല്ലാഹുവി ന്റെ ദിവസങ്ങളെ കൊണ്ട്‌ അവര്‍ക്ക്‌ താങ്കള്‍ ഓര്‍ മ്മിപ്പിക്കുക. കാരണം ക്ഷമാശീലര്‍ക്കും നന്ദിയുള്ള വരായ ഏതൊരാള്‍ക്കും അതില്‍ ദൃഷ്‌ടാന്തങ്ങ ളുണ്ട്‌''(ഇബ്‌റാഹിം 5). ഈ ആയത്തിന്റെ വിശദീക രണത്തില്‍ ഇബ്‌നു അബ്ബാസ്‌ (റ) അടക്കമുള്ള പ്രഗത്ഭരയ മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നു; ``അല്ലാഹുവിന്റെ ദിവസങ്ങള്‍'' എന്നതിന്റെ വിവക്ഷ അല്ലാഹു അനുഗ്രഹം ചെയ്‌ത ദിവസങ്ങള്‍ എന്നാണ്‌. തിരുനബി (സ്വ) തങ്ങള്‍ ജനിച്ച ദിവസം അല്ലാഹു ഓര്‍മ്മപ്പെടുത്താന്‍ പറഞ്ഞ ഈ ദിവസങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം ``സര്‍വ്വലോകത്തിനും അനുഗ്രഹ മായിട്ടാണ്‌ അങ്ങയെ നാം നിയോഗിച്ചത്‌'' എന്നാണ്‌ നബി(സ്വ) തങ്ങളെ കുറിച്ച്‌ അല്ലാഹു പറഞ്ഞത്‌. ലോകാനുഗ്രഹി റസൂലുല്ലാഹി(സ്വ) യുടെ ജന്മദിനം ഓര്‍മ്മപ്പെടുത്തേണ്ട ദിവസം തന്നെയാണ്‌. മാത്രമല്ല, ആ തിരുമേനിയെ കൊണ്ട്‌ സന്തോഷം പ്രകടിപ്പി ക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടുമുണ്ട്‌. ``പറയുക, അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും അനുഗ്രഹം കൊണ്ടും അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ്‌ അവര്‍ സംഭരിക്കുന്ന ഭൗതിക നേട്ടത്തേക്കാള്‍ ഉത്തമം'' (യൂനുസ്‌ 58) എന്ന ആയത്തിന്റെ വ്യാഖ്യാ നത്തില്‍ മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നു: ``ഇബ്‌നു അബ്ബാസ്‌(റ) പറഞ്ഞു: ``ഈ ആയത്തിലെ ഔദാര്യം കൊണ്ട്‌ വിവക്ഷിക്കുന്നത്‌ അറിവും അനുഗ്രഹം കൊണ്ട്‌ വിവക്ഷിക്കുന്നത്‌ മുഹമ്മദ്‌ നബി(സ്വ) തങ്ങളുമാണ്‌. `സര്‍വ്വലോകത്തിനും അനുഗ്രഹമായി ട്ടാണ്‌ അങ്ങയെ നാം അയച്ചത്‌' എന്ന്‌ അല്ലാഹു പറഞ്ഞിട്ടുമുണ്ട്‌. (ദുര്‍റുല്‍ മന്‍സൂര്‍, ബഹ്‌റുല്‍ മുഹീത്‌, റൂഹുല്‍ മആനി).
      തിരുനബി(സ്വ) തങ്ങളുടെ ജന്മദിനത്തില്‍ സന്തോഷിച്ച്‌, സുവൈബത്തുല്‍ അസ്‌ലമിയ്യ എന്ന അടിമസ്‌ത്രീയെ മോചിപ്പിച്ച അബൂലഹബിന്‌ എല്ലാ തിങ്കളാഴ്‌ചയും നരകശിക്ഷിയില്‍ ഇളവ്‌ ലഭിക്കുന്നുവെന്ന്‌ ഇമാം ബുഖാരി(റ)യടക്കം റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസുകളില്‍ വന്നിട്ടുണ്ട്‌. ഇമാം അല്‍ഹാഫിള്‌ ശംസുദ്ദീന്‍ അബുല്‍ഖൈര്‍ മുഹമ്മദുല്‍ ജസരി(റ)യും അല്‍ ഹാഫിള്‌ ശംസുദ്ദീന്‍ ദിമശ്‌ഖി(റ) യുമെല്ലാം അബൂലഹബിന്റെ ഈ സംഭവം ഉദ്ധരി ച്ചു കൊണ്ട്‌ പറയുകയാണ്‌ : ``വിശുദ്ധ ഖുര്‍ആന്‍ കഠിനമായി ആക്ഷേപിക്കുകയും നരകത്തില്‍ കാലാ കാലം താമസിക്കുന്നവനുമായ അബൂലഹബ്‌ എന്ന കാഫിറിന്റെ അവസ്ഥ ഇതാണെങ്കില്‍ ആയുഷ്‌ ക്കാലം മുഴുവന്‍ നബി(സ്വ) യുടെ ജന്മദിനം കൊണ്ട്‌ സന്തോഷിക്കുകയും അവിടുത്തെ അതിരറ്റ്‌ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു സത്യവിശ്വാ സിയുടെ അവസ്ഥയെ കുറിച്ച്‌ നീ എന്താണ്‌ മനസ്സിലാക്കുന്നത്‌? ഇമാം സുയൂഥി(റ)തന്റെ അല്‍ ഹാവീ ലില്‍ഫതാവയിലും ഇമാം സുര്‍ഖാനി(റ) തന്റെ ശറഹുല്‍ മവാഹിബിലും മറ്റു പല പണ്‌ഡിതരും ഇത്‌ ഉദ്ധരിച്ചതായി കാണാം. 
തിരുനബി(സ്വ) തന്നെ അവിടുത്തെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും അതിന്‌ പ്രേരണ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. അബൂഖതാദത്തില്‍ അന്‍സാരി(റ)യില്‍ നിന്ന്‌ നിവേദനം: നിശ്ചയം തിങ്കളാഴ്‌ച ദിവസം നോമ്പ്‌ പിടിക്കുന്നതിനെ കുറിച്ച്‌ റസൂലുല്ലാഹി(സ്വ) തങ്ങളോട്‌ ചോദിക്കപ്പെട്ടു. അവിടുന്ന്‌ പറഞ്ഞു: അന്നാണ്‌ എന്നെ പ്രസവിക്ക പ്പെട്ടത്‌. എനിക്ക്‌ വിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ടതും അന്ന്‌ തന്നെയായിരുന്നു. (മുസ്‌ലിം). ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം മുല്ലാ അലിയ്യുല്‍ ഖാരി (റ) തന്റെ മിര്‍ഖാത്തില്‍ വിവരിക്കുന്നു. ``ഭൗതികവും പാരത്രികവുമായ അനുഗ്രഹങ്ങളുടെ ഉത്ഭവ സമയം പ്രത്യക്ഷവും പരോക്ഷവുമായ സല്‍കര്‍ മ്മങ്ങളെ കൊണ്ട്‌ ധന്യമാക്കാന്‍ ഏറ്റവും അര്‍ഹത പ്പെട്ടത്‌ തന്നെയാണ്‌. അതില്‍ നന്ദി പ്രകടിപ്പിക്കല്‍ നിര്‍ബന്ധവും നോമ്പ്‌ നിര്‍വ്വഹിക്കാന്‍ ബാധ്യതപ്പെ ട്ടതുമാണ്‌. കാരണം പൂര്‍ണ്ണ അനുഗ്രഹം അല്ലാഹു എനിക്ക്‌ നല്‍കിയതിന്‌ വേണ്ടി'' എന്നാണ്‌ ഈ പറഞ്ഞതിന്റെ വിവക്ഷ. ഇമാം ത്വീബി (റ) പറഞ്ഞത്‌ ``ആ ദിവസത്തിലാണ്‌ നിങ്ങളുടെ നബിയുടെ ഉത്ഭവവും, നിങ്ങളുടെ വിശുദ്ധ ഗ്രന്ഥം ഇറക്കിയതും. പ്രവാചകത്വം സ്ഥിരപ്പെട്ടതും അന്നാണ്‌. എന്നിരിക്കെ നോമ്പെടുക്കാന്‍ ഇതിനേക്കാള്‍ ബന്ധപ്പെട്ട ദിവസം മറ്റേതുണ്ട്‌. ആ ദിവസത്തിന്റെ പുണ്യം പറയേണ്ടതില്ലെന്നര്‍ത്ഥം.'' നബി(സ്വ) തങ്ങള്‍ക്ക്‌ നുബുവ്വത്ത്‌ നല്‍കി ആദിരിക്കാന്‍ അല്ലാഹു തെരെഞ്ഞെടുത്തതും നബി (സ്വ) യുടെ ജന്മദിനമായിരുന്നുവെന്നതും വളരെ ശ്രദ്ധേയമാണ്‌.
     നബി (സ്വ) തങ്ങള്‍ വെള്ളിയാഴ്‌ചയെ കുറിച്ച്‌ ഇങ്ങനെ പഠിപ്പിക്കുന്നതായി കാണാം. അബൂഹു റൈറ(റ) യില്‍ നിന്ന്‌ നിവേദനം: റസൂലുല്ലാഹി (സ്വ) പറഞ്ഞു: ``സൂര്യന്‍ ഉദിച്ച ദിവസങ്ങളില്‍ ഏറ്റവും ഉത്തമമായത്‌ വെള്ളിയാഴ്‌ച ദിവസമാണ്‌. ആ ദിനത്തിലാണ്‌ ആദം(അ) യെ പടക്കപ്പെട്ടത്‌. അന്ന്‌ തന്നെയാണ്‌ ആദം നബി(അ)ന്‌ സ്വര്‍ഗ്ഗപ്രവേശം നല്‍കപ്പെട്ടതും. അവിടുന്ന്‌ ഭൂമിയിലേക്ക്‌ ഇറക്ക പ്പെട്ടതും അന്ന്‌ തന്നെ. ഖിയാമത്ത്‌ നാള്‍ സംഭവിക്കു ന്നതും വെള്ളിയാഴ്‌ച തന്നെയായിരിക്കും.'' 
       മറ്റൊരു ഹദീസ്‌ ഇങ്ങനെ വായിക്കാം; നിശ്ചയം നിങ്ങളുടെ ഉത്‌ക്കൃഷ്‌ട ദിവസങ്ങളില്‍ പെട്ടതാണ്‌ വെള്ളിയാഴ്‌ച. അതിലാണ്‌ ആദം നബി (അ) യെ സൃഷ്‌ടിക്കപ്പെട്ടത്‌. ആദം നബി (അ) യുടെ ആത്മാവ്‌ പിടിക്കപ്പെട്ടതും അന്ന്‌ തന്നെ. അതിനാല്‍ അന്നേ ദിവസം നിങ്ങള്‍ എന്റെ മേല്‍ സ്വലാത്ത്‌ വര്‍ദ്ധിപ്പി ക്കുക. കാരണം നിങ്ങളുടെ സ്വലാത്തുകള്‍ എനിക്ക്‌ പ്രദര്‍ശിക്കപ്പെടും. അവര്‍ ചോദിച്ചു:                  അല്ലാഹുവിന്റെ റസൂലേ! അങ്ങ്‌ നുരമ്പിയിട്ടുണ്ടാ വില്ലേ? പിന്നെ എങ്ങനെ ഞങ്ങളുടെ സ്വലാത്തുകള്‍ അങ്ങേക്ക്‌ പ്രദര്‍ശിപ്പിക്കപ്പെടുക?'' ഉടന്‍ നബി (സ്വ) തങ്ങള്‍ പറഞ്ഞു: അമ്പിയാക്കളുടെ ഭൗതിക ശരീരം തിന്നുന്നത്‌ ഭൂമിക്ക്‌ അല്ലാഹു ഹറാമാക്കിയി രിക്കുന്നു''. ഇമാം അഹ്‌മദ്‌(റ), അബൂദാവൂദ്‌, നസാഈ(റ) തുടങ്ങി ധാരാളം മുഹദ്ദിസുകള്‍ ഈ ഹദീസ്‌ ഉദ്ധരിച്ചിട്ടുണ്ട്‌. 
ഇബ്‌നു  അബ്ബാസ്‌(റ)നെ തൊട്ട്‌ നിവേദനം: ``മഹാനവര്‍കള്‍ ...��d ���cG ���dG എന്ന ആയത്ത്‌ പാരായണം ചെയ്‌തു. അപ്പോള്‍ സമീപത്ത്‌ നിന്നിരുന്ന ഒരു ജൂതന്‍ പറഞ്ഞു: ഈ ആയത്ത്‌ ഞങ്ങളുടെ മേലിലാണ്‌ അവതരിച്ചിരുന്നതെങ്കില്‍ ആ ദിവസം ഞങ്ങള്‍ ആഘോഷ ദിവസമാക്കുമാ യിരുന്നു. ഉടനെ ഇബ്‌നു അബ്ബാസ്‌ (റ) പറഞ്ഞു; അതിറങ്ങിയത്‌ രണ്ട്‌ ആഘോഷങ്ങളുടെ ദിവസത്തി ലായിരുന്നു. ഒരു വെള്ളിയാഴ്‌ച അറഫാ ദിനത്തില്‍''. (ദുര്‍റുല്‍ മന്‍സൂര്‍)
        ത്വാരിഖ്‌ ബ്‌നു സിയാദ്‌(റ)നെ തൊട്ട്‌ നിവേദനം; ``ഒരു ജൂതന്‍ ഉമര്‍ (റ) ന്റെ അരികില്‍ വന്ന്‌ പറഞ്ഞു. ഓ അമീറുല്‍ മുഅ്‌മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരു സൂക്തം അത്‌ ജൂത സമൂഹത്തിന്റെ മേലിലാണ്‌ അവതരിച്ചി രുന്നതെങ്കില്‍ ആ ദിവസം ഞങ്ങള്‍ ആഘോഷദിവസ മാക്കുമായിരുന്നേനെ. ഉമര്‍ (റ) പറഞ്ഞു; ഏത്‌ ആയത്താണ്‌ത്‌? ജൂതന്‍: ``ഇന്ന്‌ നിങ്ങളുടെ മതം നിങ്ങള്‍ക്ക്‌ ഞാന്‍ സമ്പൂര്‍ണ്ണമാക്കിത്തന്നിരിക്കുന്നു'' എന്ന ആയത്താണ്‌. ഉമര്‍(റ) : അത്‌ അവതരിച്ച ദിവസവും സ്ഥലവും എനിക്കറിയാം. നബി (സ്വ) തങ്ങള്‍ക്ക അറഫയില്‍ വെച്ച്‌ വെള്ളിയാഴ്‌ചയാണത്‌ അവതരിച്ചത്‌. അതവാ മുസ്‌ലിംകള്‍ ആ ദിവസങ്ങള്‍ ആഘോഷ ദിവസമായി കൊണ്ടാടുന്നുണ്ട്‌ എന്നര്‍ത്ഥം. (തഫ്‌സീര്‍ ഖാസിന്‍).
   ഇമാം ഖസ്ഥല്ലാനി (റ) പറയുന്നു; നബി (സ്വ) യുടെ ജനനം റബീഉല്‍ അവ്വല്‍ 12 നാണ്‌. അതുകൊണ്ടാണ്‌ ഈ സമയം നബി (സ്വ) യുടെ ജന്മസ്ഥലം സന്ദര്‍ശിച്ച്‌ മക്കക്കാര്‍ ജന്മദിനം ആചരിച്ച്‌ വരുന്നത്‌ (അല്‍ മവാഹിബുല്ലദുന്നിയ്യ 1/142. 
            ചുരുക്കത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ച മഹത്തായ ദിനങ്ങള്‍ക്കും സമയങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും പുണ്യമുള്ള താണെന്നും അവ ആഘോഷിക്ക പ്പെടേണ്ടതാണെന്നും മേല്‍വിവരിച്ച ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും വ്യക്തമായി. 
ഇമാമുകള്‍ പറഞ്ഞതെന്ത്‌?
       ഇമാം ഹസന്‍ ബസ്വരി (റ) : ``ഉഹ്‌ദ്‌ പര്‍വ്വതത്തോളം സ്വര്‍ണ്ണം എനിക്കുണ്ടായിരുന്നെ ങ്കില്‍ അത്‌ മുഴുവന്‍ ഞാന്‍ റസൂല്‍ (സ്വ) തങ്ങളുടെ മൗലിദ്‌ പാരായണത്തിന്‌ ചെലവഴിക്കുമായിരുന്നു.'' (ഇആനത്ത്‌). 
     ബഹുമാനപ്പെട്ട മഅ്‌റൂഫുല്‍ കര്‍ഖി (റ) പറഞ്ഞു; ``മൗലിദുര്‍റസൂല്‍' പാരയണം ചെയ്യുന്നതിന്‌ വേണ്ടി വല്ലവനും ഭക്ഷണം തയ്യാര്‍ ചെയ്യുകയും വിളക്ക്‌ കത്തിച്ച്‌ ആളുകളെ വിളിച്ചു കൂട്ടുകയും ജന്മദിനത്തില്‍ പുതുവസ്‌ത്രം ധരിച്ചും സുഗന്ധദ്രവ്യ ങ്ങള്‍ ഉപയോഗിച്ചും ഭംഗിയാവുകയും ചെയ്‌താല്‍ അമ്പിയാക്കന്മാരോട്‌ കൂടി അല്ലാഹു അവനെ ഒരുമിച്ചു കൂട്ടുകയും (``നീ സ്‌നേഹിച്ചവരോടൊപ്പ മാണ്‌ നീ'' എന്ന തിരുവചനം ഓര്‍മ്മിക്കുക) `ഇല്ലിയ്യീന്‍' എന്ന ഉന്നതസ്ഥാനം കൈവരിക്കുകയും ചെയ്യും. ഒരുത്തന്‍ നാണയത്തുട്ടുകളെടുത്ത്‌ വെച്ച്‌ അതില്‍ മൗലിദ്‌ പാരായണം ചെയ്യുകയും ആ പണം തന്റെ പണത്തോട്‌ കൂടെ കൂട്ടി കലര്‍ത്തുകയും ചെയ്‌താല്‍ അതില്‍ ബറക്കത്ത്‌ ഉണ്ടാവുന്നതാണ്‌. അതിന്റെ ഉടമസ്ഥന്‍ ദരിദ്രനാവുകയോ അവന്റെ കരം കാലിയാവുകയോ ഇല്ല. റസൂലുല്ലാഹി (സ്വ) യുടെ ബറക്കത്ത്‌ കൊണ്ട്‌.'' (ഇആനത്ത്‌).
         ഇമാം ഖസ്‌ത്വല്ലാനി (റ): ``മുസ്‌ലിംകള്‍ തിരുന ബി (സ്വ) തങ്ങളുടെ ജന്മദിനം ആഘോഷിക്കുകയും അതിന്റെ രാത്രികളില്‍ സദ്യകള്‍ സംഘടിപ്പിക്കു കയും പലതരം ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും നന്മകള്‍ അധികരിപ്പിക്കുകയും ചെയ്യുന്ന പതിവ്‌ മുസ്‌ലികളില്‍ നടന്നുവരുന്ന സദാചാരമാണ്‌. അതിന്റെ ബറക്കത്തിനാല്‍ സര്‍വ്വവിധ മഹത്വങ്ങ ളും അവരില്‍ വെളിവാകുന്നുമുണ്ട്‌ (അല്‍ മവാ ഹിബുല്ലദുന്നിയ്യ).
പുത്തനാശയക്കാര്‍ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്‌നുതൈമിയ്യ:`` ജന്മദിനത്തെ ചിലയാളുകള്‍ ബഹുമാനിക്കുകയും അതിനെ ഒരു വലിയ ഉത്സവമാക്കുകയും ചെയ്‌തുവരുന്നു. അവരുടെ സദുദ്ദേശവും നബി (സ്വ) തങ്ങളോടുള്ള ആദരവ്‌ പ്രകടിപ്പിക്കലും കാരണമായി അവര്‍ക്കതിന്‌ മഹത്തായ പ്രതിഫലം ലഭിക്കുകയും ചെയ്യും'' (ഇഖ്‌തിളാഉ സ്വിറാത്തില്‍ മുസ്‌തഖീം).
            ചില മൗലിദ്‌ സദസ്സുകളില്‍ നടക്കുന്ന അനാചാരങ്ങളുടെ പേരില്‍ മൗലിദാഘോഷത്തെ എതിര്‍ത്ത ശൈഖ്‌ താജുദ്ദീന്‍ അല്‍ ഫാകിഹാനിയെ ഖണ്ഡിച്ച്‌ കൊണ്ട്‌ അല്ലാമാ ഇമാം സുയൂഥി(റ) പറഞ്ഞത്‌ ചുരുക്കി ഇവിടെ വിവരിക്കാം: ``റമളാനിലെ തറാവീഹ്‌ നിസ്‌കാരത്തിന്‌ സമ്മേളിക്കുന്ന സന്ദര്‍ഭത്തിലും ഇത്തരം അനാചാരങ്ങള്‍ ചിലയാളുകള്‍ ചെയ്യുന്നത്‌ നമുക്ക്‌ കാണാം. എന്ന്‌ കരുതി തറാവീഹിനെ ആക്ഷേപിക്കാനും അത്‌ തെറ്റാണെന്ന്‌ പറയാനും സാധിക്കുമോ? ഒരിക്കലും പറ്റില്ല. മറിച്ച്‌ തറാവീഹ്‌ നിസ്‌കാരത്തിന്‌ ഒരുമിച്ചു കൂടുന്നതിന്റെ അടിസ്ഥാനം സുന്നത്തും സല്‍കര്‍മ്മവുമാണ്‌. അതിലേക്ക്‌ കൂടിയ അനാചാരങ്ങള്‍ വൃത്തികെട്ടതുമാണ്‌. അതേപ്രകാരം ജന്മദിനത്തില്‍ ബഹുമാനവും സന്തോഷവും പ്രകടിപ്പിക്കുന്നതിന്‌ വേണ്ടി ഒരുമിച്ചു കൂടുന്നത്‌ സുന്നത്തും സല്‍കര്‍മ്മവുമാണ്‌. എന്നാല്‍ അതിലേക്ക്‌ കൂട്ടിച്ചേര്‍ക്കുന്ന അനാചാരങ്ങള്‍ ആക്ഷേപാര്‍ഹവും എതിര്‍ക്കപ്പെടേണ്ടതുമാണ്‌. (അല്‍ ഹാവീ ലില്‍ഫതാവാ)
        മേല്‍വിവരിച്ചതിനപ്പുറം ധാരാളം തെളിവുകളും പ്രമാണങ്ങളും മഹത്തുക്കളായ പണ്ഡിതര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഹൃദയങ്ങളില്‍ ഈമാനുള്ളവര്‍ക്ക്‌ ഇത്‌ തന്നെ ധാരാളമാണ്‌. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...