നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday 4 December 2017

ഇസ്ലാമിലെ വിവാഹം


 ഇസ്ലാമിലെ വിവാഹം


          അല്ലാഹുതആല പറഞ്ഞു: "നിങ്ങളില്‍പ്പെട്ട അവിവാഹിതകളേയും, നിങ്ങളുടെ അടിമകളിലും അടിമസ്ത്രീകളിലുംപെട്ട സദ്വൃത്തരേയും നിങ്ങള്‍ വിവാഹം കഴിപ്പിക്കൂ. അവര്‍ ദരിദ്രരായിരുന്നാല്‍ അല്ലാഹു അവന്‍റെ ഔദാര്യത്തില്‍ നിന്ന് അവരെ ധനികരാക്കുന്നതാണ്." (അന്നൂര്‍-32) 
"ഞങ്ങളുടെ നാഥാ, നീ ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്താനങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ്മ നല്‍കുകയും ഞങ്ങളെ മുത്തഖീങ്ങള്‍ക്ക് ഇമാമാക്കുകയും (പിന്തുടരപ്പെടേണ്ട മാതൃകാ യോഗ്യര്‍) ചെയ്യേണമേ എന്ന് പറയുന്നവരുമാണവര്‍. (അല്‍ഫുര്‍ഖാന്‍-74)
                  "നിശ്ചയം താങ്കള്‍ക്ക് മുമ്പ് മുര്‍സലുകളെ നാം നിയോഗിച്ചു. അവര്‍ക്ക് ഇണകളേയും സന്താനങ്ങളേയും  നാം നല്‍കി" (അര്‍റഅ്ദ്-38)
                    റസൂലുല്ലാഹി (സ്വ) പറഞ്ഞു: "യുവജന സമൂഹമേ, നിങ്ങളിലാര്‍ക്കെങ്കിലും വിവാഹത്തിന്‍റെ ചെലവുകള്‍ വഹിക്കാന്‍ കഴിയുമെങ്കില്‍ അവന്‍ വിവാഹം കഴിച്ച് കൊള്ളട്ടെ, നിശ്ചയം അത് കണ്ണിനെ അന്യസ്ത്രീകളിലേക്ക് നോക്കുന്നതിനെതൊട്ട് ഏറ്റവും തടയുന്നതും ഗുഹ്യ സ്ഥാനത്തെ ഹറാമിനെതൊട്ട് ഏറ്റവും സംരക്ഷിക്കുന്നതുമാണ്. അതിന് കഴിയാത്തവനാരോ അവന്‍ നോമ്പ് പിടിച്ച് കൊള്ളട്ടെ. നിശ്ചയമായും അത് അവന്‍റെ വികാരത്തെ നശിപ്പിക്കുന്നതാണ്". (ബുഖാരി, മുസ്ലിം)
                  നബി (സ്വ) പറഞ്ഞു: "ഇഹലോകം മുഴുവനും വിഭവങ്ങളാണ്. ആ വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സദ്വൃത്തയായ സ്ത്രീ (ഭാര്യ) യാണ്." (മുസ്ലിം)
                           നബി (സ്വ) പറഞ്ഞു: "മൂന്ന് കാര്യങ്ങള്‍ മനുഷ്യന്‍റെ വിജയത്തില്‍പ്പെട്ടതും മൂന്ന് കാര്യങ്ങള്‍ പരാജയത്തില്‍പ്പെട്ടതുമാണ്. സ്വാലിഹത്തായ (തഖ്വയുള്ളവളും, പരിശുദ്ധയും, പതിവ്രതയുമായ) ഭാര്യയും, ആവശ്യത്തിന് വിശാലതയും വൃത്തിയുമുള്ള ഭവനവും നല്ല ഒരു വാഹനവുമാണ് വിജയത്തില്‍ പെട്ടവ. കൊള്ളരുതാത്തവളായ (ബഹളക്കാരിയും, ചീത്തവിളിക്കുന്നവളും, മര്യാദയും ലജ്ജയും കുറഞ്ഞവളുമായ) ഭാര്യ, കൊള്ളരുതാത്ത (ആവശ്യത്തിന് വിശാലതയോ വൃത്തിയോ ഇല്ലാത്ത) കുടുസ്സായ ഭവനം, കൊള്ളരുതാത്ത വാഹനം എന്നിവയാണ് പരാജയത്തില്‍ പെട്ടത്" (അഹ്മദ്, ത്വബ്റാനി, ഹാകിം),
വീണ്ടും നബി (സ്വ) പറഞ്ഞു: "ആര്‍ക്കെങ്കിലും സ്വാലിഹത്തായ ഒരു ഭാര്യയെ അല്ലാഹു നല്‍കിയാല്‍ നിശ്ചയം തന്‍റെ ദീനിന്‍റെ പകുതിയിലും അല്ലാഹു അവനെ സഹായിച്ചു. ശേഷിച്ച പകുതിയില്‍ അല്ലാഹുവിനെ അവന്‍ സൂക്ഷിച്ച് കൊള്ളട്ടെ" (ത്വബ്റാനി, ഹാകിം)

                    "മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം ആര്‍ക്കെങ്കിലും വിവാഹം കഴിക്കാന്‍ കഴിവുണ്ടായിട്ടും അവന്‍ വിവാഹം കഴിക്കാതിരുന്നാല്‍ അവന്‍ നമ്മില്‍പ്പെട്ടവനല്ല. (ത്വബ്റാനി, ബൈഹഖി)
മറ്റൊരു ഹദീസ് ഇപ്രകാരം വായിക്കാം "നാല് കാര്യങ്ങള്‍ക്ക് വേണ്ടി പെണ്ണിനെ വിവാഹം കഴിക്കപ്പെടാറുണ്ട്. അഥവാ അവളുടെ സ്വത്തിന് വേണ്ടിയും അവളുടെ കുടുംബമഹിമയക്കുവേണ്ടിയും അവളുടെ സൗന്ദര്യത്തിന് വേണ്ടിയും അവളുടെ ദീനിന് വേണ്ടിയും എന്നാല്‍ ദീനുള്ളവളെ വിവാഹം കഴിച്ച് നീ വിജയംവരിക്കൂ. (അവളുടെ സ്വത്തിലേക്ക് നീ നോക്കണ്ട. അങ്ങനെ നീ ചെയ്താല്‍) നിന്‍റെ ഇരുകരങ്ങളും മണ്ണോട് ചേരട്ടെ" (ബുഖാരി, മുസ്ലിം, അബൂദാവൂദ്)
                  വിവാഹത്തിന്‍റെ പ്രയോജനങ്ങള്‍ നിരവധിയാണ്. സന്താനലബ്ധി, ശൈത്വാനിനെ തൊട്ട് കാവല്‍ ലഭിക്കല്‍, നേരമ്പോക്ക് ലഭിക്കല്‍, വികാരശമനം, അന്യ സ്ത്രീകളിലേക്ക് നോക്കുന്നതിനെതൊട്ട് കണ്ണ് ചിമ്മല്‍, ഇബാദത്തുകള്‍ക്ക് ശക്തി പകരല്‍ തുടങ്ങി നിരവധി നേട്ടങ്ങള്‍ വിവാഹത്തിലൂടെയും കുടുംബജീവിതത്തിലൂടെയും കരസ്ഥമാക്കാം. ഭിഷഗ്വരന്‍മാര്‍ പറഞ്ഞു: "വിവാഹത്തിന്‍റെ ലക്ഷ്യങ്ങള്‍ മൂന്നാണ്. ഒന്ന്:- സന്താനപരമ്പരയെ നില നിര്‍ത്തല്‍. രണ്ട്:-കെട്ടിക്കിടക്കല്‍ കൊണ്ട് ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ശുക്ലത്തെ പുറത്ത് കളയല്‍. മൂന്ന്:- സുഖാസ്വാദനം. എന്നാല്‍ ഇപ്പറഞ്ഞ മൂന്നാമത്തെ കാര്യം മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ അവശേഷിക്കുന്നത്. കാരണം സ്വര്‍ഗ്ഗത്തില്‍ സന്താനോല്‍പ്പാദനമോ ശുക്ലം കെട്ടിക്കിടക്കുന്നതിന്‍റെ പ്രശ്നങ്ങളോ ഇല്ല."
                        ലൈംഗികാഗ്രഹങ്ങളോ ആവശ്യമോ ഉള്ളവനും തനിക്ക് താമസിക്കാനുള്ള ഭവനം സേവകന്‍, വാഹനം തന്‍റെ വസ്ത്രങ്ങള്‍ എന്നിവ കഴിച്ച് വധുവിന് ഒരുരാവും പകലും കഴിക്കുവാനുള്ള ഭക്ഷണം ഒരു സീസണിലേക്കുള്ള വസ്ത്രങ്ങള്‍ അവള്‍ക്കുള്ള മഹ്റ് എന്നീ ചെലവുകള്‍ വഹിക്കാന്‍ കഴിവുള്ളവനുമായ എല്ലാ പുരുഷന്‍മാര്‍ക്കും വിവാഹം കഴിക്കല്‍ സുന്നത്താണ്. 
                       എന്നാല്‍ ലൈഗികാഗ്രഹവും ആവശ്യവും ഉണ്ടെങ്കിലും മേല്‍പ്പറഞ്ഞ ചെലവുകള്‍ വഹിക്കാന്‍ കഴിവില്ലാത്തവന്‍ വിവാഹം ഉപേക്ഷിക്കലാണുത്തമം. പതിവായി നോമ്പ് പിടിച്ച് കൊണ്ട് അവന്‍ തന്‍റെ വികാരത്തെ ശിഥിലമാക്കണം. എന്നാല്‍ മരുന്നുകള്‍ ഉപയോഗിച്ച് ലൈംഗികശേഷി തകര്‍ക്കുവാന്‍ പാടില്ല. ലൈംഗികാഗ്രഹങ്ങള്‍ ഇല്ലാതിരിക്കുന്നതോടൊപ്പം വിവാഹത്തിന്‍റെ ചെലവുകള്‍ വഹിക്കാനും ഒരാള്‍ക്ക് കഴിയാതിരുന്നാല്‍ വിവാഹം കഴിക്കല്‍ അവന് കറാഹത്താണ്. വിവാഹം സുന്നത്തായവര്‍ നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമാകുന്നതുമാണ്. 
                വിവാഹവുമായി ബന്ധപ്പെട്ട ധാരാളം സുന്നത്തുകളുണ്ട്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ പെണ്ണ് കാണല്‍ സുന്നത്താണ്. പെണ്ണിന് പുരുഷനേയും കാണല്‍ സുന്നത്താണ്. പെണ്ണ് കാണുമ്പോള്‍ ഇരുവരും നിസ്കാരത്തിലെ ഔറത്തല്ലാത്ത ഭാഗങ്ങള്‍ കാണാവുന്നതാണ്; പെണ്ണിന്‍റെ മുഖവും, മുന്‍കൈകളും കാണാവുന്നതും. പെണ്ണിന് പുരുഷന്‍റെ പൊക്കില്‍ മുതല്‍ മുട്ട് വരെയുള്ള ഭാഗം ഒഴികെയുള്ളവ കാണാവുന്നതാണ്. പെണ്ണ് കാണല്‍ അനുവദനീയമാകാന്‍ അവള്‍ നിക്കാഹില്‍ നിന്നും ഇദ്ദയില്‍ നിന്നും ഒഴിവായിരിക്കലും തന്‍റെ വിവാഹാലോചനയ്ക്ക് ഉത്തരം ലഭിക്കുമെന്ന (പെണ്‍വീട്ടുകാരുടെ സമ്മതം ലഭിക്കല്‍) പ്രതീക്ഷയുണ്ടായിരിക്കലും അത്യാവശ്യമാണ്. പെണ്ണ് കാണുമ്പോള്‍ പെണ്ണിനെ സ്പര്‍ശിക്കല്‍ ഹറാമാണ്. പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ പ്രതിശ്രുത വരന്‍ പെണ്ണിന് മൊബൈല്‍ ഫോണ്‍ സമ്മാനിക്കുന്നതും പിന്നീട് നിരന്തരം മൊബൈലിലൂടെ നടത്തുന്ന സംഭാഷണങ്ങളും സല്ലാപങ്ങളും ഇന്ന് സാര്‍വ്വത്രികമായിരിക്കുന്നു. ഇത് ഇസ്ലാമിക വിരുദ്ധവും അനാശാസ്യവുമാണ്. നിക്കാഹിന് മുമ്പ് വലിയ്യ് (പെണ്ണിനെ വിവാഹം കഴിച്ച് കൊടുക്കാന്‍ അധികാരമുള്ളവന്‍) ഒരു ഖുതുബ നടത്തല്‍ സുന്നത്താണ്. വിവാഹാലോചനയ്ക്കുമുമ്പും വിവാഹമാലോചിക്കുന്നവന്‍ ഒരു ഖുത്വുബ നടത്തല്‍ സുന്നത്താണ്. വിവാഹാലോചനയ്ക്ക് ശേഷം വലിയ്യ് വിവാഹസമ്മതം അറിയിക്കുന്നതിന് മുമ്പ് ഒരു ഖുത്വുബ നടത്തല്‍ വലിയ്യിനും സുന്നത്താണ്.
                   വിവാഹം കഴിക്കപ്പെടുന്ന പെണ്ണ് എങ്ങനെയുള്ളവളായിരിക്കണം? നല്ല മതചിട്ടയുള്ളവളായിരിക്കലും നല്ല കുടുംബമഹിമയുള്ളവളായിരിക്കലും സൗന്ദര്യവതിയും അകന്നബന്ധത്തിലുള്ളവളുമായിരിക്കലും, കന്യകയും ധാരാളം പ്രസവിക്കുന്നവളും കൂടുതല്‍ സ്നേഹമുള്ളവളും ആയിരിക്കലുമാണ് ഏറ്റവും നല്ലത്. ഒരു കന്യകയെ സംബന്ധിച്ചിടത്തോളം അവള്‍ കൂടുതല്‍ പ്രസവിക്കുന്നവളാണോ എന്നറിയാന്‍ അവളുടെ അടുത്ത ബന്ധുക്കളില്‍പ്പെട്ട സ്ത്രീകളുടെ സ്ഥിതി അന്വേഷിച്ചാല്‍ മതി. അത്പോലെ നല്ല ബുദ്ധിയുള്ളവളായിരിക്കലും സല്‍സ്വഭാവിനിയായിരിക്കലും മറ്റൊരു വിവാഹത്തില്‍ കുട്ടിയുള്ളവളല്ലാതിരിക്കലും ചുമപ്പ് കൂടിയവളല്ലാതിരിക്കലും നീണ്ട് മെലിഞ്ഞവളല്ലാതിരിക്കലും ഉത്തമമാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അവള്‍ പാതിവൃത്യമുള്ളവളല്ലാതിരിക്കുകയോ ചാരിത്ര്യ ശുദ്ധി പരിഗണിക്കുമ്പോള്‍ അവള്‍ക്ക് മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ പാതിവൃത്യമുള്ളവളെ തെരഞ്ഞെടുക്കലാണുത്തമം. മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ പരസ്പരം എതിരായാല്‍ മതചിട്ടയെ നിരുപാധികം മുന്തിക്കുകയും പിന്നെ സല്‍സ്വഭാവം, പിന്നെ കൂടുതല്‍ പ്രസവിക്കല്‍, പിന്നെ കുടുംബ മഹിമ, പിന്നെ കന്യകാത്വം, പിന്നെ സൗന്ദര്യം എന്നിവയാണ് പരിഗണിക്കേണ്ടത്. വിവാഹം കഴിക്കല്‍ കൊണ്ട് സുന്നത്തിനെ കരുതലും ദീനിന്‍റെ സംരക്ഷണത്തെ കരുതലും സുന്നത്താണ്. നിക്കാഹ് കൊണ്ട് ത്വാഅത്തിനെ (അല്ലാഹുവിനെ അനുസരിക്കല്‍) അത് പ്രതിഫലാര്‍ഹമാകൂ. പാതിവൃത്യം കാത്ത് സൂക്ഷിക്കല്‍, സ്വാലിഹായ സന്താനങ്ങള്‍ ലഭിക്കല്‍ മുതലായവ ലക്ഷ്യമാക്കലും സുന്നത്താണ്. നിക്കാഹ് പള്ളിയില്‍ വെച്ചായിരിക്കലും വെള്ളിയാഴ്ച ദിവസമായിരിക്കലും പകലിന്‍റെ ആദ്യസമയത്തായിരിക്കലും ശവ്വാല്‍ മാസത്തിലായിരിക്കലും സുന്നത്താണ്. 
വിവാഹം കഴിക്കാന്‍ കഴിവുള്ള പുരുഷന്മാര്‍ അഥവാ ശാരീരികമായും സാമ്പത്തികമായും കഴിവുള്ള പുരുഷന്മാര്‍ വിശിഷ്യാ യുവാക്കള്‍ വിവാഹം കഴിക്കലാണ് സുന്നത്ത്. അതാണ് നബി (സ്വ) പ്രോത്സാഹിപ്പിക്കുന്നത്. കഴിവുണ്ടായിട്ടും മനഃപൂര്‍വ്വം അത് ഉപേക്ഷിക്കുകയും അകാരണമായി അത് പിന്തിക്കുകയും ചെയ്യല്‍ ആക്ഷേപാര്‍ഹവും പൈശാചിക പ്രവണതകളിലേക്ക് വഴുതി വീഴാന്‍ ഏറ്റവും സാധ്യതയുള്ളതുമാണ്. അത്തരം യുവാക്കള്‍ നബിചര്യ അവഗണിച്ചവരും അവിടുത്തെ കല്‍പ്പന ലംഘിച്ചവരുമാണ്. ഇന്ന് അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ അകാരണമായി അത് നീട്ടിക്കൊണ്ട് പോകുന്നവരുമാണ്. ഇത്തരം പ്രവണതകള്‍ ഇന്ന് സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ഇതൊട്ടും ആശാവഹമല്ല. അലിയ്യ് (റ) ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു ഹദീസ് ഇപ്രകാരം വായിക്കാം. റസൂല്‍ (സ്വ) പറഞ്ഞു: "ഏ അലീ! മൂന്ന് കാര്യങ്ങള്‍ നീ പിന്തിക്കരുത്. നിസ്കാരം, അതിന്‍റെ സമയമായാല്‍ (അത് നീ പിന്തിക്കരുത്) ഒരു ജനാസ ഹാജറായാല്‍ (അതിന്‍റെ പരിപാലനം നീ പിന്തിക്കരുത്) അവിവാഹിതയായ ഒരു പെണ്ണിന് അനുയോജ്യനായ വരനെ കണ്ടെത്തിയാല്‍ (അവളെ വിവാഹം കഴിച്ചു കൊടുക്കുന്നത് നീ പിന്തിക്കരുത്)"(തുര്‍മുദി).
                   ഇന്ന് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ ചൊല്ലി സമൂഹത്തില്‍ ചൂട് പിടിച്ച ചര്‍ച്ചകളും തര്‍ക്കവിതര്‍ക്കങ്ങളും നടക്കുകയാണല്ലോ? ഇസ്ലാം വിരുദ്ധ ലോബികളാണ് അതിന് പിന്നില്‍. അവര്‍ക്ക് ചൂട്ട് പിടിക്കാന്‍ ചില മുസ്ലിം നാമധാരികളും  രംഗപ്രവേശം ചെയ്യുന്നതായി കാണുന്നു. തങ്ങള്‍ പുരോഗമനവാദികളാണെന്ന് തെളിയിക്കാനും അങ്ങനെ പൊതുസമൂഹത്തിന്‍റെ കൈയടി നേടാനും വേണ്ടിയാണ് ഇസ്ലാമിക വിജ്ഞാനത്തില്‍ അല്‍പ്പന്മാരയ അത്തരം യുവതീയുവാക്കള്‍ വിശ്വാസം കാറ്റില്‍ പറത്തിക്കൊണ്ട് ജല്‍പിക്കുന്ന ഈ തോന്ന്യാസങ്ങള്‍. അധാര്‍മ്മിക പ്രവണതകള്‍ കൊണ്ട് മലീമസമായ ഇന്നത്തെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റുപാടുകള്‍ സര്‍വ്വതന്ത്ര സ്വാതന്ത്യത്തിന്‍റെ കേളിരംഗമായിമാറുകയും ഭൗതികകലാലയങ്ങളുടെ സന്തതികള്‍ പടിഞ്ഞാറന്‍ പുരോഗമനവാദത്തിന്‍റെ ചീഞ്ഞുനാറുന്ന സംസ്കാരത്തിന്‍റെ വാഹകരാവുകയും ചെയ്തതിന്‍റെ ഫലമാണ് ഇത്തരം പിന്തിരിപ്പന്‍ വാദഗതികളിലേക്ക് അഭ്യസ്ത വിദ്യരായ സമുദായമക്കളേയും കണ്ടെത്തിച്ചത്. ഭൗതിക വിദ്യാഭ്യാസത്തിന്‍റെ അതിപ്രസരം തലക്ക് പിടിച്ച രക്ഷകര്‍ത്താക്കളാണിതിനുത്തരവാദികള്‍. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യയും മക്കള്‍ക്ക് നല്‍കേണ്ടതിന്‍റെ പ്രസക്തിയും, അനിവാര്യതയുമാണ് അനിഷേധ്യമായി ഇവിടെ തെളിയിക്കപ്പെടുന്നത്.
                  ഇസ്ലാം വിരുദ്ധലോബികള്‍ തൊടുത്തുവിടുന്ന കൂരമ്പുകള്‍ക്ക് പണ്ഡിത സംഘടനകളും കെല്‍പ്പുറ്റ പണ്ഡിത നേതൃത്വവും കാലാകാലങ്ങളില്‍ മറുപടി നല്‍കാറുണ്ട്. ഇവ്വിഷയകമായും തഥൈവ. സത്യാന്വേഷികളെ സംതൃപ്തരാക്കാന്‍ അത് ധാരാളം പക്ഷേ ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്നവര്‍ അതെല്ലാം കണ്ടില്ലെന്ന് നടിക്കും. മേല്‍പ്പറഞ്ഞ അഭ്യസ്ത വിദ്യ യുവതീയുവാക്കള്‍ ആഗ്രഹിക്കുന്നത് ഫ്രീഡമാണ്. അടിച്ച് പൊളിക്കാനുള്ള ഫ്രീഡം. ഇഷ്ടപ്പെട്ട ഗേള്‍ഫ്രണ്ടിനോടൊപ്പം സ്വൈരവിഹാരം നടത്താനും വിനോദയാത്ര പോകാനും മദ്യവും മയക്കുമരുന്നും മദാലസകളേയും മാറിമാറി ഉപയോഗിച്ച് മതിമറന്നാടാനും പാടാനുമെല്ലാമുള്ള ഫ്രീഡം. അതിന് യഥേഷ്ടം പണവും അത്യാധുനിക മൊബൈല്‍ ഫോണുകളുമെല്ലാം അവരുടെ പാരന്‍റ്സ് യഥേഷ്ടം നല്‍കും. അപ്പോള്‍ കാര്യങ്ങള്‍ വളരെ എളുപ്പമായി. ഈ നിലക്ക് സ്വാതന്ത്ര്യം അനുഭവിച്ച കുമാരീ കുമാരന്മാര്‍ വിവാഹ പ്രായം പതിനെട്ട് വയസ്സല്ല, ഇരുപത്തിയെട്ട് വയസ്സാക്കണമെന്ന് വാദിച്ചില്ലെങ്കിലേ അതിശയമുള്ളൂ. ഇത് സാധാരണക്കാരായ സമുദായംഗങ്ങളുടെ മക്കളുടെ കഥ. എന്നാല്‍ ബിരുദധാരികളായ എത്രയെത്ര പണ്ഡിതന്മാരാണ് തങ്ങളുടെ പെണ്‍മക്കളേയും ഭാര്യമാരേയും ഇറുകിയ ജീന്‍സും ഷര്‍ട്ടും ധരിപ്പിച്ച് ഇരുചക്ര വാഹനങ്ങളില്‍ എഞ്ചിനിയറിംഗ് കോളേജുകളിലേക്കും മറ്റും പറഞ്ഞയക്കുന്നത്. ചിലര്‍ പര്‍ദ്ദധാരിണികളായി പോവുകയും കോളേജിന്‍റെ പടിക്കല്‍ ചെല്ലുകയും ചെയ്യുമ്പോള്‍ പര്‍ദ്ദയൂരി ഭര്‍ത്താവിനെയേല്‍പ്പിക്കുന്നു. പര്‍ദ്ദ മടക്കിവെച്ച് കവര്‍ ഏറ്റുവാങ്ങി ഭാര്യക്ക് ബൈ-ബൈ പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുന്ന മതബിരുദധാരികളാണ് നമ്മെ ഏറെ ആശ്ചര്യപ്പെടുത്തുന്നത്. എങ്ങോട്ടാണീ പോക്ക്?! എന്താണിവര്‍ ലക്ഷ്യമാക്കുന്നത്?! "ഇഹലോകം ചീഞ്ഞളിഞ്ഞ ശവമാണെന്നും അത് തേടിപ്പോകുന്നത് നായ്ക്കളാണെന്നും" പഠിപ്പിച്ച പ്രവാചക തിരുമേനി (സ്വ) യുടെ അദ്ധ്യാപനങ്ങള്‍ ഉള്‍ക്കൊമ്ട് പ്രവര്‍ത്തിക്കേണ്ട പണ്ഡിതന്മാര്‍ ഇത്തരം അധാര്‍മ്മികതകക്ക് ചുക്കാന്‍ പിടിച്ചാല്‍ പിന്നെ ഈ സമുദായത്തെ നേര്‍വഴിക്ക് നയിക്കാന്‍ ആരുണ്ട്? ലവലേശമെങ്കിലും ഈമാനുള്ളവര്‍ക്ക് സഹിക്കാന്‍ പറ്റുന്നതാണോ ഇതെല്ലാം?.
                 മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം സംബന്ധിച്ചുള്ള ഇസ്ലാമിന്‍റെ കാഴ്ചപ്പാടെന്താണ്? പരിശോധിക്കാം. വിവാഹം കഴിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് എത്ര വയസ്സായിരിക്കണമെന്ന ഒരു നിബന്ധന ഇസ്ലാലില്ല. വിവാഹം കഴിച്ചു കൊടുക്കുന്നത് അവരുടെ എത്ര ചെറുപ്പത്തില്‍ വേണമെങ്കിലുമാകാമെങ്കിലും അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തുകയും ഭര്‍ത്താവുമൊത്ത് ജീവിക്കുന്നതിനും കുടുംബജീവിതം നയിക്കുന്നതിനും അവള്‍ പ്രാപ്തയാകുന്നത് വരെ അവള്‍ മാതാപിതാക്കളുടെയടുക്കല്‍ അല്ലെങ്കില്‍ രക്ഷകര്‍ത്താക്കളുടെയടുക്കല്‍ തന്നെയായിരിക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അവള്‍ക്ക് ശാരീരകവും മാനസീകവുമായ വളര്‍ച്ചയെത്തുകയും അവള്‍ പക്വമതിയാവുകയും ചെയ്യുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് അവളെ ഭര്‍ത്താവിനോടൊപ്പം വിടാം. ഋതുമതിയാകുന്നത് കൊണ്ട് അവള്‍ പ്രായപൂര്‍ത്തിയെത്തിയവളാകാമെങ്കിലും പക്വമതിയായിക്കൊള്ളണമെന്നില്ല. ഋതുമതിയാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം (ഇസ്ലാമിക ദൃഷ്ട്യാ) ഒന്‍പത് വയസ്സാണ്. ഒന്‍പത് വയസ്സിലും പത്ത് വയസ്സിലുമെല്ലാം ചില കുട്ടികള്‍ക്ക് മെന്‍സസ് ഉണ്ടാകും. പക്ഷേ, അത് അവരുടെ അനിവാര്യമായ വിദ്യാഭ്യാസ പ്രായവും സാധാരണ നിലയില്‍ ആ പ്രായത്തില്‍ വളര്‍ച്ചയും പക്വതയുമെത്താറില്ലാത്തതിനാലും ആ പ്രായത്തില്‍ അവരുടെ നിക്കാഹ് നടത്തിക്കൊടുത്താലും ഭര്‍ത്താവിനോടൊപ്പം പറഞ്ഞയക്കുന്നത് രക്ഷകര്‍ത്താക്കള്‍ക്ക് വൈകിക്കാവുന്നതാണ്. പക്വതയും വളര്‍ച്ചയുമെത്തുന്നത് എല്ലാവര്‍ക്കും ഒരേ പ്രായത്തിലായിക്കൊള്ളണമെന്നില്ല. അത് ആപേക്ഷികമായി പലരിലും പല പ്രായത്തിലായിരിക്കും. ഭക്ഷണ രീതികളിലുള്ള വ്യത്യാസങ്ങളും പാരമ്പര്യ ഘടകങ്ങളുമെല്ലാം അതിന് ഹേതുവാണ്. ഇതിന് പുറമേ, പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ അവളുടെ സ്വന്തം പിതാവിനും ഉപ്പാപ്പക്കും മാത്രമേ അധികാരമുള്ളൂ. അവര്‍ക്ക് തന്നെയും അനുവാദം ചോദിക്കല്‍ സുന്നത്തുമാണ്. വാപ്പയും ഉപ്പാപ്പയുമാകുമ്പോള്‍ സാധാരണ നിലയില്‍ തന്‍റെ മകളുടെ സുരക്ഷിതത്വത്തിലും അവളുടെ ഭാസുര ഭാവിക്കും അനുയോജ്യമായതല്ലാത്ത ഒരു തീരുമാനവും എടുക്കുകയില്ല. അവരല്ലാത്ത മറ്റ് വലിയ്യുകള്‍ (പെണ്ണിനെ വിവാഹം കഴിച്ചു കൊടുക്കാന്‍ അധികാരമുള്ളവര്‍) അവളുടെ അനുവാദമില്ലാതെ അവരെ വിവാഹം കഴിച്ചുകൊടുക്കാവതല്ല. അങ്ങനെ ചെയ്താല്‍ ആ വിവാഹം അസാധുവായിരിക്കുന്നതാണ് (ബാത്വിലാകുന്നതാണ്). അതിനാല്‍ ഏതെങ്കിലും പെണ്‍കുട്ടിക്ക് അവളുടെ വിവാഹം പിന്തിക്കണമെന്നുണ്ടെങ്കില്‍ (അവരുടെ വലിയ്യ് പിതാവോ ഉപ്പാപ്പയോ അല്ലാത്തപ്പോള്‍) അവള്‍ അനുവാദം കൊടുക്കാതിരുന്നാല്‍ പോരേ? വാപ്പയ്ക്കും ഉപ്പാപ്പയ്ക്കും അവളുടെ അനുവാദമില്ലാതെ അവളെ കെട്ടിച്ചയക്കാന്‍ അല്ലാഹു അധികാരം നല്‍കിയത്. സ്വന്തം പെണ്‍മക്കളുടെ കാര്യത്തില്‍ അവര്‍ ഉത്തരവാദിത്വബോധമുള്ളവരും അവരുടെ ഭാവിക്കനുഗുണമായതല്ലാതെ സാധാരണ നിലയില്‍ അവര്‍ ചെയ്യുകയില്ലെന്നും അല്ലാഹു അറിയുന്നതിനാലായിരിക്കാം. എന്നിരുന്നാലും പെണ്‍മക്കളുടെ അനുവാദം തേടാന്‍ അല്ലാഹു അവര്‍ക്ക് സുന്നത്താക്കുകയും ചെയ്തു. ഈ നിയമത്തില്‍ എവിടെയാണ്? എന്താണ് പ്രശ്നമുള്ളത്? ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായ ഒരു നിയമം മുസ്ലിംകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഒരു കോടതിക്കും അതിന്നധികാരവുമില്ല. മുന്‍കാലങ്ങളില്‍ നടന്ന ശരീഅത്ത് വിവാദങ്ങളില്‍ ജുഡീഷ്യറിക്ക് അത് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഈയടുത്ത് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഇത് സംബന്ധമായ വിധി ആശാവഹമാണ്. ബഹുമാനപ്പെട്ട കോടതികള്‍ ശരീഅത്ത് വിഷയത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോട് കൂടെ മുസ്ലിം മൗലികാവകാശങ്ങള്‍ സംരക്ഷിക്കുകയും ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...