നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 24 September 2017

തിരുനബി(സ്വ) ജന്മദിനം

           തിരുനബി(സ്വ) ജന്മദിനം

            തിരുനബി(സ്വ) തന്നെ അവിടുത്തെ ജന്‍മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും അതിന് പ്രേരണ നല്‍കുകയും ചെയ്തിട്ടുണ്ട്. അബൂഖതാദത്തില്‍ അന്‍സാരി(റ)യില്‍ നിന്ന് നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്പ് പിടിക്കുന്നതിനെ കുറിച്ച് റസൂലുല്ലാഹി(സ്വ) തങ്ങളോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: അന്നാണ് എന്നെ പ്രസവിക്കപ്പെട്ടത്. എനിക്ക് വിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ടതും അന്ന് തന്നെയായിരുന്നു. (മുസ്ലിം). ഈ ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ ഇമാം മുല്ലാ അലിയ്യുല്‍ ഖാരി (റ) തന്‍റെ മിര്‍ഖാത്തില്‍ വിവരിക്കുന്നു. "ഭൗതികവും പാരത്രികവുമായ അനുഗ്രഹങ്ങളുടെ ഉത്ഭവ സമയം പ്രത്യക്ഷവും പരോക്ഷവുമായ സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടത് തന്നെയാണ്. അതില്‍ നന്ദി പ്രകടിപ്പിക്കല്‍ നിര്‍ബന്ധവും നോമ്പ് നിര്‍വ്വഹിക്കാന്‍ ബാധ്യതപ്പെട്ടതുമാണ്. കാരണം പൂര്‍ണ്ണ അനുഗ്രഹം അല്ലാഹു എനിക്ക് നല്‍കിയതിന് വേണ്ടി" എന്നാണ് ഈ പറഞ്ഞതിന്‍റെ വിവക്ഷ. ഇമാം ത്വീബി (റ) പറഞ്ഞത് "ആ ദിവസത്തിലാണ് നിങ്ങളുടെ നബിയുടെ ഉത്ഭവവും, നിങ്ങളുടെ വിശുദ്ധ ഗ്രന്ഥം ഇറക്കിയതും. പ്രവാചകത്വം സ്ഥിരപ്പെട്ടതും അന്നാണ്. എന്നിരിക്കെ നോമ്പെടുക്കാന്‍ ഇതിനേക്കാള്‍ ബന്ധപ്പെട്ട ദിവസം മറ്റേതുണ്ട്. ആ ദിവസത്തിന്‍റെ പുണ്യം പറയേണ്ടതില്ലെന്നര്‍ത്ഥം." നബി(സ്വ) തങ്ങള്‍ക്ക് നുബുവ്വത്ത് നല്‍കി ആദിരിക്കാന്‍ അല്ലാഹു തെരെഞ്ഞെടുത്തതും നബി (സ്വ) യുടെ ജډദിനമായിരുന്നുവെന്നതും വളരെ ശ്രദ്ധേയമാണ്.
                 നബി (സ്വ) തങ്ങള്‍ വെള്ളിയാഴ്ചയെ കുറിച്ച് ഇങ്ങനെ പഠിപ്പിക്കുന്നതായി കാണാം. അബൂഹുറൈറ(റ) യില്‍ നിന്ന് നിവേദനം: റസൂലുല്ലാഹി (സ്വ) പറഞ്ഞു: "സൂര്യന്‍ ഉദിച്ച ദിവസങ്ങളില്‍ ഏറ്റവും ഉത്തമമായത് വെള്ളിയാഴ്ച ദിവസമാണ്. ആ ദിനത്തിലാണ് ആദം(അ) യെ പടക്കപ്പെട്ടത്. അന്ന് തന്നെയാണ് ആദം നബി(അ)ന് സ്വര്‍ഗ്ഗപ്രവേശം നല്‍കപ്പെട്ടതും. അവിടുന്ന് ഭൂമിയിലേക്ക് ഇറക്കപ്പെട്ടതും അന്ന് തന്നെ. ഖിയാമത്ത് നാള്‍ സംഭവിക്കുന്നതും വെള്ളിയാഴ്ച തന്നെയായിരിക്കും." 
മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം; നിശ്ചയം നിങ്ങളുടെ ഉത്ക്കൃഷ്ട ദിവസങ്ങളില്‍ പെട്ടതാണ് വെള്ളിയാഴ്ച. അതിലാണ് ആദം നബി (അ) യെ സൃഷ്ടിക്കപ്പെട്ടത്. ആദം നബി (അ) യുടെ ആത്മാവ് പിടിക്കപ്പെട്ടതും അന്ന് തന്നെ. അതിനാല്‍ അന്നേ ദിവസം നിങ്ങള്‍ എന്‍റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുക. കാരണം നിങ്ങളുടെ സ്വലാത്തുകള്‍ എനിക്ക് പ്രദര്‍ശിക്കപ്പെടും. അവര്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ! അങ്ങ് നുരമ്പിയിട്ടുണ്ടാവില്ലേ? പിന്നെ എങ്ങനെ ഞങ്ങളുടെ സ്വലാത്തുകള്‍ അങ്ങേക്ക് പ്രദര്‍ശിപ്പിക്കപ്പെടുക?" ഉടന്‍ നബി (സ്വ) തങ്ങള്‍ പറഞ്ഞു: അമ്പിയാക്കളുടെ ഭൗതിക ശരീരം തിന്നുന്നത് ഭൂമിക്ക് അല്ലാഹു ഹറാമാക്കിയിരിക്കുന്നു". ഇമാം അഹ്മദ്(റ), അബൂദാവൂദ്, നസാഈ(റ) തുടങ്ങി ധാരാളം മുഹദ്ദിസുകള്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. 
ഇബ്നു അബ്ബാസ്(റ)നെ തൊട്ട് നിവേദനം: "മഹാനവര്‍കള്‍ എന്ന ആയത്ത് പാരായണം ചെയ്തു. അപ്പോള്‍ സമീപത്ത് നിന്നിരുന്ന ഒരു ജൂതന്‍ പറഞ്ഞു: ഈ ആയത്ത് ഞങ്ങളുടെ മേലിലാണ് അവതരിച്ചിരുന്നതെങ്കില്‍ ആ ദിവസം ഞങ്ങള്‍ ആഘോഷ ദിവസമാക്കുമായിരുന്നു. ഉടനെ ഇബ്നു അബ്ബാസ് (റ) പറഞ്ഞു; അതിറങ്ങിയത് രണ്ട് ആഘോഷങ്ങളുടെ ദിവസത്തിലായിരുന്നു. ഒരു വെള്ളിയാഴ്ച അറഫാ ദിനത്തില്‍". (ദുര്‍റുല്‍ മന്‍സൂര്‍)
                  ത്വാരിഖ് ബ്നു സിയാദ്(റ)നെ തൊട്ട് നിവേദനം; "ഒരു ജൂതന്‍ ഉമര്‍ (റ) ന്‍റെ അരികില്‍ വന്ന് പറഞ്ഞു. ഓ അമീറുല്‍ മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരു സൂക്തം അത് ജൂത സമൂഹത്തിന്‍റെ മേലിലാണ് അവതരിച്ചിരുന്നതെങ്കില്‍ ആ ദിവസം ഞങ്ങള്‍ ആഘോഷദിവസമാക്കുമായിരുന്നേനെ. ഉമര്‍ (റ) പറഞ്ഞു; ഏത് ആയത്താണ്ത്? ജൂതന്‍: "ഇന്ന് നിങ്ങളുടെ മതം നിങ്ങള്‍ക്ക് ഞാന്‍ സമ്പൂര്‍ണ്ണമാക്കിത്തന്നിരിക്കുന്നു" എന്ന ആയത്താണ്. ഉമര്‍(റ) : അത് അവതരിച്ച ദിവസവും സ്ഥലവും എനിക്കറിയാം. നബി (സ്വ) തങ്ങള്‍ക്ക അറഫയില്‍ വെച്ച് വെള്ളിയാഴ്ചയാണത് അവതരിച്ചത്. അതവാ മുസ്ലിംകള്‍  ആ ദിവസങ്ങള്‍ ആഘോഷ ദിവസമായി കൊണ്ടാടുന്നുണ്ട് എന്നര്‍ത്ഥം. (തഫ്സീര്‍ ഖാസിന്‍).
                        ഇമാം ഖസ്ഥല്ലാനി (റ) പറയുന്നു; നബി (സ്വ) യുടെ ജനനം റബീഉല്‍ അവ്വല്‍ 12 നാണ്. അതുകൊണ്ടാണ് ഈ സമയം നബി (സ്വ) യുടെ ജډസ്ഥലം സന്ദര്‍ശിച്ച് മക്കക്കാര്‍ ജډദിനം ആചരിച്ച് വരുന്നത് (അല്‍ മവാഹിബുല്ലദുന്നിയ്യ 1/142. 
ചുരുക്കത്തില്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ച മഹത്തായ ദിനങ്ങള്‍ക്കും സമയങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും പുണ്യമുള്ളതാണെന്നും അവ ആഘോഷിക്കപ്പെടേണ്ടതാണെന്നും മേല്‍വിവരിച്ച ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും വ്യക്തമായി. 
ഇമാമുകള്‍ പറഞ്ഞതെന്ത്?
                          ഇമാം ഹസന്‍ ബസ്വരി (റ) : "ഉഹ്ദ് പര്‍വ്വതത്തോളം സ്വര്‍ണ്ണം എനിക്കുണ്ടായിരുന്നെങ്കില്‍ അത് മുഴുവന്‍ ഞാന്‍ റസൂല്‍ (സ്വ) തങ്ങളുടെ മൗലിദ് പാരായണത്തിന് ചെലവഴിക്കുമായിരുന്നു." (ഇആനത്ത്). 
ബഹുമാനപ്പെട്ട മഅ്റൂഫുല്‍ കര്‍ഖി (റ) പറഞ്ഞു; "മൗലിദുര്‍റസൂല്‍' പാരയണം ചെയ്യുന്നതിന് വേണ്ടി വല്ലവനും ഭക്ഷണം തയ്യാര്‍ ചെയ്യുകയും വിളക്ക് കത്തിച്ച് ആളുകളെ വിളിച്ചു കൂട്ടുകയും ജډദിനത്തില്‍ പുതുവസ്ത്രം ധരിച്ചും സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചും ഭംഗിയാവുകയും ചെയ്താല്‍ അമ്പിയാക്കډാരോട് കൂടി അല്ലാഹു അവനെ ഒരുമിച്ചു കൂട്ടുകയും ("നീ സ്നേഹിച്ചവരോടൊപ്പമാണ് നീ" എന്ന തിരുവചനം ഓര്‍മ്മിക്കുക) 'ഇല്ലിയ്യീന്‍' എന്ന ഉന്നതസ്ഥാനം കൈവരിക്കുകയും ചെയ്യും. ഒരുത്തന്‍ നാണയത്തുട്ടുകളെടുത്ത് വെച്ച് അതില്‍ മൗലിദ് പാരായണം ചെയ്യുകയും ആ പണം തന്‍റെ പണത്തോട് കൂടെ കൂട്ടി കലര്‍ത്തുകയും ചെയ്താല്‍ അതില്‍ ബറക്കത്ത് ഉണ്ടാവുന്നതാണ്. അതിന്‍റെ ഉടമസ്ഥന്‍ ദരിദ്രനാവുകയോ അവന്‍റെ കരം കാലിയാവുകയോ ഇല്ല. റസൂലുല്ലാഹി (സ്വ) യുടെ ബറക്കത്ത് കൊണ്ട്." (ഇആനത്ത്).
                  ഇമാം ഖസ്ത്വല്ലാനി (റ): "മുസ്ലിംകള്‍ തിരുനബി (സ്വ) തങ്ങളുടെ ജډദിനം ആഘോഷിക്കുകയും അതിന്‍റെ രാത്രികളില്‍ സദ്യകള്‍ സംഘടിപ്പിക്കുകയും പലതരം ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും നډകള്‍ അധികരിപ്പിക്കുകയും ചെയ്യുന്ന പതിവ് മുസ്ലികളില്‍ നടന്നുവരുന്ന സദാചാരമാണ്. അതിന്‍റെ ബറക്കത്തിനാല്‍ സര്‍വ്വവിധ മഹത്വങ്ങളും അവരില്‍ വെളിവാകുന്നുമുണ്ട് (അല്‍ മവാഹിബുല്ലദുന്നിയ്യ).
                           പുത്തനാശയക്കാര്‍ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യ:" ജډദിനത്തെ ചിലയാളുകള്‍ ബഹുമാനിക്കുകയും അതിനെ ഒരു വലിയ ഉത്സവമാക്കുകയും ചെയ്തുവരുന്നു. അവരുടെ സദുദ്ദേശവും നബി (സ്വ) തങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കലും കാരണമായി അവര്‍ക്കതിന് മഹത്തായ പ്രതിഫലം ലഭിക്കുകയും ചെയ്യും" (ഇഖ്തിളാഉ സ്വിറാത്തില്‍ മുസ്തഖീം).

Related Posts Plugin for WordPress, Blogger...