നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 9 December 2017

ഇമാ ഗസ്സാലി (റ)

ഇമാ ഗസ്സാലി (റ) 


           ഇമാം ഗസ്സാലി (റ) തന്‍റെ ശിഷ്യന്‍ വഴി ലോകത്തോട് സംവദിക്കുകയാണ്: മഹാനവര്‍കളുടെ ഒരു ശിഷ്യന്‍ ഗുരുനാഥന് ഒരു കത്തയക്കുന്നു. ഗുരുവര്യരേ! സുദീര്‍ഘമായ ആയുസ്സ് മതവിജ്ഞാന സമ്പാദനത്തിനായി ചെലവഴിച്ച ഞാന്‍ ഇന്ന് പരിഭ്രാന്തിയിലാണ്. കാരണം ജീവിതത്തിന്‍റെ വലിയൊരു പങ്ക് ദീനീവിജ്ഞാനത്തിന് വേണ്ടി വിനിയോഗിച്ചുവെങ്കിലും ആ അറിവുകളില്‍ നിന്ന് അല്ലാഹുവിന്‍റെ സന്നിധാനത്തില്‍ ഉപകാര പ്രദമായത് ഏത്? അല്ലാത്തത് ഏത്? എന്ന തിരിച്ചറിവ് ഇല്ലാത്തതിനോട് കൂടി തിരുദൂതര്‍ (സ്വ) യുടെ "ഉപകാരപ്രദമല്ലാത്ത) അറിവില്‍ നിന്ന് നിന്നോട് ഞാന്‍ കാവലിനെ ചോദിക്കുന്നു" എന്ന ഹദീസ് എന്‍റെ പരിഭ്രാന്തി വര്‍ദ്ധിപ്പിക്കുന്നു. കാരണം എന്‍റെ അറിവുകളത്രയും ഉപകാരമില്ലാത്ത ഇനത്തില്‍ പെട്ടതായേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ആയതുകൊണ്ട് എനിക്ക് ഉപകാരപ്രദമായ അറിവ് ഏതെന്നും അല്ലാത്തത് ഏതെന്നും വ്യക്തമാക്കിത്തരണം എന്ന ഈ എഴുത്തിന് മറുപടിയായി മഹാനവര്‍കള്‍ അരുമ ശിഷ്യന് എഴുതിയത് മുസ്ലിം ലോകത്തിനുള്ള മാര്‍ഗ്ഗദര്‍ശനമാണ്. അതിന്‍റെ ഏതാനും ഭാഗങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: 
ഉപദേശം നല്‍കാന്‍ നിഷ്പ്രയാസം സാധിക്കും. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കുന്നതും സദുപദേശം അംഗീകരിക്കുന്നതും ക്ഷിപ്രസാദ്ധ്യമല്ല. കാരണം വികാര ജീവിക്ക് സദുപദേശം കയ്പ്പേറിയതാണ്. വിലക്കപ്പെട്ടത് പൊതുവേ പ്രിയങ്കരവും വിശിഷ്യാ ഭൗതിക പ്രൗഢിക്കും പ്രതാപത്തിനും വേണ്ടി ദീനീ വിദ്യ അഭ്യസിക്കുന്നവന്‍ പണ്ഡിതന്‍, ജ്ഞാനി എന്നൊക്കെ പറയപ്പെടാന്‍ മാത്രം അറിവ് സമ്പാദിച്ചവനാണ്. അത് അവന്‍ കൈവരിച്ചു. അവന്‍റെ ലക്ഷ്യം സാധ്യമായി. അറിവ് കര്‍മ്മത്തിനാണെന്ന വിശ്വാസം അവന് അന്യമായത് കൊണ്ട് കര്‍മ്മ ധര്‍മ്മങ്ങളെ കുറിച്ച് അവന്‍ ചിന്തിക്കുന്നില്ല. ഇത്തരം അറിവ് നാശകാരിയും പരലോകത്ത് പ്രതികൂല സാക്ഷിയുമായിരിക്കുമെന്ന ബോധം അവനുണ്ടാകുന്നില്ല. "അന്ത്യദിനത്തില്‍ ഏറ്റവും കഠിന ശിക്ഷക്ക് പാത്രീഭവിക്കുന്നത് അറിവ് നിഷ്ഫലമായ ജ്ഞാനിയാണ്" എന്ന തിരുവചനത്തില്‍ നിന്ന് അവന്‍ അശ്രദ്ധനാണ്. 
ഇമാം അഹ്മദ് (റ) ഉദ്ധരിക്കുന്നു: അസഹ്യമായ ദുര്‍ഗന്ധത്താല്‍ നരകവാസികള്‍ ചോദിക്കും: വൃത്തികെട്ടവനേ, നിന്‍റെ ദുര്‍ഗന്ധം അസഹനീയമാണ്. ഞങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകളും പ്രയാസങ്ങളും പോരാഞ്ഞിട്ടാണോ നീ ഈ ദുര്‍ഗന്ധവുമായി വന്നിരിക്കുന്നത്. ഇതിന് മാത്രം ദുര്‍ഗന്ധം വമിക്കാന്‍ എന്ത് വൃത്തികേടാണ് നീ ചെയ്തു കൂട്ടിയത്? അപ്പോള്‍ അവന്‍ പറയും: ഞാനൊരു പണ്ഡിതനായിരുന്നു. എന്‍റെ അറിവ് എനിക്ക് ഉപകാരം ചെയ്തില്ല" അഥവാ കര്‍മ്മമില്ലാത്ത ജ്ഞാനമായിപ്പോയി എന്‍റേത്. 
ഇമാം ജുനൈദുല്‍ ബഗ്ദാദി (റ) യുടെ പ്രമുഖരായ ചില ശിഷ്യന്മാര്‍ ഗുരുവിന്‍റെ മരണശേഷം അദ്ദേഹത്തെ സ്വപ്നത്തില്‍ ദര്‍ശിച്ചപ്പോള്‍ ശിഷ്യര്‍ ഗുരുവിനോട് "നിങ്ങളെ അല്ലാഹു എന്ത് ചെയ്തു". അവിടുന്ന് മറുപടി പറഞ്ഞു: ആ എഴുത്തുകളും അറിവുകളും പദപ്രയോഗങ്ങളും മറ്റും നിഷ്ഫലമായിപ്പോയി. പാതിരാ സമയത്ത് ചെയ്ത രാത്രി നിസ്കാരങ്ങള്‍ മാത്രമേ എനിക്കുപകരിച്ചുള്ളൂ.
ഇവിടെ ഉദ്ധരിച്ചതും അല്ലാത്തതുമായ ഹദീസുകള്‍, ചരിത്രങ്ങള്‍ എല്ലാം നല്‍കുന്ന പാഠം കേവല ജ്ഞാനം പരലോകത്ത് ഒരു ഉപകാരവും ചെയ്യില്ല. അതി നിപുണനായ ഒരു യോദ്ധാവ് അതിശക്തവും വിനാശകരവുമായ നിരവധി ആയുധങ്ങള്‍ അദ്ദേഹത്തിന്‍റെ ആയുധശേഖരത്തിലുണ്ട്. എന്നാല്‍ ശത്രുവുമായി ഏറ്റുമുട്ടേണ്ടി വന്നപ്പോള്‍ ഒരു ആയുധവും അദ്ദേഹം പ്രയോഗിച്ചിട്ടില്ല. എന്നാല്‍ ആ ആയുധക്കൂമ്പാരം കൊണ്ട് അവനെന്ത് പ്രയോജനം? ഇതാണ് കര്‍മ്മമില്ലാത്ത ജ്ഞാനിയുടെ ഉപമ. ശ്രദ്ധിക്കുക. കര്‍മ്മം കൂടാതെയുള്ള ഗ്രന്ഥ പാരായണവും അറിവും പരലോകത്ത് നിഷ്ഫലമായിരിക്കും.
എന്നാല്‍ പരലോകവിജയം കര്‍മ്മം നിമിത്തമാണെന്ന മൂഢവിശ്വാസം വെച്ച് പുലര്‍ത്തിക്കൂടാ. അത് അല്ലാഹുവിന്‍റെ റഹ്മത്ത് അഥവാ ഔദാര്യം ഒന്ന് കൊണ്ട് മാത്രമാണ്. അല്ലാഹുവിന്‍റെ ഔദാര്യവും അനുഗ്രഹവും സ്വീകരിക്കുന്നതിന് പാകമായ സ്ഥലത്തേ അത് അവതരിക്കുകയുള്ളൂ. ആ പാകത ഉണ്ടായിത്തീരുന്നത് ആത്മാര്‍ത്ഥതയോടെയുള്ള കര്‍മ്മങ്ങളും അല്ലാഹുവിനെ അനുസരിക്കല്‍ ജീവിത ശൈലിയാക്കുകയും ആജ്ഞ നിരോധനങ്ങള്‍ക്കനുസൃതമായി ജീവിതം പാകപ്പെടുത്തുകയും ചെയ്യുക മൂലമാണ്. "അല്ലാഹുവിന്‍റെ അനുഗ്രഹം മുഹ്സിനീങ്ങളോട് വളരെ അടുത്തിരിക്കുന്നു" എന്ന ഖുര്‍ആനിക വചനം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 
ബനൂ ഇസ്റാഈല്‍ സമൂഹത്തിലെ ഒരു ആരാധകന്‍റെ മഹത്വം മലക്കുകള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് ഒരു മലക്കിനെ അല്ലാഹു ആരാധകന്‍റെ സമീപത്തേക്ക് അയച്ചു കൊണ്ട് ഇങ്ങനെ പറയാന്‍ നിര്‍ദ്ദേശിച്ചു: "ഓ ഇബാദത്തിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യാ, നീ എന്തിനാണ് ഇങ്ങനെ കഠിനാദ്ധ്വാനം ചെയ്യുന്നത്? നീ നരകാവകാശിയാണല്ലോ?" മലക്ക് ആ മനുഷ്യനെ സമീപിച്ചു കൊണ്ട് നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ട ആരാധകന്‍ പ്രതിവചിച്ചു: "ഞാന്‍ അല്ലാഹുവിന്‍റെ ദാസനാണ്. ദാസന്‍റെ ജോലി ദാസ്യ വേലയാണ്. അല്ലാഹു ആരാധ്യനാണ്. അവന്‍റെ അവസ്ഥാ വിശേഷങ്ങളോ ജോലിയോ അവനല്ലാത്തവന്‍ അറിയില്ല". 
ഈ മറുപടി കേട്ട മലക്ക് അല്ലാഹുവിനോട് പറഞ്ഞു. റബ്ബേ, നീ രഹസ്യവും പരസ്യവും അറിയുന്നവനാണ്. നിന്‍റെ ആ അടിമ പറഞ്ഞതും നിനക്കറിയാം. അപ്പോള്‍ അല്ലാഹു മലക്കിനോട് പറഞ്ഞു. "അടിമ അവന്‍ ദുര്‍ബലനായതോട് കൂടി എന്നെ തൊട്ട് തിരിഞ്ഞു പോകുന്നില്ല. എങ്കില്‍ നാം ഉന്നതനും ഔദാര്യവാനുമായിരിക്കെ അടിമയില്‍ നിന്ന് എങ്ങനെ തിരിഞ്ഞു പോകും". ഓ മലക്കുകളേ, നിങ്ങള്‍ സാക്ഷിയാണ്. ഞാന്‍ അവന് സര്‍വ്വവും പൊറുത്തു കൊടുത്തിരിക്കുന്നു. 
ഗ്രന്ഥപാരായണവും ആവര്‍ത്തനവും കൊണ്ട് രാത്രികളെ നിദ്രാവിഹീനമാക്കി കഠിന തപസ്യയില്‍ വ്യാപൃതനാവുന്ന സഹോദരാ, നിന്നെ ഇതിന് പ്രേരിപ്പിക്കുന്നത് സമകാലികരില്‍ നീ മുമ്പനാകണം, ദുന്‍യാവും അതിലെ പ്രതാപവും കൈവരിക്കണം എന്നിത്യാദി ചിന്തകളാണെങ്കില്‍ നിനക്കാണ് സര്‍വ്വത്ര നാശം. അതല്ല വിശുദ്ധ ദീനിന്‍റെ സംസ്ഥാപനവും വിശുദ്ധ ശരീഅത്തും സംസ്കാരവും സംരക്ഷിക്കലുമാണ് നിന്‍റെ ലക്ഷ്യമെങ്കില്‍ നീയാണ് ഭാഗ്യവാന്‍. 
നീ മരിക്കേണ്ടവനാണ് എന്ന ബോധത്തോടെ നിന്‍റെ ഇഷ്ടത്തിനൊത്ത് നീ ജീവിച്ചോ. വേര്‍പിരിയേണ്ടി വരുമെന്ന ധാരണയോടെ നിനക്ക് താല്‍പര്യമുള്ളതിനെയെല്ലാം നീ സ്നേഹിച്ചോ. നീ പ്രവര്‍ത്തിക്കുന്നതിനെല്ലാം പ്രതിഫലം നല്‍കപ്പെടുമെന്ന വിശ്വാസത്തോടെ നിനക്കിഷ്ടമുള്ളതെല്ലാം പ്രവര്‍ത്തിച്ചോ എന്ന തിരുനബി (സ്വ) യുടെ ഉപദേശം സദാ നീ ഓര്‍ത്തിരിക്കണം. മരണത്തെ കുറിച്ചുള്ള ഓര്‍മ്മ സദാ നിന്നെ നന്മയിലേക്ക് നയിക്കും. വേര്‍പിരിയാത്തതിനെ സ്നേഹിക്കുക എന്നത് അല്ലാഹുവിനെ സ്നേഹിക്കുന്നവനാക്കി ത്തീര്‍ക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം നല്‍കപ്പെടുമെന്ന ബോധം തിന്മ വര്‍ജ്ജിക്കാന്‍ നിനക്ക് പ്രചോദനമേകും. 
ഒരാളെ ഖബ്റില്‍ വെക്കപ്പെടുമ്പോള്‍ നാല്‍പത് ചോദ്യങ്ങള്‍ അല്ലാഹു തന്നെ അവനോട് ചോദിക്കും. അതില്‍ ഏറ്റവും ആദ്യത്തെ ചോദ്യം ഓ! എന്‍റെ അടിമേ! ജനങ്ങളുടെ ദൃഷ്ടി പതിയുന്ന ഭാഗങ്ങള്‍ വര്‍ഷങ്ങളോളം നീ വൃത്തിയാക്കി. എന്‍റെ ദൃഷ്ടി പതിയുന്ന സ്ഥലം ഒരു പ്രാവശ്യമെങ്കിലും നീ വൃത്തിയാക്കിയോ? എന്ന് ഇഞ്ചീലീല്‍ കാണാം.
ഓ സുഹൃത്തെ, നീ കേള്‍ക്കുന്നില്ലെങ്കിലും നിന്‍റെ ഹൃദയത്തിന്‍റെ അന്തരാളങ്ങളില്‍ നിന്ന് എല്ലാ ദിവസവും വിളിച്ചു പറയപ്പെടുന്നു. എന്‍റെ നന്മയാല്‍ നീ വലയം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ നീ ഞാനല്ലാത്തവര്‍ക്ക് വേണ്ടി അദ്ധ്വാനിച്ചു കൊണ്ടിരിക്കുകയാണോ? കര്‍മ്മമില്ലാത്ത ജ്ഞാനം ഭ്രാന്താണ്. ജ്ഞാനമില്ലാതുള്ള കര്‍മ്മം നിഷ്ഫലവുമാണ്. വിജ്ഞാനം ഇന്ന് നിന്നെ പാപങ്ങളില്‍ നിന്ന് തടയാതിരിക്കുകയും അല്ലാഹുവിന് അനുസരിക്കുന്നവനാക്കുന്നുമില്ലെങ്കില്‍ അത് നാളെ നരകത്തില്‍ നിന്ന് നിന്നെ തടയുകയില്ല. ഇന്ന് നീ സല്‍കര്‍മ്മം ചെയ്യുന്നില്ലെങ്കില്‍ കഴിഞ്ഞു പോയതിനെ വീണ്ടെടുക്കാന്‍ നാളെ ഖിയാമത്ത് നാളില്‍ നിനക്കാവില്ല. അന്ന് നീ പറയും: ഞങ്ങളെയൊന്ന് തിരിച്ചയക്കൂ. ഞങ്ങള്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു കൊള്ളാം. തല്‍ക്ഷണം മറുപടി നല്‍കപ്പെടും. ഓ വിഡ്ഡീ, നീ അവിടുന്ന് ഇങ്ങോട്ട് വന്നല്ലോ? ഇനി എങ്ങനെയാണ് തിരിച്ചു പോവുക? ഇല്ല. സാധ്യമല്ല. അത് കേവലം വ്യാമോഹം മാത്രമാണ്.
          ഓ! മകനേ! സിദ്ദീഖുല്‍ അക്ബര്‍ (റ) പറയുന്നത് ശ്രദ്ധിക്കൂ! നിന്‍റെ ശരീരം പക്ഷിക്കൂടാണ്. അല്ലെങ്കില്‍ മൃഗങ്ങളുടെ ആലയാണ്. നീ നിന്നെ വിലയിരുത്തുക. ഇവ രണ്ടില്‍ ഏത് ഗണിത്തിലാണ് നീ? കൂട്ടില്‍ ജീവിക്കുന്ന പറവകളുടെ ഗണത്തിലാണ് നീ എങ്കില്‍, നിന്‍റെ നാഥനിലേക്ക് അവന്‍റെ തൃപ്തിയില്‍ സംതൃപ്തനായി നീ മടങ്ങുക എന്ന ഉദ്ഘോഷണം നീ ശ്രവിക്കുകയും ചെയ്തെങ്കില്‍ ഉന്നത സ്ഥലത്തിരിക്കുന്നതിനായി നീ പറക്കുക.
നീ നാല്‍കാലി വിഭാഗത്തിലാണെങ്കില്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പരിചയപ്പെടുത്തിയ "അവര്‍ മൃഗതുല്യരാണ്. അല്ല അതിലും വഴിപിഴച്ചവരാണ്" എന്ന ഈ പിഴച്ച വിഭാഗത്തില്‍ അകപ്പെടുന്നതിനെ തൊട്ട് നീ അല്ലാഹുവിനോട് കാവല്‍ ചോദിക്കുക.
"മരണം നിന്‍റെ ദേഹത്തില്‍ നിന്ന് ദേഹിയെ വേര്‍പിരിക്കുന്നതിന് മുമ്പ് നിന്‍റെ ആത്മാവിനെ അല്ലാഹുവിന്‍റെ അനുസരണയില്‍ വ്യാപൃതനാക്കൂ. കാരണം ദുന്‍യാവ് ഖബ്റിലെത്തുന്നത് വരെയുള്ള ഇടത്താവളമാണ്. ആ സങ്കേതവാസികള്‍ നിന്നെ ഉറ്റുനോക്കുകയാണ്. ഭക്ഷണവിഭവങ്ങളില്ലാതെ യാത്ര സംഭവിക്കുന്നത് നീ സൂക്ഷിക്കണം. തഖ്വ എന്ന വിഭവമുക്തമാണ് നിന്‍റെ യാത്രയെങ്കില്‍ നരകപാതാളത്തിലേക്കാണ് നിന്‍റെ യാത്രയെന്ന് നീ ഉറപ്പിക്കുക.
ഹസന്‍ ബസ്വരി (റ) തങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു: കഠിന ചൂടുള്ള ഒരു ദിവസം കുടിക്കാന്‍ ഒരു തോല്‍പാത്രം വെള്ളം നല്‍കപ്പെട്ടു. അതൊന്ന് സ്പര്‍ശിച്ച് വെള്ളത്തിന്‍റെ തണുപ്പ് അനുഭവിച്ചയുടനെ ശക്തമായ അട്ടഹാസത്തോടെ ബോധരഹിതനായി നിലംപതിച്ചു. വെള്ളപാത്രം താഴെ വീണു. സ്വബോധം ലഭിച്ചപ്പോള്‍ സഹചര്‍ ആരാഞ്ഞു:ڈഅങ്ങേയ്ക്ക് എന്താണ് സംഭവിച്ചത്? മഹാനവര്‍കള്‍ പറഞ്ഞു: നരകവാസികള്‍ സ്വര്‍ഗ്ഗവാസികളോട് വെള്ളം ആവശ്യപ്പെടുന്ന സൂറത്തുല്‍ അഅ്റാഫിലെ 50-ാം വചനമായ 'ഓ സ്വര്‍ഗ്ഗവാസികളേ! ഞങ്ങള്‍ക്ക് വെള്ളം ഒഴിച്ചുതരൂ!" എന്ന ആയത്ത് ഓര്ത്ത് പോയതാണ്.
മഹാനവര്‍കള്‍ തുടരുന്നു: ഓ മകനേ! കര്‍മ്മമില്ലാത്ത ജ്ഞാനം മതി എന്ന് നീ ധരിച്ചിരിക്കുന്നുവെങ്കില്‍ ഹദീസില്‍ വിശദീകരിക്കപ്പെട്ട എന്നോട് പാപമോചനം തേടുന്നവരെവിടെ? പശ്ചാത്തപിക്കുന്നവരെവിടെ? ആവശ്യം തേടുന്നവരെവിടെ? എന്നീ അല്ലാഹുവിന്‍റെ ചോദ്യത്തെ സംബന്ധിച്ച് നീ എന്ത് പറയും? അതുകൊണ്ട് അത്താഴസമയത്ത് എഴുന്നേറ്റ് നിസ്കരിക്കുന്നതും പാപമോചനം തേടുന്നതും വളരെ അഭികാമ്യമാണ്. 
ഒരു സംഘം സ്വഹാബാക്കള്‍ (റ) തിരുനബി (സ്വ) യുടെ സവിധത്തില്‍ ഇരുന്ന് കൊണ്ട് ഇബ്നു ഉമര്‍ (റ) നെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു. അപ്പോള്‍ തിരുദൂതര്‍ (സ്വ) പറഞ്ഞു: തഹജ്ജുദ് നിസ്കരിക്കുമായിരുന്നുവെങ്കില്‍ അദ്ദേഹമായിരുന്നു ഏറ്റവും ഉത്തമ പുരുഷന്‍.
തിരുനബി (സ്വ) അരുള്‍ ചെയ്തു: മൂന്ന് ശബ്ദം അല്ലാഹുവിന് പ്രിയപ്പെട്ടതാണ്.കോഴിയുടേത്, ഖുര്‍ആന്‍ പാരാണം ചെയ്യുന്നവന്‍റേത്, അത്താഴ സമയം അല്ലാഹുവിനോട് പൊറുക്കലിന് തേടുന്നവന്‍റേത്. 
ഇത്രയും പറഞ്ഞതില്‍ നിന്ന് അറിവ് അല്ലാഹുവിന് വഴിപ്പെടാനുള്ള താകണമെന്ന് ഗ്രഹിക്കാം. തുടര്‍ന്ന് പറയുന്നു: എന്നാല്‍ മകനേ! ഇബാദത്ത്, താഅത്ത് (വഴിപ്പെടല്‍) എന്നെല്ലാം പറയുന്ന ഏതിനാണെന്ന് നീ മനസ്സിലാക്കിയോ? കല്‍പ്പന നിരോധകളില്‍ ശാരിഇന്‍റെ (അല്ലാഹുവിന്‍റെയും തിരുദൂതരുടേയും) നിയമങ്ങള്‍ പിന്‍പറ്റലാണ് ഇബാദത്ത്.
വല്ല കര്‍മ്മവും നീ അനുഷ്ഠിച്ചുവെന്നാല്‍ അത് ചെയ്യണമെന്ന കല്‍പനയില്ലെങ്കില്‍ അതിന് ഇബാദത്ത് എന്ന് പറയാനൊക്കില്ല. നിന്‍റെ ദൃഷ്ടിയില്‍ അത് ഇബാദത്തായാല്‍ പോലും. നിസ്കാരവും നോമ്പുമാണെങ്കില്‍ പോലും ചിലപ്പോള്‍ അത് പാപമാവുകയും ചെയ്യാം. വ്രതാനുഷ്ഠാനം പ്രഥമ ദൃഷ്ട്യാ അത് ഉത്തമമായ ഇബാദത്താണ്, എന്നാല്‍ അത് പെരുന്നാള്‍ ദിനത്തിലായാലോ നോമ്പനുഷ്ഠിച്ചവന്‍ കടുത്ത പാപിയാണ്. കാരണം ചെയ്ത പ്രവര്‍ത്തനം നോമ്പാണെങ്കിലും ശാരിഇന്‍റെ നിയമ നിര്‍ദ്ദേശങ്ങളോട് വിധേയത്വം പുലര്‍ത്തിയില്ലെന്നത് തന്നെ. ഇപ്രകാരം നിസ്കാരം ശ്രേഷ്ഠമായ ഇബാദത്താണെങ്കിലും കറാഹത്തായ സമയത്തോ കൈയേറ്റം ചെയ്യപ്പെട്ട സ്ഥലത്തോ ആയാല്‍ ചെയ്തവന്‍ കുറ്റക്കാരനാണ്.
ചുരുക്കത്തില്‍ ഇലാഹിയ്യായ നിയമ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായതിനല്ലാതെ ഇബാദത്ത് എന്ന് പറയപ്പെടുകയില്ല. തിരുനബി (സ്വ) യുടെ തീരുമാനത്തിന് വിധേയമാകാത്ത സര്‍വ്വത്ര ഇല്‍മും അമലും വഴികേടും അല്ലാഹുവില്‍ നിന്നുള്ള അകല്‍ച്ചയാണ്.
അതുകൊണ്ട് തന്നെയാണ് പൂര്‍വ്വിക അമലുകളെ അസാധുവാക്കിയത്. കല്‍പിക്കപ്പെട്ട ഒന്ന് കൊണ്ടല്ലാതെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചേരാന്‍ സാധ്യമല്ലായെന്ന് നീ ഉറപ്പിച്ചോ. വിവരദോഷികളായ സ്വൂഫീ വേഷധാരികളിലൂടെയും അല്ലാഹുവിലേക്ക് ചേരാന്‍ കഴിയില്ലെന്ന് നീ ദൃഢമായി ഉറപ്പിച്ചോ! ശാരീരിക ഇച്ഛകളെയും വികാരങ്ങളേയും മനസ്സിന്‍റെ ദുര്‍ഗുണങ്ങളെയും കീഴ്പ്പെടുത്തിക്കൊണ്ടല്ലാതെ അല്ലാഹുവിലേക്ക് ചേരാന്‍ ഒരിക്കലും സാധ്യമല്ല. നിന്നില്‍ നിന്ന് പ്രകടമാകുന്ന സംസാരത്തിലെ മിതശൈലിയും ദിവസങ്ങളുടെയും യാമങ്ങളുടെയും പരിശുദ്ധിയും ഹൃദയം വികാരങ്ങള്‍ക്കടിമപ്പെട്ട് കൊണ്ട് ആത്മപ്രശംസ പറയുന്നതുമെല്ലാം പരാജയത്തിന്‍റെയും നാശത്തിന്‍റെയും അടയാളമാണ്. 
ശരീരേച്ഛകളെ മുജാഹദ കൊണ്ട് കീഴ്പ്പെടുത്താതെയും ശര്‍ഇന്‍റെ പരിധിയില്‍ നിയന്ത്രിച്ചു കൊണ്ട് വരാതിരിക്കുകയും ചെയ്താല്‍ ദിവ്യജ്ഞാന പ്രഭ കൊണ്ട് ഹൃദയത്തെ ജീവസുറ്റതാക്കാന്‍ ഒരിക്കലും സാധിക്കില്ല തന്നെ. 
      ഇമാം ഗസ്സാലി (റ) തുടരുന്നു:
 കുഞ്ഞുമോനേ! നീ എന്നോട് കുറേയേറെ കാര്യങ്ങള്‍ ചോദിച്ചു. അവകളില്‍ നിന്ന് ഒരു ഗുരുനാഥന്‍ തന്‍റെ ശിഷ്യഗണങ്ങളോട് പറഞ്ഞു പഠിപ്പിക്കേണ്ട വിഷയങ്ങള്‍ ഞാന്‍ നിനക്ക് വിശദീകരിച്ചു തന്നു. എന്നാല്‍ ആ ചോദ്യങ്ങളില്‍ പലതും അനുഭവജ്ഞാനങ്ങളിലൂടെ അറിയേണ്ടവയാണ്. അത്തരം കാര്യങ്ങള്‍ എഴുതിയോ പറഞ്ഞോ പഠിപ്പിക്കുക സാധ്യമല്ല. ഉദാഹരണത്തിന് മധുരം, കയ്പ്പ് തുടങ്ങിയവ ഒരിക്കലും അനുഭവിച്ചറിയാത്ത ഒരാളോട് കയ്പ്പ് രസം ഇതാണ് എന്ന് പറഞ്ഞോ എഴുതിയോ ഗ്രഹിപ്പിക്കാന്‍ സാധ്യമല്ലെന്ന് നിനക്കറിയാമല്ലോ? എന്നാല്‍ അത് രുചിപ്പിച്ച് ഗ്രഹിപ്പിക്കാനേ കഴിയുകയുള്ളൂ.  അനുഭവിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും ഇതുപോലെ തന്നെ.
മേല്‍വിശദീകരിച്ചതില്‍ നിന്നും പഠിച്ചറിയേണ്ട ജ്ഞാനം, അനുഭവിച്ചറിയേണ്ട ജ്ഞാനം എന്നിങ്ങനെ അറിവുകള്‍ രണ്ട് വിധമാണെന്ന് നമുക്ക് മനസ്സിലാക്കാം. പഠിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ എഴുതുക, വായിക്കുക, കേള്‍ക്കുക തുടങ്ങിയവയാണെങ്കില്‍ അനുഭവിച്ചറിയുന്നതിനും മാര്‍ഗ്ഗങ്ങളുണ്ട്. മതവിജ്ഞാനങ്ങളില്‍ നിന്ന് അനുഭവിച്ചറിയേണ്ടതിന് പുണ്യറസൂല്‍ (സ്വ) ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. "ആരെങ്കിലും ഒരാള്‍ അറിവ് കരസ്ഥമാക്കുകയും അതിനനുഗുണമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവനറിയാത്തതിനെ അല്ലാഹു അവന് അറിയിച്ചു കൊടുക്കും". അതായത് അനുഭവ ജ്ഞാനങ്ങള്‍ ഉണ്ടാകുന്നതിന്‍റെ ഒരു മാര്‍ഗ്ഗം അറിവ് പ്രാവര്‍ത്തികമാക്കലാകുന്നു. ഖുര്‍ആന്‍ വേറൊരു മാര്‍ഗ്ഗം കൂടി പഠിപ്പിക്കുന്നു: വന്ദ്യരായ മൂസ (അ) ഖിള്ര്‍ നബി (അ) യോട് പറയുന്നു: നിങ്ങളോട് ഞാന്‍ അനുഗമിക്കട്ടെ. നിങ്ങള്‍ക്ക് അല്ലാഹു പഠിപ്പിച്ചു തന്ന അറിവില്‍ നിന്ന് എന്നെ പഠിപ്പിക്കാന്‍ വേണ്ടി. അപ്പോള്‍ രണ്ടാമത്തെ മാര്‍ഗ്ഗം ജ്ഞാനികളോട് പിന്‍പറ്റലാണ്. ഇതാണ് മഹാനായ ഇമാം ഗസ്സാലി (റ) തന്‍റെ ശിഷ്യനോട് നിര്‍ദ്ദേശിക്കുന്നത്. നിന്നെ നേര്‍വഴിയിലേക്ക് നയിക്കാന്‍ പര്യാപ്തനായ ഒരു ശൈഖിനെ അതായത് ആത്മീയഗുരുവിനെ കണ്ടെത്തുക. അയാളെ പിന്‍പറ്റുക. മനുഷ്യന്‍റെ കൂടപ്പിറപ്പാണ് ദുഃസ്വഭാവങ്ങള്‍. അത് നീക്കാതെയുള്ള ഇബാദത്തുകള്‍ ഫലപ്രദമാകില്ല. ഇബാദത്ത് ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തിന് വേണ്ടിയാണ് അത് ചെയ്യുന്നതെങ്കില്‍ അത് അല്ലാഹു അല്ലാത്തതിന് വേണ്ടിയുള്ള ആരാധനായായിത്തീരുന്നു. അതൊരിക്കലും ലക്ഷ്യപ്രാപ്തിയാകുന്ന ഇലാഹീ സാമീപ്യത്തിലേക്ക് എത്തിക്കുകയില്ല. അതുകൊണ്ട് തന്നെ പഠിച്ചതനുസരിച്ചുള്ള അമലുകള്‍ ഫലപ്രദമാകുന്നതിനും വേണം ഒരു ശൈഖ്. അതാണ് ഇമാമവര്‍കള്‍ തന്‍റെ പണ്ഡിതനായ ശിഷ്യനിലൂടെ നമുക്ക് നല്‍കുന്ന സന്ദേശം.
ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മഹാനവര്‍കള്‍ ചില നിബന്ധനകള്‍ കൂടി തന്‍റെ ശിഷ്യനോട് നിര്‍ദ്ദേശിക്കുന്നു. അതില്‍ ഏറ്റവും പ്രഥമമായത് ബിദ്അത്തില്‍ നിന്ന് മുക്തമായ വിശ്വാസമാണ്. വിശ്വാസം ബിദ്അത്തില്‍ നിന്ന് മുക്തമാകുക എന്നത് അല്‍പം വിശദീകരിക്കുന്നത് നന്നായിരിക്കും.
സുന്നത്ത്
സുന്നത്ത്, ബിദ്അത്ത് എന്നീ പദങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ പ്രയോഗിച്ചതായി കാണാം. തിരുദൂതര്‍ (സ്വ) അരുള്‍ ചെയ്തു: "എനിക്ക് ശേഷം ധാരാളം അഭിപ്രായഭിന്നതകള്‍ നിങ്ങള്‍ക്ക് ദര്‍ശിക്കാം. ആ ഘട്ടങ്ങളില്‍ എന്‍റെയും സന്മാര്‍ഗ്ഗാവലംബികളായ ഖുലഫാഉര്‍റാശിദുകളുടെയും സുന്നത്ത് (ചര്യ) നിങ്ങള്‍ മുറുകെ പിടിക്കുക. അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കുക. ബിദ്അത്തില്‍ അകപ്പെട്ടു പോകുന്നതിനെ നിങ്ങള്‍ ഗൗരവമായി സൂക്ഷിക്കുക. അതായത് ഇസ്ലാമില്‍ ധാരാളം ചേരിതിരിവുകള്‍ ഉണ്ടായിത്തീരുമെന്നും ആ ഘട്ടങ്ങളില്‍ സത്യവിശ്വാസി നബി (സ്വ) തങ്ങളുടെയും ഖുലഫാഉര്‍റാശിദുകളുടെയും മാര്‍ഗ്ഗമാണ് അവലംബിക്കേണ്ടത് എന്നും വേറൊരു ഹദീസില്‍ ഖുര്‍ആനിലും ഹദീസിലും അവലംബമില്ലാത്ത പുതുതായി നിര്‍മ്മിക്കപ്പെടുന്ന എല്ലാ വിശ്വാസങ്ങളും കര്‍മ്മങ്ങളും വഴികേടും തള്ളപ്പെടേണ്ടതുമാണ് എന്നും കാണാം. 
"ബനൂ ഇസ്റാഈലുകാര്‍ 72 വിഭാഗമായി പിരിഞ്ഞു. എന്നാല്‍ എന്‍റെ സമുദായം 73 വിഭാഗമായി പിരിയും. ഒന്നല്ലാത്ത 72 വിഭാഗവും നരകത്തിലാണ്. ഈ തിരുവചനം കേട്ട സ്വഹാബാക്കള്‍ അവിടുത്തോട് ചോദിച്ചു: ആ ഒരു വിഭാഗം ഏതാണ് തിരുദൂതരേ! അവിടുന്ന് പ്രതിവചിച്ചു: ഞാനും എന്‍റെ അനുചരന്മാരും അനുവര്‍ത്തിച്ചു വന്ന വിശ്വാസ കര്‍മ്മങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരാരോ അവരാണ് അവര്‍". അതായത് അഹ്ലുസ്സുന്നത്തി വല്‍ ജമാഅഃ എന്നതിലെ അഹ്ലുസ്സുന്നഃ എന്നത് ആദരവായ നബി (സ്വ) യുടെ വചനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, മൗനാനുവാദങ്ങള്‍ എന്നിവയുടെ സാങ്കേതിക സമജ്ഞയായ 'സുന്നത്ത്' എന്നതിന്‍റെ വാക്താക്കള്‍ എന്നും വല്‍ ജമാഅത്ത് എന്നാല്‍ വന്ദ്യറസൂല്‍ (സ്വ) യില്‍ നിന്ന് വിശുദ്ധ ദീന്‍ കണ്ടും കേട്ടും പ്രവര്‍ത്തിച്ചും മനസ്സിലാക്കിയ സ്വഹാബാക്കളെ പിന്‍പറ്റുന്ന സംഘം എന്ന അര്‍ത്ഥത്തില്‍ ജമാഅത്ത് എന്നും പ്രയോഗികപ്പെടുന്നു. അപ്പോള്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅഃ എന്നാല്‍ തിരുദൂതര്‍ (സ്വ)യേയും അവിടുത്തെ സച്ചരിതരായ സ്വഹാബാക്കളേയും പിന്‍പറ്റുന്നവര്‍ എന്നാണര്‍ത്ഥം. എന്നാല്‍ തിരുനബി (സ്വ) യുടെ സുന്നത്തിന് വിരുദ്ധമായും സ്വഹാബാക്കള്‍ അനുകരണീയരല്ലെന്നും അവര്‍ ഇസ്ലാമില്‍ ഇല്ലാത്തതിനെ കടത്തിക്കൂട്ടുന്നവരാണെന്നും അംഗീകരിക്കാന്‍ കൊള്ളരുതാത്തവരാണെന്നും മറ്റും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിഭാഗത്തിന് ബിദ്അത്തുകാര്‍ എന്ന് പറയാം.
നാലാം ഖലീഫ അലി (റ) വിന്‍റെ ഖിലാഫത്ത് വേളയില്‍ സ്വഹാബാക്കള്‍ക്കിടയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിന് അബൂമൂസല്‍ അശ്അരി (റ), അംറ് ബ്നുല്‍ ആസ്വ് (റ) എന്നീ മഹാന്മാരായ സ്വഹാബികള്‍ മദ്ധ്യസ്ഥരാകുന്നത് അലി (റ) യും മുആവിയ (റ) ഉം ഉള്‍ക്കൊള്ളുന്ന മുഴുവന്‍ സ്വഹാബാക്കളും അംഗീകരിച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്തു കൊണ്ട് അഥവാ സ്വഹാബത്തിന്‍റെ ഏകോപനത്തെ ചോദ്യം ചെയ്തുകൊണ്ട് "അല്ലാഹവിനല്ലാതെ വിധികല്‍പ്പിക്കാന്‍ അധികാരമില്ല" എന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ച് സ്വഹബാക്കള്‍ മനസ്സിലാക്കിയ ദീനിനപ്പുറത്തേക്ക് ഖുര്‍ആനിന് പുതിയൊരു വിശദീകരണവുമായി പ്രത്യക്ഷപ്പെട്ട വിഭാഗമായിരുന്നു ഇസ്ലാമിലെ ആദ്യബിദഈ കക്ഷികള്‍. ഇവരുടെ ഈ തെറ്റായ വ്യാഖ്യാനം സ്വഹാബാക്കള്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല അവരെ ഇസ്ലാമിക വിരുദ്ധ വിഭാഗമായി ഗണിക്കുകയാണ് മുസ്ലിം ലോകം ചെയ്തത്. ഖുര്‍ആനിന്‍റെ വചനങ്ങള്‍ക്ക് തിരുസുന്നത്തിന്‍റെ പിന്‍ബലമില്ലാതെ ആവശ്യാനുസരണം വിശദീകരണവും ദുര്‍വ്യാഖ്യാനവുമെഴുതി കണ്ടെത്തുന്നതല്ല ഇസ്ലാം. പ്രത്യുത ഖുര്‍ആനിന്ന് തിരുദൂതരും (സ്വ) സ്വഹാബാക്കളും (റ) എന്ത് വ്യാഖ്യാനമാണ് നല്‍കിയത് അതിനെ പിന്‍പറ്റി ജീവിക്കുകയും അവര്‍ വിശ്വസിച്ചത് പോലെ വിശ്വസിക്കുകയും ചെയ്യുക. അതാണ് ഇസ്ലാം. മറിച്ചുള്ള ചിന്താധാരയെ ഖുര്‍ആന്‍ വിലയിരുത്തുന്നത് കാണുക :"സത്യനിഷേധികളോട്, സത്യവിശ്വാസികള്‍ വിശ്വസിക്കുന്നത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ ഈ വിവേകശൂന്യര്‍ വിശ്വസിക്കുന്നത് പോലെ ഞങ്ങള്‍ വിശ്വസിക്കുകയോ?" എന്ന് ചോദിച്ചു കൊണ്ട് പുറംതിരിഞ്ഞു നില്‍ക്കുമെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നത് സ്വഹാബാക്കള്‍ വിശ്വസിച്ചത് പോലെ വിശ്വസിക്കണമെന്ന് മുനാഫിഖുകളോട് നിര്‍ദ്ദേശിക്കപ്പെട്ട നിര്‍ദ്ദേശത്തെയും സംഭവത്തെയും ഓര്‍മ്മപ്പെടുത്തുകയാണ്. 
ചുരുക്കത്തില്‍ ഞാനും എന്‍റെ അനുചരന്മാരും എന്ന ഹദീസിലെ പ്രയോഗത്തില്‍ നിന്ന് ഖുര്‍ആനിന്‍റെയോ ഹദീസിന്‍റെയോ പദങ്ങള്‍ അതിന്‍റെ സാഹചര്യമോ പശ്ചാത്തലമോ മനസ്സിലാക്കാതെ ബാഹ്യാര്‍ത്ഥങ്ങള്‍ വിലയിരുത്തി വ്യാഖ്യാനിക്കുകയും അതാണ് ദീനെന്ന് മനസ്സിലാക്കുകയും ചെയ്യുന്നത് സുന്നത്തിന് വിരുദ്ധമാണെന്ന് ഗ്രഹിക്കാം. അതുകൊണ്ടാണല്ലോ ഖുര്‍ആനുദ്ധരിച്ച് ഖവാരിജുകള്‍ വാദിച്ച വാദത്തെ നാലാം ഖലീഫ അലി (റ) ഉള്‍പ്പെടെയുള്ള വലിയൊരു സംഘം സ്വഹാബാക്കള്‍ അവഗണിച്ചുകൊണ്ട് അബൂമൂസല്‍ അശ്അരി (റ), അംറ് ബ്നുല്‍ ആസ്വ്(റ) എന്നീ മഹാന്മാരുടെ വിധി അംഗീകരിച്ചതും പില്‍ക്കാല മുസ്ലിംകള്‍ ആ നയം തന്നെ പിന്തുടര്‍ന്നതും.
മേല്‍ഹദീസുകളില്‍ മുസ്ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്നും അതില്‍ ഒരു വിഭാഗം മാത്രം വിജയികളാകുമെന്നും പറഞ്ഞതിലെ 'അഭിപ്രായ വ്യത്യാസ'ത്തെ "അടിസ്ഥാനപരമായ" അഭിപ്രായ വ്യത്യാസം എന്നാണ് ഹദീസ് വ്യാഖ്യാതാക്കളും വിശ്വാസ ശാസ്ത്ര പണ്ഡിതന്മാരും വിശദീകരിക്കുന്നത്. മദ്ഹബുകള്‍ക്കിടയിലുള്ള അഭിപ്രായാന്തരങ്ങളും മറ്റും ഇജ്തിഹാദിയ്യായ ശാഖാപരമായ ഭിന്നതയാകയാല്‍ അത് അടിസ്ഥാനപരമല്ലെന്നും അത് പിഴച്ച എഴുപത്തിരണ്ട് വിഭാഗത്തില്‍ പെട്ടതല്ലെന്നും യഥാര്‍ത്ഥ സുന്നത്ത് ജമാഅത്ത് എന്ന വിജയികളുടെ വിഭാഗത്തില്‍ പെട്ടതാണെന്നും മുന്‍ഗാമികളായ മഹാത്മാക്കള്‍ വിശദീകരിച്ചത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...