Friday, 12 August 2016

വൈവാഹിക ജീവിതം

വൈവാഹിക ജീവിതം


                     നബി (സ്വ) പറഞ്ഞു: നാല്‌ കാര്യങ്ങള്‍ക്ക്‌ വേണ്ടി സ്‌ത്രീ വിവാഹം ചെയ്യപ്പെടുന്നു. സമ്പത്ത്‌, തറവാട്‌, ഭംഗി, ദീന്‍. ദീനുള്ളവളെ കൊണ്ട്‌ വിവാഹം ചെയ്‌ത്‌ നീ വിജയിക്കുക.
                         ധാരാളം പ്രസവിക്കുന്നതും സ്‌നേഹമുള്ളതുമായ സ്‌ത്രീയെ നിങ്ങള്‍ വിവാഹം ചെയ്യുക. ധാരാളം പ്രസവിക്കുന്ന കറുത്തവളാണ്‌ പ്രസവിക്കാത്ത ഭംഗിയുള്ളവളേക്കാള്‍ നല്ലത്‌. 
സ്‌ത്രീയും പുരുഷനും പരസ്‌പരം ഇഷ്‌ടപ്പെട്ടാല്‍ മാത്രമേ വിവാഹവും ദാമ്പത്യവും അതിന്റെ പൂര്‍ണ്ണതയിലെത്തുകയുള്ളൂ. പരസ്‌പരം ഇഷ്‌ടപ്പെടാത്ത ഒരു വിവാഹം നടന്നാല്‍ അവിടെ ദാമ്പത്യത്തകര്‍ച്ച തന്നെയുണ്ടാകും. അത്‌ കൊണ്ടാണ്‌ ഇസ്‌ലാം വിവാഹത്തിന്‌ മുമ്പ്‌ പെണ്ണുകാണല്‍ സുന്നത്താക്കിയത്‌.
ദാമ്പത്യം എന്നത്‌ കടല്‍ പോലെ വിശാലമാണ്‌. വളരെ പെട്ടെന്ന്‌ അവസാനിപ്പിക്കാന്‍ കഴിയാത്ത ഒരു വിഷയം കൂടിയാണ്‌. നികാഹിന്‌ ശേഷം സ്‌ത്രീയും പുരുഷനും പുതു ജീവിതത്തിലേക്ക്‌ പ്രവേശിക്കുകയായി. വിവാഹത്തിന്‌ മുമ്പ്‌ എന്തൊക്കെയോ സ്വപ്‌നങ്ങള്‍ നെയ്‌തു കൂട്ടിയിട്ടുണ്ടാകും. പക്ഷേ, പലരുടെയും വൈവാഹിക ജീവിതത്തില്‍ അതൊക്കെയും സാക്ഷാത്‌കരിക്കപ്പെടണമെന്നില്ല. എങ്കിലും സ്വപ്‌നം കണ്ടതില്‍ ചിലതെങ്കിലും ജീവിതത്തില്‍ സംഭവിച്ചേക്കാം. 
ഭാര്യ ഭര്‍ത്താക്കന്മാര്‍ ബന്ധപ്പെടാന്‍ തുടങ്ങുമ്പോള്‍ (ജീവിതത്തില്‍ എന്നും)(അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ, പിശാചില്‍ നിന്ന്‌ ഞങ്ങളെ നീ അകറ്റേണമേ. ഞങ്ങള്‍ക്ക്‌ നല്‍കിയതില്‍ നിന്ന്‌ പിശാചിനെയും അകറ്റേണമേ)എന്ന ദുആ ചൊല്ലേണ്ടതാണ്‌. ശൈത്വാന്റെ ഉപദ്രവം ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ്‌ ഈ ദുആ ചൊല്ലല്‍ സുന്നത്താക്കിയത്‌. ഇങ്ങനെ ചൊല്ലി ബന്ധപ്പെട്ടതില്‍ കുഞ്ഞ്‌ ജനിച്ചാല്‍ അതിനെ പിശാച്‌ ഉപദ്രവിക്കില്ലെന്ന്‌ റസൂല്‍ (സ്വ) പറഞ്ഞിട്ടുണ്ട്‌. 
ഭര്‍ത്താവിന്റെ ചില ബാധ്യതകള്‍
               അവള്‍ക്ക്‌ ആവശ്യമായ ഭക്ഷണം, വസ്‌ത്രം (വര്‍ഷത്തില്‍ രണ്ട്‌ തവണ, കാലാനുസൃതമായി അവള്‍ക്ക്‌ അനുയോജ്യമായ വസ്‌ത്രം നല്‍കല്‍ പുരുഷന്‌ നിര്‍ബന്ധമാണ്‌). വീട്‌, വേലക്കാര്‍ (പിതാവിന്റെ കൂടെ താമസിക്കുമ്പോള്‍ വേലക്കാരികളാണ്‌ ജോലിയെടുത്തിരുന്നതെങ്കില്‍) എന്നിവ നല്‍കല്‍ ഭര്‍ത്താവിന്റെ ബാധ്യതയാണ്‌. 
ഭാര്യയുടെ ബാധ്യതകള്‍
                        എന്നാല്‍ സ്‌ത്രീക്കും ഭര്‍ത്താവിനോട്‌ കടമകളുണ്ട്‌. അവന്റെ അഭാവത്തില്‍ ലൈംഗീകാവയവങ്ങള്‍ സൂക്ഷിക്കുക, അനുവാദമില്ലാതെ പുറത്ത്‌ പോകാതിരിക്കുക, അവന്റെ മുമ്പില്‍ അഹങ്കാരിയാവാതിരിക്കുക, അവനെ അനുസരിക്കുക, കുറ്റവും കുറവും പറയാതിരിക്കുക, നല്ല വാക്ക്‌ പറയുക, കിടപ്പു മുറിയിലുള്ള കാര്യങ്ങള്‍ നാല്‌ ചുമരുകള്‍ക്കുള്ളില്‍ നിന്ന്‌ പുറത്ത്‌ പോകാതിരിക്കാന്‍ സൂക്ഷിക്കുക, അവന്റെ മുമ്പില്‍ സൗന്ദര്യവതിയായി പ്രത്യക്ഷപ്പെടുക. 
നബി (സ്വ) പറഞ്ഞു: ``അല്ലാഹു അല്ലാത്തവര്‍ക്ക്‌ സുജൂദ്‌ ചെയ്യാന്‍ ആരോടെങ്കിലും ഞാന്‍ കല്‍പിക്കമായിരുന്നെങ്കില്‍ ഭര്‍ത്താവിന്‌ സുജൂദ്‌ ചെയ്യാന്‍ സ്‌ത്രീയോട്‌ ഞാന്‍ കല്‍പിക്കുമായിരുന്നു'' 
ഒരു സ്‌ത്രീ വന്ന്‌ നബി (സ്വ) യോട്‌ ചോദിച്ചു: ``ഒരു ഭാര്യക്ക്‌ തന്റെ ഭര്‍ത്താവിനോടുള്ള കടമ എന്താണ്‌? അതില്‍ നിന്ന്‌ വല്ലതിനും എനിക്ക്‌ കഴിഞ്ഞാല്‍ ഞാന്‍ വിവാഹിതയാവും. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ഭര്‍ത്താവിന്റെ രണ്ട്‌ മൂക്കിലൂടെ രക്തവും ചലവും ഒഴുകുകയും തന്റെ നാവ്‌ കൊണ്ട്‌ നക്കിയെടുക്കുകയും ചെയ്‌താലും ഭാര്യയുടെ കടമകള്‍ തീരുകയില്ല. 
                         ഇത്ര മാത്രം കടമകള്‍ ഭാര്യയ്‌ക്ക്‌ ഭര്‍ത്താവിനോടുണ്ടെന്ന്‌ സാരം. എന്നാല്‍ ചില പുരുഷന്മാര്‍ സ്‌ത്രീയുടെ കാല്‍ക്കീഴിലായി ജീവിക്കുന്നതും കിടപ്പറയില്‍ മാത്രം പുരുഷന്റെ റോളില്‍ (ലൈംഗീകമായി മാത്രം) എത്തിച്ചേരുന്നതും വിരളമല്ല. 
ഭാര്യയെ അടിമയുടെ അവസ്ഥയിലേക്ക്‌ താഴ്‌ത്തുന്നതും ഭര്‍ത്താവിനേക്കാള്‍ വലിയ ആളാവാന്‍ ഭാര്യ ശ്രമിക്കുന്നതും ഒരിക്കലും നല്ലതല്ല. പരസ്‌പരം മനസ്സിലാക്കി പങ്കാളിയുടെ അനുവദനീയമായ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിപ്പിക്കുന്നതില്‍ ഇരുവരും താല്‍പര്യം കാണിക്കണം. 
പ്രശ്‌നങ്ങളിലും മറ്റും അടുത്തിരുന്ന്‌ പരസ്‌പരം അവ സംസാരിച്ച്‌ തീര്‍ത്താല്‍ തന്നെ മനസ്സിന്‌ സന്തോഷവും സ്‌നേഹവും വര്‍ദ്ധിക്കും. ഇങ്ങനെ ചര്‍ച്ച ചെയ്യുമ്പോള്‍ ഭാര്യക്ക്‌ ഭര്‍ത്താവിനോട്‌ നല്ല ബഹുമാനമുണ്ടാകും. 
                         നല്ലൊരു കാര്യം ഇണ ചെയ്‌താല്‍ (പ്രത്യേകിച്ച്‌ ഭാര്യ ചെയ്‌താല്‍) അതിനൊരു നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്‌ സ്‌നേഹം വര്‍ദ്ധിപ്പിക്കും. 
ഭാര്യ/ഭര്‍ത്താവ്‌ തന്റെ മുന്‍കാല പ്രേമ ബന്ധം (ഇന്ന്‌ നാം കാണുന്ന പ്രേമവും ഊരുചുറ്റലും ഇസ്‌ലാമികമായി അനുവദനീയമല്ല) സ്‌നേഹ പൂര്‍വ്വം പറഞ്ഞാലും അവിടെ കുടുംബബന്ധം തകര്‍ന്നേക്കാം. വിവാഹ ശേഷം പഴയ ബന്ധം ആവര്‍ത്തിക്കാതെ ഇണയോട്‌ വിശ്വസ്‌തത പുലര്‍ത്തുക. 
                         ഇരുവരും നല്ല സ്വഭാവത്തിനുടമകളാകേണ്ടത്‌ അത്യാവശ്യമാണ്‌. തൊട്ടതിനും പിടിച്ചതിനും ഭര്‍ത്താവിനോട്‌ മോശമായി പെരുമാറുകയും പണം കൊണ്ട്‌ അഹങ്കരിച്ച്‌ അവനെ താഴ്‌ത്തുന്നതും നല്ല ഭാര്യയുടെ ലക്ഷണമല്ല. ദാമ്പത്യത്തില്‍ സ്വഭാവശുദ്ധി സ്‌ത്രീക്കും പുരുഷനും അത്യാവശ്യം വേണ്ട ഒരു ഗുണമാണ്‌.
                     അതുപോലെ തന്നെ ലളിതമായി ജീവിക്കാനും ശീലിക്കണം. ``അയല്‍പക്കത്തെ സറീനക്ക്‌ പത്തായിരം രൂപയുടെ സാരി അവളുടെ ഭര്‍ത്താവ്‌ വാങ്ങിക്കൊടുത്തല്ലോ? അവളോട്‌ ഭര്‍ത്താവിന്‌ എന്തു സ്‌നേഹമാണെന്നോ? അങ്ങനെയാണ്‌ സ്‌നേഹമുള്ള ഭര്‍ത്താക്കന്മാര്‍. നിങ്ങളെ എന്തിന്‌ കൊള്ളാം'' എന്നുള്ള കുത്തുവാക്കുകള്‍ കൊണ്ട്‌ ഭര്‍ത്താവിനെ വേദനിപ്പിക്കാതെ അവന്റെ കഴിവിനനുസരിച്ച്‌ ബുദ്ധിമുട്ടിക്കാതെ ലളിതമായി ജീവിക്കാന്‍ ശീലിക്കണം. ഇതും സന്തോഷമുള്ള ദാമ്പത്യത്തിന്‌ അത്യാവശ്യമാണ്‌. 
                    ദേഷ്യം  പിടിക്കുന്നതും ചിലരുടെ രീതിയാണ്‌. കറിക്ക്‌ ഉപ്പ്‌ കുറഞ്ഞതിന്‌, ബെഡില്‍ നിന്ന്‌ നിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കോഫി കിട്ടാത്തതിന്‌ പോലോത്ത നിസ്സാര കാര്യങ്ങള്‍ക്ക്‌ പോലും ദേഷ്യം പിടിക്കുന്നവര്‍ വിരളമല്ല. എന്നാല്‍ രണ്ടു പേരും പരസ്‌പരം സ്‌നേഹത്തോടെ എല്ലാ ജോലികളിലും ഏര്‍പ്പെടുന്നത്‌ (ഭര്‍ത്താവിന്‌ ഒഴിവുള്ളപ്പോള്‍) നല്ലതാണ്‌. നബി (സ്വ) ആഇശാ ബീവിയെ എല്ലാ വീട്ടുജോലിയിലും സഹായിക്കുമായിരുന്നു. ആ മാതൃക നമുക്കും ബാധകമാണ്‌. 
                   ദാമ്പത്യത്തിലെ വിള്ളലിന്‌ ഒരു പ്രധാന കാരണം സംശയമാണ്‌. പുരുഷന്‌ സ്‌ത്രീയേയോ സ്‌ത്രീക്ക്‌ പുരുഷനേയോ സംശയമായാല്‍ ദാമ്പത്യം തകര്‍ന്നത്‌ തന്നെ. പരസ്‌പരം മനസ്സിലാക്കി സ്‌നേഹത്തോടെ ക്ഷമിച്ചും സഹിച്ചും സഹകരിച്ചും മുന്നോട്ട്‌ പോയാല്‍ മാത്രമേ ദാമ്പത്യം മെച്ചപ്പെടുകയുള്ളൂ. അങ്ങനെയുള്ളവരുടെ ജീവിതം പ്രകാശ പൂരിതവും കുളിര്‍മ്മയേകുന്നതുമായി മാറും. 
                  ഭര്‍ത്താവിന്റെ തൃപ്‌തി നേടി മരണപ്പെടുന്ന ഭാര്യ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന്‌ ഹദീസുകളില്‍ വന്നിട്ടുണ്ട്‌. സന്തോഷത്തോടെയും സമാധാനത്തോടെയും ദാമ്പത്യജീവിതം മുന്നോട്ട്‌ കൊണ്ടുപോകാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍. 

Wednesday, 27 July 2016

പെണ്‍കുഞ്ഞുങ്ങള്‍പെണ്‍കുഞ്ഞുങ്ങള്‍

``അവരില്‍ ആര്‍ക്കെങ്കിലും ഒരു പെണ്‍കുട്ടി ജനിച്ചിട്ടുണ്ടെന്ന അനുമോദന വാര്‍ത്ത അറിയിച്ചാല്‍ അവന്‍ കോപാകുലനായി അവന്റെ മുഖം കറുത്ത്‌ പോകുന്നതാണ്‌''. (സൂറത്തുന്നഹ്‌ല്‌-58)
ഒരു സമൂഹത്തിന്റെ വിശ്വാസപരവും സാമൂഹികവുമായ അധ:പതനത്തിന്റെ ചിത്രമാണ്‌ നാമിവിടെ കാണുന്നത്‌. ജാഹിലിയ്യ കാലഘട്ടത്തിലെ അറബികള്‍ മലക്കുകളെ അല്ലാഹുവിന്റെ പെണ്‍മക്കളായിട്ടാണ്‌ കരുതിയിരുന്നത്‌. അല്ലാഹുവിന്‌ പെണ്‍മക്കളുണ്ടാക്കുന്നവര്‍ അവര്‍ക്ക്‌ പെണ്‍മക്കള്‍ ഉണ്ടാകുന്നത്‌ വെറുത്തിരുന്നു. അവര്‍ക്ക്‌ വേണ്ടത്‌ ആണ്‍മക്കളെയായിരുന്നു. 
അല്ലാഹു പരിശുദ്ധനാണ്‌. ഇവരുടെ ആരോപണം ശുദ്ധ അസംബന്ധമാണ്‌. പെണ്‍കുഞ്ഞിന്റെ ജനനവാര്‍ത്ത വാസ്‌തവത്തില്‍ ശുഭവാര്‍ത്തയാണ്‌ `നിങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ്‌ ജനിച്ചിരിക്കുന്നു' എന്ന സന്തോഷവാര്‍ത്ത ജാഹിലിയ്യാ കാലത്തെ ഒരു അറബിയെ അറിയിച്ചാല്‍ അയാള്‍ ദു:ഖിതനാവുകയാണ്‌ ചെയ്യുന്നത്‌. മനസ്സില്‍ നിരാശനിറയും. ദു:ഖം കൊണ്ട്‌ മുഖം വാടിപ്പോകും. പെണ്‍കുഞ്ഞിന്റെ ജനനം അപമാനമായിട്ടാണവര്‍ കരുതിയത്‌. അപമാനം സഹിക്കവയ്യാതെ പിതാവ്‌ ഓടിഒളിക്കും. പെണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്‌ത്രീയുടെ അവസ്ഥ ദയനീയം തന്നെ. 
അറബികളുടെ പ്രധാനവരുമാനമാര്‍ഗ്ഗം കച്ചവടമായിരുന്നു. കച്ചവടയാത്രകള്‍ നടത്തിയിരുന്നത്‌ പുരുഷന്മാരായിരുന്നു. പൗരസ്‌ത്യ-പാശ്ചാത്യ ലോകങ്ങളെ ബന്ധിപ്പിച്ചിരുന്നത്‌ അറബി വ്യാപാരികളായിരുന്നു. തങ്ങള്‍ക്ക്‌ പുത്രന്മാര്‍ ജനിച്ചാല്‍ അവര്‍ വ്യാപാരികളും കപ്പിത്താന്മാരുമൊക്കെയായിത്തീരുമെന്ന്‌ പിതാക്കന്മാര്‍കരുതി. ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന്റെ പ്രതീക്ഷ അതൊക്കെയായിരുന്നു. എല്ലാ പ്രതീക്ഷകളും തെറ്റിച്ച്‌ ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ ഭര്‍ത്താവ്‌ കുപിതനായിത്തീരും. പിന്നെയെന്തൊക്കെ സംഭവിക്കുമെന്ന്‌ പറയാനാവില്ല.ആധുനികലോകം അതേ സംസ്‌കാരത്തിലേക്കാണ്‌ നീങ്ങുന്നത്‌. പെണ്‍കുഞ്ഞ്‌ ജനിക്കുന്നതിനെ സമൂഹം ഭയപ്പെടുന്നു. മാതാവിന്റെ വയറ്റില്‍ വെച്ചുതന്നെ പെണ്‍ഭ്രൂണം നശിപ്പിക്കപ്പെടുന്നു. ഗര്‍ഭസ്ഥശിശു പെണ്ണാണെന്ന്‌ യന്ത്രോപകരണങ്ങളിലൂടെ മനസ്സിലാക്കി അതിനെ കൊന്നുകളയുന്നു. ഇതൊരു വ്യവസായം പോലെ വളര്‍ന്നിട്ടുണ്ട്‌. അബോര്‍ഷന്‍ സെന്ററുകള്‍ക്ക്‌ നല്ലൊരു വരുമാനമാര്‍ഗ്ഗം!!! ആധുനികരുടെ കാഴ്‌ചപ്പാടും ജാഹിലിയ്യത്തിന്റെ കാഴ്‌ചപ്പാടും തമ്മിലെന്ത്‌ വ്യത്യാസമാണുള്ളത്‌. ജാഹിലിയ്യത്തിനേക്കാള്‍ അധ:പതിക്കുകയാണ്‌ ആധുനികലോകം.

                  
                                                                         

വിശ്വാസിയായി മാറിയ യഹൂദിയായ സ്‌ത്രീ

വിശ്വാസിയായി മാറിയ യഹൂദിയായ സ്‌ത്രീ
                       നബി (സ്വ) യും അനുചരന്മാരും കൂടി ഇരിക്കുമ്പോള്‍ ഒരു യഹൂദിയായ സ്‌ത്രീ നബി (സ്വ) യുടെ സമീപം കരഞ്ഞുകൊണ്ട്‌ ഒരു വേവലാധിയുമായി വന്നു നബി (സ്വ) തങ്ങള്‍ ആ സ്‌ത്രീയുടെ ബുദ്ധമുട്ട്‌ അന്വേഷിച്ചു. ആ സ്‌ത്രീ പറഞ്ഞു: എന്റെ മുമ്പില്‍ കളിച്ചുകൊണ്ടിരുന്ന എന്റെ കുട്ടിയെ കാണാനില്ല. അപ്പോള്‍ നബി (സ്വ) ചോദിച്ചു: നിന്റെ കുട്ടിയെ എന്റെ മുമ്പില്‍ അല്ലാഹു മടക്കി തന്നാല്‍ നീ എന്നെ വിശ്വസിക്കുമോ? ഇബ്‌റാഹീം, ഇസ്‌ഹാബ്‌, യഅ്‌ഖൂബ്‌ എന്നീ പ്രവാചകരെ പ്രത്യേകം എടുത്തു പറഞ്ഞു. മറ്റു പ്രവാചകരെയും കൊണ്ടും സത്യം ചെയ്‌തുകൊണ്ട്‌ വിശ്വസിക്കാമെ ന്ന്‌ ഏറ്റു. അങ്ങനെ നബി (സ്വ) രണ്ട്‌ റക്‌അത്ത്‌ നിസ്‌കരിച്ചിട്ട്‌ ഏതാനും ചില പ്രാര്‍ത്ഥനകള്‍ നടത്തി അപ്പോള്‍ കുട്ടി നബി (സ്വ) മുമ്പില്‍ കാണ പ്പെട്ടു. കുട്ടിയോട്‌ നബി (സ്വ) തങ്ങള്‍ ചോദിച്ചു: അല്ലയോ കുട്ടീ നീ എവിടെയായിരുന്നു കുട്ടി പറഞ്ഞു: ഞാന്‍ ഉമ്മയുടെ സമീപം കളിച്ചു കൊണ്ടിരിക്കെ എന്റെയടുക്കല്‍ ഒരു വിശ്വാസിയായ ഇഫ്‌രീത്‌ (ജിന്നുകളില്‍ ഒരു വിഭാഗം) എന്റെ അടുക്കലെത്തി എന്നെ കടലിന ക്കരേയ്‌ക്ക്‌ കൊണ്ടുപോയി അങ്ങയുടെ പ്രാര്‍ത്ഥന കാരണം അവനേ ക്കാള്‍ ശക്തനായ വിശ്വാസിയായ ഒരു ജിന്നിനെ അല്ലാഹു അവനെ തിരെ അയക്കുകയും അവനില്‍ നിന്ന്‌ എന്നെ രക്ഷപ്പെടുത്തുകയും അങ്ങയുടെ മുമ്പില്‍ വെക്കുകയും ചെയ്‌തു. ഇത്‌കേട്ട്‌ യഹൂദിയായ സ്‌ത്രീ ശഹാദത്ത്‌ കലിമചൊല്ലി മുസ്‌ലിമായി ഈ സംഭവം ഇബ്‌നുല്‍ ഊസി തന്റെ ബഹ്‌റുല്‍ ദ്ദുറൂഅ്‌ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌.

Monday, 28 December 2015

ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ (ഖു.സി.)

മാണിക്യപൂരിന്‍ നിറദീപം
                    ഹിജ്‌റ 910 ജുമാദുല്‍ ആഖിര്‍ 10 വെള്ളിയാഴ്‌ച ദിവസം രാത്രി സമയത്താണ്‌ ഖുത്വുബുല്‍ അഖ്‌ത്വാബ്‌ അല്‍ ഫര്‍ദുല്‍ മജീദ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ ശാഹുല്‍ ഹമീദ്‌ മീറാന്‍ മുഹ്‌യിദ്ദീന്‍ ഗഞ്ചുസവാഈ ഗഞ്ചു ബഖ്‌ശ്‌ (ഖു.സി.) തങ്ങളവര്‍കള്‍ ഭൂജാതനായത്‌. ലോകത്തിന്റെ നേതാവ്‌ `സയ്യിദുല്‍ വുജൂദ്‌' മുഹമ്മദ്‌ റസൂലുല്ലാഹി (സ്വ) യിലേക്ക്‌ ചെന്നെത്തുന്ന മഹനീയ പരമ്പരയിലെ ഒരു കണ്ണിയാണ്‌ മഹാനുഭാവന്‍. ഖുറൈശി തറവാട്ടില്‍ ഹാശിം വംശത്തിലെ അംഗമായി ഗൗസുല്‍ അഅ്‌ളം മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ഖാദിര്‍ ജീലാനി (ഖു.സി) മഹാനവര്‍കളുടെ സന്താന പരമ്പരയിലെ പതിനൊന്നാം തലമുറയിലെ പൗത്രനാണ്‌ പിതാവ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബൂയൂസുഫ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.). അസ്സയ്യിദ്‌ ഹമീമുദ്ദീന്‍ (ഖു.സി) അവര്‍കളുടെ പുത്രിയാണ്‌ ഉമ്മ ഫാത്വിമ (റ). സച്ചരിതരായ മാതാപിതാക്കളിലൂടെ അലഹബാദിനടുത്ത `മാണിക്യപ്പൂര്‍' എന്ന നാട്ടിലാണ്‌ പിറന്ന്‌ വീണത്‌. മഹാനവര്‍കളുടെ ജനനത്തിന്‌ മുമ്പ്‌ സയ്യിദ്‌ യൂസുഫ്‌ എന്ന പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ആ കുട്ടി മണ്‍മറഞ്ഞു. ആ ഓമനക്കുഞ്ഞിന്റെ വേര്‍പാടില്‍ മനം നൊന്തിരിക്കുമ്പോള്‍ ഒരശരീരി കേട്ടു. ``എന്റെ അടിമകളേ! നാം ദയാപൂര്‍വ്വം തന്നുവെങ്കിലും നമ്മുടെ നീതിപ്രകാരം തിരിച്ചുവാങ്ങിയിരിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ ക്ഷമിക്കുക. അതിനേക്കാള്‍ ഉത്തമനായ ഒരു സന്താനത്തെ നാം നിങ്ങള്‍ക്ക്‌ നല്‍കുന്നതാണ്‌. ആ കുട്ടി ലോകത്തിന്റെ ഗൗസ്‌ ആയിരിക്കും. ഇതുകേട്ട ദമ്പതികള്‍ അത്യധികം സന്തോഷിക്കുകയും അല്ലാഹുവിനെ സ്‌തുതിക്കുയും ചെയ്‌തു.
ഗര്‍ഭത്തില്‍ തന്നെ കറാമത്തുകള്‍
        ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ പിതാവ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.) ക്ക്‌ കലശലായ രോഗം പിടിപെടുകയും ദൈനംദിനം വര്‍ദ്ധിക്കുകയും ചികിത്സ ഫലശൂന്യമാവുകയും ചെയ്‌തു. ഈ അവസരം ഇബ്‌ലീസ്‌ വേഷം മാറി വന്ന്‌ അവിടെ നിന്നവര്‍ കേള്‍ക്കേ പിതാവിനോട്‌ പറഞ്ഞു: നിങ്ങളുടെ ഭാര്യ ഗര്‍ഭം ധരിച്ച കുട്ടിയുടെ ലക്ഷണക്കേട്‌ കൊണ്ടാണ്‌ ഈ ഭയങ്കര രോഗം നിങ്ങള്‍ക്ക്‌ പിടിപെട്ടത്‌. ഇത്‌കേട്ട്‌ അങ്ങേയറ്റം വിഷമത്തിലാണ്ട്‌ പോയ പ്രിയമാതാവിനോട്‌ ഗര്‍ഭസ്ഥ ശിശു വിളിച്ചു പറഞ്ഞു. മാതാവേ, നിങ്ങള്‍ വിഷമിക്കരുത്‌. അല്ലാഹു നിങ്ങളെ സഹായിക്കുകയും പിതാവിന്റെ രോഗം ഉടന്‍ സുഖപ്പെടുകയും ചെയ്യുന്നതാണ്‌. ഈ വിവരം മഹതി തന്റെ ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അവര്‍ അത്യധികം സന്തോഷഭരിതരായി. അന്ന്‌ തന്നെ പിതാവിന്റെ രോഗവും മാറി. ഗര്‍ഭസ്ഥ ശിശുവിന്‌ 7 മാസം പ്രായമായപ്പോള്‍ നാട്ടിലാകെ വരള്‍ച്ച പിടിപെട്ടു. അങ്ങനെ മൂന്ന്‌ ദിവസം മാതാപിതാക്കള്‍ക്ക്‌ ഭക്ഷണം ലഭിക്കാതെ വന്നു ഉടന്‍ ഗര്‍ഭസ്ഥശിശു പ്രിയ മാതാവിന്‌ അറിയിപ്പ്‌ കൊടുക്കുന്നു. ഓ, പ്രിയ ഉമ്മാ, നിങ്ങള്‍ കലം അടുപ്പില്‍ വെക്കുക. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട്‌ നിങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കപ്പെടുന്നതാണ്‌. കുട്ടിയുടെ പ്രവചനം പുലര്‍ന്നു. പാത്രത്തില്‍ നിറച്ചും ഭക്ഷണങ്ങള്‍. അവര്‍ വിശപ്പ്‌ മാറുവോളം ഭക്ഷിച്ചു. ഒട്ടും കുറഞ്ഞിട്ടില്ല. തുടര്‍ന്ന്‌ ആ നാട്ടുകാര്‍ മുഴുവനും അതുകൊണ്ട്‌ വിശപ്പടക്കി. അവര്‍ അല്ലാഹുവിനെ സ്‌തുതിച്ചു.
        ഒരിക്കല്‍ രാത്രി തഹജ്ജുദ്‌ നിസ്‌കരിക്കാന്‍ വെള്ളം കോരാന്‍ കിണറിനരികിലെത്തിയ പ്രിയമാതാവിന്റെ കൈയില്‍ നിന്നും തൊട്ടി കിണറ്റില്‍ വീണു. ഇനി എന്ത്‌ മാര്‍ഗ്ഗമെന്ന്‌ ആലോചിച്ച്‌ തന്റെ തഹജ്ജുദ്‌ മുടങ്ങിപ്പോകുമോ എന്ന്‌ വ്യാകുലപ്പെട്ട്‌ മനസ്സ്‌ വിങ്ങാന്‍ തുടങ്ങിയപ്പോള്‍ ഗര്‍ഭസ്ഥ ശിശു: ഓ ഉമ്മ, നിങ്ങള്‍ വിഷമിക്കേണ്ട, ഉടന്‍ തന്നെ ഉമ്മ നോക്കുമ്പോള്‍ തന്റെ കാലിനരികില്‍ വെള്ളം നിറഞ്ഞ തൊട്ടി. അത്ഭുതപ്പെട്ടു കൊണ്ട്‌ അതിലുപരി സന്തോഷത്തോടെ മഹതി അല്ലാഹുവിനെ നമിച്ചു.
ഫാത്വിമ ബീവി (റ) യുടെ ആറാം മാസം ഒരിക്കല്‍ ഖിള്വ്‌ര്‍ നബി (അ) പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ഓ ഫാത്വിമ: നിങ്ങളുടെ ഉദരത്തിലെ കുഞ്ഞ്‌ ഒരു ഖുത്വുബ്‌ ആണ്‌. നിരവധി വിശേഷങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷം കുട്ടിക്ക്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്യാനും നിര്‍ദ്ദേശിച്ചു. ഇങ്ങനെ ഗര്‍ഭാവസ്ഥയില്‍ തന്നെ അത്ഭുതങ്ങളുടെ കലവറയായി മാറി മാണിക്യം. ജീവരാശിക്ക്‌ മൊത്തവും സന്മാര്‍ഗ്ഗം നല്‍കി ഹഖിലേക്ക്‌ വഴി നടത്തിയ ആത്മജ്ഞാന ജ്യോതിയാണ്‌ നാഗൂര്‍ദാന പ്രഭു.
മഹാത്ഭുതങ്ങളുമായി എ.ഡി. 1489 ല്‍ കുഞ്ഞ്‌ പ്രസവിക്കപ്പെട്ടു. കുഞ്ഞിനെ ഖിള്വ്‌ര്‍ (അ) കൈയിലെടുത്തു. തിരുനാവാല്‍ വാങ്ക്‌ കൊടുത്തു. സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്‌തു. കൂടെയുണ്ടായിരുന്ന ഇല്‍യാസ്‌ നബി (അ) മൂന്ന്‌ പ്രാവശ്യം നാമമുച്ചരിച്ച്‌ ഇരുവരും അപ്രത്യക്ഷരായി.
ശൈശവ ദശയിലെ മഹാത്ഭുതങ്ങള്‍
ഒരു റമളാന്‍ മാസം. കാര്‍മേഘാവൃതമായ ആകാശമായതിനാല്‍ പിറ കാണാന്‍ സാധിക്കാതെ ജനങ്ങള്‍ വിഷമിച്ച സന്ദര്‍ഭം., ഉറങ്ങി എണീറ്റ ഉടനെ മുലകുടി ശീലമാക്കിയ കുട്ടിക്ക്‌ പ്രിയമാതാവ്‌ എത്ര മുലയൂട്ടാന്‍ ശ്രമിച്ചിട്ടും കുടിക്കാതെ വന്നപ്പോഴാണ്‌ കാര്യം ബോധ്യപ്പെട്ടത്‌. ഈ വിവരം ജനങ്ങളെ അറിയിക്കുകയും അന്ന്‌ നോമ്പാണെന്ന്‌ വിധി പ്രഖ്യാപിക്കുകയും ചെയ്‌തു. കുട്ടിയെ കാണാന്‍ വരുന്നവര്‍ കുഞ്ഞിനെ എടുത്ത്‌ ഈ കുഞ്ഞ്‌ മുഖേന ഞങ്ങളുടെ വിഷമങ്ങള്‍ പരിഹരിക്കേണമേ എന്ന്‌ പറയുകയും ഉടന്‍ കാര്യവിജയം നേടുകയും ചെയ്‌തിരുന്നു.
ബാല്യകാലം
ബാല്യകാല ജീവിതം തന്നെ സംശുദ്ധവും സൂക്ഷ്‌മവുമായിരുന്നു. സാധാരണ ബാലന്മാരെ പോലെ വിനോദത്തിലേര്‍പ്പെടുന്ന പ്രകൃതമില്ലായിരുന്നു. മറ്റ്‌ കുട്ടികള്‍ കളിക്കുന്ന സന്ദര്‍ഭത്തില്‍ കുഞ്ഞ്‌ അബ്‌ദുല്‍ഖാദിര്‍ ഏതെങ്കിലും വൃക്ഷച്ചുവട്ടിലിരുന്ന്‌ നീലാകാശത്തെ നോക്കിയ വണ്ണം ഇലാഹീ ചിന്തയില്‍ വ്യാപൃതനായിരുന്നു. ഇങ്ങനെ ഒരിക്കല്‍ ഒരു വൃക്ഷച്ചുവട്ടില്‍ ധ്യാനനിമഗ്നനായിരിക്കുന്ന കുട്ടിയെ സമീപിച്ച്‌ വായ തുറക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടു. കുട്ടി വായ തുറന്നപ്പോള്‍ മൂന്ന്‌ പ്രാവശ്യം തന്റെ ഉമിനീര്‌ കുട്ടിയുടെ വായയിലേക്ക്‌ പകര്‍ന്നു. ശുഭ്രവസ്‌ത്രധാരിയായ ആ മാന്യദേഹത്തോട്‌ നിങ്ങള്‍ ആരെന്ന്‌ ചോദിച്ചപ്പോള്‍ ഞാനാണ്‌ ഖിള്വ്‌ര്‍ (അ) എന്ന്‌ പ്രതിവചിച്ചു. ഇതിന്‌ ശേഷവും പലതവണ ഖിള്വ്‌ര്‍ (അ) മായി സംഗമിച്ചിട്ടുണ്ട്‌.
വിദ്യഭ്യാസം
ബാലനായ ശൈഖവര്‍കള്‍ വിദ്യാഭ്യാസം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്‌, ഫിഖ്‌ഹ്‌, ചരിത്രം, ഭൂഗോളം,ഗണിതം, തത്ത്വം, തര്‍ക്കം തുടങ്ങി സര്‍വ്വ വിജ്ഞാനങ്ങളിലും അവഗാഹം നേടിയിരുന്നു. കുട്ടിക്കാലം മുതല്‍ക്ക്‌ വളരെ കുറച്ച്‌ മാത്രം സംസാരിക്കുന്ന ശീലമായിരുന്നു. ഈ പഠനപ്രായത്തിലും സംസാരം, ഭാവന, പ്രവൃത്തി എന്നിവകളില്‍ ഒരൂ സ്വൂഫിയെ പോലെയായിരുന്നു. ദിവസം കഴിയുന്തോറും അല്ലാഹുവിനെ അറിയാനുള്ള ആഗ്രഹം വര്‍ദ്ധിച്ചുവരികയും അതിനായി ഒരു വഴികാട്ടിയെ അന്വേഷിക്കുകയും അതിനുള്ള വഴികള്‍ പ്രിയ മാതാപിതാക്കള്‍ ഒരുക്കി കൊടുക്കുകയും ചെയ്‌തു. അങ്ങനെ ഹിജ്‌റ 928 ജുമാദുല്‍ആഖിര്‍ ഒരു തിങ്കളാഴ്‌ച ഗുരുവിനെ തേടി യാത്ര പുറപ്പെട്ടു. പതിനെട്ട്‌ വയസ്സായ മഹാനവര്‍കള്‍ തന്റെ മാതാപിതാക്കളും സുഹൃത്തുക്കുളും കൂട്ടുകുടുംബവും നാട്ടുകാരും സര്‍വ്വരും തന്റെ മുമ്പില്‍ ഒരു നിഴല്‍ പോലെയായി. അല്ലാഹ്‌ എന്ന പരമലക്ഷ്യം പ്രാപിക്കാനുള്ള ചിന്ത മികച്ചുവന്നു.
     ഈ സാത്ത്വിക ജീവിതം ഏവര്‍ക്കും മാതൃകാപരമാണ്‌. ഇലാഹിലേക്കുള്ള പ്രയാണത്തിന്‌ വിഘ്‌നം സൃഷ്‌ടിക്കുന്നത്‌ എന്താണെങ്കിലും അതിന്‌ പുല്ലുവില പോലും കല്‍പ്പിക്കാന്‍ പാടില്ല. പ്രാപ്‌തനായ ഗുരു എവിടെയാണെങ്കിലും മൈലുകള്‍ താണ്ടിയാണെങ്കിലും കണ്ടെത്തിക്കുക. ജ്ഞാനികള്‍ എന്ന അവകാശവാദവുമായി നടക്കുന്ന അല്‍പജ്ഞാനികള്‍ ഈ സാത്ത്വിക ജീവിതം പഠിച്ചിരുന്നുവെങ്കില്‍ അവരുടെ ജീവിതവും ധന്യമാകുമായിരുന്നു. ഹിജ്‌റ 928 ന്‌ ശേഷം ശൈഖിനെ തേടി പുറപ്പെട്ടത്‌ സാധാരണ വ്യക്തിയല്ല. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ സ്വാര്‍ത്ഥത ഒഴിവാക്കി നല്ല മനസ്സോടെ ചിന്തിക്കു. പരിവര്‍ത്തനത്തിന്‌ വിധേയരാകാം. ഈ യാത്രയില്‍ ലഭിച്ച സഹയാത്രികരായ ബാലിഗ്‌ നാട്ടുകാരനായ മുഈനുദ്ദീനോട്‌ ശൈഖവര്‍കള്‍ ഉപദേശിച്ചു. അല്ലാഹുവിനെ ഭയപ്പെടുക. ഇത്‌ എപ്പോഴും വേണ്ട കാര്യമാണ്‌. ഇസ്‌ലാമിന്റെ രണ്ട്‌ വശങ്ങളിലെ ഉള്ളും പുറവും രണ്ടും സംശുദ്ധമാക്കണം. ഇങ്ങനെ ശരീഅത്തും ത്വരീഖത്തും സമന്വയിപ്പിക്കലാണ്‌ പരിപൂര്‍ണ്ണ ദീനുല്‍ഇസ്‌ലാമെന്ന അറിവ്‌ ലോകത്തിന്‌ പഠിപ്പിച്ചു.
      ദീര്‍ഘനാള്‍ യാത്ര ചെയ്‌ത്‌ ഗ്വാളിയാറിലെ നിരവധി ശിഷ്യഗണങ്ങളുടെ ആത്മീയ കേന്ദ്രവും തന്റെ ആത്മീയ ഗുരുവുമായ അശ്ശൈഖ്‌ അസ്സയ്യിദ്‌ മുഹമ്മദുല്‍ ഗൗസ്‌ (ഖു.സി.) ന്റെ സവിധത്തിലെത്തി ബൈഅത്ത്‌ ചെയ്‌തു. പിന്നീടുള്ള ഓരോ നിമിഷങ്ങളും അവര്‍ണ്ണനീയമായിരുന്നു. ആത്മീയജ്ഞാനമധു കുടിച്ച്‌ പരമാനന്ദം കാണുന്ന അത്ഭുത നിമിഷങ്ങളായിരുന്നു. ശിഷ്യന്റെ തികവും മികവും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ഗുരുവിന്‌ അനായാസകരമായി. ആ ആത്മീയ പൂന്തോപ്പില്‍ നീണ്ട പത്ത്‌ വര്‍ഷക്കാലത്തെ ജീവിതത്തിലൂടെ അല്ലാഹുവിനെ വേണ്ടവിധം അറിഞ്ഞ്‌ ലക്ഷ്യം കൈവരിച്ച ശിഷ്യനെ തന്റെ ഖിലാഫത്ത്‌ നല്‍കിയും അനുഗ്രഹിച്ചും നാനൂറില്‍ പരം ഫഖീറുമാരോടൊപ്പം ശൈഖ്‌ ശാഹുല്‍ ഹമീദ്‌ (ഖു. സി.) വ്യസനത്തോടെ നാട്ടിലേക്ക്‌ യാത്ര തിരിച്ചു. നാട്ടിലെത്തിയ പ്രിയ മാതാവിനേയും പിതാവിനേയും കണ്ട്‌ അനുഗ്രഹം വാങ്ങി. ഹജ്ജ്‌ കര്‍മ്മത്തിനായി ഹറം ശെരീഫിലെത്തി. നീണ്ട ഏഴ്‌ വര്‍ഷക്കാലം അവിടെ കഴിച്ചുകൂട്ടി. തുടര്‍ന്ന്‌ കപ്പല്‍മാര്‍ഗ്ഗം കണ്ണൂര്‍, കോഴിക്കോട്‌, പൊന്നാനി, മാലിദ്വീപ്‌, സിലോണ്‍ തുടങ്ങി പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്‌ത്‌ നാഗവൃക്ഷങ്ങളുടെ നാടായ നാഗൂര്‍ എന്ന ദേശത്തെത്തി താമസമാക്കി. നാട്ടിലെത്തിയ സുന്ദരനായ യുവാവിനെ വിവാഹാലോചന നടത്തിയ മാതാപിതാക്കളോട്‌ `എന്റെ ഹൃദയത്തില്‍ അല്ലാഹുവിന്‌ മാത്രമേ സ്ഥാനമൂള്ളൂ' എന്ന്‌ പറഞ്ഞ്‌ അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
അത്ഭുതബാലന്‍ യൂസുഫ്‌ ജനിക്കുന്നു
      ലാഹോര്‍ നഗരത്തിലെ ഏറ്റവും വലിയ ധനാഡ്യനും മാര്‍ഗ്ഗജ്ഞാനിയുമായിരുന്നു നൂറുദ്ദീന്‍ മുഫ്‌തി. നിരവധി സുഖസൗകര്യങ്ങള്‍ ഉണ്ടെങ്കിലും മദ്ധ്യവയസ്‌കനായിട്ട്‌ പോലും ഒരു കുഞ്ഞിക്കാല്‌ കാണാത്തതിനാല്‍ അതീവദുഃഖിതനായിരുന്നു. പല മഹാന്മാര്‍ക്കും ദീര്‍ഘകാലം സേവനം ചെയ്‌ത്‌ ദുആ ചെയ്യിപ്പിച്ചു. നിങ്ങള്‍ക്ക്‌ സന്താനമില്ലായെന്ന്‌ വരെ ചില മഹാന്മാര്‍ പറഞ്ഞിരുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ ശാഹുല്‍ ഹമീദ്‌ (ഖു.സി.) തങ്ങളുടെ പേരും പ്രശസ്‌തിയും അറിഞ്ഞ മഹാനവര്‍കള്‍ ഒരിക്കല്‍ തങ്ങളെ സമീപിച്ച്‌ പാദങ്ങളില്‍ മുഖമമര്‍ത്തി കണ്ണുനീര്‍ വാര്‍ത്തു കൊണ്ട്‌ സന്താനഭാഗ്യത്തിന്‌ വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു. മഹാനായ നൂറുദ്ദീന്‍ മുഫ്‌തിയുടെ വിഷമം മനസ്സിലാക്കിയ തങ്ങളവര്‍കള്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കുലമഹിമയും പരിശുദ്ധിയും അറിഞ്ഞ തങ്ങളവര്‍കള്‍ തന്റെ ഇന്ദ്രിയത്തില്‍ നിന്നും അവര്‍ക്ക്‌ ഒരു സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചു. ചിന്താനിമഗ്നനായി അല്‍പനേരം തല കുനിച്ചിരുന്ന ശേഷം മുഫ്‌തിയവര്‍കളോട്‌ ശൈഖവര്‍കള്‍ വെറ്റിലടക്ക കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശൈഖവര്‍കള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച്‌ അത്‌ വായിലിട്ടു. കുറച്ച്‌ സമയം ധ്യാനത്തിലിരുന്ന ശേഷം തന്റെ വായിലെ വെറ്റിലടക്ക എടുത്ത്‌ നൂറുദ്ദീന്‍ മുഫ്‌തിക്ക്‌ കൊടുത്തു. ഭാര്യയുടെ വായിലിട്ട്‌ പെട്ടെന്ന്‌ വിഴുങ്ങാന്‍ നിര്‍ദ്ദേശിച്ചു. മഹതി അപ്രകാരം ചെയ്‌തു. ശേഷം ഇതിലൂടെ നിങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ്‌ ലഭിക്കുമെന്നും എന്റെ മരണപ്പെട്ട സഹോദരന്‍ യൂസുഫിന്റെ പേര്‌ കുട്ടിക്ക്‌ നല്‍കണമെന്നും ആവശ്യപ്പെട്ടു. അഞ്ച്‌ വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുമെന്നും ഏഴാം വയസ്സില്‍ തന്റെ പിതാവാരെന്ന്‌ അന്വേഷിക്കുമെന്നും തനിക്ക്‌ തന്റെ പിതാവ്‌ എന്താണ്‌ ഹദ്‌യ നല്‍കിയതെന്ന്‌ ചോദിക്കുമ്പോള്‍ ഈ മിസ്‌വാക്കിനെ കൊടുക്കണമെന്നും എന്റെയടുക്കല്‍ വരാന്‍ സമ്മതം ചോദിച്ചാല്‍ നിങ്ങള്‍ അനുവദിക്കണമെന്നും പറഞ്ഞ്‌ ശൈഖവര്‍കള്‍ യാത്ര പറഞ്ഞു. ശേഷം കുട്ടി ജനിക്കുകയും പ്രസ്‌തുത നാമകരണം ചെയ്യപ്പെടുകയും ഏഴ്‌ വയസ്സായപ്പോള്‍ പിതാവിനെ അന്വേഷിക്കുകയും മാതാപിതാക്കളുടെ സമ്മതത്തോടെ നാഗൂര്‍ പട്ടണത്തിലെത്തുകയും ചെയ്‌തു.
മരിച്ചവരെ ജീവിപ്പിക്കുന്നു
     ഒരിക്കല്‍ ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ (ഖു.സി.) തന്റെ ശിഷ്യഗണങ്ങളുമായി ബല്‍ഖ പ്രദേശത്ത്‌ എത്തിയപ്പോള്‍ മുഈനുദ്ദീന്‍ ബല്‍ഖ എന്ന പണ്‌ഡിതന്‍ തന്റെ മാതാവിന്റെ മരണവാര്‍ത്തയില്‍ അങ്ങേയറ്റം വിഷമിച്ചിരിക്കുകയായിരുന്നു. ശൈഖവര്‍കളെ സമീപിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു: എനിക്കും എന്റെ പ്രിയമാതാവിനുമിടയില്‍ പല വാഗ്‌ദാനങ്ങളുമുണ്ടായിരുന്നു. അവകള്‍ നിറവേറ്റുന്നത്‌ വരെ എന്റെ മാതാവ്‌ മരണപ്പെട്ടില്ലായിരുന്നുവെങ്കില്‍ നന്നായിരുന്നേനെ. ശൈഖവര്‍കള്‍ മുഈനുദ്ദീനെയും കൂട്ടി മാതാവിന്റെ ഖബ്‌റിന്ററികില്‍ ചെന്ന്‌ ഒരു മറയുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. ശേഷം ശൈഖവര്‍കള്‍ പറഞ്ഞു: അല്ലാഹുവിന്റെ അനുമതിയോടെ മുഈനുദ്ദീന്റെ ഉമ്മ ജീവിക്കട്ടെ! എന്തൊരത്ഭുതം! ഖബ്‌ര്‍ പിളര്‍ന്നു. ഉമ്മ പുറത്തേക്ക്‌ വന്നു. മകനുമായി മണിക്കൂറുകല്‍ സംസാരിച്ചു. വാഗ്‌ദാനങ്ങള്‍ നിറവേറ്റി. സംസാരം പൂര്‍ത്തിയായപ്പോള്‍ ഖബറിലേക്ക്‌ പ്രവേശിക്കൂ എന്ന്‌ പറഞ്ഞു.
ശൈഖിന്‌ വിഷം കൊടുക്കുന്നു
     ശൈഖവര്‍കളെ വധിക്കാന്‍ തീരുമാനിച്ച്‌ നാട്ടുരാജാവ്‌ ഒരു വന്‍സല്‍ക്കാരം തയ്യാറാക്കി. തങ്ങളെ സമീപിച്ച്‌ രാജാവ്‌ പറഞ്ഞു. നിങ്ങളും ശിഷ്യഗണങ്ങളും എന്റെ വീട്ടില്‍ വന്ന്‌ ഭക്ഷണം കഴിച്ച്‌ അനുഗ്രഹിച്ചാലും. ശൈഖവര്‍കള്‍ തന്റെ ശിഷ്യഗണങ്ങളുമായി രാജാവിന്റെ ക്ഷണം സ്വീകരിച്ചു. ഭക്ഷണം കൊണ്ടുവരപ്പെട്ടപ്പോള്‍ ബിസ്‌മി ചൊല്ലി ശൈഖവര്‍കള്‍ കഴിച്ചു. ശിഷ്യന്മാരോട്‌ ഭക്ഷണം കഴിക്കരുതെന്ന്‌ നിര്‍ദ്ദേശിച്ചു. ശൈഖവര്‍കള്‍ ഒരുപിടി ഭക്ഷണം കഴിച്ചപ്പോള്‍ അതിലുണ്ടായിരുന്ന വിഷം രാജാവിന്റെ ഞെരിയാണിയില്‍ കയറി. രണ്ടാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം മുട്ട്‌ വരെ എത്തി. മൂന്നാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം ശരീരമാസകലം വ്യാപിച്ച്‌ തത്‌ക്ഷണം രാജാവ്‌ മരണപ്പെട്ടു. പ്രിയതമന്റെ പെട്ടെന്നുള്ള മരണത്തില്‍ സമനില തെറ്റിയ പ്രിയ ഭാര്യയുടെ നിലവിളിയും സങ്കടവും കണ്ട്‌ ശൈഖവര്‍കള്‍ക്ക്‌ ദയ തോന്നി. അദ്ദേഹം എന്തോ ഉരുവിട്ടു. അത്ഭുതം രാജാവിന്‌ ജീവന്‍ തിരിച്ചു കിട്ടി.
വഫാത്ത്‌
     ആത്മജ്ഞാന ഗോപുരമായ മാണിക്യപൂരിന്‍ നിറദീപം ഹിജ്‌റ വര്‍ഷം 978 ജുമാദുല്‍ ആഖിര്‍ പത്ത്‌ വെള്ളിയാഴ്‌ച രാത്രി തഹജ്ജുദിന്റെ സമയം ഇഹലോകവാസം വെടിഞ്ഞു. തെക്കേ ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കാവേരി നദീതീരത്തെ പുണ്യ സിയാറത്ത്‌ കേന്ദ്രമാണ്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌. പതിനാറാം നൂറ്റാണ്ടില്‍ വഫാത്തായ ശൈഖവര്‍കളുടെ ദര്‍ഗ്ഗാശെരീഫിന്റെ അഞ്ച്‌ തങ്ക മിനാരങ്ങള്‍ ദര്‍ഗ്ഗയെ വേറിട്ടതാക്കുന്നു. ഹൈന്ദവ രാജാവിന്‌ മാരണം നിമിത്തമുണ്ടായ മാറാരോഗത്തില്‍ നിന്നും ശൈഖിലൂടെ സുഖം പ്രാപിച്ചതിന്‌ പ്രത്യുപകാരമായി നല്‍കിയ മുവായിരം ഏക്കര്‍ സ്ഥലവും ദര്‍ഗ്ഗയും ഇന്ന്‌ ജാതിമത ഭേദമന്യേ സമസ്‌ത ജനങ്ങളുടെയും അഭയകേന്ദ്രമാണ്‌. കാവേരി നദീ തീരത്തെ അയ്യായിരത്തോളം ക്ഷേത്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുണ്യദര്‍ഗ്ഗാശെരീഫ്‌ സൗഹാര്‍ദ്ദത്തിന്റെ മഹാ പ്രതീകമാണ്‌. ജീവിതകാലത്തെന്ന പോലെ വഫാത്തിന്‌ ശേഷവും തിരുസവിധത്തിലെത്തുന്നവര്‍ക്ക്‌ ഉദ്ദേശ്യ സാഫല്യം ഉറപ്പാണ്‌. അല്ലാഹു ആദരിച്ചവരെയും അവരുടെ സരണികളെയും നിഷേധിക്കുന്ന ഹതഭാഗ്യര്‍ക്ക്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌ എന്നും പേടിസ്വപ്‌നമാണ്‌. വിശ്വാസി വൃന്ദത്തിന്‌ കണ്‍കുളിര്‍മയാണ്‌. ആ മഹാനുഭാവന്റെ മഹിമയും തനിമയും നിമിത്തമായി അല്ലാഹു നമ്മെ ഇരുവീട്ടിലും സ്വീകരിക്കുമാറാകട്ടെ! ആമീന്‍.

Saturday, 12 December 2015

മാനവികത…

മാനവികത


             പതിനാല്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ `മാനവികത` എന്ന വാക്ക്‌ ഉച്ചരിക്കുന്നത്‌ പോലും കൂച്ചുവിലങ്ങി ടപ്പെട്ട ഒരു യുഗമായിരു ന്നു. മാനവികത എന്നാല്‍ വെറും ഒരു സിദ്ധാന്തമല്ല. ബൃഹത്തായ ഒരു സംസ്‌ കാരവും വിപ്ലവകരമായ ഒരു നവോത്ഥാനവും അതിന്റെ പിന്നില്‍ ഒളിഞ്ഞ്‌ കിടപ്പുണ്ട്‌. മാനവീയ ത്തിന്റെ പ്രഥമവും പ്രധാന വുമായ മനുഷ്യാവകാശ സംരക്ഷണം വിദൂരസ്വ പ്‌നമായിരുന്ന ഒരു യുഗത്തി ല്‍ മാനുഷികമെന്ന ഒരു അവകാശം വച്ച്‌ കൊടുക്കാ ന്‍ കുലമഹിമയും ആഢ്യത്തവും വിലങ്ങുതടിയാ യി നിന്ന കാലഘട്ടം. കറുത്തവന്റെ അടുത്ത്‌ ഉണ്ണുന്ന വനെ കണ്ട്‌ കാര്‍ക്കിച്ച്‌ തുപ്പിയ ഒരു സംസ്‌കാരം.      
                                      അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമനുകൂല മായി പടപൊരുതുന്ന ധിക്കാരികള്‍ക്ക്‌ അടിയറവ്‌ പറയേണ്ടി വന്ന ഒരു നൂറ്റാണ്ട്‌. ഒഴുക്കിനെതിരെ നീന്തുകയെന്ന സാഹസത്തിന്‌ കൂട്ടില്ലാത്ത ഒരു സാഹചര്യം. മഹാനായ സയ്യിദുനാ മുഹമ്മദ്‌ നബി (സ്വ) മാനവികതയുടെ പതാകയുമേന്തി ഒട്ടകത്തി ന്റെ മൂക്കുകയര്‍ പിടിച്ച്‌ നടന്നവരെ സംസ്‌കാരത്തി ന്റെ ഉത്തുംഗതയിലേക്കെത്തിച്ചു. തന്റെ അയല്‍വാ സി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ പൂര്‍ണ്ണവിശ്വാസിയല്ലെന്ന മഹത്‌വാക്യം വിപ്ലവകര മായ ഒരു മാറ്റം സംജാതമാക്കി. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ദിവസങ്ങള്‍ തള്ളിനീക്കിയ അനുചരന്റെ വീട്ടിലേക്ക്‌ ധര്‍മ്മമായി നല്‍കപ്പെട്ട ആട്ടിന്‍തല കൈമാറി കൈമാറി കൈകളിലേക്ക്‌ തന്നെ തിരിച്ചെത്തിയപ്പോള്‍ അവിടെ സംജാതമായ ഒരു സംസ്‌കാരം. പോര്‍ക്കളത്തില്‍ പിടഞ്ഞ്‌വീണ്‌ മരിക്കുമ്പോള്‍ ദാഹജലത്തിന്റെ കോപ്പകളുമായി എത്തിയ സഹോദരനോട്‌ തന്നേക്കാള്‍ തന്റെ അടു ത്ത്‌ കിടക്കുന്ന സഹോദരന്‌ നല്‍കണമെന്ന്‌ ഉരുവിട്ട്‌ കൊണ്ട്‌ ദാഹത്തോടെ രക്തസാക്ഷിത്വം വരിച്ച ഒരു സംസ്‌കാരം. നിനക്ക്‌ നീ ഇഷ്‌ടപ്പെടുന്നത്‌ എന്തോ, അത്‌ നീ നിന്റെ സഹോദരന്‌ ഇഷ്‌ടപ്പെടാത്തിട ത്തോളം നീ പൂര്‍ണ്ണവിശ്വാസിയാകില്ലെന്ന പ്രസ്‌താ വനയിലൂടെ മാനുഷികമൂല്യങ്ങളിലധിഷ്‌ഠിതമായ ഒരു ബൃഹത്‌പദ്ധതിയാണ്‌ നബി(സ്വ) ആവിഷ്‌ കരിച്ച്‌ നടപ്പിലാക്കിയത്‌.
      മാനവികതയെ കൊട്ടിഘോഷിക്കുന്ന പലരും പ്രവൃത്തികളില്‍ മൃഗീയതയെ വാരിപ്പുണരുന്ന നിഷ്‌ഠൂരവും നികൃഷ്‌ടവുമായ ഒരവസ്ഥാ വിശേ ഷം, ആഗോളവ്യാപകമായി കണ്ട്‌ വരുന്നു. കാരുണ്യ പ്രവാചകര്‍ മുഹമ്മദ്‌ നബി(സ്വ) പറഞ്ഞു: കാരുണ്യ മില്ലാത്തവരോട്‌ അല്ലാഹു കാരുണ്യം കാണിക്കു കയില്ല. തന്റെ മുന്നിലേക്ക്‌ പക്ഷിക്കുഞ്ഞുമായി കടന്ന്‌ വന്ന വേടനെ അതിന്റെ തള്ളപ്പക്ഷിയുടെ വേദനയിലേക്ക്‌ ശ്രദ്ധ ക്ഷണിച്ച്‌ പക്ഷിക്കുഞ്ഞിനെ തിരികെ ഏല്‍പിച്ച്‌ കൊണ്ട്‌ നബി(സ്വ)പറഞ്ഞു: തള്ളപ്പക്ഷിക്ക്‌ പക്ഷിക്കുഞ്ഞിനോടുള്ള കാരുണ്യ ത്തേക്കാള്‍ കാരുണ്യവാനാണ്‌ അല്ലാഹു.
 കാരുണ്യത്തിന്റെ കേതാരമായ പ്രവാചകര്‍, പടിപടിയായി മനുഷ്യരെ സംസ്‌കരിച്ചെടുത്ത്‌ സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ മാതൃകായോഗ്യ രാക്കിയതിന്‌ ചരിത്രം സാക്ഷിയാണ്‌. പ്രവാചകരുടെ കൂട്ടുകാരില്‍ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. അവരുടെ കൂട്ടത്തില്‍ അടിമകളും തൊഴിലാളികളുമുണ്ടായിരുന്നു. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കും തിരുമേനിയുടെ സമീപം പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പരിഗ ണന നല്‍കരുതെന്ന്‌ അല്ലാഹു പ്രവാചകരോട്‌ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. ``അവരില്‍ പെട്ട പല വിഭാഗക്കാര്‍ക്കും സുഖഭോഗത്തിനായി നാം നല്‍കിയ സൗകര്യങ്ങളിലേക്ക്‌ താങ്കള്‍ ദൃഷ്‌ടി നീട്ടിപ്പോകരുത്‌. അവര്‍ അവിശ്വാസികളായതില്‍ താങ്കള്‍ വിഷമിക്കേണ്ടതില്ല. സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി താങ്കള്‍ ചിറക്‌ താഴ്‌ത്തിക്കൊടുക്കുക'' (അല്‍ഹിജ്‌ര്‍)

         ഭൗതിക സമ്പത്തിനെയോ സമ്പന്നരേയോ വലു തായിക്കാണരുതെന്ന്‌ അല്ലാഹു പ്രത്യേകം ഉപദേശി ച്ചതായി കാണാം. ``അവരില്‍ പലവിഭാഗങ്ങള്‍ക്കും ഐഹികജീവിതാലങ്കാരമായി നാം ആസ്വദി പ്പിച്ചിട്ടുള്ള സൗകര്യങ്ങളിലേക്ക്‌ താങ്കള്‍ ദൃഷ്‌ടി പായിക്കരുത്‌. അതിലൂടെ അവരെ നാം പരീക്ഷി ക്കുന്നതിന്‌ വേണ്ടിയാണ്‌ അത്‌ നാം നല്‍കിയത്‌. താങ്കളുടെ രക്ഷിതാവിന്റെ പ്രതിഫലം അതാണ്‌ ഏറ്റവും ഉത്തമവും അനശ്വരവും''.(ത്വാഹാ).
     മാനവീകതയുടെ സന്ദേശവാഹകന്‍ സയ്യിദുനാ മുഹമ്മദ്‌(സ്വ) ഹജ്ജത്തുല്‍വദാഇന്റെ അവകാശ പ്രഖ്യാപനത്തിലൂടെ സുദീര്‍ഘമായി പ്രഖ്യാപിച്ചു. അറിയുക, അറബിക്ക്‌ അനറബിയേക്കാളോ, വെള്ള ക്കാരന്‌ നീഗ്രോവിനേക്കാളോ, യാതൊരുവിധ ശ്രേഷ്‌ടതയുമില്ല. ജീവിത പവിത്രതയിലൂടെയല്ലാതെ. നിങ്ങളെല്ലാം ആദം സന്തതികളാണ്‌. ആദമോ മണ്ണില്‍ നിന്നും.
         ഉമര്‍(റ)ന്റെ സന്നിധിയിലേക്ക്‌ നിവേദനവുമാ യി ചെന്ന അബൂസുഫ്‌യാനടക്കമുള്ള ഖുറൈശി നേതാക്കള്‍ക്ക്‌ മുമ്പെത്തിയ അമ്മാര്‍ തുടങ്ങിയ ദരിദ്രര്‍ക്ക്‌ അവസരം നല്‍കിയതില്‍ പല്ല്‌ കടിച്ച ഖുറൈശിനേതാവിനോട്‌ ഖലീഫയുടെ മുന്നിലേക്ക്‌ കടക്കുന്നതിന്‌, ഇസ്‌ലാമിലേക്ക്‌ കടക്കുന്നതിന്‌ മുമ്പന്തിയിലായവര്‍ക്ക്‌ തന്നെയാണ്‌ അര്‍ഹതയെന്ന്‌ പറയിപ്പിച്ച സംസ്‌കാരം, അതെത്ര മാനവീയ സംസ്‌കാരം....
       എന്നാല്‍ അന്താരാഷ്‌ട്രതലത്തില്‍ വരെ മനുഷ്യാ വകാശക്കമ്മീഷനുകള്‍ രൂപീകരിക്കപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തുകൊണ്ടിരിക്കുമ്പോഴും ലോകത്ത്‌ നാം കണ്ട്‌ കൊണ്ടിരിക്കുന്നത്‌ പച്ചയായ മനുഷ്യാവകാശലംഘനങ്ങളല്ലെ... ഫലസ്‌തീനിലും അഫ്‌ഗാനിസ്ഥാനിലും ചൈനയിലും മ്യാന്മറിലും ഗുജറാത്തിലും അസമിലും നടന്നത്‌ അതു തന്നെയ ല്ലെ...? അന്താരാഷ്‌ട്രസമ്മര്‍ദ്ദങ്ങളും ഐക്യരാഷ്‌ട്ര സഭയുടെ എതിര്‍പ്പുകളും അവഗണിച്ച്‌ ഫലസ്‌തീ നില്‍ അനധികൃത കുടിയേറ്റകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാ നുള്ള പദ്ധതിയുമായി മുന്നോട്ട്‌ പോകുമെന്ന്‌ ഇസ്‌ റാഈല്‍. യു.എന്നില്‍ ഫലസ്‌തീനിന്‌ അംഗത്വമി ല്ലാത്ത നിരീക്ഷകപദവി ലഭിച്ചതിന്‌ പിന്നാലെയാ ണിത്‌. ഫലസ്‌തീന്‍ മണ്ണില്‍ പതിറ്റാണ്ടുകളായി ഇസ്‌ റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാ ശലംഘനങ്ങള്‍ക്ക്‌ വല്ല കണക്കുമുണ്ടോ..? ഫലസ്‌തീന്‍ മണ്ണില്‍ വീണ്ടും കുടിയേറ്റ ശ്രമങ്ങള്‍ നടത്താനുള്ള ഇസ്‌റായേലിന്റെ തീരുമാനം ഉത്‌ക്കണ്‌ഠാകുലമാ ണ്‌. 
       മാനുഷികാവകാശങ്ങള്‍ മര്‍മ്മപ്രധാനമായ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ക്രൂരവും വൃത്തികെട്ടതുമായ പീഡനങ്ങളും അക്രമങ്ങളും ഇന്ന്‌ നിത്യസംഭവങ്ങളല്ലേ..? അപമാനിച്ചവര്‍ക്കെ തിരെ ശബ്‌ദമുയര്‍ത്തുന്നവര്‍ക്ക്‌ പോയിട്ട്‌ അക്ര മിക്ക്‌ കൂട്ട്‌ പിടിക്കുന്ന ജനനായകരാണ്‌ പൊതുവെ ലോകത്ത്‌ കണ്ട്‌ വരുന്നത്‌. ഒരവസരത്തില്‍ അവിശ്വാസിയായ ഒരാള്‍ തിരുനബിസന്നിധി യിലെത്തി ഇങ്ങനെ ബോധിപ്പിച്ചു: ഞാന്‍ വിദേ ശിയായ പാവപ്പെട്ട ഒരു കച്ചവടക്കാരനാണ്‌. മക്കയിലെ കുപ്രസിദ്ധനായ അബൂജഹ്‌ല്‍ രണ്ട്‌ ഒട്ടകങ്ങളെ വാങ്ങുകയും ക്യാഷ്‌ തരാതെ ബുദ്ധി മുട്ടിക്കുകയും ചെയ്യുന്നു. താങ്കളോട്‌ പരാതി പറ ഞ്ഞാല്‍ പരിഹാരമുണ്ടാകുമെന്ന്‌ ചിലര്‍ പറഞ്ഞ തിന്റെ അടിസ്ഥാനത്തിലാണ്‌ ഞാനങ്ങയെ സമീപി ക്കുന്നത്‌. ആദര്‍ശവിരുദ്ധനായ ആ അവിശ്വാസി യെയും കൂട്ടി അബൂജഹലിനെ സമീപിക്കുകയും                      വിലവാങ്ങിക്കൊടുക്കുകയും ചെയ്‌തു. അതത്രെ മാനവികത. സര്‍വ്വമൂല്യങ്ങളെയും നിരാകരിച്ച്‌ കൊണ്ട്‌ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അഭയം തേടിയ ആറാം നൂറ്റാണ്ടിലെ മനുഷ്യരെ വിചാരവിപ്ലവത്തിലൂടെ ഉത്‌ക്കൃഷ്‌ടമായ ജീവിതത്തിലേക്ക്‌ കൊണ്ട്‌ വന്നത്‌ നബി(സ്വ)യാണ്‌. അവിടുത്തെ അനുയായികളാണ്‌ യൂറോപ്പിനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്‌ പറിച്ച്‌ നട്ടത്‌. പ്രവാചക ജീവിതമാണ്‌ ആ പ്രബോധന ത്തിന്‌ അടിത്തറ പാകിയത്‌. വിജ്ഞാനത്തെ ജനകീ യമാക്കിയതാണ്‌ പ്രവാചകര്‍ ലോകത്തിന്‌ നല്‍കിയ നിസ്‌തുലമായ സംഭാവന. ജ്ഞാനസമ്പാദനം പുരുഷ നും സ്‌ത്രീക്കും നിര്‍ബന്ധമാണെന്ന്‌ അവിടുന്ന്‌ പ്രഖ്യാപിച്ചു. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞ്‌ പോയ സ്വത്താണ്‌. കണ്ടിടത്ത്‌ വച്ച്‌ അത്‌ കൈവശ പ്പെടുത്താന്‍ വിശ്വാസിക്കവകാശമുണ്ടെന്ന പ്രഖ്യാ പനം ഏഴാം നൂറ്റാണ്ടില്‍ കേള്‍ക്കുന്നത്‌ നബി(സ്വ)യി ല്‍ നിന്ന്‌ മാത്രം.
     കേവലം ആഹ്വാനങ്ങളിലും ആജ്ഞകളിലുമൊ തുങ്ങാതെ നിയമങ്ങളിലും നിര്‍ദ്ദേശങ്ങളിലും ചുരുങ്ങാതെ സര്‍വ്വസ്വീകാര്യമായ ഒരു പ്രത്യയശാസ്‌ത്രമായാണ്‌ ലോകം പ്രവാചകരില്‍ നിന്ന്‌ ഉള്‍ക്കൊള്ളുന്നത്‌. മനുഷ്യജീവതത്തിന്റെ നാനാമേഖലകളും ഒരു ചട്ടക്കൂട്ടില്‍ ഒതുക്കി ജനമനസ്സുകളില്‍ സമര്‍പ്പിക്കുകയെന്ന മഹാദൗത്യം നിഷ്‌പ്രയാസം നിര്‍വ്വഹിക്കാന്‍ സാധ്യമായത്‌ പ്രസ്‌തുത സന്ദേശത്തിന്റെ പ്രത്യയശാസ്‌ത്രപരമായ പരിപക്വത കൊണ്ടായിരുന്നു. നൈമിഷിക താല്‍ പര്യങ്ങള്‍ക്കപ്പുറം ശാശ്വതവീക്ഷണങ്ങളുടെ സമ ന്വയമായിരുന്നു പ്രവാചകദര്‍ശനം.
പ്രവാചകദര്‍ശനങ്ങള്‍ക്ക്‌ പ്രത്യയശാസ്‌ത്രപരമായ ഒരു മുഖമുള്ളത്‌ കൊണ്ടാണ്‌ ലോകം പ്രവാചകകാല്‍പ്പാടുകള്‍ പിന്തുടരുന്നത്‌. ചിന്തയിലും ചര്‍ച്ചയിലും പ്രവര്‍ത്തനപഥത്തില്‍ മുഴുക്കെയും പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്ന പ്രവാചകദര്‍ശനം സാമൂഹ്യനവോത്ഥാനത്തിന്റെ രാജശില്‍പമാണ്‌. ഒരു ജനതയുടെ സംസ്‌കാരവും ജീവിതശൈലിയും ഒന്നടങ്കം മാറ്റിത്തിരുത്താന്‍ മാത്രം സ്വാധീനമുള്ള ആശയങ്ങളുടെ സമാഹാരം എന്ന നിലക്ക്‌ പ്രവാചകദര്‍ശനം ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്‌ഠ നേടുന്നു

മാതൃക


മാതൃക
              നാം ജീവിതത്തില്‍ പലരെയും പലതിനെയും മാതൃകയാക്കാറുണ്ട്‌. കൊള്ളാമെന്ന്‌ തോന്നുന്ന, മനസ്സിനിഷ്‌ടപ്പെടുന്ന വ്യക്തികളെയും മറ്റും മാതൃകയാക്കി അനുകരിക്കുന്നു. പക്ഷെ മാതൃകയാക്കുന്നതിനുള്ള മാനദണ്‌ഡത്തില്‍ പലര്‍ക്കും പിഴവ്‌ സംഭവിക്കുന്നുവെന്നതാണ്‌ നേര്‌. മാതൃകാ യോഗ്യരായ ഉത്തമ ജനങ്ങളെ മാതൃകയാക്കുന്നവര്‍ ആധുനിക സാഹചര്യത്തില്‍ നന്നേ കുറവാണെന്ന്‌ പറയേണ്ടതില്ലല്ലോ? കാരണം ആധുനികരിലധികവും സത്യവും ധര്‍മ്മവും കാണാത്തവരും ഉള്‍ക്കൊള്ളാത്തവരുമാണ്‌. അതുകൊണ്ട്‌ തന്നെ ആധുനികരുടെ മാതൃകകള്‍ അധികവും അധര്‍മ്മത്തിന്റെ ആള്‍രൂപങ്ങളാണ്‌. 
               അത്യന്താധുനിക യുഗത്തിലും ഇതില്‍ വിഭിന്നമാകണം മുസ്‌ലിം. അവന്‍ സത്യധര്‍മ്മ നീതികള്‍ക്ക്‌ വില കല്‍പിക്കുന്നവനാകണം. തന്നെയുമല്ല, അവന്‌ മാതൃകയാക്കാനും അനുകരിക്കാനും ലോക രക്‌ഷിതാവ്‌ നിയോഗിച്ച അത്യുത്തമ മാതൃക അവനുണ്ട്‌. അഥവാ ലോകാനുഗ്രഹി മുഹമ്മദ്‌ മുസ്ഥഫാ (സ). അവിടുന്ന്‌ സര്‍വ്വമനുഷ്യനും മാതൃകയാണ്‌. അവിടുത്തെ ജീവിത മാതൃകയാക്കി ജീവിതം സംശുദ്ധമാക്കാനാണ്‌ രക്ഷിതാവിന്റെ കല്‍പന. അല്ലാഹു പറയുന്നു:``നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട്‌'' അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്‌ തിരുനബിയെ പിന്‍പറ്റല്‍ അവന്‍ നിബന്ധനയാക്കിയതാണ്‌. 
                    തിരുനബി (സ) യെ മാതൃകയാക്കി അനുധാവനം ചെയ്യണമെന്ന്‌ അല്ലാഹുവും റസൂലും നിരവധി വചനങ്ങളിലൂടെ മാനവകുലത്തെ ഉത്‌ബോധിപ്പിച്ചു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിമിന്‌ ഈ വചനങ്ങള്‍ തള്ളാന്‍ കഴിയില്ല. അങ്ങനെ തള്ളിക്കളയല്‍ മഹാകുറ്റമാണ്‌. അതുകൊണ്ട്‌ എല്ലാ കാര്യങ്ങളിലും മുസ്‌ലിമിന്റെ മാതൃക തിരുനബി (സ) ആകണം. സര്‍വ്വവിഷയങ്ങളിലും അവിടുന്നില്‍ മാതൃകയുണ്ട്‌. വ്യക്തിഗതമായ, കുടുംബപരമായ, സാമൂഹ്യപരമായ, രാഷ്‌ട്രീയമായ എന്ന്‌ വേണ്ട എല്ലാറ്റിലുമുണ്ട്‌ ഉദാത്ത മാതൃക. നമ്മുടെ സംസാരം, പ്രവൃത്തി, പെരുമാറ്റം, നടത്തം, ഇരുത്തം, കിടത്തം, വേഷവിധാനം തുടങ്ങി ജീവിതത്തിലെ സകല കാര്യങ്ങളും അവിടുന്നിന്റെ മാതൃക പിന്‍പറ്റിയായിരിക്കണം. 
        ``നിശ്ചയം തങ്ങള്‍ അതിമഹത്തായ സ്വഭാവത്തിലാണ്‌''. എന്ന ഖുര്‍ആന്‍ വചനവും ``ഉത്തമസ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനാണ്‌ എന്നെ നിയോഗിക്കപ്പെട്ടത്‌'' എന്ന തിരുഹദീസും മുസ്‌ലിം നെഞ്ചേറ്റണ്ടതാണ്‌. മറിച്ച്‌ ഈ മാതൃകാപുരുഷനായ, അത്യുത്തമ നേതാവായ തിരുറസൂലിനെ വിട്ട്‌ മറ്റുള്ളവരെയും അവരുടെ ആഭാസങ്ങളെയും മാതൃകയാക്കല്‍ മുസ്‌ലിമിന്‌ ഒട്ടും യോജ്യമല്ല. മാത്രമല്ല, മഹാ അബദ്ധമാണ്‌. 

      തിരുനബി (സ) യെ മാതൃകയാക്കി ജീവിക്കാത്തതിന്റെ പോരായ്‌ക ആധുനിക മുസ്‌ലിം ലോകം അനുഭവിക്കുന്നുണ്ട്‌. അനുഭവങ്ങളും പാഠങ്ങളും എത്ര കിട്ടിയാലും ഈ പവിത്ര മാതൃക അനുധാവനം ചെയ്യുന്നവര്‍ വിരളം തന്നെ. തിരുനബി (സ) യെ മാതൃകയാക്കണമെന്ന്‌ സമൂഹത്തെ ഉത്‌ബോധിപ്പിക്കുന്നവരില്‍ തന്നെ തിരുമാതൃക പിന്‍പറ്റാന്‍ വിമുഖതയുള്ളവരുണ്ടെന്നാണ്‌ ഖേദകരമായ സത്യം. ദുഷിച്ച്‌ നാറുന്ന മാതൃകകള്‍ക്ക്‌ പിന്നാലെ പോകാതെ സകല കാര്യങ്ങളിലും തിരുനബി (സ) യെ മുസ്‌ലിം സമൂഹം മാതൃകയാക്കുകയാണെങ്കില്‍ സമുദായത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും തീരുമെന്നതില്‍ സന്ദേഹം വേണ്ട. അത്രയേറെ മഹത്തരവും സംശുദ്ധവുമായ ജീവിതമാണ്‌ തിരുനബി (സ) കാഴ്‌ച വെച്ചതും പഠിപ്പിച്ചതും.
      ഈ ഉത്തമ മാതൃക പിന്തുടരുന്നവര്‍ കുറഞ്ഞുവെന്ന്‌ മാത്രമല്ല, ആ മാതൃക അനുധാവനം ചെയ്യുന്നവരെ ആക്ഷേപിക്കുകയും ആരോപിക്കുകയും ചെയ്യല്‍ സമൂഹത്തില്‍ തന്നെ വര്‍ദ്ധിക്കുകയാണ്‌. ആ ഉത്തമ മാതൃക പൂര്‍ണ്ണമായും അനുധാവനം ചെയ്‌തു മുന്നോട്ട്‌ പോകുന്നവനാണ്‌ യഥാര്‍ത്ഥ അനുയായി. വെല്ലുവിളികളും എതിര്‍പ്പുകളും അവന്‍ കാര്യമാക്കുകയില്ല. തോന്നുന്നതൊക്കെ പറഞ്ഞും ചെയ്‌തും ഞാനും തിരുനബിയുടെ അനുയായിയാണെന്ന്‌ വീമ്പിളക്കലല്ല കാര്യം. മറിച്ച്‌ മറ്റെല്ലാറ്റിനേക്കാളും അവിടുന്നിനെ സ്‌നേഹിച്ച്‌ അവിടുന്നിനെ മാതൃകയാക്കി ജീവിതം ചിട്ടപ്പെടുത്തലാണ്‌ ശരിയായ അനുയായികള്‍ ചെയ്യേണ്ടത്‌. 
        ബാഹ്യകാര്യങ്ങളിലെന്ന പോലെ ആന്തരിക വിഷയങ്ങളിലും അവിടുന്നില്‍ മാതൃകയുണ്ട്‌. ബാഹ്യവും ആന്തരികവും സമന്വയിപ്പിച്ച സമ്പൂര്‍ണ്ണ ജീവിതമാണ്‌ അവിടുന്ന്‌ ലോകത്തിന്‌ സമര്‍പ്പിച്ചത്‌. ഭാഗികമായ ബാഹ്യനടപടികള്‍ മാത്രമോ അല്ലെങ്കില്‍ ആന്തരിക പ്രക്രിയകള്‍ മാത്രമോ ആയി അല്ല അവിടുന്ന്‌ പഠിപ്പിച്ചത്‌. പുറവും ഉള്ളും ഉള്ളിന്റ ഉള്ളും ഇവ ഓരോന്നും അതാതിന്റെ ക്രമത്തില്‍ കൊണ്ടു പോകുമ്പോഴാണ്‌ പൂര്‍ണ്ണത കൈവരുന്നതും ഇസ്‌തിഖാമത്ത്‌ (ശരിയായ നില) പ്രാപിക്കുന്നതും. ഇവു മൂന്നും തിരുനബി (സ) പഠിപ്പിച്ചതും അവിടുത്തെ ജീവിതത്തില്‍ നിവര്‍ത്തിച്ചതും പ്രബോധനം ചെയ്‌തതുമാണ്‌. പൂര്‍ണ്ണമായി തിരുനബി (സ) യെ മാതൃകയാക്കുന്നവന്‌ ഇവ മൂന്നിലൊന്നും ഒഴിവാക്കാന്‍ നിര്‍വ്വാഹമില്ല. ഒന്നെടുത്ത്‌ ഒന്നൊഴിവാക്കിയാല്‍ അല്ലെങ്കില്‍ രണ്ടും ഉപേക്ഷിച്ചാല്‍ പൂര്‍ണ്ണ പിന്തുടരല്‍ ആവുകയില്ലല്ലോ? അഥവാ ശരിഅത്ത്‌, ത്വരീഖത്ത്‌, ഹഖീഖത്ത്‌ ഇവു മൂന്നും അവിടുത്തെ പ്രബോധനമാണ്‌, മാതൃകയാണ്‌. ഈ പൂര്‍ണ്ണ മാതൃക സ്വീകരിക്കലാണ്‌ മുസ്‌ലിം ചെയ്യേണ്ടത്‌ 


Related Posts Plugin for WordPress, Blogger...