നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 21 October 2017

കഴുതയെ ചുമക്കുന്ന കഴുതകള്‍

കഴുതയെ ചുമക്കുന്ന കഴുതകള്‍


                ടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പരന്ന ഒരു കുറിപ്പ് വളരെ യാഥാര്‍ത്ഥ്യമായി തോന്നി. "തന്‍റെ വീടിന്‍റെ ജനലിലൂടെ തൊട്ടടുത്ത വീട്ടിലെ അയലിലേക്ക് നോക്കിയപ്പോള്‍ ആ സ്ത്രീക്ക് കാണാന്‍ കഴിഞ്ഞത് അഴുക്ക് പുരണ്ട വസ്ത്രങ്ങളായിരുന്നു. ഇതുകണ്ട് അയല്‍വാസിയുടെ  വൃത്തിയില്ലായ്മയെ പറ്റി സദാ പുലമ്പിക്കൊണ്ടിരുന്ന ആ സ്ത്രീയുടെ ഭര്‍ത്താവ് എഴുന്നേറ്റ് വന്ന് ജനാലയുടെ ചില്ലുകളില്‍ പറ്റിപ്പിടിച്ചിരുന്ന അഴുക്കുകളും പൊടിപടലങ്ങളും തുടച്ച് നീക്കി. ശേഷം ഭാര്യയോട് പറഞ്ഞു: ഒന്ന് കൂടി നോക്കൂ. അപ്പോള്‍ മനസ്സിലാകും അഴുക്ക് അവരുടെ വസ്ത്രങ്ങളിലാണോ? നമ്മുടെ ജനലിന്‍റെ ഗ്ലാസ്സിലാണോ എന്ന്. തുടര്‍ന്ന് നോക്കിയ സ്ത്രീക്ക് കാണാന്‍ കഴിഞ്ഞത് നല്ല ശോഭയില്‍ തിളങ്ങുന്ന വസ്ത്രങ്ങളെയായിരുന്നു". 
                  ഇത് തന്നെയാണ് ഇന്നത്തെ കൂടുതല്‍ മനുഷ്യരുടെയും അവസ്ഥ. അഴുക്കും പൊടിപടലങ്ങളും പിടിച്ച മനതലങ്ങളില്‍ നിന്ന് നാം മറ്റുള്ളവരെ വീക്ഷിക്കുമ്പോള്‍ മഞ്ഞപ്പിത്തം പിടിച്ചവനെപ്പോലെയാണ്. അവന്‍ എല്ലാം മഞ്ഞയായി കാണുന്നു. അതുപോലെ ഇവനും മുഴുവന്‍ അഴുക്ക് ചാലുകളായി തോന്നും. നമ്മുടെ സന്തോഷ സന്താപങ്ങളുടെ കാരണക്കാര്‍ നമുക്ക് ചുറ്റുമുള്ളവരാണ് എന്ന് നാം ചിന്തിക്കുന്നു. എന്നാല്‍ ഒന്ന് കൂടെയുള്ള അഗാധമായ ചിന്തയില്‍ നമുക്ക് മനസ്സിലാകും അതിന്‍റെയെല്ലാം കാരണക്കാര്‍ നാം തന്നെയാണെന്ന്.
                        മഹാന്‍മാര്‍ പറഞ്ഞതായികാണാം ജനങ്ങളെ നിരീക്ഷിക്കുന്നവന്‍ ദുഃഖിച്ച് ചാവും. ജനങ്ങളുടെ തൃപ്തി കിട്ടാക്കനിയാണ്. ജനങ്ങളുടെ തൃപ്തി ഒരിക്കലും പൂര്‍ണ്ണാര്‍ത്ഥത്തില്‍ കിട്ടാക്കനിയാണെങ്കില്‍ അല്ലാഹുവിന്‍റെ തൃപ്തി നിര്‍ബന്ധമായും നേടേണ്ടതാണ്. ഇഹലോകത്തേയും പരലോകത്തേയും സന്തോഷവും ഐശ്വര്യവും ആര്‍ജ്ജിക്കണമെങ്കില്‍ ജനങ്ങള്‍ക്കും പൊതുസമൂഹത്തിനും ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും സര്‍വ്വ ചരാചരങ്ങളേയും സൃഷ്ടിച്ച് പക്ഷം കൂടാതെ പരിപാലിക്കുന്ന രക്ഷിതാവായ അല്ലാഹുവിന്‍റെ തൃപ്തി കാംക്ഷിച്ചാവണം നമ്മുടെ കര്‍മ്മരേഖ നാം ചിട്ടപ്പെടുത്തേണ്ടത്. ഇത്തരത്തില്‍ തന്‍റെ നിലപാടുകളെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ദൃഢബോധമുളളവന് പിന്നെ മറ്റുളളവരുടെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും പുറകെപോകാന്‍ താല്‍പര്യമോ സമയമോ കാണില്ല. അവര്‍ക്ക് ജനങ്ങളുടെ ദുന്‍യവിയായ കാര്യങ്ങളില്‍ വ്യാകുലതകളുമില്ല. ആദ്യം നമ്മുടെ മനസ്സാണ് സ്ഫുടമാകേണ്ടത്. നമ്മുടെ മനസ്സില്‍ അടിഞ്ഞ്കൂടിയ മാലിന്യങ്ങളേയും പൊടിപടലങ്ങളേയും തുടച്ച് നീക്കാന്‍ നാം തയ്യാറായാല്‍ മറ്റുളളവരില്‍ നന്‍മ കാണാനാകും
ജൂഹ കഥകളില്‍ രസകരമായൊരു കഥ കാണാന്‍ കഴിയും ജൂഹയും മകനും കഴുതപ്പുറത്ത് കയറി അങ്ങാടിയിലൂടെ യാത്ര ചെയ്യുന്നത് കണ്ട ജനങ്ങള്‍ പറഞ്ഞു. ആ ജൂഹ എത്ര ക്രൂരനായ മനുഷ്യനാണ്. അയാളും മകനും കൂടി ആ പാവം കഴുതയുടെ പുറത്ത്കയറി ഇരിക്കുന്നു. ഇത് കേട്ട ജൂഹ മകനെ കുതപ്പുറത്തിരുത്തി യാത്ര തുടര്‍ന്നു. ഇതുകണ്ട ജനങ്ങള്‍ പറഞ്ഞു. എന്ത് ദുഷ്ടനായ മകനാണ് ആ പാവം വൃദ്ധനെ നടത്തിക്കൊണ്ട് അവന്‍ കഴുതപ്പുറത്ത് കയറി ഞെളിഞ്ഞിരിക്കുന്നത് കണ്ടോ. ഇതുകേട്ട മകന്‍ ഉടന്‍ തന്നെ കഴുതപ്പുറത്ത്നിന്നിറങ്ങി ജൂഹയെ കഴുതപ്പുറത്ത് കയറ്റി യാത്ര തുടര്‍ന്നു. ഇത് കണ്ട പൊതുജനം വീണ്ടും പറഞ്ഞു. എന്ത് അപമാന്വിതനായ പിതാവാണ് അദ്ദേഹം തന്‍റെ പാവം മകനെ നടത്തിക്കൊണ്ട് കഴുതപ്പുറത്ത് കയറി സുഖിച്ച് യാത്ര ചെയ്യുന്നുവോ. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട് പൊറുതിമുട്ടിയ ജൂഹയും മകനും കഴുതയെ ചുമന്നുകൊണ്ട് പോകാന്‍ തീരുമാനിച്ചു. അങ്ങനെ കഴുതയേയും ചുമന്മ്പോകുന്ന ജൂഹയേയും മകനേയും കണ്ട പൊതുജനം ഉറക്കെ വിളിച്ചുപറഞ്ഞു. കഴുതയെ ചുമക്കുന്ന കഴുതകള്‍.
                             കഥയുടെ സത്യവശം എന്തുമാകട്ടെ ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ നേര്‍ചിത്രമാണ് ഈ കഥ. എന്നുകരുതി എല്ലാ തോന്നിവാസവും ചെയ്ത് എല്ലാവരുടെയും മുന്നില്‍ പരിഹാസപാത്രമാകണമെന്നല്ല. ജനങ്ങളെ തൃപ്തിയേക്കാള്‍ സൃഷ്ടാവിന്‍റെ തൃപ്തിക്കാണ് മുന്‍ഗണന നല്‍കേണ്ടത്. മറിച്ച് സൃഷ്ടികളുടെ തൃപ്തിക്ക് സാമാന്യതയില്‍ കവിഞ്ഞ മുഖവില നല്‍കിയാല്‍ ജൂഹയുടെയും മകന്‍റെയും അവസ്ഥയാകും പരിണിത ഫലം. പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങള്‍പോലും ചിലര്‍ക്ക് സ്വീകാര്യനായിരുന്നില്ല. സത്യമതത്തിന്‍റെ പ്രചണ്ട പ്രചരണവുമായി പ്രവാചകന്‍ പ്രബോധന ദൗത്യത്തിലേയ്ക്ക് കടന്നുവന്നപ്പോള്‍ തന്‍റെ ഏറ്റവും അടുത്ത കുടുംബക്കാര്‍ പോലും പ്രവാചകനെ തൃപ്തിപ്പെട്ടില്ല. അവര്‍ പ്രവാചകനോട് അകലം പാലിച്ചു. ഇതില്‍ വിഷമം തൂകിയ വിശ്വപ്രവാചകനെ അല്ലാഹു സമാശ്വസിപ്പിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. അവരെയോര്‍ത്ത് വ്യാകുലപ്പെടേണ്ടെന്നും സത്യം ബോധ്യമായിട്ടും മനഃപൂര്‍വ്വം ദുര്‍പാത ആഗിരണം ചെയ്തവരെപ്പറ്റി ദുഃഖം വേണ്ടെന്നും പ്രവാചക ദൗത്യം പ്രബോധനമാണെന്നും അല്ലാഹു വ്യക്തമാക്കിക്കൊടുത്തു. ഇതില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത് താനെടുത്ത തീരുമാനങ്ങളുടെ ഗുണദോഷങ്ങള്‍ പുല്‍കേണ്ടത് ആ വ്യക്തി തന്നെയാണെന്നാണ്.
                              നബി(സ)ക്ക് വ്യക്തമായ ദിശാബോധവും മാര്‍ഗവും ഉണ്ടായിരുന്നു. നമുക്കും വ്യക്തവും സുദൃഢവുമായ ഒരു അക്ഷയ പാത അവിടുന്ന് പഠിപ്പിച്ച് തന്നിട്ടുണ്ട് ജനങ്ങളുടെ തൃപ്തി അവഗണിച്ച് അല്ലാഹുവിന്‍റെ പ്രീതി തേടിപോകുന്നവന്‍റെ കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. നാം ജൂഹ കഥയിലെ കഴുതയെ ചുമക്കുന്ന കഴുതകള്‍ ആകാതെ സ്വവിജയം കാംക്ഷിച്ച് സൃഷ്ടാവിന്‍റെ തൃപ്തിക്ക് പാത്രീഭൂതരാകാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. മനസ്സില്‍ നിന്ന് അസൂയയും കുശുമ്പും ഉള്‍നാഢ്യവും മാറ്റിവെച്ച് തെളിഞ്ഞ ഹൃദയത്തോടെ സൃഷ്ടാവിന്‍റെ സമക്ഷം പുല്‍കാനായാല്‍ നാമും വിജയികളുടെ പക്ഷം ചേരും അല്ലാത്ത പക്ഷം നാം പരാജിത പക്ഷത്ത് അണിചേരേണ്ടി വരും. ഈയൊരു നഗ്ന സത്യം മനതാരില്‍ സൂക്ഷിച്ചാവട്ടെ നമ്മുടെ ഇനിയുളള ഓരോ ചവിട്ടടികളും.  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...